Tuesday 01 October 2019 02:11 PM IST

‘എന്നെ ഉപേക്ഷിച്ചപ്പോൾ ആരും പറഞ്ഞില്ല, ഞാൻ ചെയ്ത കുറ്റം എന്താണെന്ന്’? പണത്തോട് മാത്രമായിരുന്നു അവരുടെ പ്രേമം! രേഖയുടെ ജീവിതം ഇപ്പോൾ മകനു വേണ്ടി

V.G. Nakul

Sub- Editor

rekha-new-new-new

പരസ്പരത്തിലെ പത്മാവതി എന്ന കഥാപാത്രം മാത്രം മതി രേഖ രതീഷിനെ പ്രേക്ഷകർ ഓർത്തിരിക്കാൻ. കുറച്ചു വില്ലത്തരമൊക്കെയുള്ള പത്മാവതിയുടെ സ്നേഹം തിരിച്ചറിഞ്ഞതോടെ രേഖ കുടുംബ സദസ്സുകളുടെ പ്രിയങ്കരിയായി മാറി. അഭിനയ യാത്ര പതിറ്റാണ്ടുകള്‍ താണ്ടി മുന്നോട്ടു കുതിക്കുമ്പോഴും വ്യക്തിജീവിതം അവർക്ക് ഇപ്പോഴും വേദനയാണ്. പ്രണയ ബന്ധങ്ങളും വ്യക്തിജീവിതത്തിലെ തീരുമാനങ്ങളുമൊക്കെ രേഖയുടെ ജീവിതത്തെയും കരിയറിനെയും സാരമായി ബാധിച്ചു. ‘വനിത ഓൺലൈനു’മായി സംസാരിക്കുമ്പോഴും രേഖയുടെ വേദന പലപ്പോഴും വിങ്ങലുകളായി പുറത്തുവന്നു.

r2



തുടക്കം ബാലതാരമായി

r1

‘‘രണ്ടര വയസ്സിലാണ് ഞാൻ ആദ്യമായി അഭിനയിച്ചത്. ‘ഉന്നൈ നാൻ സന്തിത്തേൻ’ എന്ന തമിഴ് സിനിമയിൽ രേവതിയുടെ കുട്ടിക്കാലം. എന്റെ അച്ഛൻ രതീഷ് പ്രൊഡക്ഷൻ കൺട്രോളറും നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായിരുന്നു. അമ്മ രാധ നടിയും. പ്രേം നസീറിന്റെ അമ്മയായും മധുസാറിന്റെ രണ്ടാം നായികയായുമൊക്കെ അമ്മ അഭിനയിച്ചിട്ടുണ്ട്. അച്ഛന്റെ നാട് തിരുവനന്തപുരത്തും അമ്മയുടെ നാട് കോട്ടയത്തുമാണ്. ഞാൻ ഒറ്റ മകള്‍. രണ്ടു പേരും സിനിമയുമായി ബന്ധപ്പെട്ട് ചെന്നൈയിലായിരുന്നതിനാല്‍ ഞാൻ ജനിച്ചതും വളർന്നതുമൊക്കെ അവിടെയായിരുന്നു. എന്റെ പേരിനൊപ്പമുള്ള രതീഷ് അച്ഛന്റെ പേരാണ്. അല്ലാതെ ഞാൻ കല്യാണം കഴിച്ചവരുടെതൊന്നുമല്ല’’.– രേഖ ചിരിയോടെ പറഞ്ഞു തുടങ്ങി.



r5

‘‘അമ്മയുടെ കൂടെ എന്നെ കണ്ടാണ് ‘ഉന്നൈ നാൻ സന്തിത്തേനി’ൽ അവസരം കിട്ടിയത്. പക്ഷേ, ഞാൻ നടിയാകുന്നതിനോട് അച്ഛന് താൽപര്യമുണ്ടായിരുന്നില്ല. കുട്ടിയായതു കൊണ്ടു മാത്രമാണ് സമ്മതിച്ചത്. അച്ഛനോടായിരുന്നു എനിക്ക് കൂടുതൽ അടുപ്പം. ആറാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛനും അമ്മയും ഡിവോഴ്സ് ആയി. അതോടെ ഞാൻ അച്ഛന്റെ കൂടെയായി. രണ്ടു പേരും പിന്നീട് വിവാഹം കഴിച്ചില്ലെങ്കിലും പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇപ്പോൾ രണ്ടാളും ഇല്ല, മരിച്ചു പോയി’’.– ഒരു നിമിഷം രേഖയുടെ ശബ്ദം ഇടറി.

