സിനിമയിലെ സുരേശനും സുമലതയ്ക്കും പറയാനൊരു ഗംഭീര പ്രണയകഥയുണ്ട്. പക്ഷേ,‘രയീശനും ദിവ്യയും’പങ്കുവയ്ക്കുന്നതു ഹൃദയഹാരിയായ ജീവിതവിശേഷങ്ങളാണ്. കാര ണം രണ്ടുപേരെയും ഒന്നിപ്പിച്ചതു പ്രണയമല്ല, മാട്രിമോണിയാണ്.
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം, ന്നാ താൻ കേസ് കൊട്, സുരേശന്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ എന്നീ ചിത്രങ്ങളുടെ സംവിധാ യകനാണു രതീഷ് ബാലകൃഷ്ണൻ പൊതുവാൾ. സ്ത്രീധനം എന്ന ജനപ്രിയ പരമ്പരയിലെ നായികയാണു ദിവ്യ. കൊച്ചിയിലെ ഫ്ലാറ്റിൽ ഇരുവർക്കുമൊപ്പമുള്ള സംസാരം തുടങ്ങിയതേ കല്യാണക്കഥയിലാണ്.
ദിവ്യ: ഞങ്ങൾ പ്രണയിച്ചു വിവാഹം കഴിച്ചവരാണെന്നാണു പലരുടെയും വിശ്വാസം. നടിയും സംവിധായകനുമാകുമ്പോൾ ആ സംശയം സ്വാഭാവികം. പക്ഷേ, മാട്രിമോണിയൽ വ ഴി വീട്ടുകാർ ഉറപ്പിച്ചതാണു കല്യാണം.
രതീഷ്: വിവാഹാലോചന നടക്കുമ്പോൾ ഞാൻ സംവിധായകനായിട്ടില്ല. മുംബൈയിൽ പ്രൊഡക്‌ഷൻ ഡിസൈനറാണ്. അഭിനേതാക്കളൊഴികെ സെറ്റ്, കോസ്റ്റ്യൂം, കളർടോൺ... ഇങ്ങനെ സിനിമയുടെ പല പ്രധാന വിഭാഗങ്ങളുടെയും ഉത്തരവാദിത്തമാണ് പ്രൊഡക്ഷൻ ഡിസൈനർക്ക്.
ദിവ്യ അന്നേ സീരിയൽ താരമായിരുന്നു. കല്യാണത്തിനു മുൻപു ദിവ്യയും അമ്മയും അനിയനുമൊക്കെ മുംബൈയിൽ വന്ന് എന്റെ സാഹചര്യങ്ങൾ കണ്ടു ബോധ്യപ്പെട്ടു.
ദിവ്യ: ഞാനപ്പോൾ കല്യാണം കുറച്ചു കഴിഞ്ഞു മതി എന്ന നിലപാടിലായിരുന്നുവെങ്കിലും ചേട്ടൻ വന്നു കണ്ടു സംസാരിച്ചപ്പോൾ ആ തീരുമാനം മാറ്റി. നമുക്കുള്ള ആളെ കാണുമ്പോൾ മറ്റൊന്നും മനസ്സിൽ വരില്ല, ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കില്ല എന്നൊക്കെ പറയില്ലേ. പെണ്ണു കാണലിൽ അതാണു സംഭവിച്ചത്.
രതീഷ്: സത്യത്തിൽ അന്നു ഞങ്ങൾ അധികം സംസാരിച്ചില്ല. ഞാൻ സംസാരിക്കാൻ ത യാറായിരുന്നുവെങ്കിലും ദിവ്യ സിനിമയിലൊക്കെ കാണും പോലെ ആകെ വിറച്ച്, നിലത്ത് കാൽവിരലുകൾ കൊണ്ടു കളമെഴുതി നിന്നു.
ദിവ്യ: ഞാനാകെ പരിഭ്രമിച്ചു. എങ്കിലും ഒരു പോസിറ്റീവ് വൈബ് ഫീൽ ചെയ്തു.
