Thursday 08 October 2020 10:27 AM IST

‘സീരിയലിൽ 35 വയസ്സുകാരിയായപ്പോള്‍ എന്റെ പ്രായം 19 ആയിരുന്നു’! 40–ാം പിറന്നാൾ ആഘോഷിച്ച് രശ്മി ബോബന്‍

V.G. Nakul

Sub- Editor

r1

‘ജ്വാലയായ്’ എന്ന സീരിയലിലെ കഥാപാത്രം മാത്രം മതി രശ്മി ബോബനെ മലയാള പ്രേക്ഷകർക്ക് അടയാളപ്പെടുത്താൻ. ഒരു കാലത്ത് ദിവസവും ഉച്ചയ്ക്കു ശേഷം കുടുംബ പ്രേക്ഷകരെ ടെലിവിഷനു മുമ്പിൽ പിടിച്ചിരുത്തിയ ആ മെഗാ പരമ്പരയിലെ ഓരോ കഥാപാത്രവും നമുക്ക് പ്രിയപ്പെട്ടവരായി. 20 വർഷങ്ങൾക്കിപ്പുറവും സ്ക്രീനിൽ രശ്മിയുടെ മുഖം തെളിയുമ്പോൾ പ്രേക്ഷകർക്ക് അതേ സ്നേഹം.

ഇപ്പോഴിതാ, തന്റെ 40–ാം ജൻമദിനാഘോഷത്തിന്റെ ചിത്രങ്ങൾ രശ്മി ഫെയ്സ്ബുക്കിൽ പങ്കുവച്ചതാണ് സോഷ്യൽ മീഡിയയിൽ വൈറൽ. ഭർത്താവിനും മക്കൾക്കുമൊപ്പം കേക്ക് മുറിച്ച് ലളിതമായാണ് രശ്മി പിറന്നാൾ ആഘോഷിച്ചത്.

അടുത്തിടെ, തന്റെ അഭിനയ – വ്യക്തി ജീവിതത്തെക്കുറിച്ച് രശ്മി ‘വനിത ഓൺലൈന്’ നൽകിയ അഭിമുഖം ചുവടെ –

അടുത്തിടെയായി രശ്മിയെ ആരും സീരിയലിൽ കാണുന്നില്ല. കാരണം ചോദിച്ചപ്പോൾ രശ്മി പറഞ്ഞു, ‘ഏഴു വർഷം മുൻപാണ് ഞാൻ ആ തീരുമാനം എടുത്തത്. ഭർത്താവ് ബോബന് സിനിമയുമായി ബന്ധപ്പെട്ട് കൊച്ചിയിൽ തന്നെ നിൽക്കണമായിരുന്നു. അപ്പോൾ തിരുവനന്തപുരം വിട്ട് ഞാനും കുട്ടികളും ഒപ്പം പോയി. മക്കൾ ആകാശും നിധീഷും ഒൻപതും പത്തും ക്ലാസുകളിലുമായിരുന്നു. അവരുടെ പഠന കാര്യങ്ങളിൽ ശ്രദ്ധിക്കാൻ സീരിയലിൽ നിന്ന് അവധി എടുത്തു. സിനിമയിൽ അപ്പോഴും അഭിനയിക്കുന്നുണ്ടായിരുന്നു. കാരണം ഏതാനും ദിവസങ്ങൾ മാറ്റി വച്ചാൽ മതിയാകും. സീരിയൽ അങ്ങനെയല്ല. നീണ്ട ഷെഡ്യൂളുകളാണെല്ലാം. അതു മൊത്തം സിസ്റ്റത്തെ ബാധിക്കും. ഇപ്പോൾ മൂത്ത മോൻ ഡിഗ്രി ഫസ്റ്റ് ഇയർ ആയി. കുട്ടികൾ അവരുടെ കാര്യം നോക്കാൻ പ്രാപ്തരായി. അപ്പോൾ അവരും പറഞ്ഞു, ‘അമ്മ വെറുതെ ഇരിക്കണ്ട, വർക്ക് ചെയ്യൂ’ എന്ന്. അങ്ങനെ വീണ്ടും സീരിയലിലേക്കു സജീവമായി മടങ്ങി വന്നു.’

