Wednesday 08 September 2021 04:28 PM IST

'ദൈവം എനിക്ക് ഷഫ്‌നയെ തന്നതുപോലെ, ഷഫ്‌ന എനിക്കു തന്ന ഗിഫ്റ്റ് ആണത്': മനസുതുറന്ന് ഷഫ്‌നയും സജിനും

Roopa Thayabji

Sub Editor

shafnaa

ഇഷ്ട കഥാപാത്രങ്ങളിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് ഷഫ്നയും സജിനും..

പഴയ സിനിമയിലെ ഉദ്യോഗസ്ഥ ദമ്പതികളെ പോലെയാണ് ഷഫ്നയുടെയും സജിന്റെയും കാര്യം. തെലുങ്ക് സീരിയലിന്റെ ഹൈദരാബാദിലെ ലൊക്കേഷനിൽ നിന്നു മലയാളം സീരിയലിന്റെ കൊച്ചിയിലെ ലൊക്കേഷനിലേക്ക് ഷഫ്ന എത്തുമ്പോഴേക്കും സജിൻ ‘സാന്ത്വന’ത്തിന്റെ ഷൂട്ടിങ്ങിനായി തിരുവനന്തപുരത്തേക്ക്. പാക്കപ്പ് ആയി സജിൻ തൃശൂരെത്തുമ്പോൾ ഷഫ്ന ഹൈദരാബാദിലേക്ക്.

ലോക്ഡൗൺ കാലത്ത് സീരിയൽ ഷൂട്ടിങ് മുടങ്ങിയത് ഞങ്ങൾക്കാണ് ഏറ്റവും ഗുണമായതെന്നു പറഞ്ഞു ചിരിക്കുകയാണ് ഷഫ്നയും സജിനും. നാലുവർഷത്തെ പ്രണയവും വിവാഹശേഷമുള്ള ഏഴുവർഷവും ചേർന്ന് ജീവിതം റൊമാന്റിക്കായി മുന്നോട്ടുപോകുന്നതിന്റെ സന്തോഷം ആ ചിരിയിലുണ്ട്.

രണ്ടുപേരും സീരിയലിന്റെ ലൊക്കേഷനിൽ. എപ്പോഴാണ് തമ്മിൽ കാണുന്നത് ?

ഷഫ്ന: ഇക്കയ്ക്ക് മാസത്തിലെ ഫസ്റ്റ് ഹാഫ് ആണ് ഷൂട്ടിങ്, എനിക്ക് സെക്കൻഡ് ഹാ ഫും. ലോക്ഡൗൺ ഇളവുകൾ വന്നതോടെ ‘സാന്ത്വന’ത്തിനു ബ്രേക്ക് ഇല്ലാതെ ഷൂട്ടിങ്ങാണ്. കൊച്ചിയിലെ ‘പ്രിയങ്കരി’യുടെ ഷെഡ്യൂൾ ബ്രേക്കിനു ഞാൻ ‍നേരേ തിരുവനന്തപുരത്ത് ചെന്ന് ഒന്നോ രണ്ടോ ദിവസം നിൽക്കും. പിന്നെ, ഹൈദരാബാദിലെ തെലുങ്ക് സീരിയൽ ‘ശ്രീമന്തുഡു’വിന്റെ ലൊക്കേഷനിലേക്കു പോകും.

പലരും വിവാഹശേഷം അഭിനയം നിർത്തുമ്പോൾ എന്റെ കരിയറിനു ഫുൾ സപ്പോർട് ഇക്കയാണ്. അതുകൊണ്ടാണ് ഷെഡ്യൂളും തിരക്കുമൊക്കെ മാനേജ് ചെയ്യുന്നത്.

സജിൻ: എന്നെ കാണാനെന്നു പറഞ്ഞ് ഇവൾ തിരുവനന്തപുരത്തു വരുന്നതിന് മറ്റൊരു ഉദ്ദേശം കൂടിയുണ്ട്. സ്വന്തം വീട്ടിലും പോകാല്ലോ.

തിരക്കിനനടയിൽ വീണുകിട്ടിയ ലോക്ഡൗൺ എൻജോയ് ചെയ്തു കാണുമല്ലോ ?

സജിൻ: ആദ്യമൊക്കെ വലിയ ഹാങ് ഓവറായിരുന്നു. കുറേ നാളിനു ശേഷമല്ലേ തിരക്കില്ലാതെ വീട്ടിലിരിക്കുന്നത്. പക്ഷേ, ലോക് ഡൗൺ നീണ്ടു പോയപ്പോൾ ടെൻഷനായി. വീട്ടിലിരിക്കുന്നത് ഗുണകരമാക്കാൻ മറ്റൊരു പ്ലാനിട്ടു ഞങ്ങൾ, ആരോഗ്യം നന്നാക്കാം. ആ ദിവസങ്ങളിലാണ് വർക് ഔട്ടും ഡയറ്റുമൊക്കെ കൃത്യമായി ചെയ്തതെന്നു പറയാം.

ആദ്യ ലോക്ഡൗൺ കഴിഞ്ഞതോടെ ഷൂട്ടിങ് നോൺ സ്റ്റോപ്പായി പോകുമ്പോഴാണ് സെക്കൻഡ് ലോക്ഡൗൺ. വീണുകിട്ടിയ ആ മാസം ഗാർഡനിങ്ങായിരുന്നു പ്രധാന ഹോബി. കുറേ ഇൻഡോർ പ്ലാന്റ്സ് വച്ചു.