രതീഷ്: ദിവ്യ നടിയാണെന്നത് എന്നെ സംബന്ധിച്ചു പ്രധാന ഘടകമായിരുന്നു. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാളുടെ ജോലിയുടെ സ്വഭാവവും തിരക്കുമൊക്കെ അതേ രംഗത്തു പ്രവർത്തിക്കുന്ന മറ്റൊരാൾക്കു കൃത്യമായി മനസ്സിലാക്കാൻ കഴിയും.
ദിവ്യ: 2011 ൽ ആയിരുന്നു വിവാഹം. പിന്നെ, മുംബൈയിലായി താമസം. വീടിന് അടുത്തു തന്നെയായിരുന്നു ഓഫിസും. അത്ര വലിയ നഗരത്തിൽ ഞാൻ ആദ്യമായാണ്. അറിയാത്ത ഭാഷ, ഫ്ലാറ്റ് ലൈഫ്. അതിന്റെ എക്സൈറ്റ്മെന്റും ടെൻഷനുമുണ്ടായിരുന്നെങ്കിലും മുംബൈ ലൈ ഫ് അടിപൊളിയായിരുന്നു.
രതീഷ്: ഞാൻ രാവിലെ ഓഫിസിലേക്കു പോയാൽ രാത്രിയിലാണു വരുക. അത്ര നേരം ദിവ്യ ഫ്ലാറ്റിൽ ഒറ്റയ്ക്കാണ്. ഞാൻ തിരിച്ചെത്തുമ്പോൾ പലപ്പോഴും ആൾ ഡസ്പ് ആയിരിക്കും. കുറേക്കാലം കഴിഞ്ഞപ്പോൾ എനിക്കത് വിഷമമായി. അങ്ങനെയിരിക്കെയാണ് ‘സ്ത്രീധനം’ ഓ ഫർ വരുന്നത്. പേരു കേട്ടപ്പോഴേ തോന്നി ഹിറ്റ് ആകുമെന്ന്.
ദിവ്യ: ‘സ്ത്രീധനം’ ആറര വർഷം പോയി. ആ സമയത്ത് തമിഴിലും അഭിനയിക്കുന്നുണ്ടായിരുന്നു. അതു കഴിഞ്ഞ്, 2017 മുതലാണ് ചേട്ടൻ സംവിധാനത്തിനായി ശ്രമം തുടങ്ങിയത്. 2019 ൽ മോള്‍ വരദക്ഷിണ ജനിച്ചു. ആദ്യ സിനിമ റിലീസായി. ഞങ്ങളെ സംബന്ധിച്ച് 2019 ഭാഗ്യവർഷമാണ്.
അച്ഛനും മോളും വലിയ കൂട്ടാണ്. വളരെക്കുറച്ചേ അ പ്പായെ കാണാന്‍ കിട്ടാറുള്ളൂ. വീട്ടിലുണ്ടെങ്കിൽ അടുത്തു നിന്നു മാറില്ല. എന്നെ ഉറക്കം വരുമ്പോഴേ ആവശ്യമുള്ളൂ. മോളും ചേട്ടനെ പോലെ നന്നായി വരയ്ക്കും.
രതീഷ് : വീട്ടിൽ എഴുതാനുള്ള മുറിയൊക്കെയുണ്ടെങ്കിലും എന്തെങ്കിലും ചെയ്യാനിരുന്നാൽ മോൾ സ്കെച്ച് ബുക്കുമായി വന്നു മടിയിൽ കയറും. പിന്നെ, വരയോടു വരയാണ്. എ ന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മോൾ വരയ്ക്കണമെന്ന്. വരദക്ഷിണ എന്ന പേരിട്ടതും ‘വരയ്ക്കുള്ള ദക്ഷിണ’ എന്ന അർഥത്തിലാണ്.
വി.ജി. നകുൽ
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