‘മഴവിൽ മനോരമ’യിലെ ‘പ്രിയപ്പെട്ടവൾ’ എന്ന പരമ്പരയിലൂടെ ആ ഇടവേള അവസാനിക്കുമ്പോൾ, പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബോബൻ സാമുവലിന്റെ ജീവിത പങ്കാളി കൂടിയായ രശ്മി അഭിനയ – വ്യക്തി ജീവിതത്തെക്കുറിച്ച് ‘വനിത ഓൺലൈനി’ൽ മനസ്സു തുറക്കുന്നു.

20 വർഷം, നിരവധി കഥാപാത്രങ്ങൾ

‘പ്രിയപ്പെട്ടവളി’ൽ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാണ്. സീരിയലിൽ ഏകദേശം എല്ലാത്തരം കഥാപാത്രങ്ങളെയും അവതരിപ്പിക്കുവാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. ടൈപ്പ് കാസ്റ്റ് ആയിട്ടില്ല. അഭിനയ ജീവിതം തുടങ്ങിയിട്ട് 20 വർഷം ആയി. ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോൾ, ‘അസൂയപ്പൂക്കൾ’ എന്ന സീരിയലിലാണ് ആദ്യം അഭിനയിച്ചത്. അതിൽ മിലി എന്ന നെഗറ്റീവ് കഥാപാത്രമായിരുന്നു. ആ സമയത്ത് ഞാൻ ടെലിവിഷനിൽ ആങ്കറിങ് ചെയ്യുന്നുണ്ടായിരുന്നു. എന്റെ നൃത്ത അധ്യാപിക ലത മാഡമാണ് എനിക്ക് അണിയറക്കാരെ പരിചയപ്പെടുത്തിയത്. എന്റെ ആങ്കറിങ് വിഡിയോ കണ്ടപ്പോൾ അവർ ഒകെ പറഞ്ഞു. അങ്ങനെ ‘അസൂയപ്പൂക്കളി’ലൂടെ ഞാൻ നടിയായി.

r3

ആദ്യം അഭിനയിച്ചത് അസൂയപ്പൂക്കളിലാണെങ്കിലും ആദ്യം സംപ്രേക്ഷണം ചെയ്തത് ‘ജ്വാലയായ്’ ആണ്. അത് വലിയ ഹിറ്റായതോടെ ധാരാളം അവസരങ്ങൾ ലഭിച്ചു. ഇതിനോടകം നാൽപ്പതിലധികം സീരിയലുകളിൽ അഭിനയിച്ചു. ‘സ്വപ്നം’, ‘ശ്രീഗുരുവായൂരപ്പൻ’, ‘അങ്ങാടിപ്പാട്ട്’ തുടങ്ങി ഒരുപാട് ഹിറ്റ് സീരിയലുകളിൽ വേറിട്ട കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ സാധിച്ചു. ഇപ്പോഴും അതിൽ മിക്ക വേഷങ്ങളും പ്രേക്ഷകർ ഓർക്കുന്നു എന്നതാണ് വലിയ സന്തോഷം.

