Thursday 23 November 2023 12:57 PM IST

‘ഇവളോട് കളിച്ചാൽ ചിലപ്പോൾ അടി കിട്ടാൻ സാധ്യതയുണ്ട്’: ഫൈറ്റ് എന്റെ ഡി.എൻ.എയിൽ ഉണ്ട്: ജു ജുറ്റ്സുവിൽ രാജ്യാന്തര നേട്ടവുമായി ഋതു മന്ത്ര

V.G. Nakul

Sub- Editor

rithu-manthra-1

‘ബിഗ് ബോസ് മലയാളം സീസൺ ത്രീ’യിലൂടെ മലയാളികൾക്ക് സുപരിചിതയാണ് ഋതു മന്ത്ര. നടി, ഗായിക, മോഡൽ എന്നീ നിലകളിൽ ശ്രദ്ധേയയായ താരം ഇപ്പോൾ പുതിയൊരു മേഖലയിലേക്കും തന്റെ ഇടം അടയാളപ്പെടുത്തിയിരിക്കുന്നു. ആയോധന കലയായ ജു ജുറ്റ്സുവിൽ രാജ്യാന്തര തലത്തിൽ രണ്ട് വെങ്കല മെഡലാണ് താരം സ്വന്തമാക്കിയത്.

കോവിഡ് – ലോക്ക് ഡൗൺ കാലത്ത് കലാമേഖല ഏറെക്കുറെ നിശ്ചലമായപ്പോഴാണ് എന്തെങ്കിലുമൊരു ആയോധന കല പഠിക്കണമെന്ന വളരെക്കാലത്തെ മോഹം വീണ്ടും മനസ്സിൽ നിറഞ്ഞത്. അയൽകാരിയായ സുഹൃത്ത് അങ്ങനെയൊരു പഠനത്തിന് പോകുന്നുവെന്നു കൂടിയറിഞ്ഞതോടെ ആവേശമായി. അങ്ങനെയാണ് രണ്ടര വർഷം മുമ്പ്, കൊച്ചിയിലെ രാജൻ വർഗീസ് എന്ന അധ്യാപകന്റെയടുക്കൽ ഋതു എത്തിയത്. അദ്ദേഹത്തിന് കുറേയധികം ആയോധന കലകൾ അറിയാം. പരിശീലനം തുടങ്ങിയതോടെ ഹരമായി. ഋതുവിന്റെ പ്രകനത്തിൽ തൃപ്തനായ മാസ്റ്റർ മത്സരങ്ങളിൽ പങ്കെടുക്കാൻ നിർദേശിച്ചു. ആ തീരുമാനം ഋതുവിനെ എത്തിച്ചത് ഈ രാജ്യാന്തര നേട്ടത്തിലും.

rithu-manthra-2

‘‘ജൂഡോ, കരാട്ടേ ഒക്കെപ്പോലെ ഒരു ആയോധന കലയാണ് ‘ജു ജുറ്റ്സു’. യൂറോപ്യന്‍ രാജ്യങ്ങളിലാണ് ഇതിന് പ്രചാരം കൂടുതൽ. ഞാൻ ശരിക്കും ‘ക്രൗമഗ’ എന്ന ഇസ്രയേൽ ആയോധന കലയാണ് പഠിച്ചത്. ഇസ്രായേലില്‍ പൊലിസിനേയും പട്ടാളത്തേയുമൊക്കെ പരിശീലിപ്പിക്കുന്നത് ഇതാണെ്. അതറിയുന്നവർക്ക് ജു ജുറ്റ്സുവിൽ മത്സരിക്കാം. ജൂഡോ പഠിക്കുന്നവർക്കും പങ്കെടുക്കാം. ഇവയെല്ലാം തമ്മിലുള്ള സാമ്യതയാണ് കാരണം. ക്രൗമഗയിൽ പങ്കെടുത്ത് എനിക്ക് ഗോൾഡ് മെഡൽ കിട്ടിയിരുന്നു. തുടർന്നാണ് ജു ജുറ്റ്സുവിൽ മത്സരിച്ചത്. ലാത്വിയയിൽ വച്ചായിരുന്നു ചാംപ്യൻഷിപ്പ്. രണ്ട് മത്സരങ്ങളായിരുന്നു എനിക്ക്’’. – ഋതു ‘വനിത ഓൺലൈനോട്’ പറയുന്നു.

