Tuesday 30 March 2021 11:34 AM IST

‘ഈ ഫോട്ടോ അമ്മ പോസ്റ്റ് ചെയ്തോട്ടെ, മോനെന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ’! എന്റെ ശക്തിയും പിന്തുണയും: രേഖ രതീഷ് പറയുന്നു

V.G. Nakul

Sub- Editor

r1

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ അഭിനേത്രിയാണ് രേഖ രതീഷ്. ബാലതാരമായി അഭിനയരംഗത്തെത്തി, ടെലിവിഷൻ പരമ്പരകളിൽ തിളങ്ങുന്ന സാന്നിധ്യമായ രേഖ അടുത്തിടെയാണ് സോഷ്യൽ മീഡിയയിൽ സജീവമായത്. തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമൊക്കെ രേഖ ഇൻസ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്നത് ആരാധകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കാറ്. ഇപ്പോഴിതാ, മകൻ അയാനോടൊപ്പമുള്ള താരത്തിന്റെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുന്നു.

‘‘ഈ ഫോട്ടോഷൂട്ടിന്റെ ഐഡിയ മോന്റെയാണ്. മോനാണ് പറഞ്ഞത് ഒന്നിച്ചുള്ള ചില ചിത്രങ്ങൾ എടുക്കാമെന്ന്. വളരെ വർഷങ്ങൾക്കു മുൻപേ ഞാൻ ഫോട്ടോഷൂട്ട് നിർത്തിയതാണ്. അടുത്തിടെയാണ് വീണ്ടും തുടങ്ങിയത്. ഇപ്പോൾ ഞാൻ ചെയ്യുന്ന അമ്മ വേഷങ്ങളൊക്കെ കണ്ട് പലരുടെയും ധാരണ എനിക്ക് അൻപതോ അറുപതോ വയസ്സുണ്ടെന്നാണ്. അതിൽ പരാതിയില്ല. എന്നായാലും പ്രായം കൂടും. രണ്ട് വയസ്സ് കൂട്ടിപ്പറയുന്നതിലാണ് എനിക്ക് താൽപര്യവും. പക്ഷേ, ചില കമന്റുകൾ കാണുമ്പോൾ തോന്നും, നമ്മുടെ പ്രായത്തിനു ചേരുന്ന ചില ചിത്രങ്ങൾ കൂടി വരണമല്ലോ എന്ന്. അങ്ങനെയാണ് വീണ്ടും ഫോട്ടോഷൂട്ടുകൾ തുടങ്ങിയതും ഇൻസ്റ്റഗ്രാമിൽ ആക്ടീവായി, ചിത്രങ്ങൾ പങ്കുവയ്ക്കുന്നതും. പിന്തുണയുമായി ഒരുപാടു പേർ ഒപ്പമുണ്ട്’’. – രേഖ ‘വനിത ഓൺലൈനോട്’ പറഞ്ഞു.

r4

ആരോഗ്യം പ്രധാനം

അടുത്തിടെ തടി കുറച്ച് കൂടി. അതോടെയാണ് വർക്കൗട്ട് തുടങ്ങിയത്. ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധാലുവായി എന്നും പറയാം. മോന് ഞാൻ മാത്രമേയുള്ളൂ. ഞാൻ ഹെൽത്തിയല്ലെങ്കിൽ അവനെ നോക്കാൻ വേറെ ആരും ഉണ്ടാകില്ല. എല്ലാവരുമിപ്പോൾ നിന്ന നിൽപ്പിലാണ് മരിച്ചു പോകുന്നത്. അതിനാൽ, മോൻ മുതിരും വരെ ഞാന്‍ ആരോഗ്യത്തെടെയുണ്ടാകണം.

സമയക്കുറവ് കൃത്യമായി ജിമ്മിൽ പോകുന്നതിന് തടസമായതിനാൽ വീട്ടിൽ തന്നെയാണ് വർക്കൗട്ട്. ട്രെയിനി വീട്ടിൽ വരും. പുലർച്ചെ നാല് മണിക്ക് വർക്കൗട്ട് തുടങ്ങും. ആറര വരെ രണ്ടര മണിക്കൂർ ചെയ്യും. എത്ര വൈകി ഉറങ്ങിയാലും കൃത്യം നാല് മണിക്ക് ഉണർന്ന് വർക്കൗട്ട് തുടങ്ങും. അത് മുടക്കാറില്ല. ബോഡി കൂടുതൽ ഒതുക്കിയെടുക്കുകയാണ് ലക്ഷ്യം.

ഞാൻ അത്യാവശ്യം നന്നായി ഭക്ഷണ കഴിക്കുന്ന ആളാണ്. അതിനാൽ ആഹാരത്തിൽ വലിയ നിയന്ത്രണങ്ങളില്ല. ഇഷ്ടമുള്ളതൊക്കെ കഴിച്ച്, കൃത്യമായി വ്യായാമം ചെയ്ത് ആരോഗ്യത്തോടെ മുന്നോട്ടു പോകുകയാണ് ലക്ഷ്യം.

r2

എന്റെ ശക്തി

മോന് നീന്തൽ വളരെ ഇഷ്ടമാണ്. ആദ്യം ഒരു പൂളിന്റെ പശ്ചാത്തലത്തിലാണ് ഞങ്ങൾ ഒന്നിച്ചുള്ള ഷൂട്ട് പ്ലാൻ ചെയ്തത്. പക്ഷേ, ലൊക്കേഷനാക്കിയ ഹോട്ടലിൽ അതിനുള്ള കൃത്യമായ സൗകര്യമുണ്ടായിരുന്നില്ല. അങ്ങനെയാണ് ബാത് ടബ് എന്ന ആശയം വന്നത്.

എന്റെ മോനാണ് എന്റെ ശക്തിയും പിന്തുണയും. ഈ ചെറിയ പ്രായത്തിൽ അവൻ തരുന്ന ഊർജം വളരെ വലുതാണ്. ‘അമ്മാ, ഫോട്ടോ എടുക്ക്, പോസ്റ്റ് ചെയ്യ്’ എന്നൊക്കെ അവനാണ് നിർബന്ധിക്കുന്നത്. ഒരു ഫോട്ടോ പോസ്റ്റ്് ചെയ്യും മുൻപ് ഞാൻ അവനോട് ചോദിക്കും, ‘ഈ ഫോട്ടോ അമ്മ പോസ്റ്റ് ചെയ്തോട്ടെ, മോനെന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ’ എന്ന്. അവനു കൊടുക്കേണ്ട ബഹുമാനം ആണത്. അപ്പോള്‍ അവൻ പറയുന്നത് ‘ബ്യൂട്ടിഫുൾ പിക്. പോസ്റ്റ് ചെയ്. അമ്മ എന്തിനാ കോൺഷ്യസ് ആകുന്നത്’ എന്നാണ്. എനിക്കിനി അവനെ മാത്രം പരിഗണിച്ചാൽ മതി. അവന്റെ ‘യേസ്’ ആണ് എന്റെ കരുത്ത്.

r3

ഇപ്പോള്‍ പ്രേക്ഷകർ എനിക്ക് വലിയ പിന്തുണ തരുന്നുണ്ട്. നേരത്തെ നെഗറ്റീവ് കമന്റുകൾ കൂടുതലായി കിട്ടിക്കൊണ്ടിരുന്ന ആളാണ് ഞാൻ. അത് മാറി. വലിയ സന്തോഷം. അപ്പോഴും കുറേ മോശം പറയുന്നവര്‍ ഉണ്ട്. അതൊന്നും ഞാൻ പരിഗണിക്കാറില്ല.