മനസ്സറിഞ്ഞ് സുഭദ്ര



r7

പഠിക്കുന്ന കാലത്താണ് വീണ്ടും അഭിനയിക്കുന്നത്. 14 –ാം വയസ്സിൽ, ശ്രീവൽസൻ സാർ സംവിധാനം ചെയ്ത ‘നിറക്കൂട്ട്’ എന്ന സീരിയലിൽ യദുകൃഷ്ണന്റെ നായികയായി. പക്ഷേ, ശ്രദ്ധേയമായ ആദ്യ വേഷം എ.എൻ നസീർ സംവിധാനം ചെയ്ത ‘മനസ്സി’ലെ സുഭദ്ര എന്ന കഥാപാത്രമാണ്. ആദ്യം മറ്റൊരാൾ ചെയ്ത് ശരിയാകാതെ, പകരക്കാരിയായാണ് ഞാൻ ജോയിൻ ചെയ്തത്. പോസിറ്റീവിൽ നിന്നു നെഗറ്റീവ് ആകുന്നതും വീണ്ടും പോസിറ്റീവ് ആകുന്നതുമായ കഥാപാത്രം. അത് ഹിറ്റായി. ആ കഥാപാത്രത്തെക്കുറിച്ച് ഒരു പാട് നല്ല അഭിപ്രായങ്ങൾ കൂട്ടുകാരൊക്കെ പറഞ്ഞതോടെ അച്ഛനും സന്തോഷമായി. അഭിനയിക്കുന്നതിനോടുള്ള എതിർപ്പ് കുറഞ്ഞു. അതിനു ശേഷം ധാരാളം ഓഫറുകൾ വന്നെങ്കിലും അപ്രതീക്ഷിതമായ ചില വഴിത്തിരിവുകൾ എല്ലാം തകിടം മറിച്ചു.

ആ തീരുമാനം തെറ്റായിരുന്നു

ഞാൻ ഒരാളുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കാൻ തീരുമാനിച്ചതും ആ സമയത്താണ്. അതേസമയം തന്നെ തമിഴിൽ നിന്ന് ഒരു സൂപ്പർ താരത്തിനൊപ്പം ആരും കൊതിക്കുന്ന ഒരു അവസരവും വന്നു. ‘ഇത് നിന്റെ ജീവിതത്തിന്റെ വഴിത്തിരിവാണ്. ഈ അവസരം നീ ഏറ്റെടുത്താൽ നിന്റെ കരിയർ ഉയരങ്ങളിലെത്തും. ഇല്ലെങ്കിൽ ഒരു നോ പറഞ്ഞ് നിനക്ക് വ്യക്തി ജീവിതത്തിലേക്ക് ചുരുങ്ങാം’ എന്ന് അച്ഛൻ പറഞ്ഞു. പക്ഷേ, കാമുകൻ ചോദിച്ചത്, ‘അയാൾക്കൊപ്പം അഭിനയിക്കണോ, അതോ എനിക്കൊപ്പം ജീവിക്കണോ’ എന്നാണ്. എനിക്ക് അപ്പോൾ കാമുകനായിരുന്നു വലുത്. അങ്ങനെ ആ ബിഗ് ഓഫർ വേണ്ട എന്നു വച്ച്, ഞാൻ18–ാം വയസ്സിൽ വിവാഹിതയായി. ആ തീരുമാനം വലിയ ദുരന്തമായിരുന്നു. ഏപ്രിലിൽ കല്യാണം ഡിസംബറിൽ ഡിവോഴ്സ്. ആ സമയം സീരിയലുകളിലും അഭിനയിക്കാൻ സാധിച്ചില്ല. ഇപ്പോൾ ആ അവസരം വേണ്ട എന്നു വച്ചതിൽ എനിക്കു വലിയ ദുഖം തോന്നുന്നുണ്ട്. പലപ്പോഴും അതാലോചിക്കുമ്പോൾ കണ്ണ് നിറയും.



മടങ്ങിവരവ് പല വട്ടം

r3

ഡിവോഴ്സിനു ശേഷം ‘സ്വന്തം’ എന്ന സീരിയലിലൂടെയാണ് ഞാൻ മടങ്ങി വന്നത്. ആ വരവിൽ കിട്ടിയതിൽ കൂടുതൽ വില്ലൻ, സഹനായിക വേഷങ്ങളായിരുന്നു. ‘ദേവി’ എന്ന സീരിയലിൽ നായികയുമായി. എന്റെ കരിയറിൽ പല തവണ വിട്ടു നിൽപ്പും തിരിച്ചു വരവും സംഭവിച്ചിട്ടുണ്ട്. ‘ആയിരത്തിൽ ഒരുവൾ’ എന്ന സീരിയലിലെ മഠത്തിൽ അമ്മയാണ് എന്റെ ആദ്യ അമ്മ വേഷം. ‘പരസ്പര’ത്തിലെ വേഷം വലിയ ഹിറ്റായി. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’, ‘പൂക്കാലം വരവായി’ എന്നിവയാണ് പുതിയ സീരിയലുകൾ.

മല്ലിക ചേച്ചി തന്ന സിനിമ

ആകെ രണ്ടു സിനിമകളിലേ ഞാൻ അഭിനയിച്ചിട്ടുള്ളൂ. പല്ലാവൂർ ദേവനാരായണനും മാമ്പഴക്കാലവും. അച്ഛന്റെ സുഹൃത്തായിരുന്നു പല്ലാവൂർ ദേവനാരായണന്റെ സംവിധായകൻ വി.എം വിനു സാർ. അദ്ദേഹം അച്ഛനെ വിളിച്ച് എന്റെ കാര്യം പറയുകയായിരുന്നു. പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ ചേട്ടൻ മാമ്പഴക്കാലത്തിലേക്ക് ആർട്ടിസ്റ്റുകളെ അന്വേഷിച്ചപ്പോൾ മല്ലിക ചേച്ചിയാണ് (മല്ലിക സുകുമാരൻ) എന്റെ പേര് പറഞ്ഞത്. അപ്പോൾ ഞങ്ങൾ തമ്മിൽ പരിചയം പോലുമില്ല.



