Wednesday 13 January 2021 03:00 PM IST

കാത്തിരുന്ന ആ ദിവസത്തിന്റെ തലേന്നാണ് അമ്മച്ചി വിട്ടു പോയത്! എന്നിട്ടും തീരുമാനവുമായി മുന്നോട്ടു പോകേണ്ടി വന്നു; രഞ്ജിനി ജോസ് പറയുന്നു

V.G. Nakul

Sub- Editor

ranjini-1

‘സായാഹ്നമേ...’ എന്ന പുതിയ സംഗീത ആൽബം ആസ്വാദകർ ഇരു കയ്യും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് മലയാളത്തിന്റെ പ്രിയഗായിക രഞ്ജിനി ജോസ്. പക്ഷേ, ആ സന്തോഷത്തിനിടയിലും ഇപ്പോഴും പൊരുത്തപ്പെടാനാകാത്ത ഒരു വലിയ നഷ്ടത്തിന്റെ വേദനയും രഞ്ജിനിയോടൊപ്പമുണ്ട്. അഞ്ചു മാസം നീണ്ട വർക്കുകൾക്കൊടുവിൽ പൂർണ തൃപ്തിയോടെ തയാറാക്കിയ ആൽബം റിലീസ് ചെയ്യുന്നതിന്റ തലേന്ന് രഞ്ജിനിയുടെ അമ്മച്ചി മരണത്തിന്റെ നിത്യതയിലേക്കു കടന്നു പോയി. ആ ഞെട്ടലിൽ എന്തു ചെയ്യണമെന്നറിയാതെ പതറി നിന്ന നിമിഷങ്ങൾ....

ആ ദിവസങ്ങളെക്കുറിച്ചും തന്റെ പുതിയ വിശേഷങ്ങളെക്കുറിച്ചും രഞ്ജിനി ജോസ് ‘വനിത ഓൺലൈനി’ല്‍ സംസാരിക്കുന്നു.

പ്രതീക്ഷയുടെ ‘സായാഹ്നം’

‘‘ഏറ്റവും പുതിയ വിശേഷം ‘സായാഹ്നമേ...’ ആണ്. കോവിഡ് കാലത്ത് ഇത്തരം നല്ല വിശേഷങ്ങൾ കുറവാണല്ലോ. ആൽബം മികച്ച അഭിപ്രായം നേടുന്നതിൽ എനിക്കും എന്റെ ടീമിനും വലിയ സന്തോഷമുണ്ട്.ലോക്ക് ഡൗൺ കാലത്ത് വീട്ടില്‍ വെറുതെ ഇരുന്ന് മാനസികമായി ബുദ്ധിമുട്ടായി. ഇനി ഇതൊക്കെ എന്നു ശരിയാകും എന്നു ചിന്തിക്കുമ്പോഴാണ്, എനിക്കൊപ്പം സ്ഥിരമായി പ്രവർത്തിക്കുന്ന ചാൾസ് ഈ ആശയം പറഞ്ഞത്. ഹരിനാരായണനും നേരത്തെ ഇങ്ങനെയുള്ള സ്വതന്ത്ര സംരംഭങ്ങൾക്കു വേണ്ടി എഴുതാൻ താൽപര്യമുണ്ടെന്നു സൂചിപ്പിച്ചിരുന്നു. അങ്ങനെ ഒരു ടീം വർക്ക് എന്ന നിലയിൽ ആൽബം ഒരുക്കുകയായിരുന്നു.

ranjini-2

ആദ്യം ലിറിക്കൽ വിഡിയോ ആയി ചെയ്യാം എന്നാണ് തീരുമാനിച്ചത്. അപ്പോഴാണ് മനു ഇതിന് വിഡിയോ ചെയ്യാൻ താൽപര്യം അറിയിച്ചത്. ഒരു ചെറിയ ഭാഗം ചെയ്തു കാണിച്ചപ്പോൾ ഞങ്ങൾക്കും ഇഷ്ടമായി. അതോടെയാണ് വിഡിയോ ഒരുക്കിയതും കരിക്കിലെ നിഖിൽ പാട്ട് ഇഷ്ടപ്പെട്ട് റിലീസ് ചെയ്യാൻ തയാറായതും. ഡിസംബർ 27 നാണ് ‘സായാഹ്നമേ’ റിലീസ് ചെയ്തത്. ഇതിനോടകം 2 ലക്ഷത്തിലധികം വ്യൂവേഴ്സ് ആയി’’. – രഞ്ജിനി പറയുന്നു.

