Saturday 17 July 2021 11:31 AM IST

ആദ്യ വിഡിയോ ചെയ്യുമ്പോള്‍ ലക്ഷ്മി 4 മാസം ഗര്‍ഭിണി, ഇപ്പോള്‍ 70 ശതമാനം ആശയവും അവളുടെ വക: ‘എന്തുവാ ഇത്...’ എന്ന് സഞ്ജുവും ലക്ഷ്മിയും പറയുന്നു

V.G. Nakul

Sub- Editor

sanju-lakshmi-1

‘എന്തുവാ ഇത്...’

ഈ ഒരൊറ്റ ഡയലോഗ് മതി സോഷ്യൽ മീഡിയ സഞ്ജുവിനെയും ലക്ഷ്മിയെയും ഓർക്കാൻ. അത്രയധികം ആരാധക പിന്തുണ ടിക്ക് ടോക്കിലെയും യൂ ട്യൂബിലെയും രസികൻ വിഡിയോകളിലൂടെ ഈ യുവ ദമ്പതികൾ സ്വന്തമാക്കിയിരിക്കുന്നു. ‘എന്തുവാ ഇത്...’ എന്ന ലക്ഷ്മിയുടെ ഡയലോഗും സഞ്ജുവിന്റെ കൊല്ലം സ്റ്റൈലിലുള്ള സംസാര രീതിയും ചിരി നിറയ്ക്കുന്ന ആശയങ്ങളുടെ മനോഹരമായ അവതരണവുമൊക്കെയായി ഇരുവരും കളം നിറയുകയാണ്. ‘സഞ്ജു ആൻഡ് ലക്ഷ്മി’ എന്ന യുട്യൂബ് ചാനലിന് ഇതിനോടകം 6 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സും ഫെയ്സ്‌ബുക്കിൽ 9 ലക്ഷത്തിലധികം ഫോളോവേഴ്സുമുണ്ട്.

‘‘പലരും ചോദിക്കും ഞങ്ങള്‍ പ്രണയിച്ച് കല്യാണം കഴിച്ചതാണോയെന്ന്. അല്ല. പക്കാ അറേഞ്ച്ഡ് മാര്യേജ്. അപ്പോഴാണ് അടുത്ത സംശയം വരുക: ഇത്ര കൃത്യമായി ചേരുന്ന ഒരാളെ എങ്ങനെ കണ്ടെത്തിയെന്ന്...’’.– സഞ്ജു ചിരിയോടെ ‘വനിത ഓൺലൈനോടു’ പറഞ്ഞു തുടങ്ങി; ‘ട്രെൻഡിങ്ങിൽ നമ്പർ വണ്ണായ’ദാമ്പത്യത്തിന്റെ ചിരിക്കഥകൾ.

‘‘എന്റെ നാട് പട്ടാഴി ചെളിക്കുഴിയാണ്. ലക്ഷ്മിയുടെ നാട് പന്തളവും. ഞാൻ ജീവിതത്തിൽ ലക്ഷ്മിയെ മാത്രമേ പെണ്ണ് കാണാന്‍ പോയിട്ടുള്ളൂ. അതങ്ങുറപ്പിച്ചു. നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തിനു ശേഷമായിരുന്നു വിവാഹം. ഇപ്പോൾ നാല് വർഷമായി. മോൾ ശ്രഷ്ടയ്ക്ക് രണ്ടര വയസ്സ്’’. – സഞ്ജു പറയുന്നു.

ചിരിയുടെ പിഡബ്ല്യുഡി കോൺട്രാക്ടർ

എന്റെ അച്ഛൻ പിഡബ്ല്യുഡി കോൺട്രാക്ടറാണ്. ഞാനും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് കഴിഞ്ഞ് അച്ഛനോടൊപ്പം ചേർന്നു. ഇപ്പോൾ എനിക്കും പിഡബ്ല്യുഡി കോൺട്രാക്ടർ ലൈസൻസുണ്ട്. ഞങ്ങള്‍ ഒന്നിച്ച് വർക്കുകൾ എടുത്തു ചെയ്യുകയാണ്.

sanju-lakshmi-2

സിനിമ കുട്ടിക്കാലം മുതലേയുള്ള എന്റെ സ്വപ്നമാണ്. അവസരം തേടി കുറേ നടന്നു. അഭിനയമാണ് താൽപര്യമെങ്കിലും അതിനൊപ്പം ചെറിയ തോതിൽ തിരക്കഥയെഴുത്തുമുണ്ടായിരുന്നു.

ഫുൾ സപ്പോർട്ട്

കല്യാണം കഴിഞ്ഞ സമയത്ത് എന്റെ അഭിനയ മോഹത്തെക്കുറിച്ച് ഞാൻ ലക്ഷ്മിയോട് പറഞ്ഞു. ‘‘ഞാൻ ഫുൾ സപ്പോർട്ടാണ് ഒന്നിനും പേടിക്കേണ്ട’’ എന്നായിരുന്നു അവളുടെ മറുപടി.

