Wednesday 17 March 2021 11:29 AM IST

ഇവനൊക്കെ ധൂർത്തടിച്ചിട്ടാണ് ഇങ്ങനെയായത്! സോഷ്യൽ മീഡിയയിലെ പരിഹാസത്തിന് ജീവിതം തുറന്നു വച്ച് സാജൻ സൂര്യ; കണ്ണീരുണങ്ങാത്ത കഥകൾ ഇങ്ങനെ

V.G. Nakul

Sub- Editor

sajan-sury-1

സ്വന്തം നാടകസമിതി തുടങ്ങി കടം കയറിയപ്പോൾ സാജൻ സൂര്യക്ക് ദൈവം നൽകിയ പിടിവള്ളിയാണ് സീരിയൽ. രണ്ടു പതിറ്റാണ്ടു മുൻപ് വലതു കാൽവച്ചു വീടുകളിലേക്ക് കയറിയ സാജൻ ഇപ്പോൾ മിനിസ്ക്രീനിലെ സൂപ്പർതാരം. എന്നാൽ ഇപ്പോഴത്ത സാജൻ സൂര്യയിലേക്ക് സാജൻ എസ്. നായർ എന്ന ചെറുപ്പക്കാരൻ കയറി വന്നതിനു പിന്നിൽ പ്രതിസന്ധികളുടെയും ജീവിതാനുഭവങ്ങളുടെയും അറിയാക്കഥകൾ പലതുണ്ട്.

കഴിഞ്ഞ ദിവസം സാജൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. ‘ജീവിത നൗക’ പരമ്പരയിൽ താൻ അവതരിപ്പിക്കുന്ന കഥാപാത്രം നേരിടുന്ന സാഹചര്യം തന്റെ യഥാർഥ ജീവിതത്തിൽ സംഭവിച്ചതിനെക്കുറിച്ചാണ് അദ്ദേഹത്തിന്റെ കുറിപ്പ്. ജനിച്ചു വളർന്ന വീട് വേദനയോടെ വിട്ടു പോരേണ്ടി വന്നതിനെക്കുറിച്ച് പ്രിയതാരം എഴുതിയത് വേദനയോടെയല്ലാതെ വായിച്ചവസാനിപ്പിക്കുക പ്രയാസം.

‘‘ആ കുറിപ്പ് വാർത്തയായതിനു ശേഷം അതിനു ലഭിക്കുന്ന കമന്റുകൾ കാണണം. ഇവനൊക്കെ ധൂർത്തടിച്ചിട്ടാണ് ഇങ്ങനെയായത്, ഇതൊക്കെ ചുമ്മാ പറയുന്നതാണ്, സർക്കാര്‍ ജോലിയുണ്ടല്ലോ പിന്നെന്താ കുഴപ്പം എന്നൊക്കെയാണ് പലരും ചോദിക്കുന്നത്. അവരാരും എന്താണ് ഞാൻ എഴുതിയിരിക്കുന്നതെന്നു കൃത്യമായി വായിക്കാതെയും മനസ്സിലാക്കാതെയുമാണ് വിമർശിക്കുന്നത്’’.– സാജൻ ‘വനിത ഓൺലൈനോട്’ പറയുന്നു.

‘‘കരകുളം ഏണിക്കരയാണ് നാട്. അച്ഛന് സെക്രട്ടറിയേറ്റിലായിരുന്നു ജോലി. സർവീസിലിരിക്കെയാണ് മരിച്ചത്. ഏറെക്കാലം കിടപ്പിലായിരുന്നു. ധാരാളം ഭൂസ്വത്തുള്ള ആളായിരുന്നുവെങ്കിലും 90 ശതമാനവും ചികിത്സയ്ക്കായി വിറ്റു. ബാക്കി വന്നതിൽ അഞ്ചു ശതമാനം നാടക കമ്പനിക്കു വേണ്ടി ഞാനും കടത്തിലാക്കി. പലതും വിറ്റു. കുറച്ച് പണയം വച്ചു. ഒടുവിൽ പിടിച്ചു നിൽക്കാൻ പറ്റില്ലെന്നായപ്പോഴാണ് ‍ജനിച്ചു വളർന്ന വീട് വിറ്റ് കടങ്ങളെല്ലാം വീട്ടിയത്. ഒടുവിൽ അവശേഷിച്ച സ്വത്ത് ആ കിടപ്പാടം മാത്രമായിരുന്നു. ബാക്കിയൊക്കെ അപ്പോഴേക്കും വിറ്റു തീർന്നിരുന്നു. ഒടുവിൽ കിടപ്പാടവും വിറ്റു. ആ അനുഭവത്തെക്കുറിച്ചാണ് ഞാൻ ഫെയ്സ്ബുക്കിൽ എഴുതിയിരിക്കുന്നത്’’.– സാജൻ പറയുന്നു.

