Saturday 04 December 2021 09:57 AM IST : By സ്വന്തം ലേഖകൻ

കുട്ടിക്കാലത്ത് സിബിഐ ഡയറിക്കുറിപ്പ് കണ്ടപ്പോൾ വിദൂര ഭാവിയിൽ പോലും ഇല്ലാതിരുന്ന സ്വപ്നം: സന്തോഷം കുറിച്ച് രമേശ് പിഷാരടി

ramesh-pisharody

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയകഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യർ സി.ബി.ഐ. സി.ബി.ഐ. സീരിസിലെ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ, സേതുരാമയ്യരുടെ സിബിഐ ടീമിൽ ചേർന്ന സന്തോഷം പങ്കുവച്ച് ചിത്രങ്ങളും കുറിപ്പും പോസ്റ്റ് ചെയ്തിരിക്കുകയാണ് രമേശ് പിഷാരടി.

‘ഈ ഐഡി കാർഡിന് നന്ദി. കുട്ടിക്കാലത്ത് സിബിഐ ഡയറിക്കുറിപ്പ് കണ്ടപ്പോൾ വിദൂര ഭാവിയിൽ പോലും ഇല്ലാതിരുന്ന സ്വപ്നം ....വളർന്ന് സേതുരാമയ്യർ സിബിഐ കാണുമ്പോൾ കൊതിയോടെ കണ്ട സ്വപ്നം. കൈ പുറകിൽ കെട്ടി ആ ബിജിഎം ഇട്ട് മലയാള സിനിമയുടെ ചരിത്രത്തിലേക്ക് ആദ്യമായി ഒരു സിനിമയ്ക്ക് അഞ്ചാം ഭാഗം ഒരുങ്ങുന്നു. ഒരുപക്ഷേ ലോക സിനിമയിൽ ഒരേ സംവിധായകനും തിരക്കഥാകൃത്തും നായകനും 33 വർഷങ്ങൾക്കിടയിൽ 5 ഭാഗങ്ങളിൽ ഒന്നിക്കുന്നു.’– രമേശ് പിഷാരടി കുറിച്ചിരിക്കുന്നു. ചിത്രത്തിലെ ലുക്കിലുള്ള തന്റെ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

കെ. മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന് എസ്.എൻ. സ്വാമിയാണ് തിരക്കഥ. സംഗീതം ജേക്സ് ബിജോയ്. ക്യാമറ അഖിൽ ജോര്‍ജ്.

മുകേഷ്, രൺജി പണിക്കർ, അനൂപ് മേനോൻ, സായികുമാർ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, പ്രശാന്ത് അലക്സാണ്ടർ, രമേശ് പിഷാരടി, ജയകൃഷ്ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, കോട്ടയം രമേശ്, സുരേഷ് കുമാർ, തന്തൂർ കൃഷ്ണൻ, ആശാ ശരത്ത്, അന്നാ രേഷ്മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക എന്നിവരാണ് പ്രധാന അഭിനേതാക്കൾ.