ഇപ്പോഴും മാറാത്ത ഞെട്ടൽ

പാട്ടിന്റെ റിലീസിന് തലേന്ന്, അതായത് ഡിസംബർ 26 ന് വൈകുന്നേരം എന്റെ ഡാഡിയുടെ അമ്മ, എന്റെ അമ്മച്ചി, പെണ്ണമ്മ ജോസഫ് മരിച്ചു. ഡാഡി ഒറ്റമോനാണ്. ഞാൻ ഏക പേരക്കുട്ടിയും. അതിനാൽ അമ്മച്ചിയുമായി വളരെ അടുപ്പമായിരുന്നു. പാട്ടിന്റെ ഫൈനൽ ഔട്ട് കാണാൻ പോകാൻ തയാറാകുമ്പോഴാണ് അമ്മച്ചിയുടെ അപ്രതീക്ഷിത മരണം. ഒരു കുഴപ്പമുമില്ലാത്ത അമ്മച്ചി വീടിനുള്ളിലൂടെ നടക്കുന്നതിനിടെ ഹാർട്ട് അറ്റാക്ക് വന്ന് വീണു മരിക്കുകയായിരുന്നു.
ആകെ ഷോക്കായിപ്പോയി. എന്താണ് ചെയ്യേണ്ടതെന്നറിയാത്ത അവസ്ഥ. എന്താണ് സംഭവിച്ചതെന്നും മനസ്സിലാകുന്നില്ല. പാട്ടിന്റെ റിലീസ് മാറ്റണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കണം. പാട്ട് മറ്റൊരു ടീമിനെ ഏൽപ്പിച്ചതിനാലും റിലീസ് ഡേറ്റ് പ്രഖ്യാപിച്ചതിനാലും അത് എത്രത്തോളം പ്രായോഗികമാണെന്നും അറിയില്ല. ഒടുവിൽ പിറ്റേന്ന് തന്നെ പാട്ട് റിലീസ് ചെയ്തു. എന്റെ ടീം ആണ് അതിന്റെ കാര്യങ്ങളൊക്കെ നോക്കിയത്.

ഒരുപാടു കാത്തിരുന്നു തയാറാക്കിയ ഒരു വലിയ സ്വപ്നം യാഥാർഥ്യമാകാനൊരുങ്ങുമ്പോൾ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഒരാൾ വിട്ടു പോകുകയെന്നാൽ എത്രമാത്രം കഠിനമായ ഒരു സാഹചര്യമാണെന്ന് ആലോചിച്ചു നോക്കൂ....

ranjini-4

ഞരമ്പു രോഗികളെ നിലയ്ക്കു നിർത്തണം

സോഷ്യൽ മീഡിയയിൽ വരുന്ന ഒരുമാതിരിപ്പെട്ട നെഗറ്റീവ് കമന്റുകളൊന്നും ഞാൻ ശ്രദ്ധിക്കില്ല. പരിധി വിടുന്ന ചിലതിന് മാത്രമാണ് പ്രതികരിക്കുക. മനുഷ്യരാണല്ലോ, വായില്‍ തോന്നുന്നതൊക്കെ വിളിച്ചു പറയാമെന്ന തരത്തിലുള്ള ചിലരുടെ പ്രകടനം കാണുമ്പോള്‍ മറുപടി കൊടുക്കണമെന്നു തോന്നും. ഇത്തരക്കാരുടെ ആറ്റിറ്റ്യൂഡ് മാറേണ്ട കാലമായില്ലേ, ഇത് 2021 അല്ലേ. എന്നാണ് ഇവരൊക്കെ അതു മനസ്സിലാക്കുക. അടുത്തിടെ ഞാൻ പങ്കുവച്ച സ്ക്രീൻ ഷോട്ട് പോലെ കുറേ ഞരമ്പുരോഗികള്‍ മെസേജ് അയക്കാറുണ്ട്. ഇതില്‍ പലതും ഫേക്ക് പ്രൊഫൈലില്‍ നിന്നാണ് വരുന്നത്. ഇതിനെതിരെ കർശനമായ ഒരു നിയമം വേണം. അത് കടുത്തതായിരിക്കണം.