sajan-surya-3

എനിക്ക് നിരാശയില്ല

അച്ഛൻ മരിച്ച് പന്ത്രണ്ട് വർഷത്തിനു ശേഷമാണ് വീട് വിറ്റത്. വിറ്റേ പറ്റൂ, മറ്റൊരു മാർഗമില്ലായിരുന്നു. കടം തീർക്കേണ്ടേ. അപ്പോൾ 7 ലക്ഷം രൂപയോളം കടമുണ്ടായിരുന്നു. 2004–05 കാലത്താണ്. മറ്റു സ്വത്തുവകകളൊക്കെ വിറ്റ്, ആകുന്നിടത്തോളം വീട്ടി, 15 ലക്ഷത്തിൽ നിന്നാണ് 7 ലക്ഷത്തിലെത്തിച്ചത്. അന്നത്തെ കാലത്ത് അതൊരു വലിയ തുകയാണ്.

ഉള്ളൂരിലും വീടുണ്ടായിരുന്നു. അച്ഛന്റെ ചികിൽസയ്ക്കാണ് അതു വിറ്റത്. അച്ഛന് മരുന്ന് പുറത്തുനിന്നെത്തിച്ചാൽ അസുഖം ഭേദമാകും എന്നൊരു ധാരണ വന്നു. അൽസിമേഴ്സായിരുന്നു. അന്നത് അത്ര പരിചിതമായ രോഗമല്ല. ബാംഗ്ലൂരിൽ കൊണ്ടു പോയി സർജറിയൊക്കെ നടത്തി. ലണ്ടനിൽ ഒരു മരുന്നുണ്ട്, അതു വരുത്തിയാൽ രോഗം ഭേദമാകും എന്നു പറഞ്ഞതനുസരിച്ച്, അന്നത്തെ കാലത്ത് ഒന്നര ലക്ഷത്തോളം വിലവരുന്ന രണ്ടു ബോട്ടില്‍ മരുന്നെത്തിച്ചു. അതിനാണ് വെറും അഞ്ചര ലക്ഷം രൂപയ്ക്ക് ഉള്ളൂരിലെ വീടും 7 സെന്റും വിറ്റത്. ഇന്നതിന് കുറഞ്ഞത് 1 കോടി കിട്ടും. അന്ന് നമ്മുടെ ആവശ്യമായിരുന്നല്ലോ വലുത്. കരകുളത്തെ വീടും 30 സെന്റും വിറ്റതും 7 ലക്ഷത്തിനാണ്. അതിനും ഇപ്പോൾ കോടികൾ കിട്ടും. പക്ഷേ, എനിക്ക് നിരാശയില്ല. ഇപ്പോൾ ഞാൻ ഹാപ്പിയാണ്. ജീവിക്കാൻ ജോലിയുണ്ട്, സീരിയലിലും ധാരാളം അവസരങ്ങളുണ്ട്.

കരകുളത്തെ വീട് വിറ്റ ശേഷം കുറച്ചു കാലം സ്റ്റാച്യൂവിലെ വൈഫിന്റെ വീട്ടിലാണ് താമസിച്ചത്. അതിനു ശേഷം ആ വീടിന് മുകളിൽ മറ്റൊരു വീട് വച്ചു. ഇപ്പോഴും ഞങ്ങൾ അവിടെയാണ്.

