ADVERTISEMENT

ഒടുവിൽ വേദനകളില്ലാത്ത ലോകത്തേക്ക് ശരണ്യ പോയി. കാൻസർ ബാധിതയായി, ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളത്തിന്റെ പ്രിയനടി ശരണ്യ ശശി അൽപ്പം മുൻപാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിൽ മരണപ്പെട്ടത്.

തന്നെ വിഴുങ്ങിയ കാൻസറിനെ തോൽപ്പിച്ച്, ജീവിതത്തിലേക്കു മടങ്ങി വരുമെന്ന് ശരണ്യ അവസാന നിമിഷം വരെയും പ്രതീക്ഷിച്ചിരുന്നു. വർഷങ്ങൾ നീണ്ട ചികിത്സയ്ക്കും, പോരാട്ടത്തിനുമിടയിലും അഭിനയ രംഗത്തേക്ക് മടങ്ങി വരണമെന്നും ജീവിതത്തെ തിരിച്ചു പിടിക്കണമെന്നും ശരണ്യ കൊതിച്ചു. എന്നാൽ മരണം ആ മോഹങ്ങൾക്കു മേല്‍ അവസാന വിധി നടപ്പാക്കിയതിന്റെ ഞെട്ടലിലും വേദനയിലാണ് പ്രിയപ്പെട്ടവർ.

ADVERTISEMENT

‘‘ശരണ്യയുടെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനാണ് ഞങ്ങൾ അവസാനം കണ്ടത്. അന്നും എന്നോട് പറഞ്ഞത് ‘ചേട്ടാ, നമുക്കിനിയും ഒന്നിച്ചഭിനയിക്കണം’ എന്നാണ്. അത്രത്തോളം ജീവിതത്തെ സ്നേഹിച്ചയാളാണ് ശരണ്യ. വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ നായികാനായകൻമാരായി ഒരു സീരിയലിൽ അഭിനയിച്ചിരുന്നു. അക്കാലം മുതലേയുള്ള പരിചയവും സൗഹൃദവുമാണ്’’.– വനിത ഓൺലൈനോട് സംസാരിക്കുമ്പോൾ നടൻ സാജൻ സൂര്യയുടെ വാക്കുകളിൽ വേദന തിങ്ങി.

‘‘ഒരുപാട് പ്രയാസപ്പെട്ട കുട്ടിയാണ് അവൾ. രോഗം അവളെ ഒത്തിരി വേദനിപ്പിച്ചു. അപ്പോഴൊക്കെയും ജീവിതത്തിലേക്കു തിരിച്ചു വരണമെന്ന് അവൾ അതിഭയങ്കരമായി ആഗ്രഹിച്ചു. ഞങ്ങളെല്ലാവരും അതാണ് പ്രാർഥിച്ചത്. പക്ഷേ...’’.– സാജന്റെ വാക്കുകള്‍ പാതിയിൽ മുറിഞ്ഞു.

ADVERTISEMENT

‘‘സീമച്ചേച്ചിയും ശരണ്യയുടെ അമ്മയുമൊക്കെ ഈ വേദന എങ്ങനെ താങ്ങുമെന്ന് എനിക്കറിയില്ല. സീമ.ജി.നായരുടെ പിന്തുണ ശരണ്യയ്ക്ക് നൽകിയ ആശ്വാസം ചെറുതല്ല’’.– സാജന്‍ പറയുന്നു.

ADVERTISEMENT
ADVERTISEMENT