ranjini-5

രഞ്ജിനിയും രഞ്ജിനിയും

രഞ്ജിനി ഹരിദാസുമായുമായുള്ള എന്റെ സൗഹൃദത്തിന് 20 വർഷത്തെ ദൈർഘ്യമുണ്ട്. ഞങ്ങൾ ഒന്നിച്ച് പഠിച്ചവരാണ്. അടുത്ത സുഹൃത്തുക്കളുമാണ്. ലോക്ക് ഡൗൺ സമയത്ത് ഒന്നിച്ചുള്ള ചിത്രങ്ങളും കുറിപ്പുകളുമൊക്കെ കൂടുലായി പങ്കുവച്ചപ്പോഴാണ് കൂടുതൽ പേരും ഈ സൗഹൃദം അറിഞ്ഞതെന്നു മാത്രം.

ranjini-3

രഞ്ജിനിയ്ക്കെന്തിനാ ഡയറ്റ് പ്ലാൻ’ ?

മേക്കോവറൊന്നുമില്ല. ലോക്ക് ഡൗണിന് മുമ്പ്, ആകെ താളം തെറ്റിക്കിടന്ന എന്റെ ഭക്ഷണ സമയം ഒന്നു ക്രമീകരിക്കാന്‍ വേണ്ടിയാണ് ഡയറ്റീഷ്യൻ ലക്ഷ്മിച്ചേച്ചിയെ വിളിച്ചത്. അല്ലാതെ വണ്ണം കുറയ്ക്കാനൊന്നുമല്ല. അത്രയ്ക്കുള്ള ശരീര ഭാരം എനിക്കില്ല. ‘രഞ്ജിനിയ്ക്കെന്തിനാ ഡയറ്റ് പ്ലാൻ ?’ എന്ന് ആദ്യം സംസാരിച്ചപ്പോൾ ചേച്ചിയും ചോദിച്ചു.

ഒരിക്കലും ഓവർ വെയിറ്റ് ഉള്ള ആളല്ല ഞാൻ. ഡയറ്റ് എന്നത് തടി കുറയ്ക്കാൻ വേണ്ടി മാത്രമുള്ളതല്ലല്ലോ. ചേച്ചി എന്റെ ഭക്ഷണ ശീലം ഒന്നു ക്രമീകരിച്ചു തന്നു. അത്രേയുള്ളൂ. നിയന്ത്രിക്കാൻ തക്ക രീതിയിൽ ഭക്ഷണം കഴിക്കാത്ത ഒരാളാണ് ഞാൻ. ചോറിനോട് ഒരു താൽപര്യവുമില്ലാത്ത ആളാണ്. ചെറുതിലെ ഇഷ്ടമല്ല. ഭക്ഷണം കഴിക്കലൊക്കെ പലപ്പോഴും ഒരു ചടങ്ങാണ്. ജങ്ക് ഫൂഡ് അധികം ഉപയോഗിക്കാറില്ല. ലോക്ക് ഡൗൺ കാലത്ത് യോഗ ചെയ്തിരുന്നു. സ്ട്രെസോ ടെൻഷനോ വന്നാൽ സ്വാഭാവികമായി തടി കുറയുന്ന ആളാണ് ‌‍ഞാൻ. ഇപ്പോൾ അമ്മച്ചിയുടെ മരണവുമൊക്കെയായി ഞാനാകെ മെലി‍ഞ്ഞിരിക്കുകയാണ്.

.