കാൻസറിനെ പുഞ്ചിരിയോടെ നേരിട്ട നന്ദു മഹാദേവ അന്തരിച്ചു. ശരീരത്തിന്റെ പല അവയവങ്ങളിലേക്ക് കാൻസർ പടരുമ്പോഴും പ്രത്യാശയോടെ ജീവിതത്തെ സമീപിച്ച നന്ദുവിന് 27 വയസ്സായിരുന്നു. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്. കോഴിക്കോട് എംവിആര്‍ ആശുപത്രിയിൽ ചികിൽസയിലിരിക്കവെ പുലർച്ചെ 3.30നായിരുന്നു അന്ത്യം. അവസാന ദിവസങ്ങളിൽ അർബുദം നന്ദുവിന്റെ ശ്വാസകോശത്തെയും പിടിമുറുക്കിയിരുന്നു.
‘അതിജീവനം’ കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു. സമൂഹമാധ്യമങ്ങളിലെ അര്‍ബുദ അതിജീവന സന്ദേശങ്ങളിലൂടെ പ്രശസ്തനായിരുന്നു നന്ദു. ജീവിതത്തിന്റെ ഒരു ഘട്ടത്തിലും തോറ്റുപോകരുതെന്ന് പറഞ്ഞ് മറ്റുള്ളവർക്ക് പ്രചോദനം നൽകുന്നയാളായിരുന്നു നന്ദു.
നന്ദുവിനെ സ്വന്തം മകനെപ്പോലെ സ്നേഹിച്ച നടി സീമ.ജി.നായർക്ക് പ്രിയപ്പെട്ട നന്ദുവിന്റെ മരണം താങ്ങാനാകുന്നതിനും അപ്പുറമാണ്.
നന്ദുവിന്റെ മരണവിവരമറിഞ്ഞു വിളിക്കുമ്പോൾ വിങ്ങിപ്പൊട്ടുകയായിരുന്നു സീമ. കരച്ചിലിൽ മുങ്ങി പലപ്പോഴും അവരുടെ വാക്കുകള്‍ വഴുതി.
‘‘എന്റെ മോനെ അവസാനമായി എനിക്കൊന്നു കാണാനാകില്ലല്ലോ. മോർച്ചറിയിൽ വിന്നു വീട്ടിലേക്കു കൊണ്ടു പോകുകയാണ്. പത്ത് മണിക്കാണ് അടക്കം. എന്നോട് കുറേ ദിവസം മുമ്പാണ് നന്ദൂട്ടൻ അവസാനം സംസാരിച്ചത്. സംസാരിക്കാൻ പ്രയാസമായിരുന്നു. ഈയിടെയായി ശ്വാസം മുട്ടലൊക്കെ കൂടുതലായിരുന്നു. അതിനു ശേഷം അവന്റെ അമ്മ ലേഖയോടാണ് ഞാൻ സംസാരിച്ചിരുന്നത്. പിന്നീട് ലേഖയ്ക്കും സംസാരിക്കാനായില്ല. നന്ദൂട്ടന് കുറച്ച് ഗുരുതരമായതിന്റെ ഭയത്തിലായിരുന്നു അവർ. പിന്നീട് ആശുപത്രിയിലെ ആദർശിനെ വിളിച്ചാണ് കാര്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നത്. ഇന്നു രാവിലെ 4 മണിക്ക് ആദർശ് വിളിച്ചു പറഞ്ഞു – എന്റെ നന്ദൂട്ടൻ പോയെന്ന്’’. – സീമ കരച്ചിലടക്കാനാകാതെ ഒരു നിമിഷം നിർത്തി.

ചേച്ചിയമ്മ
എനിക്ക് മോനെ പോലെയായിരുന്നില്ല. മോനായിരുന്നു. എയർപോർട്ടിൽ വച്ചാണ് ഞങ്ങൾ പരിചയപ്പെട്ടത്. ഫോട്ടോ എടുക്കുമ്പോൾ ഒരു കാല് ഇല്ലെന്നു ശ്രദ്ധിച്ചു. അന്നെനിക്ക് നന്ദൂനെ അറിയില്ല. കാലിന് എന്തു പറ്റിയെന്നു ചോദിച്ചു. ഞാൻ കരുതിയത് ആക്സിഡന്റിൽ സംഭവിച്ചതാകുമെന്നാണ്. ട്യൂമർ ബാധിച്ച് മുറിച്ചതാണെന്ന് പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. പിന്നീട് നന്ദൂനെക്കുറിച്ച് കൂടുതൽ കൂടുതൽ അറിയാൻ ശ്രമിച്ചു. അവനുമായി ഒരു ആത്മബന്ധമുണ്ടായി. അവന്റെ ഒരു മെസേജ് ഇപ്പോഴും എന്റെ ഫോണിൽ ഉണ്ട് – ‘യശോധയെപ്പോലെ കൂടെയുണ്ടാകണം’ എന്ന്. എന്നെ ചേച്ചിയമ്മാന്നാണ് വിളിക്കുന്നത്.
ലേഖ ഇതെങ്ങനെ താങ്ങും
അവൻ തിരിച്ചു വരുമെന്ന് ഇപ്പോഴും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. കാരണം അവസാന നിമിഷം വരെ ഗുരുതരമായി കൊണ്ടു പോയിട്ട് ഈശ്വരൻ അവനെ തിരികെ തരാറാണ് പതിവ്. പക്ഷേ....ലേഖയെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് ഹൃദയം മുറിയുന്നു. അവർ ഇതെങ്ങനെ താങ്ങുമെന്ന് എനിക്ക് ചിന്തിക്കാൻ പോലുമാകുന്നില്ല. അവിടെയൊന്നു പോകാനും അടുത്തിരിക്കാനോ പറ്റാത്ത അവസ്ഥയാണല്ലോ...എനിക്ക് സഹിക്കാൻ പറ്റുന്നില്ല...അപൂർവമായ കാൻസറായിരുന്നല്ലോ അവന്... അതിന് മരുന്നു കണ്ടു പിടിക്കണം...പക്ഷേ, അത് കാത്തുനിൽക്കാതെ അവൻ പോയല്ലോ...