Monday 10 June 2019 05:24 PM IST

ഒന്ന് എഴുന്നേൽക്കണമെങ്കിൽ നാലു പേരുടെ സഹായം വേണം, ഏഴാം വട്ടവും ട്യൂമറിനോട് പൊരുതാൻ ശരണ്യ ഒറ്റയ്ക്ക്! ഹൃദയം നുറുങ്ങും ഇവളുടെ കഥ കേട്ടാൽ

V.G. Nakul

Sub- Editor

s1

‘‘അവളുടെ അവസ്ഥ കണ്ടു നിൽക്കാനാകില്ല. എന്റെ ഹൃദയം പൊള്ളുകയാണ്...’’ ശരണ്യ ശശിയുടെ ദുരിതജീവിതത്തെക്കുറിച്ചു പറഞ്ഞു തുടങ്ങിയതും സീമ ജി. നായരുടെ വാക്കുകളിൽ കണ്ണീരിന്റെ നനവു പടർന്നു. പ്രശസ്ത സിനിമ–സീരിയൽ താരം ശരണ്യ ശശി, എഴാം തവണയും ട്യൂമർ ബാധിതയായി, ദുരിത ജീവിതം നയിക്കുന്നു എന്ന ഞെട്ടിക്കുന്ന വാർത്ത പുറത്തു വന്നിട്ട് മണിക്കൂറുകള്‍ മാത്രം.

ആറുവർഷം മുമ്പ് ബ്രെയിൻ ട്യൂമർ ബാധിച്ച ശരണ്യ ഇപ്പോൾ ഏഴാമത്തെ ശസ്ത്രക്രിയയ്ക്കുള്ള തയാറെടുപ്പിലാണെന്നത് മലയാളികളെ നടുക്കി. ശരണ്യയുടെ രോഗകാലത്തിന്റെ വേദനകളിലെല്ലാം ഒപ്പം നിന്ന സുഹൃത്തുക്കളിലൊരാള്‍ മലയാളത്തിന്റെ പ്രിയ നടി സീമ ജി.നായരാണ്. ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥ പുറത്തു കൊണ്ടു വന്നതിലും സൻമനസ്സുകളുടെ സഹായം തേടുന്നതിലും മുൻകൈ എടുത്തതും സീമ തന്നെ. ആറുവട്ടം രോഗത്തെ അതിജീവിച്ച ശരണ്യ ഇക്കുറിയും ട്യൂമറിനെ തോൽപ്പിച്ചു ജീവിതത്തിലേക്ക് മടങ്ങിയെത്തും എന്ന് ഉറച്ചു വിശ്വസിക്കാനാണ് ഉറ്റവർക്ക് ഇഷ്ടം. ശരണ്യ നേരിടുന്ന ഭീകരമായ രോഗ–ജീവിത പ്രതിസന്ധികളെക്കുറിച്ച് സീമ ജി.നായർ ‘വനിത ഓൺലൈനു’മായി സംസാരിക്കുന്നു.

‘‘അവളെ ഇന്ന് രാവിലെ ശ്രീചിത്രയിൽ അഡ്മിറ്റ് ചെയ്തു. മറ്റന്നാളാണ് ഒപ്പറേഷൻ. ആറു വർഷത്തിനിടെ, എല്ലാത്തവണയും ഓരോ വർഷത്തെ ഇടവേളയിലാണ് രോഗം വന്നുകൊണ്ടിരുന്നത്. മിക്കവാറും അത് ഓഗസ്റ്റ്–സെപ്റ്റംബർ മാസങ്ങളിലായിരിക്കും. പക്ഷേ, കഴിഞ്ഞ ഒപ്പറേഷന്റെ ഏഴാം മാസമാണ് ഇപ്പോൾ വീണ്ടും...’’ വാക്കുകൾ പൂർത്തിയാക്കാനാകാതെ സീമ ഒരു നിമിഷം നിശബ്ദയായി.

