Tuesday 15 September 2020 09:18 AM IST : By സ്വന്തം ലേഖകൻ

‘ഈ സദാചാര ആങ്ങളമാർ ഏറ്റവും വലിയ ഞരമ്പുരോഗികളായിരിക്കും, മനസ്സിലുള്ള വിഷം പുറത്തെടുത്താൽ കാളകൂടം തോറ്റുപോകും’! കുറിപ്പ്

anaswara

വസ്ത്രധാരണത്തിന്റെ പേരിൽ കടുത്ത സൈബർ ആക്രമണം നേരിട്ട യുവനടി അനശ്വര രാജനെ പിന്തുണച്ച് സന്ദീപ് ദാസ് ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് വൈറൽ. എന്തുകൊണ്ടാണ് സ്ത്രീകൾക്ക് മാത്രം ഉപദേശങ്ങൾ ലഭിക്കുന്നത് എന്നാണ് കുറിപ്പിലൂടെ സന്ദീപ് ചോദിക്കുന്നത്.

സന്ദീപ് ദാസിന്റെ കുറിപ്പ് വായിക്കാം –

എന്തുകൊണ്ടാണ് സ്ത്രീകൾക്ക് മാത്രം ഉപദേശങ്ങൾ ലഭിക്കുന്നത്?

യുവനടിയായ അനശ്വര രാജൻ സ്വന്തം ഇഷ്ടപ്രകാരം വസ്ത്രം ധരിച്ചപ്പോൾ കുറേപ്പേരുടെ വികാരം വ്രണപ്പെട്ടു. ഷോർട്സ് ഇടുമ്പോൾ നാണം തോന്നുന്നില്ലേ എന്ന് ചോദിച്ചു. ''അനശ്വരയിൽനിന്ന് ഇത് പ്രതീക്ഷിച്ചില്ല'' എന്ന് വിലപിച്ചു.

ഒരു റേപ്പ് നടന്നാലും ഇരയായ പെൺകുട്ടി ധരിച്ചിരുന്ന വസ്ത്രത്തിന്റെ അളവെടുക്കുന്നത് കാണാം. കുറ്റകൃത്യം നടന്നത് രാത്രിയിലാണെങ്കിൽ അവൾ ആ സമയത്ത് എന്തിന് പുറത്തിറങ്ങി നടന്നു എന്നാവും അടുത്ത ചോദ്യം. വാദി പ്രതിയാകുന്ന അവസ്ഥ.

സ്ത്രീകൾ ഹെവി ആയ വാഹനങ്ങൾ ഒാടിക്കുന്നത് കണ്ടാൽ ചിലർക്ക് സഹിക്കില്ല. മോൾക്ക് സ്കൂട്ടി ഒാടിച്ചാൽ പോരേ എന്ന് 'നിഷ്കളങ്കമായി' ചോദിക്കും!

ഏതാനും ദിവസങ്ങൾക്കുമുമ്പ് ഒരു പെൺകുട്ടിയുടെ ആത്മഹത്യ കേരളക്കരയെ മൊത്തം വേദനിപ്പിച്ചിരുന്നു. ആഗ്രഹിച്ച പങ്കാളിയെ ലഭിക്കാത്തതിന്റെ പേരിലാണ് അവർ ജീവനൊടുക്കിയത്. അപ്പോഴും ഉപദേശങ്ങൾ കിട്ടിയത് സ്ത്രീകൾക്കായിരുന്നു. പുരുഷൻമാർ നന്നാവണം എന്ന് ആരും പറഞ്ഞുകണ്ടില്ല.

ഈ സമൂഹത്തിന് സ്ത്രീകളെ ഭയമാണ്. പെൺവർഗത്തെ നൂറ്റാണ്ടുകളോളം ചൂഷണം ചെയ്തതാണ്. കാര്യങ്ങൾ അതേപടി തുടരണമെന്ന് പലർക്കും ആഗ്രഹമുണ്ട്. അവരാണ് സദാചാര സഹോദരന്റെ വേഷംകെട്ടി വരുന്നത്.