തീരുമാനങ്ങൾ പാളിച്ചകൾ

അഭിനയിക്കാൻ താൽപര്യമുള്ള ആളായിരുന്നില്ല ഞാൻ. അതിനാൽ കരിയറുമായി ബന്ധപ്പെട്ട് നല്ല തീരുമാനങ്ങളെടുക്കാന്‍ വൈകി. ഞാൻ കുടുംബിനിയായി ജീവിക്കാനാണ് ആഗ്രഹിച്ചത്. പക്ഷേ, പറ്റിയില്ല. മകൻ ജനിച്ചതോടെയാണ് ഉത്തരവാദിത്വം വന്നത്. അതോടെ പ്രൊഫഷനെ സ്നേഹിക്കാൻ തുടങ്ങി. മോൻ അയാന്‍. എട്ടര വയസ്സായി. മൂന്നാം ക്ലാസിൽ പഠിക്കുന്നു. വ്യക്തി ജീവിതത്തിൽ എന്റെ തീരുമാനങ്ങൾ പലതും പാളിപ്പോയി. അച്ഛനും അമ്മയും പിരിഞ്ഞ്, വീടില്ല, കുടുംബമില്ല എന്ന അവസ്ഥ വന്നപ്പോൾ എല്ലായിടത്തും അഭയം തേടാൻ വെമ്പുന്ന ഒരു മാനസികാവസ്ഥയിലായി ഞാൻ. അതൊക്കെ അബദ്ധങ്ങളായിരുന്നു. എല്ലാവർക്കും എന്റെ പണം വേണമായിരുന്നു. അല്ലാതെ ആരും എന്നെ യഥാർത്ഥത്തിൽ സ്നേഹിച്ചിരുന്നില്ല. ഒരു കാര്യവുമില്ലാതെയാണ് അവർ വേണ്ട എന്നു പറഞ്ഞു പോയത്. ‘എന്താണ് എന്റെ തെറ്റ്, എന്തുകൊണ്ടാണ് ഉപേക്ഷിച്ചു പോകുന്നത്’ എന്നു മാത്രം ആരും പറഞ്ഞില്ല. അല്ല, അങ്ങനെ പറയാൻ എന്തെങ്കിലും വേണ്ടേ. ഞാൻ പ്രണയിച്ചത് ഒരാളെ മാത്രമാണ്, എന്റെ ആദ്യ ഭർത്താവിനെ. അത്ര കടുത്ത അഡിക്ഷനായിരുന്നു അയാളോട്. പിന്നീട് മൂന്നു പേർ കൂടി എന്റെ ജീവിതത്തിലേക്കു വന്നെങ്കിലും ആരോടും അങ്ങനെ ഒരു പ്രണയം തോന്നിയിട്ടില്ല. കഴിഞ്ഞ എട്ടു വർഷമായി ഞാന്‍ എന്റെ കുഞ്ഞിനു വേണ്ടി മാത്രമാണ് ജീവിക്കുന്നത്. ഞങ്ങൾ അടിച്ചു പൊളിച്ച് കഴിയുന്നു. ഇനി ഒരു വിവാഹം കഴിക്കില്ല, ഉറപ്പ്. മകനു വേണ്ടിയാണ് എന്റെ ജീവിതം. ബാക്കി ദൈവത്തിന്റെ കയ്യിൽ. മറ്റൊന്ന്, യൂട്യൂബിലും ഫെയ്സ്ബുക്കിലും മറ്റു സോഷ്യൽ മീഡിയയിലുമൊക്കെ എന്നെക്കുറിച്ച് കഥകൾ മെനഞ്ഞ്, എന്റെ വ്യക്തി ജീവിതം ചികഞ്ഞ് വാർത്തയുണ്ടാക്കാൻ ശ്രമിക്കുന്നവർ ഒരു കാര്യം മനസ്സിലാക്കുക, ഞാൻ ഒരു അമ്മയാണ്, എനിക്ക് ഒരു മകനുണ്ട്. ഒന്നുമറിയാത്ത ഒരു കുഞ്ഞിന്റെ ജീവിതം കൂടി വച്ച് കളിക്കരുത്. മറ്റൊരു കാര്യം ഞാൻ സഹതാപം പ്രതീക്ഷിക്കുന്നില്ല എന്നതാണ്. അതുകൊണ്ടാണ് ഈ അഭിമുഖത്തിൽ ഞാൻ കാര്യങ്ങൾ വ്യക്തമായി പറഞ്ഞിരിക്കുന്നത്. – രേഖ പറഞ്ഞു നിർത്തി.