Saturday 24 April 2021 01:19 PM IST

‘അയ്യോ ചേട്ടാ, രൂപമൊക്കെ മാറിയല്ലോ’ സൂരജ് ഞെട്ടി! ‘കുരുക്ഷേത്ര’യുടെ നിർമാതാവ് ‘കൃഷ്ണൻകുട്ടി’യുടെ വില്ലനായ കഥ

V.G. Nakul

Sub- Editor

santhosh-damoder-1

വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി സൂരജ് ടോം സംവിധാനം ചെയ്ത ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’ ഒടിടി പ്ലാറ്റ് ഫോമിൽ വിജയ പ്രദർശനം തുടരുമ്പോൾ, ചിത്രത്തിലെ വില്ലനായ ലൂക്കായെ കുറിച്ച് ‘പുതിയ കക്ഷി കൊള്ളാം’ എന്നാണ് പ്രേക്ഷകരുടെ പൊതു അഭിപ്രായം. പക്ഷേ, ലൂക്കായെ അവതരിപ്പിച്ച ‘പുതുമുഖ നടൻ’ സിനിമയിൽ പുതിയ ആളല്ല. ദാമർ സിനിമയുടെ ബാനറിൽ ബിഗ് ബജറ്റുകൾ ഉൾപ്പെടെ 12 സിനിമകൾ നിർമിച്ച സന്തോഷ് ദാമോദരനാണ് അഭിനയത്തിലെ ഈ പുത്തൻ താരോദയം. കുരുക്ഷേത്ര, പകൽപ്പൂരം, വാൽക്കണ്ണാടി, ലങ്ക, ഇവർ, ചന്ദ്രോത്സവം തുടങ്ങിയ സിനിമകൾ സന്തോഷ് ദാമോദർ എന്ന നിർമാതാവാണ് മലയാളത്തിന് സമ്മാനിച്ചത്.

നടൻമാർ നിർമാതാക്കൾ കൂടിയാകുന്ന കാലത്ത്, അഭിനയ രംഗത്തേക്കു കൂടി കടക്കുന്ന നിർമാതാക്കളുടെ കൂട്ടത്തിലെ പുതിയ അംഗമാണ് സന്തോഷ് ദാമോദർ. പ്രൊഡ്യൂസർമാരൊക്കെ നടൻമാരായാൽ സിനിമ നിർമിക്കാൻ ആളില്ലാതാകുമോ എന്ന തമാശച്ചോദ്യത്തിന് നിറചിരിയോടെയാണ് സന്തോഷ് മറുപടി പറഞ്ഞു തുടങ്ങിയത്.

‘‘അങ്ങനെയുണ്ടാകില്ല. എന്നെ സംബന്ധിച്ച് നിർമാണമാണ് പാഷൻ; അഭിനയമല്ല. കഴിഞ്ഞ ഇരുപതു വർഷമായി ഞാൻ സിനിമാ നിർമാണ രംഗത്തുണ്ട്. ഇതുവരെ അഭിനയിക്കാനുള്ള ആഗ്രഹമോ താൽപര്യമോ ഉണ്ടായിട്ടില്ല. അതിനു വേണ്ടി ശ്രമിച്ചിട്ടുമില്ല. ഇപ്പോൾ, ഇങ്ങനെയൊരു അവസരവും ചെയ്യണം എന്ന സ്നേഹം നിറഞ്ഞ നിർബന്ധവും കൂടി വന്നപ്പോൾ ശ്രമിക്കുകയായിരുന്നു. സംവിധായകനും ക്യാമറാമാനും തിരക്കഥാകൃത്തുമൊക്കെ, അവര്‍ നോക്കിക്കോളാം ക്യാമറയ്ക്കു മുന്നിൽ വന്നാൽ മതി എന്നു പറഞ്ഞതിന്റെ ധൈര്യത്തില്‍ പോയി അഭിനയിച്ചു. എല്ലാവരും നന്നായി എന്നു പറയുന്നതില്‍ വലിയ സന്തോഷം. മാത്രമല്ല, ചെറിയ ഇടവേളയ്ക്കു ശേഷം ഞാന്‍ നിർമിച്ച ‘വൂൾഫ്’ എന്ന സിനിമയും ‘കൃഷ്ണൻ കുട്ടി പണി തുടങ്ങി’ യും ഒരേ സമയത്താണ് പ്രദർശനത്തിനെത്തിയത്. അതിന്റെ സന്തോഷവും വളരെ വലുതാണ്’’. – സന്തോഷ് ‘വനിത ഓൺലൈനോട്’ പറയുന്നു.

