ശാന്തഭാവങ്ങളുള്ള കഥാപാത്രങ്ങളിലൂടെ ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന നായകനായിരുന്നു രാഘവൻ. ‘ചെമ്പരത്തി’ ഉൾപ്പെടെ, മലയാളി പ്രേക്ഷകര്‍ എക്കാലവും ഓർമയിൽ സൂക്ഷിക്കുന്ന ഒരു പിടി മികച്ച ചിത്രങ്ങളിൽ വിരഹിയായ കാമുകനായും പ്രണയനിധിയായ ഭർത്താവുമൊക്കെയായി രാഘവൻ തിളങ്ങി. എന്നാൽ കാലം പോകെ ക്യാരക്ടര്‍ റോളുകളിലേക്ക് തിരിഞ്ഞ രാഘവനെ മലയാള സിനിമ വേണ്ടത്ര ഉപയോഗിച്ചില്ല. പ്രധിഭാധനനായ ഒരു മഹാനടൻ അപ്രധാന റോളുകളിലേക്കും ഒരേ അച്ചില്‍ വാർത്ത വേഷങ്ങളിലേക്കും ചുരുങ്ങി. പലപ്പോഴും അഭിനയ ജീവിതത്തിൽ വലിയ ഇടവേളകളുമുണ്ടായി. അതിനിടെയാണ് മകന്റെ അകാല മരണം രാഘവന്റെ ജീവിതം തകിടം മറിച്ചത്. രാഘവന്റെ മകൻ ജിഷ്ണു ശ്രദ്ധേയ റോളുകളുമായി മലയാള സിനിമയിൽ തന്റെ ഇടമുറപ്പിക്കുന്നതിനിടെയാണ് കാൻസർ ബാധിതനായതും ഏറെ വൈകാതെ മരണത്തിന് കീഴടങ്ങിയതും. ഒരു കാലത്ത് തിരക്കേറിയ യുവനായകനായിരുന്നു ജിഷ്ണു.
ഇപ്പോഴിതാ, ഇത്ര കാലത്തെ അവഗണനകൾക്കുള്ള മറുപടിയെന്നോണം രാഘവനെ തേടി ഒരു മികച്ച കഥാപാത്രം എത്തിയിരിക്കുന്നു. മലയാളത്തിന്റെ പ്രിയസംവിധായകന്‍ വിനയനാണ് തന്റെ റിലീസിനൊരുങ്ങുന്ന ‘പത്തൊൻപതാം നൂറ്റാണ്ട്’ എന്ന ചിത്രത്തിലെ ഈശ്വരൻ നമ്പൂതിരിയായി രാഘവന്റെ മറ്റൊരു മുഖം മലയാളി പ്രേക്ഷകർക്കു പരിചയപ്പെടുത്താനൊരുങ്ങുന്നത്.
സിനിമയിലെ ഈശ്വരൻ നമ്പൂതിരി തിരുവിതാംകൂർ മഹാരാജാവിന്റെ പ്രധാന ഉപദേശക പ്രമുഖനാണ്. അസാധ്യ പണ്ഡിതനും ആരെയും നിയന്ത്രിക്കാൻ തക്ക മാനസിക കരുത്തുമുള്ള ഈശ്വരൻ നമ്പൂതിരി ഒ. ചന്തുമേനോന്റെ പ്രസിദ്ധ നോവലായ ‘ഇന്ദുലേഖ’യിലെ സൂരി നമ്പൂതിരിപ്പാടിനെ ഓർമ്മിപ്പിച്ചേക്കാം എന്നു വിനയൻ പറയുന്നു.
ചിത്രത്തിലെ രാഘവന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമാണ്.
‘‘രാഘവൻ ചേട്ടന് ഇപ്പോൾ അധികം അവസരങ്ങൾ കിട്ടുന്നില്ല എന്നത് സത്യമാണ്. പക്ഷേ, ഈ പ്രായത്തിലും അഭിനയത്തിന്റെ കാര്യത്തിൽ ഏതൊരു യുതാരത്തെക്കാളും ഊർജസ്വലനാണ് അദ്ദേഹം. അദ്ദേഹം അഭിനയിക്കുന്ന രീതിയൊക്കെ കണ്ടാൽ നമ്മൾ അത്ഭുതപ്പെടും. അങ്ങനെയുള്ള ഒരാളെ എന്തുകൊണ്ട് ഉപയോഗിക്കുന്നില്ല എന്നതാണ് അതിശയം. ഞാൻ യാദൃശ്ചികമായാണ് ചേട്ടനെ പടത്തിലേക്ക് ക്ഷണിച്ചത്. അദ്ദേഹം അത് അവതരിപ്പിക്കുന്നത് കണ്ടപ്പോൾ ശരിയായ തീരുമാനം എന്നു മനസ്സിലായി. ചിത്രത്തിലെ വില്ലൻ കഥാപാത്രമാണ് ഈശ്വരൻ നമ്പൂതിരി. രാഘവന്‍ ചേട്ടന്റെ മറ്റൊരു മുഖമാകും ‘പത്തൊൻപതാം നൂറ്റാണ്ടിൽ’ കാണുക. ഈ സിനിമ വരുന്നതോടെ അദ്ദേഹത്തിന് ധാരാളം അവസരങ്ങൾ ലഭിക്കുമെന്ന് എനിക്കുറപ്പുണ്ട്’’. – വിനയൻ ‘വനിത ഓൺലൈനോട്’ പറഞ്ഞു.