ആദ്യത്തെ ലോക്ക് ഡൗൺ കാലത്താണ് ഞങ്ങൾ ടിക്ക് ടോക്ക് ചെയ്യാൻ തുടങ്ങിയത്. അവൾക്കാദ്യം അഭിനയിക്കാൻ താൽപര്യമില്ലായിരുന്നു. അധ്യാപികയാകുകയായിരുന്നു ലക്ഷ്യം. ഇഗ്ലീഷ് പി.ജി കഴിഞ്ഞയാളാണ്. എന്റെ ആഗ്രഹത്തിന് അവളും ഒപ്പം നിൽക്കുകായിരുന്നു. വിഡിയോസ് ചെയ്തു തുടങ്ങുമ്പോൾ ലക്ഷ്മി 4 മാസം ഗർഭിണിയായിരുന്നു.

തുടക്കം

ഞാനും ലക്ഷ്മിയും അമ്മയും കൂടിയുള്ള, അമ്മ എനിക്ക് ചോറു വാരിത്തരുന്ന ഒരു വിഡിയോയാണ് ആദ്യം ഹിറ്റായത്. അത് വൈറലായതോടെ ആവേശമായി. കൂടുതൽ വിഡിയോകൾ ചെയ്തു. നല്ല റീച്ച് കിട്ടിത്തുടങ്ങിയപ്പോഴാണ് ടിക്ക് ടോക്ക് നിരോധിച്ചത്. അതോടെ വലിയ വിഷമമായി. അപ്പോൾ ‘അനുരാജ് ആൻഡ് പ്രീണ’യിലെ അനുരാജേട്ടൻ സമാധാനിപ്പിച്ചു. യൂ ട്യൂബിലും ഫെയ്സ്ബുക്കിലും ശ്രമിക്കാൻ പറഞ്ഞു. അങ്ങനെയാണ് യൂ ട്യൂബ് ചാനലും ഫെയ്സ്ബുക്ക് പേജും തുടങ്ങിയത്. വിഡിയോകളൊക്കെ അതിൽ ഇട്ടതോടെ എല്ലാം തകർപ്പൻ ഹിറ്റായി. ഷെയറും റീച്ചും കൂടി. ഇപ്പോൾ യൂ ട്യൂബിൽ 6 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഉണ്ട്.

റിഹേഴ്സലില്ലാതെ ഷൂട്ട്

ആദ്യ കാലത്തൊക്കെ ഞാനാണ് വിഡിയോയ്ക്ക് കണ്ടന്റുകൾ തയാറാക്കിയിരുന്നത്. ഇപ്പോള്‍ വരുന്നവയിൽ 70 ശതമാനവും ലക്ഷ്മിയുടെ ആശയങ്ങളാണ്. റിഹേഴ്സലില്ലാതെയാണ് ഷൂട്ട്. ഡയലോഗ് ഇംപ്രവൈസേഷനു വേണ്ടി ചിലതൊക്കെ റീ ഷൂട്ട് ചെയ്യാറുണ്ടെന്നു മാത്രം.

sanju-lakshmi-3

ആദ്യമൊക്കെ ലക്ഷ്മിയുെട പെർഫോമൻസ് കണ്ട് ഞാനും വീട്ടുകാരുമൊക്കെ ഞെട്ടി. ഇവളിത്ര പ്രതിഭയാണെന്ന് ഞാനുമറിഞ്ഞില്ല. അവളു കാരണമാണ് ഈ റീച്ച് കിട്ടിത്തുടങ്ങിയത്. ‘എന്തുവാ ഇത്’ ഡയലോഗൊക്കെ വലിയ ഹിറ്റായി. കമന്റുകളിൽ നിറയെ ഈ ഡയലോഗായിരുന്നു. ആദ്യം കരുതിയത് വിഡിയോ കണ്ട് ഇഷ്ടപ്പെടാതെ ‘എന്തുവാ ഇത്’ എന്ന് ചോദിക്കുന്നതാണെന്നാ. പിന്നീടാണ് ആളുകൾ ഈ ഡയലോഗ് ഇഷ്ടപ്പെട്ട് കമന്റിടുകയാണെന്ന് മനസ്സിലായത്. ഇതിനോടകം 70 വിഡിയോസ് ചെയ്തിട്ടുണ്ട്. സിനിമയിൽ ചില ഓഫറുകളുണ്ട്. പറയാറായിട്ടില്ല.

സഞ്ജുവിന്റെ സഹോദരി ഡോ.എം.മഞ്ജുവും അമ്മ പത്മിനിയുമെല്ലാം ഇവരുടെ വിഡിയോകളിലെ അഭിനേതാക്കളാണ്. ബി.മധുവാണ് സഞ്ജുവിന്റെ അച്ഛൻ. ശ്രീനാഥാണ് മഞ്ജുവിന്റെ ജീവിതപങ്കാളി. ഇവർക്ക് രണ്ട് മക്കൾ. വിജയൻ–പ്രസന്ന ദമ്പതികളുടെ മകളാണ് ലക്ഷ്മി. സഹോദരൻ – ആദർശ്.

‘‘ഞങ്ങളുടെ രണ്ടു പേരുടെ കുടുംബങ്ങളും വലിയ പിന്തുണയാണ്. അവരാണ് ഞങ്ങളുടെ കരുത്ത്’’. – സഞ്ജു പറഞ്ഞവസാനിപ്പിച്ചതിങ്ങനെ.