സിനിമയിലേക്ക്

‘മനസ്സിനക്കരെ’ ആണ് ആദ്യ സിനിമ. അതിനു മുമ്പ് ചില അവസരങ്ങള്‍ വന്നെങ്കിലും സീരിയലിലെ തിരക്കുകൾ കാരണം വേണ്ടെന്നു വച്ചിരുന്നു. കല്യാണം കഴിഞ്ഞ്, മൂത്ത മോൻ ജനിച്ച ശേഷമാണ് ‘മനസ്സിനക്കരെ’യിൽ അഭിനയിച്ചത്. സത്യൻ അന്തിക്കാട് സാറിന്റെ സിനിമ വിട്ടുകളയാൻ തോന്നിയില്ല. ബോബൻ ചേട്ടനും പറഞ്ഞു. തുടർന്നും സത്യൻ സാറിന്റെ സിനിമകളിൽ എനിക്കു മികച്ച കഥാപാത്രങ്ങൾ കിട്ടി. ഇതിനോടകം അമ്പതോളം സിനിമകളിൽ അഭിനയിച്ചു. ഇനി റിലീസാകാനുള്ളത് ‘വൺ’ ആണ്.

പലയിടങ്ങളിൽ ബാല്യം

എന്റെ നാട് കണ്ണൂരാണ്. അച്ഛന്‍ വാരിജാക്ഷൻ നമ്പ്യാർക്ക് ബാങ്കിലായിരുന്നു ജോലി. അമ്മ – സത്യ. അനിയൻ – റോഷിത്. അവനിപ്പോൾ കുടുംബസമേതം ലണ്ടനിൽ ആണ്.

അച്ഛന്റെ സ്ഥലം മാറ്റത്തിനനുസരിച്ച്, വയനാട്, ഉത്തർ പ്രദേശ്, കോട്ടയം എന്നിവിടങ്ങളിലായായിരുന്നു ഞാൻ വളർന്നതും പഠിച്ചതും. ഒടുവിൽ തിരുവനന്തപുരത്തെത്തി സെറ്റിൽ ആയി. ഡിഗ്രി രണ്ടാം വർഷം മുതൽ തിരുവനന്തപുരത്താണ് പഠിച്ചത്.

r4

പ്രണയം, വിവാഹം

ഞാനും ബോബൻ ചേട്ടനും പ്രണയിച്ച് വിവാഹിതരായവരാണ്. ബോബൻ സാമുവലും രശ്മി നമ്പ്യാരും ചേർന്നാണ് രശ്മി ബോബന്‍ ആയത്. ചേട്ടൻ കെ.കെ രാജീവ് സാറിന്റെ അസോസിയേറ്റായിരുന്നു. അങ്ങനെയാണ് പരിചയപ്പെട്ടത്. പരിചയം സൗഹൃദവും പിന്നീടു പ്രണയവുമായി. ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചപ്പോൾ ഇരുവീടുകളിലും ആദ്യം എതിർപ്പായിരുന്നു. പക്ഷേ, ഒടുവിൽ വിവാഹം നടത്തിത്തന്നു. ഒളിച്ചോടി പോകേണ്ടി വന്നില്ല.

ആ കാലഘട്ടത്തിൽ സീരിയലിൽ അഭിനയിക്കുന്നത് ആളുകൾക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു. പക്ഷേ, എന്റെ അച്ഛനമ്മമാർ പിന്തുണ തന്നതുകൊണ്ടാണ് എനിക്ക് കരിയറിൽ ഉയരാൻ പറ്റിയത്.

ഫോട്ടോഷൂട്ട് വൈറൽ

അടുത്തിടെയാണ് ഞാൻ ആദ്യമായി ഒരു ഫോട്ടോഷൂട്ട് ചെയ്തത്. ഫോട്ടോഗ്രാഫർ ആഘോഷ് വൈഷ്ണവം ഞങ്ങളുടെ കുടുംബസുഹൃത്താണ്. അങ്ങനെയാണ് അത് സംഭവിച്ചത്. വലിയ സ്വീകാര്യത ആ ചിത്രങ്ങൾക്ക് കിട്ടി. സാരി ലുക്കിലുള്ള ആ ചിത്രങ്ങളെക്കുറിച്ച് എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു.