s3

‘‘കഴിഞ്ഞ ഒരു വർഷമായി അവൾ കിടപ്പിലാണ്. പരസഹായമില്ലാതെ ഒന്നും ചെയ്യാനാകില്ല. രണ്ടോ മൂന്നോ പേർ പിടിച്ചാലേ എഴുന്നേൽക്കാനാകൂ. കൈകളുടെയും കാലുകളുടെയും പ്രവർത്തനം നിയന്ത്രിക്കുന്ന തലച്ചോറിലെ ഞരമ്പിനെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ശരീരത്തിന്റെ പ്രവർത്തനങ്ങളുടെ നിയന്ത്രണം പോലും പലപ്പോഴും അറിയാതെ നഷ്ടമാകും. നാലു ദിവസം മുമ്പ് അവൾ ബാത്ത്റൂമിൽ വീണു. സ്വന്തം ചിന്തയ്ക്കൊപ്പം ശരീരം ചലിക്കുന്നില്ല. അത് വാക്കുകൾ കൊണ്ടു പറഞ്ഞു മനസിലാക്കുക പ്രയാസമാണ്. നേരിൽ കണ്ടു നിൽക്കുന്നത് സങ്കടകരമാണ്...’’. – സീമയുടെ വാക്കുകള്‍ ഇടറി.

‘‘അവൾക്കിപ്പോൾ 27 വയസായി. ഈ പ്രായത്തിനുള്ളിൽ അനുഭവിക്കേണ്ടി വന്ന വേദനകൾ ഒരു പെൺകുട്ടിക്് താങ്ങാവുന്നതിനപ്പുറം. കണ്ണൂരാണ് നാട്. അച്ഛനില്ല. സ്വന്തമായി വീടോ, സമ്പാദ്യമോ ഇല്ല. ആശ്രയം ആരുമില്ല. രണ്ടു സഹോദരങ്ങള്‍ കുടുംബത്തോടൊപ്പം വേറെയാണ് താമസം. അമ്മ മാത്രമാണ് അവളുടെ ഒപ്പമുള്ളത്. അഭിനയത്തിൽ നിന്നു കിട്ടുന്ന വരുമാനം കൊണ്ടാണ് ജീവിച്ചിരുന്നത്. മറ്റൊരു ജോലിയോ അഭയമോ ഇല്ല. ഇപ്പോൾ തിരുവനന്തപുരം ശ്രീകാര്യത്താണ് അവളും അമ്മയും വാടകയ്ക്ക് താമസിക്കുന്നത്. ആ കുടുംബത്തിന്റെ അത്താണി അവളായിരുന്നു. ’’.

s2

സാമ്പത്തികമായി ആകെ തകർന്ന അവസ്ഥയിലാണ് ശരണ്യ. ആറ് വർഷത്തെ ചികിത്സയ്ക്ക് തന്നെ ഭീമമായ തുക ചെലവായി. സുഹൃത്തുക്കള്‍ ഒപ്പമുണ്ടെങ്കിലും ഇനിയുള്ള ഓപ്പറേഷനും തുടർ ചികിൽസകൾക്കുമായി വലിയ തുക വേണം. വീട്ടു വാടക അടക്കം കണ്ടെത്തണം. സ്വന്തമായി ചെറുതെങ്കിലും ഒരു വീടെന്ന സ്വപ്നവും പേറിയാണ് അവൾ ജീവിക്കുന്നതു തന്നെ. രോഗാവസ്ഥയിലും അവൾ ജോലിക്കു പോയിരുന്നു. സീരിയലുകളുടെ സെറ്റിൽ കൂടെക്കൂടെ ബോധം കെട്ടു വീണതോടെയാണ് അത് അവസാനിച്ചത്. ഇനി സുമനസ്സുകളുടെ സഹായം മാത്രമാണ് ഈ കലാകാരിയെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാനുള്ള ഏക വഴി. പ്രതീക്ഷയോടെ ശരണ്യവും കുടുംബവും കാത്തിരിക്കുന്നു. പ്രാർഥനയോടെ അവളുടെ സുഹൃത്തുക്കളും.

വീണ്ടും ട്യൂമർ, നടി ശരണ്യ ശശിയുടെ ജീവിതം ദുരിതക്കയത്തിൽ! ഏഴാമത്തെ ശസ്ത്രക്രിയ ഉടൻ: സഹായം തേടി വിഡിയോ