Monday 10 May 2021 12:25 PM IST

‘അമ്മാ, എനിക്കെന്തെങ്കിലും കുഴപ്പം പറ്റുമോ’ ? അതു കേട്ട് ഞങ്ങൾ തകർന്നു പോയി! ഹൃദയം മുറിഞ്ഞ ആ ദിനരാത്രങ്ങളെക്കുറിച്ച് സാജന്‍ സൂര്യ

V.G. Nakul

Sub- Editor

sajan-surya-1

വിധി തന്നെ വീണ്ടും പരീക്ഷിക്കുകയാണോ എന്നു നടൻ സാജൻ സൂര്യ ഭയത്തോടെ ചിന്തിച്ച ദിനരാത്രങ്ങൾ... നിരവധി പ്രതിസന്ധികൾ കടന്നു വന്ന ജീവിതമാണ്. ഒരിക്കൽ കൂടി അത്തരമൊരു ആശങ്ക തനിക്കു മുന്നിൽ നിവർന്നു നിന്നപ്പോൾ സാജൻ പതറി. എങ്കിലും തോറ്റു കൊടുക്കാന്‍‌ തയാറല്ലാത്ത ആ മനസ്സ് വീണ്ടും വീണ്ടും ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു – ‘എന്റെ മോളെ എനിക്കു വേണം, പൂർണ ആരോഗ്യത്തോടെ...നിറചിരിയോടെ...’! ആ പ്രാർഥന ഫലം കണ്ടു. മീനാക്ഷിക്കുട്ടി വീണ്ടും ആരോഗ്യപൂർണമായ ദിനങ്ങളിലേക്കു തിരികെയെത്തിയിരിക്കുന്നു: കടന്നു പോയതൊക്കെ ഒരു പേക്കിനാവു പോലെ പിന്നിലുപേക്ഷിച്ച്...

കഴിഞ്ഞ ദിവസമാണ് സാജന്‍ സൂര്യ തന്റെ ഇളയ മകള്‍ മീനാക്ഷി.എസ്.നായരുടെ കോവി‍ഡ് അനന്തര ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ആശുപത്രിവാസത്തെക്കുറിച്ചും ഫെയ്സ്ബുക്കിൽ കുറിച്ചത്.

രണ്ടാം തരംഗത്തിൽ കോവിഡ് അതി രൂക്ഷമായി പടര്‍ന്നു പിടിക്കുമ്പോൾ ഇപ്പോഴും രോഗത്തെ നിസാരമായി പരിഗണിക്കുന്നവർക്ക് മുന്നറിയിപ്പു നൽകുന്നതായിരുന്നു സാജന്റെ കുറിപ്പ്. കാര്യമായി ശ്രദ്ധിച്ചിട്ടും കോവി‍ഡ് തന്റെ ജീവിതത്തിൽ സൃഷ്ടിച്ച ആശങ്കൾ മുൻനിർത്തി, കോവിഡ് വന്ന് അങ്ങ് പൊയ്‌ക്കോളും എന്ന് ചിന്തിക്കുന്നവരുണ്ടെന്നും എന്നാല്‍ അതത്ര നിസാരമല്ലെന്നും ബോധ്യപ്പെടുത്തുകയായിരുന്നു താരം.

102 ഡിഗ്രിയിലേക്കു കടുത്ത ഒരു പനിയായിരുന്നു തുടക്കം. ആശുപത്രിയിലെത്തി പരിശോധിച്ചപ്പോൾ കോവിഡ് ഇല്ല എന്നു ഫലം വന്നു. പക്ഷേ, രക്തം പരിശോധിച്ചപ്പോൾ ചില കുഴപ്പങ്ങള്‍ കണ്ടു. മറ്റു ചില പരിശോധനകളിലും പ്രശ്നങ്ങളുണ്ടെന്ന് മനസ്സിലായി. കൂടിയ മരുന്നുകൾ നൽകിയിട്ടും പനി മാറിയില്ല. 3 പുതപ്പും മൂടിയിട്ടും കൈയും കാലും തിരുമ്മിക്കൊടുത്തിട്ടും തുണി വെള്ളത്തില്‍ മുക്കി ദേഹം മൊത്തം തുടച്ചിട്ടും 9 വയസ്സുകാരിയായ കുഞ്ഞ് കിടുകിടാ വിറയ്ക്കുകയായിരുന്നു. തുടർന്ന് ചെയ്ത ആന്റി ബോഡി ടെസ്റ്റിൽ സാജന്റെ ഭാര്യയ്ക്കും മോള്‍ക്കും കോവിഡ് വന്നു പോയി എന്നു വ്യക്തമായി. കോവിഡ് വന്നുപോയാലുള്ള പ്രശ്‌നങ്ങള്‍ ആ കുടുംബം പതിയെപ്പതിയെ മനസ്സിലാക്കിത്തുടങ്ങി. കുഞ്ഞിന്റെ ബ്രെയിൻ ഒഴിച്ച് എല്ലാ ആന്തരികാവയവങ്ങൾക്കും അണുബാധ വന്നു. കോവിഡ് വന്നുപോയാല്‍ കുഴപ്പമില്ലല്ലോ എന്ന വിശ്വാസം പെട്ടന്നുതന്നെ കണ്ണീരിലേക്കും ഭയത്തിലേക്കും വഴിമാറി. മോളെ Paeditaric ICU ലേക്ക് മാറ്റി. 3 ദിവസത്തെ ICU ജീവിതം. കുഞ്ഞിന്റെ കൈയിലെ ഇൻജക്ഷൻ നൽകിയതിന്റെ പാടുകളും അവളുടെ ക്ഷീണം നിറഞ്ഞ ശരീരവും സാജനെയും ഭാര്യയെയും തളര്‍ത്തി. ഡോക്ടർമാരുടെയും നേഴ്സുമാരുടെയും മറ്റ് ആശുപത്രി ജീവനക്കാരുടെയും പരിചരണവും സ്‌നേഹവും മാത്രമായിരുന്നു ആശ്വാസം. 3 ദിവസത്തെ ചികിത്സയ്ക്കൊടുവിൽ മീനൂട്ടി മിടുക്കിയായെങ്കിലും അവളുടെ മാനസിക നില അപ്പോഴും പരിതാപകരമായിരുന്നു. പതിയെപ്പതിയെ അവൾ അതിനെയും അതിജീവിച്ചു. 7 ദിവസം കഴിഞ്ഞ് ആശുപത്രി വിടുമ്പോൾ അവൾ സന്തോഷവതിയായിരുന്നു, പൂർണ ആരോഗ്യവതിയും...

