മലയാള സിനിമയിൽ നിന്ന് ശങ്കരാടി എന്ന നടൻ കടന്നു പോയിട്ട് രണ്ടു പതിറ്റാണ്ടിലേറെയായി. സിനിമ തിയറ്ററുകൾ വിട്ട് ഒടിടി പ്ലാറ്റ്ഫോമുകളിലും മൊബൈലിന്റെ ചെറുസ്ക്രീനിലും എത്തി നിൽക്കുമ്പോഴും ശങ്കരാടി എന്ന നടൻ ജനങ്ങൾക്കിടയിലുണ്ട്. മീമുകളുടേയും ട്രോളുകളുടേയും ലോകത്ത് അദ്ദേഹം ചെയ്തുവച്ച കഥാപാത്രങ്ങൾ ഇപ്പോഴും സൂപ്പർ സ്റ്റാറുകളാണ്. ‘സന്ദേശ’ത്തിലെ സഖാവ് കുമാരപിള്ളയും ‘ബോയിംഗ് ബോയിങ്ങി’ലെ പത്രാധിപർ എം. ടി. ദാമോദരൻ, ഗോളാന്തര വാർത്തയിലെ പഞ്ചായത്ത് പ്രസിഡന്റ് ഇവരെല്ലാം ഇപ്പോഴും ട്രോളുകളിലൂടെ നിത്യഹരിത കഥാപാത്രങ്ങളായി നിൽക്കുന്നു. ഈ കഥാപാത്രങ്ങവെ അനശ്വരമാക്കിയ ശങ്കരാടി എന്ന ചന്ദ്രശേഖരമേനോന്റ ജന്മശതാബ്ദി വര്ഷമാണിത്. 2001 ഒക്ടോബർ 9 ന് വിടവാങ്ങിയ ശങ്കരാടി നാലു പതിറ്റാണ്ടിലേറെ മലയാള സിനിമയിലെ കാരണവരായി നിറഞ്ഞു നിന്ന താരമാണ്. ശങ്കരാടിയുടെ ജന്മശദാബ്ദി വർഷമാണ് 2024...
ജീവിതത്തിലും കമ്യൂണിസ്റ്റ്
ചെറായിലെ മേമന കണക്കു വീട്ടിൽ ചെമ്പകരാമൻ പിള്ളയുടേയും തോപ്പിൽ പറമ്പിൽ ജാനകിയമ്മയുടെയും മകനായി 1924 ജൂലൈ 14ന് ചന്ദ്രശേഖരമേനോൻ ജനിച്ചു. സ്കൂൾ വിദ്യാഭ്യാസം ചെറായിലും തൃശൂർ കണ്ടശ്ശാം കടവിലുമായിരുന്നു. എറണാകുളം മഹാരാജാസിൽ നിന്ന് ഇന്റർ മിഡിയേറ്റ് പാസ്സായി ബറോഡയിൽ മറൈൻ എൻജിനിയറിങ്ങിനു ചേർന്ന ചന്ദ്രശേഖര മേനോൻ പഠിച്ചത് കടലിനെ കുറിച്ചായിരുന്നുല്,. കമ്യൂണിസത്തെപ്പറ്റിയായിരുന്നു. സജീവ പാർട്ടി പ്രവർത്തകനായി മാറി. പഠനത്തേക്കാൾ പാർട്ടി പ്രവർത്തനം മുന്നേറി. പാർട്ടി പ്രവർത്തനവുമായി ചന്ദ്രശേഖര മേനോൻ നാഗപ്പൂരെത്തി. ഒരു ബോംബ് കേസുമായി ബന്ധപ്പെട്ട് പോലിസ് അന്വേഷിക്കാൻ തുടങ്ങിയപ്പോൾ ബോംബക്ക് മുങ്ങി. അവിടെ അക്കാലത്ത് പ്രസിദ്ധികരിച്ചിരുന്ന ലിറ്റർലി റിവ്യൂ മാസികയിൽ പത്രപ്രവർത്തകനായി.
1952 ലെ പൊതു തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തിൽ നിന്ന് പുറത്ത് പോയി പ്രവർത്തിക്കുന്ന പാർട്ടി പ്രവർത്തകരോട് മടങ്ങിവരാൻ കമ്യൂണിസ്റ്റ് പാർട്ടി ആവശ്യപ്പെട്ടപ്പോൾ ചന്ദ്രശേഖര മോനോൻ എറണാകുളത്ത് തിരിച്ചെത്തി മുഴുവൻ സമയ പാർട്ടി പ്രവർത്തകനായി. പാർട്ടിയുടെ സാംസ്കാരിക പരിപാടികളോടായിരുന്നു അദ്ദേഹത്തിന് കൂടുതൽ ആഭിമുഖ്യം.