നാടകം എന്ന ഭ്രമം

ലാഭം പ്രതീക്ഷിച്ചായിരുന്നില്ല ഞങ്ങൾ നാലു പേർ ചേർന്ന് ‘ആര്യ കമ്യൂണിക്കേഷൻ’ തുടങ്ങിയത്. നല്ല നാടകം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. നാടകത്തെക്കുറിച്ചോ സമിതിയുടെ നടത്തിപ്പിനെക്കുറിച്ചോ ഒന്നുമറിയുമായിരുന്നില്ല. ആദ്യത്തെ നാടകത്തിന്റെ ക്യാമ്പ് ആറു മാസം നീണ്ടു. ആ നാടകം കഴിഞ്ഞപ്പോഴേക്കും കൈയിലുള്ള കാശും തീർന്നു. അടുത്ത നാടകം പ്രഫഷണൽ ശൈലിയിൽ തുടങ്ങിയെങ്കിലും കാശ് കടം വാങ്ങേണ്ടി വന്നു. നാടകത്തിൽ നിന്നു കിട്ടുന്ന വരുമാനം പലിശ കൊടുക്കാൻ മാത്രമേ തികഞ്ഞുള്ളൂ. സമിതി പിരിച്ചു വിട്ടാൽ പണം കടം തന്നവരോടു പറഞ്ഞു നിൽക്കാൻ പറ്റില്ല. നാലാമത്തെ വർഷമായപ്പോൾ കടത്തിന്റെ ഉത്തരവാദിത്വം നാലു പേരും തുല്യമായി ഏറ്റെടുത്ത്, സമിതി പിരിച്ചു വിട്ടു. അപ്പേഴേക്കും എനിക്കു സീരിയലിൽ അവസരങ്ങൾ കിട്ടിത്തുടങ്ങിയിരുന്നു. സമിതി പിരിച്ചു വിട്ട ശേഷമാണ് ആശ്രിത നിയമന പ്രകാരം എനിക്കു സെക്രട്ടറിയേറ്റിൽ ജോലി കിട്ടിയത്. അപ്പോഴേക്കും അച്ഛൻ മരിച്ച് നാലു വർഷം കഴിഞ്ഞിരുന്നു. ഒരുപാട് കഷ്ടപ്പാടിന് ഇടയിൽ ലഭിച്ച ആശ്വാസമായിരുന്നു ആ ജോലി. അതുകൊണ്ടുതന്നെ അതു കൈവിടാൻ മനസ്സില്ല. അഭിനയവും ജോലിയും ബാലൻസ് ചെയ്തു കൊണ്ടുപോവുന്നു. സീരിയലിൽ എപ്പോഴാണ് ഗ്യാപ് വരികയെന്ന് ആർക്കു പറയാൻ പറ്റും. ചൂടുവെള്ളത്തിൽ വീണ പൂച്ചയാണ് ഞാൻ. പച്ചവെള്ളം കണ്ടാലും ‘പ്യാടിക്കും’. ഇപ്പോൾ ഞാൻ രജിസ്ട്രേഷൻ വകുപ്പിലാണ്. നാടകം കൊണ്ടുള്ള ആകെ ലാഭം പേരിനൊപ്പമുള്ള ‘സൂര്യ’ ആണ്. അനൗൺസ് ചെയ്യമ്പോൾ പഞ്ചിനു വേണ്ടി സാജൻ സി. നായർ മാറ്റി സാജൻ സൂര്യ ആക്കുകയായിരുന്നു. സൂര്യകല എന്നാണ് അമ്മയുടെ പേര്. അതിലെ സൂര്യ ഞാൻ കടം കൊള്ളുകയായിരുന്നു.

sajan-surya-2

തലവര മാറ്റിയ സീരിയൽ

1999 അവസാനമായിരുന്നു സീരിയലിൽ തുടക്കം. ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത ‘അശ്വതി’യാണ് ശ്രദ്ധേയമായ ആദ്യ സീരിയൽ. ഒരു സുഹൃത്ത് വഴി വളരെ യാദൃശ്ചികമായാണ് സീരിയലില്‍ അവസരം ലഭിച്ചത്. സ്ത്രീജന്മം, ഡയാന, ഡിക്ടക്ടീവ് ആനന്ദ് തുടങ്ങി വി ട്രാക്സിന്റെ സീരിയലുകളിലൂടെയാണ് ഈ മേഖലയിൽ എനിക്കൊരു ബ്രേക്ക് കിട്ടിയത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അപ്പോഴേക്കും നാടക സമിതി പൂട്ടി.

ഭാര്യ വിനീതയാണ് വലിയ പിന്തുണ. മക്കൾ മാളവിക, മീനാക്ഷി.