ഉള്ളിൽ തട്ടിയ വേദന

അടുത്തിടെ ഒരു ഇന്റർവ്യൂവിന്റെ ഫുഡ് സെഗ്മന്റില്‍ ഞാൻ എന്റെ ശരീര പ്രകൃതിയെക്കുറിച്ച് പറഞ്ഞത് സോഷ്യൽ മീഡിയയിൽ ചർച്ചയായി. ഞാൻ ചെറുപ്പം മുതൽ അത്യാവശ്യം വലിയ ശരീരപ്രകൃതിയുള്ള ആളാണ്. അതിന്റെ പേരിൽ ഒരുപാട് അപമാനം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. കുറേ ആൾക്കാർ ഉപദേശങ്ങൾ തരും, അങ്ങനെ ചെയ്താൽ മതി ഇങ്ങനെ ചെയ്താൽ മതി എന്നൊക്കെ. ഓരോരുത്തർക്കും ഓരോ ജീവിത യാത്രയാണല്ലോ. മറ്റൊരാൾ ചെയ്യുന്നതു പോലെ നമ്മൾ ചെയ്യണമെന്നില്ല.

ഒരിക്കൽ ഒരു സംഭവമുണ്ടായി. കുഞ്ഞു മനസ്സിനുണ്ടാകുന്ന കുഞ്ഞു കുഞ്ഞു വേദനകൾ നമ്മെ ഇപ്പോഴും പിന്തുടരും എന്നു പറയാറില്ലേ. അങ്ങനെയൊരു സംഭവമാണിത്. എന്റെ കസിന്റെ കല്യാണത്തിന് ഞാൻ സാരിയൊക്കെയുടുത്ത്, മാച്ച് ചെയ്യുന്ന ബ്ലൗസും അണിഞ്ഞ് എക്സൈറ്റഡായി പോയി. ആദ്യമായിട്ടാണ് ഒരു കല്യാണത്തിന് സാരിയുടുത്ത് പോയത്. പതിനേഴോ പതിനെട്ടോ വയസ്സുണ്ടാകും. അപ്പോൾ കല്യാണസ്ഥലത്ത് വച്ച് പരിചയത്തിലുള്ള ഒരു സ്ത്രീ പറയുകയാണ്, ‘ഇവളെ കണ്ടാൽ ഒന്നു പെറ്റ പെണ്ണിനെപ്പോലെയുണ്ടല്ലോ...’ എന്ന്. അതു വലിയ സങ്കടമായി. ഉള്ളിൽ കുത്തിക്കീറുന്ന ഫീൽ ആയിരുന്നു.

r2

പല സ്ഥലത്തും ഞാൻ ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് പറയുമ്പോൾ ധാരാളം ഉപദേശങ്ങൾ വരും. മടിയായതു കൊണ്ടാണ് വണ്ണം കുറയ്ക്കാത്തത് എന്ന രീതിയിൽ. നമ്മുടെ കാര്യം നമുക്കല്ലേ അറിയൂ. ഞാൻ അത്യാവശ്യം വർക്കൗട്ട് ഒക്കെ ചെയ്തിട്ടുള്ള ആളാണ്. പക്ഷേ അതിനു വേണ്ടി ചത്തുകിടക്കാറില്ല. അതു മടിയെങ്കിൽ ഞാൻ മടിച്ചിയാണ്.

ഈ ശരീര പ്രകൃതം കാരണം വളരെ ചെറിയ പ്രായത്തിൽ എനിക്ക് മുതിർന്ന കഥാപാത്രങ്ങൾ ലഭിക്കാൻ കാരണമായിട്ടുണ്ട്. ജ്വാലയായ് യിൽ 35 വയസ്സുകാരിയായപ്പോള്‍ എന്റെ പ്രായം 19 ആണ്. ആദ്യം വിഷമം തോന്നിയെങ്കിലും പിന്നീട് അതുണ്ടായില്ല. ഇപ്പോൾ ഞാനത് പരിഗണക്കാറു പോലുമില്ല.