വേദനകളുടെ മനുഷ്യൻ
ഏഴ് മണിക്കാണ് ഷൂട്ടിങ് തുടങ്ങുന്നതെങ്കില്‍ മേക്കപ്പ് ഇട്ട് ആറ് മണിക്ക് അദ്ദേഹം തയാറായി ലൊക്കേഷനിൽ വന്നിരിക്കും. അത്രയും ചിട്ടയും ഡെഡിക്കേഷനുമാണ്. അത്തരം നടൻമാർ ഇപ്പോൾ കുറവാണ്.

അദ്ദേഹം തന്റെ പ്രാരാബ്ധത്തിന്റെ ഭാണ്ഡക്കെട്ടുകളൊന്നും എനിക്കു മുന്നില്‍ അഴിച്ചു വച്ചിട്ടില്ല. ജീവിതത്തിൽ വലിയ ദുരന്തങ്ങളെ നേരിട്ട മനുഷ്യനാണ്. അത്തരം പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം എന്നോട് സംസാരിച്ചിട്ടുമുണ്ട്. ജിഷ്ണുവിന്റെ മരണത്തെ നേരിട്ടതും അതിനെ അതിജീവിക്കാൻ മാനസികമായി ശേഷി കണ്ടെത്തിയതിനെക്കുറിച്ചുമൊക്കെ പറഞ്ഞിരുന്നു. അദ്ദേഹം നേരിട്ട വേദകൾക്ക് മുമ്പില്‍ നമ്മളൊക്കെയാണെങ്കില്‍ തളർന്നു പോയേനെ. ഇപ്പോഴും അദ്ദേഹം അതിനോടൊക്കെ പൊരുതി നിൽക്കുകയാണ്. കൈവിട്ടു പോയേക്കാവുന്ന മനസ്സിനെ അദ്ദേഹം തിരിച്ചു പിടിച്ചു. അദ്ദേഹത്തിന്റെ സംസാരം കേൾക്കുമ്പോള്‍ നമുക്കു തോന്നും, ഒരിക്കലും നമ്മളെക്കൊണ്ട് ഇത്തരം ഒരു സാഹചര്യത്തില്‍ നിന്നൊന്നും തിരിച്ചു വരാൻ പറ്റില്ലെന്ന്. തളർന്നു പോകും നമ്മൾ. മോൻ അകാലത്തിൽ മരിക്കുകയെന്നത് എന്തൊരു ഷോക്കാണെന്ന് ചിന്തിച്ചു നോക്കൂ. എല്ലാ വേദനകളും ഉള്ളിലൊതുക്കി ഒരു ചിരിയോടെയാണ് അദ്ദേഹം ഇരിക്കുക. അദ്ദേഹം അതിനെക്കുറിച്ച് പറയുമ്പോൾ ആ വാക്കുകളിൽ വേദന നിറയുന്നത് മനസ്സിലാക്കാം. ലൊക്കേഷനില്‍ എല്ലാവരോടും കുശലമൊക്കെ പറഞ്ഞ് ചിരിച്ച് ഇടപെടുന്നതു കാണുമ്പോള്‍ വിഷമം തോന്നും. അത്രയേറെ വേദന ഉള്ളിൽ കൊണ്ടു നടക്കുമ്പോഴും തനിക്കു ചുറ്റുമുള്ളവരിലേക്ക് അത് പകരാതിരിക്കാൻ അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. ശേഷം അദ്ദേഹം ഒരിടത്ത് പോയി ഒറ്റയ്ക്കിരുന്ന് ആലോചിക്കുന്നതു കാണാം. ജിഷ്ണു ജീവിച്ചിരുന്നെങ്കിൽ, ലൊക്കേഷനുകളില്‍ മികച്ച കഥാപാത്രങ്ങളുമായി അവനുമുണ്ടാകുമായിരുന്നല്ലോ എന്നായിരിക്കും അദ്ദേഹം ചിന്തിക്കുന്നതെന്ന് എനിക്കു തോന്നുന്നു...
‘പത്തൊൻപതാം നുറ്റാണ്ട്’ പൂർത്തിയാകണമെങ്കിൽ ക്ലൈമാക്സ് ഭാഗം കൂടി ചിത്രീകരിക്കേണ്ടതായിട്ടുണ്ട്. ധാരാളം സപ്പോർട്ടിങ് ആർട്ടിസ്റ്റുകൾ പങ്കെടുക്കേണ്ടതുള്ളതുകൊണ്ട് കോവിഡിന്റെ കാഠിന്യം കുറഞ്ഞാലേ ഷൂട്ട് നടക്കുകയുള്ളു. എത്രയും വേഗം ചിത്രം പൂർത്തിയാക്കി തിയറ്റർ റിലീസിലൂടെ തന്നെ പ്രേക്ഷകർക്കു മുന്നിലെത്തിക്കാനുള്ള ശ്രമത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.