1950 കാലത്ത് സാമ്രാജ്യവിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായി കമ്യൂണിസ്റ്റ് പാർട്ടി പ്രചാരണത്തിന് വേണ്ടി തൃപ്പൂണിത്തുറയിലും പരിസര പ്രദേശങ്ങളിലും കലാസമിതികൾ രൂപികരിച്ച് അവതരിപ്പിച്ച നാടകങ്ങളിൽ, ശങ്കരാടി സംവിധാനം ചെയ്ത,കമ്യൂണിസ്റ്റ് നേതാവും പിന്നീട് മന്ത്രിയുമായ ടി.കെ. രാമകൃഷ്ണൻ രചിച്ച ‘ കല്ലിലെ തീപ്പൊരികൾ’ എന്ന നാടകം അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ശങ്കരാടിയെ കൂടാതെ , ഏരൂർ വാസുദേവ്, പത്രപ്രവർത്തകനായ നെൻ മേനി എന്നിവരാണ് ഇതിൽ അഭിനയിച്ചത്. പിന്നീട് പ്രസിദ്ധ ജോതിഷ പണ്ഡിതനായ മിത്രൻ നമ്പൂതിരിപ്പാടാണ് ഈ നാടകത്തിന് മൃദംഗം വായിച്ചത്. ഈ നാടകം ‘പിന്നീട് ഒരു നോവലായി പ്രസിദ്ധീകരിച്ചു. അക്കാലത്ത് ഇരുമ്പനം കടവിൽ തോണികൾ അടുപ്പിച്ചിട്ട് സ്റ്റേജ് ഉണ്ടാക്കി വരെ ശങ്കരാടി നാടകം അവതരിപ്പിച്ചിട്ടുണ്ട്. നാടകത്തിനു വേണ്ടി ‘ശങ്കരാടി’ എന്നു പേരുമാറ്റി, കൊച്ചിയിലെ ജനങ്ങളെ കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി അടുപ്പിച്ചതിൽ ശങ്കരാടിയും സംഘവും അവതരിപ്പിച്ച നാടകങ്ങൾക്ക് നല്ലൊരു പങ്കുണ്ടായിരുന്നു.
സിനിമയിലെ ശങ്കരാടി യുഗം

പി.ജെ. ആന്റണിയുടെ നാടകക്കളരിയിൽ നിന്ന് മലയാള സിനിമയുടെ ശൈശവദശയിത്തന്നെ ശങ്കരാടി സിനിമയുടെ ഭാഗമായി. 60കളിലേയും 70 കളിലേയും ബ്ലാക്ക് ആൻ്റ് വൈറ്റ് മലയാള സിനിമകൾ പലതും ജനമനസ്സുകളിലേക്ക് കടന്നു വരുന്നത് അതിലെ അനശ്വരമായ ഗാനങ്ങളിലൂടെയും ചില സഹനടന്മാരുടെ വ്യത്യസ്തമായ അഭിനയം കൊണ്ടുമാണ്. ശങ്കരാടിയായിരുന്നു അതിലൊരാൾ. വന്നതു നാടകത്തിൽ നിന്നാണെങ്കിലും അഭിനയത്തിലും ഡയലോഗിലും നാടകാംശമില്ലാതെ ശങ്കരാടി വേറിട്ടു നിന്നു.
നാല് പതിറ്റാണ്ട് മലയാള സിനിമയിൽ ഇടവേളകളില്ലാതെ തുടർച്ചയായി ശങ്കരാടി അഭിനയിച്ചു. 700 ഓളം ചിത്രങ്ങൾ. ആയിരത്തിലേറെ കഥാപാത്രങ്ങൾ. ഒരു കാലത്തും ശങ്കരാടി സിനിമയിൽ വേഷമില്ലാതെ വീട്ടിലിരുന്നില്ല. തന്റെ സമകാലീനരായ അടൂർ ഭാസിയും ബഹദൂറുമെല്ലാം മലയാള സിനിമകളിൽ നിന്ന് അപ്രത്യക്ഷമായപ്പോഴും ശങ്കരാടി സജീവമായി തന്നെ രംഗത്തു നിന്നു. ശങ്കരാടിക്ക് ആരോഗ്യമുള്ളടത്തോളം കാലം പകരം വെയ്ക്കാനില്ലാത്ത ആ നടനെ മലയാള സിനിമക്ക് എന്നും ആവശ്യമായിരുന്നു.

കുഞ്ചാക്കോയുടെ ‘കടലമ്മ’ എന്ന സിനിമയിലൂടെ അഭിനയും തുടങ്ങിയ ശങ്കരാടി കുഞ്ചാക്കോ ബോബന്റെ കൂടെവരെ അഭിനയിച്ചു... രോഗം ശരീരത്തെ കീഴടക്കുന്നതു വരെ അദ്ദേഹം സിനിമയില്‍ സജീവമായിരുന്നു. 1970, 71 വർഷങ്ങളിൽ മികച്ച സഹനടനുള്ള സംസ്ഥാന അവാർഡ് ലഭിച്ച ശങ്കരാടിക്ക് അതിനനു ശേഷം മികച്ച കഥാപാത്രങ്ങളുണ്ടായിരുന്നെങ്കിലും അംഗീകാരങ്ങൾ തേടിവന്നിരുന്നില്ല. ഔഗ്യോഗികമായ അംഗീകാരങ്ങളെക്കാൾ ഏറെ ആ അതുല്യ കലാകാരനു കാലം നൽകുന്ന അംഗീകാരമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇന്നും പോപ്പുപ്പലറായ ശങ്കരാടി കഥാപാത്രങ്ങൾ...