എന്നാൽ ഇപ്പോഴത്തെ സ്ത്രീകൾ അതിന് നിന്നുകൊടുക്കുന്നില്ല. അവർ സ്വന്തം അവകാശങ്ങളെക്കുറിച്ച് ബോധവതികളാണ്. സ്ത്രീയ്ക്കും പുരുഷനും ട്രാൻസ്ജെന്ററിനും ഒരേ സ്ഥാനമാണ്. സ്ത്രീകൾ അക്കാര്യം മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. സ്വന്തം കരുത്ത് തിരിച്ചറിഞ്ഞ ഒരു സ്ത്രീയോട് പുരുഷാധിപത്യത്തിന്റെ ഹുങ്ക് ഇറക്കിയാൽ വിവരമറിയും.

അപ്പോൾ ഒരു ചോദ്യം വരും. സ്വന്തം കരുത്ത് തിരിച്ചറിഞ്ഞ സ്ത്രീ ആരാണ്?

അനശ്വര രാജനെ ആ ശ്രേണിയിൽ ധൈര്യമായി ഉൾപ്പെടുത്താം. സദാചാരം പുലമ്പിയവരോട് അനശ്വര ഇത്രയേ പറഞ്ഞുള്ളൂ-

''ഞാൻ എന്തു ചെയ്യുന്നുവെന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ടതില്ല. എന്റെ ചെയ്തികൾ നിങ്ങളെ അസ്വസ്ഥരാക്കുന്നതെന്തിന് എന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെട്ടോളൂ...! ''

രണ്ടേ രണ്ടു വരിയേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ എല്ലാ സദാചാരസംരക്ഷകർക്കും വയറുനിറഞ്ഞു.

മനുഷ്യർ പല തരത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിക്കും. നിങ്ങളുടെ ഡ്രെസ് നിങ്ങൾക്ക് തീരുമാനിക്കാം. മറ്റുള്ളവർ എന്തു ധരിക്കണം എന്ന കാര്യം അവർക്ക് വിട്ടുകൊടുക്കുക. മറ്റൊരാളുടെ വസ്ത്രം നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടെങ്കിൽ വഴിമാറി നടക്കുക. അല്ലാതെ ധരിക്കേണ്ട വസ്ത്രങ്ങളെക്കുറിച്ച് ട്യൂഷനെടുക്കാൻ ശ്രമിക്കരുത്.

ഷോർട്സ് ധരിച്ചതിന്റെ പേരിൽ തെറികേട്ട അനശ്വരയെ പട്ടുപാവാടയിലും കണ്ടിട്ടുണ്ട്. നാളെ അവർ ജീൻസിട്ടേക്കാം. അതിനുശേഷം ചുരിദാർ ഉപയോഗിച്ചേക്കാം. അതൊക്കെ ഒാരോരുത്തരുടെ ഇഷ്ടവും സൗകര്യവും അനുസരിച്ച് നടക്കും. എന്തിനാണ് ഇത്ര ചൊറിച്ചിൽ?

ഈ സദാചാര ആങ്ങളമാർ ഏറ്റവും വലിയ ഞരമ്പുരോഗികളായിരിക്കും. മനസ്സിലുള്ള വിഷം പുറത്തെടുത്താൽ കാളകൂടം തോറ്റുപോകും. അതിനെ മറച്ചുപിടിക്കാനാണ് മാന്യതയുടെ മുഖംമൂടി ധരിച്ച് ഇറങ്ങുന്നത്. പക്ഷേ ആ മാന്യത ഒന്നാന്തരം കോമഡി ആവുന്നുണ്ട്.

നിന്റെ വീട്ടിലെ സ്ത്രീകൾ ഇതുപോലുള്ള വസ്ത്രം ധരിച്ചാൽ നീ അവരെ സപ്പോർട്ട് ചെയ്യുമോ എന്ന 'ബുദ്ധിപരമായ' ചോദ്യം ഈ പോസ്റ്റിനുകീഴിൽ പ്രതീക്ഷിക്കുന്നു. അതിന്റെ മറുപടി ഇത്രയേ ഉള്ളൂ-

എന്റെ വീട്ടിലെ സ്ത്രീകൾ എന്തു ധരിക്കുന്നു എന്ന് നോക്കി നടക്കലല്ല എന്റെ പണി. അവർ സ്വതന്ത്ര വ്യക്തികളാണ്. അവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ എനിക്കൊരു റോളുമില്ല. ഈ സിമ്പിൾ കാര്യം മനസ്സിലാക്കാൻ പറ്റാത്ത നീയൊക്കെ സദാചാരമണ്ടത്തരം വിളമ്പുന്നതിൽ അത്ഭുതമേയില്ല...!

Written by-Sandeep Das