santhosh-damoder-3

ഇടവേള തീർന്നപ്പോൾ

ഇടയ്ക്ക് ബിസിനസ്സ് തിരക്കുകളുമായി ബന്ധപ്പെട്ട് എനിക്ക് സിനിമയില്‍ ഒരു ഇടവേളയുണ്ടായി. 2020 ജൂൺ–ജൂലൈയില്‍, ശ്രീനിവാസൻ എഴുതുന്നതും ജോഷി സംവിധാനം ചെയ്യുന്നതുമൊക്കെയായി ഒന്നു രണ്ടു പ്രൊജക്ടുകള്‍ ഞാൻ പ്ലാന്‍ ചെയ്തിരുന്നു. മടങ്ങിവരവ് ഒരു വലിയ സിനിമയിലൂടെയാകണം എന്നായിരുന്നു ആഗ്രഹം. എന്നാൽ അപ്പോഴേക്കും കോവിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങി. അങ്ങനെയിരിക്കെയാണ് ഇന്ദുഗോപന്റെ ഒരു കഥ എനിക്കു വരുന്നത്. നേരത്തെ അദ്ദേഹം എഴുതിയവയൊക്കെ ഞാൻ വായിച്ചിട്ടുണ്ട്. എനിക്കവ ഇഷ്‍ടമാണ്. സിനിമയ്ക്കു വേണ്ടി കക്ഷിയുടെ ചില കഥകൾക്കായി ഞാൻ മുന്‍പ് ശ്രമിച്ചിട്ടുമുണ്ട്. ‘വൂൾഫ്’ ന്റെ കഥ കേട്ടപ്പോൾ കോവിഡ് പരിമിതികൾക്കുള്ളില്‍ ചിത്രീകരിക്കാവുന്ന ഒരു സിനിമയാണെന്നു മനസ്സിലായി. അങ്ങനെയാണ് പെട്ടെന്ന് അതൊരു പ്രൊജക്ട് ആയത്. ബിസിനസ്സും നടന്നു. ചിത്രത്തിന് നല്ല അഭിപ്രായമാണ് ലഭിക്കുന്നത്.

ലുക്കിലാണ് കാര്യം

എന്റെ പുതിയ ലുക്കിനെ മേക്കോവർ എന്നു വിളിക്കാമോ എന്നറിയില്ല. മുൻപ് എനിക്കു നല്ല മുടിയുണ്ടായിരുന്നു. അതു പോയിത്തുടങ്ങിയപ്പോൾ ഇനി ഇങ്ങനെ മതി, വിഗ് വെക്കേണ്ട എന്നു തീരുമാനിച്ചു. നരച്ചു തുടങ്ങിയപ്പോൾ ഡൈ ചെയ്യേണ്ട എന്നും തീരുമാനിച്ചു. അതോടൊപ്പം താടിയും വളർത്തി. എല്ലാം കൂടി എനിക്കു ചേരുന്നു എന്നു ചിലർ പറഞ്ഞു.

santhosh-damider-2

ലുക്ക് മാറിയ ശേഷം പലയിടത്തും വച്ച് എന്നെ പരിചയമില്ലാത്ത പലരും ‘അഭിനയിക്കാൻ താൽപര്യമുണ്ടോ ? ’ എന്നു ചോദിക്കാൻ തുടങ്ങി. ഞാൻ ചിരിച്ച് കളയാറായിരുന്നു പതിവ്. ‘കൃഷ്ണൻ കുട്ടി പണി തുടങ്ങി’ യുടെ സംവിധായകന്‍ സൂരജ് എന്നെ പരിചയപ്പെടുന്നതും ഈ ലുക്കുമായി ബന്ധപ്പെട്ട രസകരമായ ഒരു സംഭവമാണ്.

ഒരു വർഷം മുമ്പ് ഞാൻ ദുബായിൽ നിന്നു കൊച്ചിയില്‍ വന്ന്, വീട്ടിലേക്കു പോകും വഴി ഒരു റെസ്റ്റൊറന്റിൽ ഭക്ഷണം കഴിക്കാൻ കയറി. അവിടെയപ്പോൾ സൂരജുമുണ്ടായിരുന്നു. എന്നെ കുറേനേരം ശ്രദ്ധിച്ച ശേഷം സൂരജ് വന്ന് പരിചയപ്പെട്ടു. അഭിനയിക്കാന്‍ താൽപര്യമുണ്ടോ എന്നു ചോദിച്ചു. ഞാൻ ചിരിച്ചു. എന്താ ചിരിക്കുന്നതെന്നു ചോദിച്ചപ്പോൾ ഞാനൊരു സിനിമാ നിർമാതാവാണെന്ന് പറഞ്ഞു. പേര് എന്താണെന്ന് സൂരജ്. സന്തോഷ് ദാമോദരൻ എന്നു പറഞ്ഞതും സൂരജ് ഞെട്ടി. കാരണം ഞങ്ങൾ മുമ്പ് കണ്ടിട്ടുണ്ട്. പക്ഷേ, അപ്പോൾ മനസ്സിലായില്ല. ‘അയ്യോ ചേട്ടാ, രൂപമൊക്കെ മാറിയല്ലോ’ എന്നു പറഞ്ഞു.

