ബാലതാരമായി വന്ന്, നായികനിരയിലേക്കുയർന്ന്, മലയാളികളുടെ കൺമുന്നിൽ വളർന്ന അഭിനേത്രിയാണ് ഷഫ്ന. വിവാഹിതയായി, കുടുംബ ജീവിതത്തിന്റെയും കരിയറിലെ പുതിയ ഘട്ടത്തിന്റെയും തിരക്കുകളിലേക്കു കടന്നിട്ടും പ്രേക്ഷർക്കിപ്പോഴും ഷഫ്ന ആ പഴയ കുഞ്ഞിക്കുറുമ്പിയാണ്.
അടുത്തകാലത്ത് ഷഫ്ന വീണ്ടും വാർത്തകളിൽ സജീവമായത് ഭർത്താവ് സജിന്റെ സീരിയൽ പ്രവേശനത്തോടെയാണ്. സൂപ്പർഹിറ്റ് പരമ്പര ‘സാന്ത്വന’ത്തിലെ ശിവൻ എന്ന കഥാപാത്രത്തിലൂടെ വലിയ ആരാധക പിന്തുണ സ്വന്തമാക്കി താരപദവിയിലേക്കുയർന്നിരിക്കുകയാണ് സജിൻ. പ്രിയപ്പെട്ടവന്റെ വർഷങ്ങൾ നീണ്ട ആഗ്രഹം ‘സാന്ത്വന’ത്തിലൂടെ നിറവേറുന്നതിന്റെയും ജീവിതം പുതിയ സന്തോഷങ്ങളിലേക്ക് ചേക്കേറിയിരിക്കുന്നതിന്റെയും നിറവിലാണ് ഷഫ്ന.

ഇപ്പോഴിതാ, തിരക്കുകൾക്കിടെ കഴിഞ്ഞ മാസം സജിനൊപ്പം ഹിമാലയത്തിലേക്കു നടത്തിയ യാത്രയെക്കുറിച്ചും പുതിയ വിശേഷങ്ങളെക്കുറിച്ചും ഷഫ്ന ‘വനിത ഓൺലൈനോട്’ സംസാരിക്കുന്നു.
‘‘സത്യത്തിൽ തലേ ദിവസം പ്ലാൻ ചെയ്ത ട്രിപ്പ് എന്ന് ഇപ്പോഴത്തെ ഹിമാലയൻ യാത്രയെ വിശേഷിപ്പിക്കാം. കഴിഞ്ഞ മാസം അപ്രതീക്ഷിതമായി എന്റെ സീരിയലിന്റെ ഷൂട്ടിങ് ഡേറ്റ് മാറി. സജിനും ഫ്രീയായിരുന്നു. അതോടെ കുറേയേറെ ദിവസം തുടർച്ചയായി അവധി കിട്ടുമെന്നുറപ്പായപ്പോൾ മറ്റൊന്നും ചിന്തിച്ചില്ല, ഡൽഹിയിലേക്കുള്ള ഫ്ലൈറ്റിൽ രണ്ട് ടിക്കറ്റ് ബുക്ക് ചെയ്തു.
8 ദിവസത്തെ യാത്രയായിരുന്നു. ഞാന്‍ മൂന്നാം തവണയാണ് ഹിമാലയത്തിൽ പോകുന്നത്. സജിൻ നാലഞ്ച് തവണ പോയിട്ടുണ്ട്.

എത്ര തവണ പോയാലും വീണ്ടും വീണ്ടും തിരികെ വിളിക്കുന്ന ഒരു മാന്ത്രികത ഹിമാലയത്തിനുണ്ട്. അവിടുത്ത കാലാവസ്ഥ, സംസ്ക്കാരം, ആളുകൾ, സ്ഥലങ്ങൾ ഒക്കെ വളരെയേറെ ആകർഷകമാണ്. എത്ര തവണ പോയാലും ഓരോ യാത്രയിലും പുതിയ പുതിയ കാഴ്ചകൾ ഒരുക്കി വയ്ക്കുന്നിടമാണത്.
ഞങ്ങൾ രണ്ടാൾക്കും ട്രക്കിങ്ങും യാത്രകളുമൊക്കെ വളരെയേറെ ഇഷ്ടമാണ്. പ്രത്യേകിച്ച് അദ്ദേഹത്തിന്. എന്നെയും എല്ലാറ്റിനും ഒപ്പം കൂട്ടും. ഓരോ യാത്രയും ഒരുപാടു നല്ല ഓർമകൾ സമ്മാനിച്ചാണ് അവസാനിക്കുക. ഇപ്പോൾ ഒന്നു കൂടി പോയാലോ എന്നു തോന്നുന്നുണ്ട്’’. – ഷഫ്നയുെട ശബ്ദത്തില്‍ സന്തോഷത്തിന്റെ തുടിപ്പ്.
എന്റെ അഭിമാനം
ശിവന്‍ എന്ന കഥാപാത്രത്തിന്റെ വിജയം എന്നെ സംബന്ധിച്ച് പറഞ്ഞറിയിക്കാനാകാത്ത സന്തോഷം തരുന്നതാണ്. അഭിനയത്തോടുള്ള തന്റെ അടങ്ങാത്ത ആഗ്രഹം നൽകിയ ഊർജവുമായി, 11 വർഷം നീണ്ട പ്രയത്നത്തിലൂടെ, വലിയ പ്രതിസന്ധികൾ കടന്നാണ് സജിൻ ഇവിടെയെത്തിയത്. ഒരു നല്ല അവസരത്തിനായി എത്രത്തോളം അദ്ദേഹം വിഷമിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. വർഷങ്ങളോളം ആൾക്ക് ഉറക്കമുണ്ടായിരുന്നില്ല. അതു കാണുമ്പോൾ, സങ്കടം സഹിക്കാനാകാതെ, ഞാനും ഉറങ്ങാതെ ഒപ്പമിരിക്കും. അതും ആൾക്ക് കൂടുതൽ വിഷമമായി. ഒരു ഡിപ്രഷൻ അവസ്ഥയിലേക്ക് എത്തും പോലെയായിരുന്നു അക്കാലത്തെ അദ്ദേഹത്തിന്റെ ജീവിതം. ആരോടും തന്റെ സങ്കടം പറയില്ല. ഉള്ളിൽ വച്ചു നടക്കും.

