Wednesday 23 February 2022 12:33 PM IST

‘അതു ഷൂട്ട് ചെയ്യുമ്പോൾ യൂണിറ്റില്‍ എല്ലാവരുടെയും കണ്ണ് നിറഞ്ഞു’: നത്തിന്റെ ഓമന: സത്യൻ അന്തിക്കാട് പറയുന്നു

V.G. Nakul

Sub- Editor

sathyan-anthikkadu

മമ്മൂട്ടിയെ നായകനാക്കി ലോഹിതദാസിന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘കനൽക്കാറ്റ്’ 1991 ല്‍ ആണ് തിയറ്ററുകളിലെത്തിയത്. മുരളി, ജയറാം, ഉർവശി, ശാരി തുടങ്ങി വൻ താരനിര അണിനിരന്ന ചിത്രത്തിൽ പ്രേക്ഷകരെ കാത്തിരുന്ന വലിയ സർപ്രൈസ് ആയിരുന്നു നത്ത് നാരായണന്റെയും ഓമനയുടെയും വിവാഹവും അതേത്തുടർന്നുണ്ടാകുന്ന തമാശകളും. മമ്മൂട്ടി അവതരിപ്പിച്ച നത്ത് നാരായണൻ ഒരു പ്രത്യേക സാഹചര്യത്തിൽ പണത്തിനു വേണ്ടി ഓമനയെ കല്യാണം കഴിക്കുകയാണ്. എന്നാൽ ഓമന നത്തിനെ വിടാതെ പിടികൂടുന്നു... ഏറെ തമാശകളും അതിനെയൊക്കെ മറികടക്കുന്ന വൈകാരിക മുഹൂർത്തവും നിറഞ്ഞ പ്രകടനത്തിലൂടെ ഓമനയെ കെ.പി.എ.സി ലളിത അനശ്വരമാക്കി. ഇപ്പോഴും ഓരോ മലയാളികളുടെയും മനസ്സിൽ ആ കഥാപാത്രം മിഴിവോടെ തെളിഞ്ഞു നിൽക്കുന്നു....

‘‘ഷൂട്ട് ചെയ്യുമ്പോൾ യൂണിറ്റില്‍ എല്ലാവരുടെയും കണ്ണ് നനയിച്ച സീനാണ് ഓമന നാരായണനോട് യാത്ര പറയുന്നത്. ആദ്യമായിട്ടാണല്ലോ ലളിതച്ചേച്ചി മമ്മൂട്ടിയുടെ നായികയായി വരുന്നത്. ആ ക്യാരക്ടറിന്റെ ഹ്യൂമറാണ് നമ്മള്‍ ഉദ്ദേശിച്ചതെങ്കിലും ലളിതച്ചേച്ചിയും മമ്മൂട്ടിയും തമ്മിലുള്ള കെമിസ്ട്രി ഭയങ്കരമായിരുന്നു. നത്തിനും ഓമനയ്ക്കും പരസ്പരം രണ്ടാളും ഫ്രോഡുകളാണെന്ന് അറിയാം. അവസാനം നത്തിനെ തേടിപ്പിടിച്ച് ഓമന മുരളിയുടെ വീട്ടിലെത്തുന്ന സ്വീക്വൻസ് ഷൂട്ട് ചെയ്യുമ്പോൾ രണ്ടു പേരുടെയും പ്രകടനം കണ്ടിട്ട് എല്ലാവരുടെയും മനസ്സിൽ ഒരു സങ്കടം വന്നു തിങ്ങി. ‘ഈ താലി ഞാന്‍ കഴുത്തിലിട്ടോട്ടെ’ എന്ന് ഓമന നാരായണനോട് ചോദിക്കുമ്പോൾ അതിഗംഭീര പ്രകടനമാണ് ലളിതച്ചേച്ചിയുടെത്’’. – സത്യൻ അന്തിക്കാട് ‘വനിത ഓൺലൈനോട്’ പറഞ്ഞു.

‘‘ചേച്ചിയെ മനസ്സില്‍ കണ്ടാണ് ആ ക്യാരക്ടർ എഴുതിയത്. ഞാനും ലോഹിയും ചേച്ചിയും കൂടി ചർച്ച ചെയ്ത് അത് ഡവലപ്പ് ചെയ്യുകയായിരുന്നു. ഹ്യൂമറൊക്കെ അങ്ങനെ വന്നതാണ്.

രണ്ടു തരം ഫെയ്സുള്ള ക്യാരക്ടറാണ് ഓമന. ഇന്നസെന്റിനെ വിരട്ടുന്ന, ‘പ്രിയപ്പെട്ട ചോട്ടാ...’എന്നൊക്കെ കത്തെഴുതുന്ന തരം ഹ്യൂമറും കിട്ടണം, അതേ സമയം മമ്മൂട്ടിയോടൊപ്പമുള്ള ഇമോഷനൽ ഫീലും കിട്ടണം. അതു രണ്ടും മനോഹരമായി ചെയ്യാനാകുന്ന മറ്റൊരാളില്ലല്ലോ...’’.– സത്യൻ അന്തിക്കാട് പറയുന്നു.

അഭിനയം എന്ന മാജിക്

ചേച്ചിയെ സംബന്ധിച്ച്, ഒരു കഥാപാത്രം ചേച്ചിയെ ഏൽപ്പിച്ചാൽ ആ കഥാപാത്രമായി മാറുക എന്ന വലിയ മാജിക്കാണ് കാണുക. അത് ലളിതച്ചേച്ചിക്ക് മാത്രം സ്വന്തമായുള്ള കാര്യമാണ്. നമ്മൾ മനസ്സിൽ കാണുന്നതിനപ്പുറത്തേക്ക് ചേച്ചി ആ കഥാപാത്രത്തെ കൊണ്ടു പോകും. ഞാൻ ജീവിതത്തിൽ കാണുന്ന ചില സ്ത്രീകളുടെ മാനറിങ്ങളൊക്കെ ചേച്ചിയോട് നേരത്തെ പറഞ്ഞു വയ്ക്കും. അതൊക്കെ കൃത്യമായി ചില കഥാപാത്രങ്ങൾക്ക് ചേച്ചി കൊടുക്കും. അങ്ങനെ ചില മാനറിസങ്ങൾ ഉപയോഗിക്കാന്‍ ബാക്കി വച്ചാണ് ചേച്ചി പോയത്. അതു പോലെ സാറാ ജോസഫിന്റെ ‘മാറ്റാത്തി’ വായിച്ചപ്പോള്‍ അതിലെ കഥാപാത്രമായി എന്റെ മനസ്സിൽ തെളിഞ്ഞത് ലളിതച്ചേച്ചിയുടെ മുഖമാണ്. ഞാനത് പറഞ്ഞ് നാല് ദിവസത്തിനകം ചേച്ചി ആ നോവൽ വാങ്ങി വായിച്ച് വിളിച്ചു. അങ്ങനെ പ്രിപ്പയര്‍ ചെയ്യുന്ന ഒരു മനസ്സുണ്ട് ചേച്ചിക്ക്.