ഇപ്പോഴും ആ ദിവസങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ, പറയുമ്പോൾ സാജന്റെ നെഞ്ചിലൊരു ഭയം കൊളുത്തി വലിക്കും. പതിയെപ്പതിയെ ആശ്വാസത്തിന്റെ നിശ്വാസമുയരും.

sajan-surya-2

‘‘ഫെയ്സ്ബുക്കിൽ ഞാൻ എഴുതിയ കുറിപ്പ് വന്ന ശേഷം ഒരുപാട് പേർ വിളിച്ചു. മോളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചാണ് എല്ലാവരും ചോദിക്കുന്നത്. 4 ദിവസം മുമ്പ് ലാസ്റ്റ് റിവ്യൂ ആയിരുന്നു. ഇപ്പോൾ പ്രശ്നമൊന്നുമില്ല. അവൾ പൂർണ ആരോഗ്യത്തോടെയിരിക്കുന്നു. മാനസികമായും സന്തോഷവതിയായി. ആശുപത്രിയിൽ നിന്നു പോന്നപ്പോൾ തന്നെ അത്തരം ആശങ്കകൾ ഒഴിഞ്ഞിരുന്നു’’. – സാജൻ ‘വനിത ഓൺലൈനോട്’ പറഞ്ഞു.

തകർന്നു പോയ നിമിഷം

ആദ്യത്തെ ദിവസങ്ങളിൽ ഇത്രയും ടെസ്റ്റും ഡ്രിപ്പും മരുന്നുമൊക്കെയായപ്പോൾ മാനസികമായി മോൾ ഡൗൺ ആയിരുന്നു. കിടുങ്ങലും വിറയലുമുള്ളപ്പോള്‍ വലിയ പ്രശ്നമായിരുന്നു. ഭയങ്കര വിറയലായിരുന്നു. കണ്ടു നിൽക്കാനാകില്ല. പേടിയാകും. മൂന്നു പുതപ്പും ഒരു കരിമ്പടവും പുതപ്പിച്ച്, ഭാര്യ അവളെ ചേർത്തു പിടിച്ച് കിടക്കും. എന്നിട്ട് ഞാന്‍ കാല് തിരുമ്മി ചൂടാക്കും. എല്ലാം കൂടിയായപ്പോള്‍ ഒടുവില്‍‌ മോളു ചേദിച്ചു, ‘അമ്മാ എനിക്കെന്തെങ്കിലും കുഴപ്പം പറ്റുമോ’ എന്ന്. അതു കേട്ടപ്പോൾ തകർന്നു പോയി. ഡോക്ടർമാരുടെയും നേഴ്സുമാരുടെയുമൊക്കെ പിന്തുണ മറക്കാനാകില്ല. അവർ കൂടെത്തന്നെയുണ്ടായിരുന്നു. ഐ.സി.യുവിലായിരുന്നപ്പോൾ പടം വരയ്ക്കാനുള്ളതൊക്കെ വാങ്ങിക്കൊടുത്ത് പരമാവധി മോളെ സന്തോഷിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ടായിരുന്നു. അതിലൊക്കെയാണ് അവൾ അതിജീവിച്ചു വന്നത്. വീട്ടിൽ വന്നപ്പോഴേക്കും ആൾ വളരെ സന്തോഷത്തിലായി. ഇപ്പോൾ 40 ദിവസം കഴിഞ്ഞു.

sajan-surya-3

തലച്ചോർ ഒഴികെ...

തലച്ചോർ ഒഴികെ ഹൃദയം, കരൾ, ശ്വാസകോശം തുടങ്ങി മോളുടെ മറ്റെല്ലാ ആന്തരികായവയങ്ങളെയെല്ലാം കോവിഡ് ബാധിച്ചിരുന്നു. ആശുപത്രിയിലെത്തുന്നതിന് ഒരു മാസം മുൻപാകാം മോൾക്ക് കോവിഡ് വന്നു പോയതെന്നാണ് ഡോക്ടർമാർ പറഞ്ഞത്. പക്ഷേ, കോവിഡിന്റെതായ ഒരു ലക്ഷണവും അവൾ കാണിച്ചിരുന്നില്ല. ഇളയ മോൾക്കും വൈഫിനും മാത്രമാണ് വന്നത്. അവരാണെങ്കില്‍ പുറത്തു പോയിട്ടുമില്ല. ഞാൻ വഴിയാകാം അവർക്ക് കിട്ടിയത്. എനിക്ക് ബാധിച്ചു കാണില്ല. പരമാവധി സൂക്ഷിച്ചാണ് ഞങ്ങള്‍ മുന്നോട്ടു പോയിരുന്നത്. ഒട്ടും അലംഭാവം കാണിച്ചിരുന്നില്ല. എന്നിട്ടും കോവിഡിൽ നിന്നു രക്ഷപ്പെടാനായില്ല. – സാജൻ പറയുന്നു