അങ്ങനെയായിരുന്ന ആള്‍ ഇപ്പോ എത്ര ബഹളമാണെങ്കിലും അഞ്ചു മിനിറ്റു കിട്ടിയാൽ സമാധാനത്തോടെ ഉറങ്ങുന്നുണ്ട്. അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം.
ഇപ്പോൾ എവിടെപ്പോയാലും എല്ലാവരും സജിനെയാണ് തിരക്കുക. ‘ശിവൻ എവിടെയാ, അന്വേഷണം അറിയിക്കണം’ എന്നൊക്കെ പറയുമ്പോൾ വലിയ സന്തോഷമാണ്. എനിക്കു കിട്ടുന്ന പ്രശംസകളെക്കാൾ ഞാൻ അഭിമാനിക്കുന്നത് അദ്ദേഹത്തിനു കിട്ടുന്ന സ്വീകാര്യതയിലാണ്.

എനിക്കു വേണ്ടി
സജിന് കഴിവുണ്ട്. ഒരു ദിവസം കൃത്യമായ അവസരം തേടി വരും എന്നെനിക്കറിയാമായിരുന്നു. ജീവിതത്തിൽ പല ജോലികളും അദ്ദേഹം ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെയും അഭിനയിക്കണം, നടനാകണം എന്നതു മാത്രമായായിരുന്നു മനസ്സിൽ. ‘പ്ലസ് ടു’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ഞങ്ങൾ പരിചയപ്പെട്ടത്. പിന്നീട് പ്രണയത്തിലായി. ‘എനിക്ക് നിന്റെ വീട്ടിൽ വന്നു നിന്നെ ചോദിക്കണമെന്നുണ്ടെങ്കില്‍ നിന്നെ നോക്കാനുള്ള കഴിവെനിക്കു വേണം. ഇപ്പോൾ സിനിമയുടെ പിന്നാലെ നടന്നാൽ അതു തൽക്കാലം നടക്കില്ല’ എന്നു പറഞ്ഞാണ്, എനിക്കു വേണ്ടി സ്വന്തം ആഗ്രഹങ്ങൾ മാറ്റി വച്ച്, അദ്ദേഹം മറ്റു ജോലികൾക്കു പോയത്. കാർ, മെഡിക്കൽ ഫീൽഡിലൊക്കെ ജോലിയെടുത്തു. അപ്പോഴും ഓരോ ദിവസത്തിന്റെയും അവസാനം, ‘ഇതല്ല എന്റെ മേഖല. എനിക്കറിയാം, അഭിനയമല്ലാതെ മറ്റൊന്നിലും ശ്രദ്ധ കൊടുക്കാനാകില്ല’ എന്ന സങ്കടത്തിലായിരുന്നു അദ്ദേഹം. അതൊക്കെ കാണുമ്പോൾ, എനിക്കു വേണ്ടിയാണല്ലോ ആളിങ്ങനെ പ്രയാസപ്പെടുന്നതെന്ന വിഷമം എന്നെയും അലട്ടിയിരുന്നു. ആ കാലമൊക്കെ താണ്ടി ആഗ്രഹിച്ചിടത്തെത്താൻ അദ്ദേഹത്തിനായി. അതാണ് എന്റെ വലിയ സന്തോഷവും അഭിമാനവും.

സീരിയൽ
ഇപ്പോൾ തന്റെ തെലുങ്ക് സീരിയലിന്റെ ചിത്രീകരണത്തിരക്കുകളിലാണ് ഷഫ്ന. ഇടവേളയിൽ ‘സാന്ത്വനം’ ലൊക്കേഷനിലും അതിഥിയായി എത്തും. ശിവന്റെ ചില സ്വഭാവങ്ങളൊക്കെ സജിനും ഉണ്ടെന്നാണ് ഷഫ്ന പറയുന്നത്. ഉള്ളിൽ സ്നേഹം നിറച്ച്, എല്ലാവരെയും മനസ്സിലാക്കി, പുറമേ മസില് പിടിച്ചു നടക്കുന്ന പാവത്താൻ...‘‘രേവതിയാണ് നക്ഷത്രം. എഴുപത് ശീലങ്ങളുണ്ടെന്നാണല്ലോ. എഴുപത് ശീലങ്ങളുമുണ്ട്...’’.– ഷഫ്ന ചിരിയോടെ പറഞ്ഞവസാനിപ്പിക്കുന്നു.