Saturday 18 January 2025 02:56 PM IST : By സ്വന്തം ലേഖകൻ

‘അക്രമിയെ കണ്ടതും അലാം മുഴക്കി, സെയ്ഫിന്റെ കുഞ്ഞിനെ സേഫാക്കി’: ഏലിയാമ്മയും ആള് പുലിയാണ്

eliyamma

സിനിമയില്‍ മാത്രമല്ല ജീവിതത്തിലും നായകനാണെന്ന് തെളിയിച്ചിരിക്കുയാണ് ബോളിവുഡിന്റെ രാജകുമാരൻ സെയ്ഫ് അലിഖാൻ. അതിക്രമിച്ചു കയറി അപായപ്പെടുത്താൻ ശ്രമിച്ച അക്രമിയെ ചങ്കുറപ്പോടെ നേരിട്ട സെയ്ഫ് ആശുപത്രിയിൽ സുഖംപ്രാപിച്ചു വരികയാണ്. തന്റെ കുഞ്ഞുങ്ങളെ സുരക്ഷിതനാക്കിയ ശേഷം അക്രമിയെ മനഃസാന്നിദ്ധ്യത്തോടെ നേരിട്ട സെയ്ഫിനെ നാട് വാഴ്ത്തുമ്പോൾ മറന്നു കൂടാത്തൊരു പേരുണ്ട്.

ആക്രമണത്തിന്റെ ദൃക്സാക്ഷിയും വീട്ടിലെ സഹായിയുമായ ഏലിയാമ്മ. വ്യാഴാഴ്ച പുലർച്ചെ കുട്ടികളുടെ മുറിയിൽ നിന്ന് ശബ്ദം കേട്ടപ്പോൾ ഉറങ്ങുന്ന കുട്ടികളെ നോക്കാൻ കരീന മുറിയിലേക്ക് വന്നു എന്നാണ് ആദ്യം കരുതിയതെന്ന് ഏലിയാമ്മ പറയുന്നു. എന്നാൽ, ശബ്ദത്തിൽ അസ്വാഭാവികത തോന്നിയതോടെ ഏലിയാമ്മ അപകട സൈറൺ മുഴക്കുകയായിരുന്നു. സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും ഇളയ മകൻ ജെഹ് എന്നു വിളിക്കുന്ന ജഹാംഗീറിന്റെ നാനിയാണ് മലയാളിയായ ഏലിയാമ്മ.

ഏലിയാമ്മയുടെ വാക്കുകൾ; "കരീന, ജെഹ് (ജഹാംഗീർ) ബാബയെ കാണാൻ വന്നതാണെന്ന് ആദ്യം ഞാൻ കരുതി. പക്ഷേ എഴുന്നേറ്റു നോക്കിയപ്പോൾ ആരെയും കണ്ടില്ല. വീണ്ടും ഉറങ്ങാൻ കിടന്നു. പക്ഷേ എന്തോ കുഴപ്പമുണ്ടെന്ന് തോന്നി. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ, ഒരു മെലിഞ്ഞ മനുഷ്യന്റെ നിഴൽ കണ്ടു. അയാൾ ബാത്ത്റൂമിൽ നിന്ന് പുറത്തിറങ്ങി ജെഹ് ബാബയുടെ കിടപ്പുമുറിയിലേക്ക് കടക്കാൻ ശ്രമിച്ചു. ഞാൻ ഓടി ജെഹ് ബാബയുടെ മുറിയിലേക്കെത്തി. ഉടനെ അലാം മുഴക്കി.

എന്നെ കണ്ടതും അക്രമി 'കോയി ആവാസ് നഹി, കോയി ബാഹർ നഹി ജായേഗാ....!' (ഒച്ചയുണ്ടാക്കരുത്. ആരും പുറത്തേക്ക് പോവില്ല) എന്ന് പറഞ്ഞു.

ഉടനെ ഞാൻ ജെഹിനെ വാരിയെടുത്തു. അപ്പോഴേക്കും വടിയും ഹാക്സോ ബ്ലേഡും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അക്രമിയോട് എന്താണ് ആവശ്യം എന്ന് ചോദിച്ചപ്പോൾ, ‘ഒരു കോടി രൂപ’ എന്നു പറഞ്ഞു. അപ്പോഴേക്കും ജെഹ് എന്റെ കൈയിൽ നിന്നും ചാടിയിറങ്ങി മുറിക്കു പുറത്തേക്ക് കരഞ്ഞുകൊണ്ട് ഓടി. ജെഹിന്റെ കരച്ചിൽ കൂടി കേട്ടതോടെ സെയ്ഫും കരീനയും കിടപ്പുമുറിയിൽ നിന്ന് പുറത്തേക്കോടിയെത്തി.