ഒരു വർഷം കൂടി കഴിഞ്ഞ് ഞാനും ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’ യുടെ പ്രൊഡ്യൂസറും കൂടി ഒരിടത്തിരിക്കുമ്പോൾ അദ്ദേഹം ആകെ ടെൻഷനിലായിരുന്നു. ലൂക്കയായി അഭിനയിക്കേണ്ട നടന്റെ ഡേറ്റ് ശരിയാകുന്നില്ല. പുള്ളി ഉടൻ എന്നോട് അഭിനയിക്കാമോയെന്നു ചോദിച്ചു. ഞാൻ നോ പറഞ്ഞെങ്കിലും കക്ഷി എന്റെ ഒന്നു രണ്ടു ഫോട്ടോ എടുത്ത് ഉടൻ സംവിധായകന് അയച്ചു. ഫോട്ടോ കണ്ട് സൂരജ് എന്നെ വിളിച്ചു. അപ്പോഴാണ് ആ സൂരജാണ് ഈ സൂരജ് എന്ന് ഞാൻ അറിഞ്ഞത്. അന്നു പക്ഷേ, സൂരജ് മറ്റൊരു സിനിമയിലേക്കാണ് എന്നെ പരിഗണിച്ചിരുന്നത്. അടുത്ത ദിവസം വന്നു തിരക്കഥ വായിച്ചു കേൾപ്പിച്ചു. ക്യാരക്ടർ കിടപ്പാണെന്നറിഞ്ഞപ്പോൾ ഞാൻ പകുതി സമ്മതിച്ചു. പക്ഷേ, അഭിനയിച്ചു തുടങ്ങിയപ്പോഴാണ് വെറുതെ കിടപ്പാണ് പാടെന്നു മനസ്സിലായത്. കാരണം എന്റെ ക്യാരക്ടർ സ്ട്രോക്ക് വന്നാണ് കിടപ്പിലായിരിക്കുന്നത്. ഓരോ ചലനങ്ങളിലും തുടർച്ച ശ്രദ്ധിക്കണം. തെറ്റാൻ പാടില്ല. നന്നായി എന്നാണ് എല്ലാവരും പറയുന്നത്. സന്തോഷം.

santhosh-damoder-2

കുടുംബം

നിർമിക്കുന്ന 4 സിനിമയുടെ വർക്കുകൾ പുരോഗമിക്കുന്നു. തെലുങ്കിൽ നിന്നുൾപ്പടെ അഭിനയിക്കാനും ചാൻസുകൾ വരുന്നുണ്ട്. രണ്ടിലും ശ്രദ്ധയോടെ മുന്നോട്ടു നീങ്ങാനാണു തീരുമാനം. ഭാര്യ രാജശ്രീ ആർകിടെക്ടാണ്. മക്കൾ – സിദ്ധാർഥ്, സൗരവ്. ദുബായിലാണ് കുടുംബം. രാജശ്രീ വൂൾഫിൽ പാടിയിട്ടുണ്ട്. പാട്ടു പഠിക്കുകയും പഠിപ്പിക്കുകയുമൊക്കെ ചെയ്തിട്ടുള്ള ആളാണ്. ഇത്ര കാലം ഞാൻ കുറേയധികം സിനിമ ചെയ്തിട്ടും ഒരു പാട്ടു പാടുന്നോ എന്നു ഞാൻ അങ്ങോട്ടു ചോദിക്കുകയോ പുള്ളിക്കാരി പാടണം എന്നു പറഞ്ഞിട്ടോ ഇല്ല. വൂൾഫിന്റെ സംഗീത സംവിധായകൻ രഞ്ജിൻ രാജിനോട് ഞാനാണ് പറഞ്ഞത്. ഒരു പാട്ട് പാടി അയയ്ക്കാൻ രഞ്ജിന്‍ പറഞ്ഞു. അദ്ദേഹത്തിന് അതിഷ്ടമായി. അങ്ങനെയാണ് രാജശ്രീ വൂൾഫിൽ പാടിയത്.