ഡോക്ടർ പശുപതിയിലൂടെയാണ് റിസബാവ സിനിമയിലേക്ക് എത്തിയത്. സായ്കുമാറിന്റെ പകരക്കാരനായാണ് റിസബാവ ആ സിനിമയിലേക്ക് എത്തുന്നത്. സുഹൃത്തിനെയും സഹപ്രവർത്തകനെയും സായ്കുമാർ ഒാർമിക്കുന്നു.
‘‘ ഞാൻ കാരണമാണ് റിസ സിനിമയിലേക്ക് എത്തിയതെന്ന് ഇതിനർഥമില്ല. ഞാന്‍ നിമിത്തമായില്ലെങ്കിൽ തന്നെ അവൻ സിനിമയിലേക്ക് എത്തുമായിരുന്നു. അഭിനയത്തോട് അത്ര ആഗ്രഹമായിരുന്നു അവന്.
സംഘചേതനയുടെ സ്വാതി തിരുനാൾ നാടകം അഭിനയിച്ചു കൊണ്ടിരിക്കുന്നതിനിടയ്ക്ക് എനിക്ക് കാലിനൊരു വേദന വന്നു. കുറച്ചു നാളത്തേക്ക് വിശ്രമം വേണ്ടി വന്നു. പകരക്കാരനായി തൽക്കാലത്തേക്ക് ഒരാൾക്കു വേണ്ടിയുള്ള അന്വേഷണമായി. റിസ അേന്ന കൊച്ചിയിൽ നാടകപ്രവർത്തനവുമായുണ്ട്.
സ്ഥിരമായാണെങ്കിൽ എത്താമെന്ന് റിസ പറഞ്ഞു. അങ്ങനെ നൂറ്റമ്പതോളം സ്റ്റേജിൽ ഞാൻ അവതരിപ്പിച്ച സ്വാതിതിരുന്നാൾ വേഷം പിന്നീട് റിസയാണ് അവതരിപ്പിച്ചത്. അതിസുന്ദരനായ സ്വാതിതിരുന്നാൾ ഒരുപാടു നാടകപ്രേമികളുടെ മനസ്സു കീഴടക്കി.
അതുകഴിഞ്ഞാണ് ഡോക്ടർ പശുപതി എന്ന സിനിമ. ആ സിനിമയിൽ എന്നെയായിരുന്നു ഷാജി കൈലാസ് പറഞ്ഞിരുന്നത്. പക്ഷേ ഞാനപ്പോൾ തൂവൽസ്പർശം എന്ന സിനിമയിൽ അഭിനയിക്കുകയായിരുന്നു. അതുകൊണ്ട് എനിക്ക് പോവാൻ പറ്റിയില്ല. ആ വേഷത്തിലേക്ക് റിസയാണെത്തിയത്.
എനിക്ക് നടൻ മാത്രമായിരുന്നില്ല. വളരെ അടുപ്പമുള്ള ഒരു ചങ്ങാതി കൂടിയായിരുന്നു. റിസയുടെ മകൾ എന്നെ മൂത്താപ്പ എന്നായിരുന്നു വിളിച്ചിരുന്നത്. വർഷങ്ങൾക്ക് മുൻപ് മനോരമ വിഷന്റെ സീക്രട്ട് െഎ എന്ന സീരിയൽ ചെയ്തിരുന്നു. അതിൽ ഞാനും റിസയും ഗീതാ വിജയനുമായിരുന്നു ഡിക്റ്ററ്റീവ്സ് ആയി അഭിനയിച്ചത്. റിസയുടെ വീടിനടുത്തായിരുന്നു ഷൂട്ട്. അപ്പോഴൊക്കെ പലപ്പോഴും അവന്റെ വീട്ടിൽ നിന്നായിരുന്നു ഭക്ഷണം. അങ്ങനെ സിനിമയ്ക്കപ്പുറം അടുപ്പമുള്ള ചങ്ങാതിയെ ആണ് നഷ്ടമായത്. കുറച്ചു നാൾ മുൻപ് ഒരു വിവാഹച്ചടങ്ങിൽ വച്ചാണ് അവസാനമായി കണ്ടത്. ഈ യാത്ര അപ്രതീക്ഷിതമാണ്. വേദന നിറഞ്ഞതും.