അക്രമിയെ കണ്ട സെയ്ഫ് ചോദിച്ചു, 'നിങ്ങൾ ആരാണ്? എന്തുവേണം?'. തുടർന്ന് അക്രമി ആറു തവണ സെയ്ഫിനെ കുത്തുകയായിരുന്നു. ഇതെല്ലാം കണ്ടു പേടിച്ച തൈമൂറിന്റെ നാനിയായ ഗീത പുറത്തേക്ക് ഓടിയപ്പോൾ അക്രമി അവരെയും ബ്ലേഡ് പോലുള്ള ആയുധം വച്ച് ഉപദ്രവിച്ചു.

കുത്തേറ്റ സെയ്ഫിന് ആശുപത്രിയിലേക്കു പോകുന്നതിനായി ഓട്ടോറിക്ഷ വിളിച്ചതും ഏലിയാമ്മയാണ്. ഉത്തരാഖണ്ഡ് സ്വദേശിയായ റാണയുടെ ഓട്ടോയിലാണ് നടനെ ആശുപത്രിയിലെത്തിച്ചത്.

മോഷണലക്ഷ്യത്തോടെയാണ് അക്രമി താരത്തിന്റെ വീട്ടിലെത്തിയതെന്നാണ് വിവരം. കുടുംബാംഗങ്ങളെ അക്രമിയിൽ നിന്നു രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിന് ഇടയിൽ സെയ്ഫിനു പരിക്കേൽക്കുകയായിരുന്നു. അക്രമി സംഭവസ്ഥലത്തു നിന്നു രക്ഷപ്പെട്ടു. മുംബൈയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ വെള്ളിയാഴ്ച ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം. കേസിൽ അന്വേഷണം തുടരുകയാണ്.

മുംബൈയിലെ വസതിയിൽ വച്ച് അക്രമയിയുടെ കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ നടൻ സെയ്ഫ് അലി ഖാൻ അപകടനില തരണം ചെയ്തു. ശരീരത്തിലെ ആറിടങ്ങളിലാണ് സെയ്ഫിന് കുത്തേറ്റത്. ശരീരത്തിന്റെ പുറകുവശത്ത് നട്ടെല്ലിനോട് ചേർന്ന ഭാഗത്ത് കുത്തേറ്റത് ആശങ്കയുണർത്തിയിരുന്നു. എന്നാൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ താരം അപകടനില തരണം ചെയ്തുവെന്ന് ഡോക്ടർമാർ അറിയിച്ചു.

അതേസമയം സെയ്ഫിനെ ആക്രമിച്ച അക്രമിക്കു പിന്നാലെയാണ് പൊലീസ്. ആക്രമിക്ക് നടന്റെ വീട്ടിലെ ജോലിക്കാരി വാതിൽ തുറന്നു കൊടുത്തെന്നു പൊലീസ്. ഏഴംഗ പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.  ‘‘വീട്ടുജോലിക്കാരിയെ കാണാനെത്തിയ അക്രമിക്ക് അവരാണ് വാതിൽ തുറന്നുകൊടുത്തത്. പിന്നാലെ ഇരുവരും തമ്മിൽ വീട്ടിൽ വച്ച് വാക്കുതർക്കമുണ്ടായി. ഇതിനിടെ ജോലിക്കാരിയെ അക്രമി ഉപദ്രവിക്കാൻ ശ്രമിച്ചു. ഇതിനിടയിലേക്കാണ് സെയ്ഫ് അലി ഖാൻ എത്തിയത്. വീടിനുള്ളിൽ അപരിചിതനെ കണ്ട സെയ്ഫ് ഇയാളെ ചോദ്യം ചെയ്യുകയും അത് സംഘർ‌ഷത്തിലെത്തുകയും നടന് കുത്തേൽക്കുകയും ചെയ്തു.’’– പൊലീസ് പറഞ്ഞു.