Tuesday 13 July 2021 11:15 AM IST

‘ആദ്യ സിനിമയുടെ റിലീസിനു തലേന്ന് ആദ്യ കുഞ്ഞിനെ നഷ്ടപ്പെട്ടു, രണ്ടാമതും അബോർഷനായി’! 16 വർഷത്തെ കാത്തിരിപ്പ്: ഇരട്ട സന്തോഷത്തിൽ സജി

V.G. Nakul

Sub- Editor

saji-surendran-1

സംഗീതയെ പ്രസവത്തിനായി മുറിയിലേക്ക് കയറ്റിയിരിക്കുന്നു. കോവിഡ് കാലമായതിനാൽ ഒട്ടൊക്കെ വിജനമായ ആശുപത്രി. മുറിയുടെ വരാന്തയിൽ സജി സുരേന്ദ്രനും സംഗീതയുടെ അമ്മയും മാത്രം. ടെൻഷന്‍ കയറി അങ്ങിങ്ങു നടക്കുകയാണ് സജി. താനൊരുക്കിയ സിനിമകളിലും സീരിയലുകളിലും ഇങ്ങനെയൊരു രംഗമുണ്ടാക്കിയാൽ ഇത്ര നന്നാകില്ലെന്നു സജിക്കു തോന്നി. 16 വർഷത്തെ കാത്തിപ്പാണ്. ഇരട്ടക്കുട്ടികളാണ് വരുന്നത്. പലതവണ വിധി തട്ടിമാറ്റിയ സന്തോഷം ജീവിതത്തിലേക്കു പടരാൻ മണിക്കൂറികൾ മാത്രം. ടെൻഷൻ സഹിക്കാനാകാതെ സജി പ്രിയ സുഹൃത്ത് അനൂപ് മേനോനെ വിളിച്ചു സംസാരിച്ചു. അപ്പോഴേക്കും സംഗീത രണ്ട് ആൺകുട്ടികൾക്ക് ജൻമം നൽകിയിരുന്നു. മുറിയിൽ കയറി അവരെ കാണുമ്പോള്‍ സജിയുടെ കണ്ണുകൾ നനഞ്ഞൊഴുകി. നീണ്ട കാത്തിരിപ്പിനൊടുവിൽ അച്ഛനായതിന്റെ ആനന്ദം അദ്ദേഹത്തെ വരിഞ്ഞു മുറുക്കുകയായിരുന്നു അപ്പോൾ.

കഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ പ്രിയസംവിധായകൻ സജി സുരേന്ദ്രനും ഭാര്യ സംഗീതയ്ക്കും ആദ്യത്തെ കൺമണികളായി രണ്ട് ആൺകുട്ടികൾ ജനിച്ചത്. തങ്ങളുടെ വിവാഹം കഴിഞ്ഞ് 16 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവരെ തേടി ഈ സന്തോഷം എത്തിയിരിക്കുന്നത്.

‘‘എല്ലാവരുടെയും ജീവിതത്തിന്റെ പൂർണത തങ്ങൾക്ക് അടുത്ത ഒരു തലമുറ ഉണ്ടാകുന്നതോടെയാണ്. കഴിഞ്ഞ 16 വർഷവും എന്നെക്കാളേറെ ഒരു കുഞ്ഞിനു വേണ്ടി അമ്പലങ്ങളും പള്ളികളും വഴിപാടുകളുമൊക്കെയായി ജീവിച്ചത് സംഗീതയാണ്.

ഞങ്ങളുടെ വിവാഹം 2005 ൽ ആയിരുന്നു. 2009 ൽ ആണ് സംഗീത ആദ്യം ഗർഭിണിയായത്. എന്നാൽ എന്റെ ആദ്യ സിനിമ ‘ഇവർ വിവാഹിതരായാൽ’ റിലീസാകുന്നതിന്റെ തലേ ദിവസം, ഒന്നര മാസത്തിൽ അത് അബോർട്ടായി. പിന്നീട് ‘ഫോർ ഫ്രണ്ട്സ്’ ഷൂട്ടു ചെയ്യുമ്പോൾ സംഗീത വീണ്ടും ഗർഭിണിയായെങ്കിലും രണ്ടാം മാസത്തിൽ അതും നഷ്ടപ്പെട്ടു. അതിനു ശേഷം പ്രാർഥനകളും ചികിത്സകളുമൊക്കെയായി ദീർഘ കാലം. കാണാത്ത ഡോക്ടേഴ്സില്ല. പോകാത്ത അമ്പലങ്ങളില്ല. ഒടുവിൽ ട്രീറ്റ്മെന്റും പ്രാർഥനകളും ഫലിച്ചു. ഇപ്പോൾ മൂന്നാമത്തെ അവസരത്തിൽ ഞങ്ങൾക്ക് ദൈവം രണ്ട് ആൺമക്കളെ തന്നിരിക്കുന്നു. ഒത്തിരിയൊത്തിരി സന്തോഷം. ഈശ്വരനും ഞങ്ങൾക്കൊപ്പം നിന്ന ഡോക്ടർമാർക്കും നന്ദി’’. – സന്തോഷം നിറയുന്ന നിമിഷങ്ങളെക്കുറിച്ച് സജി ‘വനിത ഓൺലൈനോട്’ പറയുന്നു.

