Friday 23 October 2020 04:41 PM IST

വനിത പറഞ്ഞു, 'സ്‌നേഹസീമ', ശരണ്യയും തീരുമാനിച്ചു, വീടിനും ആ പേര് മതിയെന്ന്! സീമ ജി. നായരോടുള്ള കടപ്പാട് 'വീട്' ആയത് ഇങ്ങനെ

V.G. Nakul

Sub- Editor

seema-g-nair-1

കാന്‍സറിന്റെ വേദനയില്‍ നിന്നു ജീവിതത്തിലേക്കു തിരികെ നടക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം ശരണ്യ ശശി. ആ മടക്കയാത്രയില്‍ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലൂടെയാണ് ശരണ്യ ഇപ്പോള്‍ കടന്നു പോകുന്നത്. ലോകത്തെമ്പാടുമുള്ള, നന്‍മനിറഞ്ഞ ഒരുകൂട്ടം സുമനസ്സുകളുടെ സഹായത്താല്‍ തിരുവനന്തപുരത്ത് ചെമ്പഴന്തിയില്‍ ശരണ്യയ്ക്കു വേണ്ടി പണിതീര്‍ത്ത വീടിന്റെ പാലുകാച്ചല്‍ ചടങ്ങായിരുന്നു ഇന്ന്. 

തന്റെ വീടിന് ശരണ്യ നല്‍കിയിരിക്കുന്ന പേര് 'സ്‌നേഹസീമ' എന്നാണ്. ആ സ്‌നേഹത്തിന്റെ സീമ മറ്റാരുമല്ല, മലയാളത്തിന്റെ പ്രിയനടി സീമ ജി. നായരാണ്. ദുരിത കാലത്ത് ശരണ്യയെ നെഞ്ചോട് ചേര്‍ത്തു പിടിച്ച്, ചികില്‍സയ്ക്കും ഇപ്പോള്‍ വീടൊരുക്കാനും വരെ ഒപ്പം നിന്ന, തന്റെ സ്‌നേഹത്തണലായ പ്രിയപ്പെട്ട സീമച്ചേച്ചിയോടുള്ള സ്‌നേഹവും കടപ്പാടുമാണ് സ്വന്തം വീടിന് സ്‌നേഹസീമ എന്നു പേരിടാന്‍ ശരണ്യയെ പ്രേരിപ്പിച്ചത്. ആ പേര് ശരണ്യ കണ്ടെത്തിയതാകട്ടെ 'വനിത'യില്‍ നിന്നും. 

2019 ജൂലൈ 1-14 ലക്കം 'വനിത'യില്‍ ശരണ്യയുടെ ദുരിഘട്ടത്തെക്കുറിച്ചു വിശദമാക്കി, സീമ ജി നായരും ശരണ്യയും ഒന്നിച്ചുള്ള ഒരു അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. ആ അഭിമുഖത്തിന്റെ തലക്കെട്ടായിരുന്നു 'സ്‌നേഹസീമ'. അന്നു മുതല്‍ ഈ പേര് ശരണ്യയുടെ മനസ്സില്‍ പതിഞ്ഞതാണ്. പിന്നീട് തനിക്ക് സ്വന്തമായി ഒരു വീടൊരുങ്ങിയപ്പോള്‍ അതിനും ആ പേര് മതി എന്ന തീരുമാനത്തിലെത്തി ശരണ്യ. 

'അന്നേ ആ തലക്കെട്ട് അവളുടെ മനസ്സിലുണ്ടായിരുന്നു. ആ തലക്കെട്ടില്‍ നിന്നാണ് വീടിനു പേരിട്ടതും. പലരും പല പേരുകളും പറഞ്ഞെങ്കിലും അവളുടെ മനസ്സില്‍ ഈ പേരായിരുന്നു. അപ്പോഴൊന്നും എന്നോട് പേരിനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നില്ല. ഈ പേര് ഇട്ട ശേഷമാണ് ഞാന്‍ അറിയുന്നത്്. അതിനു മുമ്പ് സെപ്റ്റംബര്‍ 3 ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത സമയത്ത് വീടിന് എന്തു പേരിടണം ചേച്ചീ എന്ന് ചോദിച്ചിരുന്നെങ്കിലും ഞാന്‍ പക്ഷേ അത് അവളുടെ ഇഷ്ടത്തിനും സ്വാതന്ത്യത്തിനും വിട്ടു കൊടുക്കുകയായിരുന്നു. പക്ഷേ, അപ്പോഴേക്കും അവള്‍ ഈ പേര് ഉറപ്പിച്ചിരുന്നു'. - 

സീമയുടെ വാക്കുകളില്‍ സന്തോഷം.

seema-g-nair-2

തിരുവനന്തപുരം ചെമ്പഴന്തിയിലെ ഈ വീട്ടിലാകും ഇനി ശരണ്യയുടെ ജീവിതം. അഭിനയരംഗത്തേയ്ക്ക് വൈകാതെ മടങ്ങിയെത്തണമെന്നതാണ് ശരണ്യയുടെ ആഗ്രഹം. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിന് സമീപം പാടത്തിന്റെ കരയില്‍ മനോഹരമായ സ്ഥലത്താണ് വീട്. വീടും പരിസരവും ഏറെ ഇഷ്ടമായി ശരണ്യയ്ക്ക്. ശരണ്യയുടെ ചികില്‍സയ്‌ക്കെന്നപോലെ വീടൊരുക്കിക്കൊടുക്കുന്നതിനും മുന്‍കൈയെടുത്തത് സീമ തന്നെ.