rithu-manthra-4

ഫൈറ്റ് എന്റെ ഡി.എൻ.എയിൽ ഉണ്ട്

ഫൈറ്റ് എന്റെ ഡി.എൻ.എയിൽ ഉണ്ടെന്നു പറയാം. എവിടെയെങ്കിലും ഒരു മാർഷ്യൽ ആർട്സോ കളരിയൊവൊക്കെ കാണുമ്പോൾ വലിയ കൗതുകം തോന്നും. പഠിക്കണമെന്നും പങ്കെടുക്കണമെന്നുമൊക്കെ മനസ്സ് കൊതിക്കും. ശരീരമൊന്ന് ത്രസിക്കും. അത് ചിലപ്പോൾ പാസ്റ്റ് ലൈഫിൽ നിന്നു വരുന്നതാകാമെന്നാണ് പറയപ്പെടുന്നത്.

ഇന്നത്തെക്കാലത്ത് ആൺകുട്ടികളും പെൺകുട്ടികളുമൊക്കെ ഏതെങ്കിലുമൊരു മാർഷ്യൽ ആർട് പഠിച്ചിരിക്കണം. ആര് എപ്പോൾ വയലന്റായി പെരുമാറും എന്നു മനസ്സിലാകാത്ത ഒരു സൊസൈറ്റിയിലാണ് നമ്മൾ ജീവിക്കുന്നത്. അതിനാൽ ഒരു സെൽഫ് പ്രൊട്ടക്ഷൻ ആവശ്യമാണ്. ക്രൗമഗ ഒരു സെൽഫ് ഡിഫൻസാണ്.

ക്രൗമഗ മാത്രം പഠിച്ച് നേരെ പോയി ജു ജുറ്റ്സുവിൽ മത്സരിക്കാനാകില്ല. മൂന്നു മാസത്തോളം ജു ജുറ്റ്സുവിൽ കൃത്യമായ പരിശീനമുണ്ടായിരുന്നു. ശേഷമാണ് മത്സരത്തിനായി പോയത്. സെൽഫ് ഡിഫൻസ്, ക്ലോസ് കോൺടാക്ട് ഫൈറ്റ് എന്നീ ഇനങ്ങളിലാണ് പങ്കെടുത്തത്. കൈക്ക് പരുക്കുണ്ടായി കാലിനൊക്കെ നല്ല ഇടി കിട്ടി. അടി കൊടുക്കാന്‍ മാത്രമല്ല വാങ്ങാനും പഠിപ്പിക്കുന്നുണ്ട്.

ജീവിതത്തിൽ ഇതുവരെ ആരെയും കായികമായി നേരിടേണ്ട ഒരു സാഹചര്യം ഉണ്ടായിട്ടില്ല. പൊതുവേ അത്തരം മോശം അനുഭവങ്ങളും ഇല്ല. എന്റെ ഫേസ് അത്ര വെൽകമിങ് അല്ലാത്തതിനാൽ പലരും അടുക്കാൻ മടിക്കും. നടപ്പും ആകാരവും ശൈലിയുമൊക്കെ കാണുമ്പോൾ, ‘ഇവളോട് കളിച്ചാൽ ചിലപ്പോൾ അടി കിട്ടാൻ സാധ്യതയുണ്ട്’ എന്നു തോന്നുന്നതാകാം കാരണം. അത്തരം സാഹചര്യം വരാതിരിക്കട്ടേ എന്നാണ് ആഗ്രഹം. ഈ തല്ലും പിടിയുമൊക്കെ പഠിച്ചതിൽ പാഷനല്ലാതെ മറ്റൊന്നുമല്ല ലക്ഷ്യം.

rithu-manthra-3

മത്സരത്തിനു പോകാന്‍ മമ്മൂട്ടി കമ്പനിയാണ് ഋതുവിനെ സ്പോണ്‍സർ ചെയ്തത്. തന്റെ മേഖലയായ അഭിനയ രംഗത്തും ഋതു ഇതിനൊപ്പം സജീവമാണ്. ധ്യാൻ ശ്രീനിവാസനൊപ്പമുള്ള സിനിമ റിലീസിനൊരുങ്ങുന്നു. ഒരു തെലുങ്ക് പടം ചിത്രീകരണം പുരോഗമിക്കുന്നു. മോഡലിങ്ങിലും സോഷ്യൽ മീഡിയയിലും നിറഞ്ഞു നിൽക്കുന്നു...