saji-surendran-2

ആ നിമിഷങ്ങൾ

സംഗീതയ്ക്ക് ഡേറ്റ് പറഞ്ഞതിന് ഒരാഴ്ച മുമ്പായിരുന്നു ഡെലിവറി. ലേബർ റൂമിന്റെ മുമ്പിൽ ഞാനും ഭാര്യയുടെ അമ്മയും മാത്രം. ഞാനാകെ ടെൻഷനിലായിരുന്നു. ഇരിക്കുന്നു, നടക്കുന്നു, വെള്ളം കുടിക്കുന്നു... ആകെ വെപ്രാളം. വൈഫിന്റെ അമ്മ കൂളായിരുന്നു. വൈഫിന്റെ അനിയത്തിക്കു മൂന്നു ആൺമക്കളാണ്. ഇതൊക്കെയെത്ര കണ്ടതാ എന്ന ഭാവമാണ് അമ്മയ്ക്ക്. ഞാനുടൻ അനൂപ് മേനോനെ വിളിച്ചു. അതു കഴിഞ്ഞ് അരമണിക്കൂറിനുള്ളിൽ സംഗീത പ്രസവിച്ചു. ഞാൻ കുഞ്ഞുങ്ങളെ കണ്ട് ഇറങ്ങിയപ്പോൾ അനൂപ് ആശുപത്രിയിലെത്തി. കണ്ടതും അവനെന്നെ കെട്ടിപ്പിടിച്ചു. ആ നിമിഷം മറക്കാനാകില്ല. അപ്പോഴേക്കും പ്രിയപ്പെട്ടവരൊക്കെ വിളിച്ചു തുടങ്ങി. കാവ്യ മാധവൻ, ജയസൂര്യ, ഇന്ദ്രജിത്ത്, ജോണി ആന്റണിച്ചേട്ടൻ, ശ്യാംധർ, ബി.ഉണ്ണികൃഷ്ണൻ ചേട്ടൻ, മമ്മാസ്, ഭാവന, ഉർവശിച്ചേച്ചി, എന്റെ കൂടെപ്പഠിച്ചവർ സുഹൃത്തുക്കളൊക്കെ വിളിച്ചു. എത്രത്തോളം ഇവരൊക്കെ ഞങ്ങളുടെ സന്തോഷത്തിനായി കാത്തിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്.

പ്രതീക്ഷ വെടിയരുത്

ഞങ്ങളെപ്പോലെ കുഞ്ഞുങ്ങളെ കാത്തിരിക്കുന്നവരോട് പറയാനുള്ളത് ഒരിക്കലും നിരാശരാകരുതെന്നാണ്. എത്ര വർഷമായാലും പ്രതീക്ഷയോടെ മുന്നോട്ടു പോകുക. സന്തോഷം തേടിവരും. ‘‘ഒന്നുമില്ല സംഗൂ...നമുക്ക് പൊന്നോമനകള്‍ വരും’’ എന്ന് ഞാനെപ്പോഴും അവള്‍ക്ക് ഊർജം കൊടുത്തു കൊണ്ടേയിരുന്നു.

എന്റെയും സംഗീതയുടെയും കുടുംബങ്ങൾ നൽകിയ പിന്തുണ വളരെ വലുതായിരുന്നു. ഇത്ര കാലത്തിനിടെ ഇതിന്റെ പേരിൽ ഒരിക്കൽ പോലും ഞങ്ങളോടൊന്നും ചോദിച്ച് വിഷമിപ്പിച്ചിട്ടില്ല. ഞങ്ങളെ മനസ്സിലാക്കി ഞങ്ങൾക്കൊപ്പം നിന്നതവരാണ്. ഇപ്പോൾ ഈശ്വരന്‍ സന്തോഷത്തിന്റെ വലിയ ലോകത്താണ് ഞങ്ങളെ എത്തിച്ചിരിക്കുന്നത്.