ഒന്നിച്ചിരിക്കുന്ന സമയം കുറവായതു കൊണ്ടാണോ ഹിമാലയത്തിലേക്ക് ഇടയ്ക്കിടെ ‘എസ്കേപ്പാ’കുന്നത് ?

ഷഫ്ന: ഞങ്ങൾ ഒന്നിച്ച് നാലുവട്ടം ഹിമാലയത്തിൽ പോയിട്ടുണ്ട്. ഇക്ക മാത്രം ഏഴോ എട്ടോ തവണയും. ആ കാലാവസ്ഥയും ആളുകളെയുമെല്ലാം ഞങ്ങൾക്ക് അത്ര ഇഷ്ടമാണ്. അഡ്വഞ്ചേഴ്സ് ഇഷ്ടമാണെങ്കിലും കാര്യത്തോട് അ ടുക്കുമ്പോൾ എനിക്ക് പേടിയാ. അപ്പോൾ ഇക്ക ധൈര്യം തന്നു കൂടെ കൂട്ടും. ഹിമാലയൻ ട്രിപ്പിനിടെ രണ്ടുവട്ടം പാരാഗ്ലൈഡിങ് ചെയ്തു. മാലിദ്വീപിൽ വച്ച് സ്കൂബാ ഡൈവിങ്ങും സ്നോർകെല്ലിങ്ങും ചെയ്യാനും മറന്നില്ല. ഗോവയിൽ ബീച്ചിലുള്ള എല്ലാ റൈഡും ചെയ്യും.

സജിൻ: ഹിമാലയത്തോട് എനിക്കു പ്രണയമുണ്ടെന്ന് ഷഫ്ന ഇടയ്ക്കു പറയാറുണ്ട്. യാത്രകളാണ് ഞങ്ങളുടെ രണ്ടാളുടെയും ഒരു ‘കോമൺ ഇന്ററസ്റ്റ്.’

ട്രക്കിങ്ങിനു പോയി ഉൾപ്രദേശങ്ങളിലെ ചെറിയ ഗ്രാമങ്ങളിൽ താമസിക്കുന്നതൊക്കെ രസമല്ലേ. ഒരിക്കൽ ഹിമാലയത്തിൽ ട്രക്കിങ് നടത്തി വലിയ മലയുടെ മുകളിലെത്തി. അവിടെ ടെന്റിൽ താമസിക്കാം. കുറച്ചുകൂടി കയറിയാൽ അടുത്ത മലയുടെ മുകളിൽ ഒരു ഗ്രാമമുണ്ട്. പക്ഷേ, ടെന്റ് മതിയെന്ന എന്റെ പ്ലാൻ അറിയാതെ ഷഫ്ന സമ്മതിച്ചു. മൈനസ് ഒൻപത് ഡിഗ്രിയിൽ തണുത്തുവിറച്ച് പുതച്ചുമൂടി കിടക്കുന്ന അവളുടെ രൂപം ഓർക്കുമ്പോൾ ഇപ്പോഴും ചിരി വരും. ഒടുവിലത്തെ ഹിമാലയൻ ട്രിപ്പിൽ കസോളിൽ നിന്ന് ഡൽഹി വരെ ലോക്കൽ ട്രാൻസ്പോർട് ബസിലായിരുന്നു യാത്ര. അടുത്ത ഹിമാലയൻ യാത്ര എന്നാണെന്നാ ഇപ്പോഴത്തെ ചിന്ത.

shabbb5554d

സീരിയലിലെ ‘ശിവേട്ട’നെ പോലെയാണോ സജിൻ?

ഷഫ്ന: ശിവേട്ടന്റെ നേരേ ഓപ്പസിറ്റാണ് വീട്ടിൽ. വളരെ ഫ്രീയായി സംസാരിക്കും. ഇക്കയുടെ അച്ഛൻ ഗൾഫിലായിരുന്നു, മൂത്ത ചേട്ടൻ പഠിച്ചതൊക്കെ പുറത്തും. വീട്ടിൽ അമ്മയും ഇക്കയും മാത്രമായിരുന്നതു കൊണ്ട് അന്നേ ചെല്ലക്കുട്ടിയാണ്. എല്ലാ കാര്യവും ചെയ്തുകൊടുത്ത് കൂടെ നിൽക്കാൻ എനിക്കും ഇഷ്ടമാണ്. അച്ഛൻ വഴക്കു പറയും, ഞാനും അമ്മയുമാണ് ഇക്കയെ വഷളാക്കുന്നതെന്ന്. ശിവേട്ടന്റെ ചില ഗുണങ്ങളും ഇക്കയ്ക്കുണ്ട്. സന്തോഷമാണെങ്കിലും സങ്കടമാണെങ്കിലും ദേഷ്യമാണെങ്കിലും അധികം പ്രകടിപ്പിക്കാറില്ല. ഭയങ്കര കെയറിങ്ങുമാണ്.

എന്തു മാജിക് കാണിച്ചാണ് ഷഫ്നയെ സജിൻ പ്രണയത്തിൽ വീഴ്ത്തിയത് ?

ഷഫ്ന: ഒരു ഇന്റർകാസ്റ്റ് പ്രണയവിവാഹം ഉണ്ടാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. ഇപ്പോഴും അറിയില്ല, ആ മാജിക് എന്തെന്ന്. ദൈവം എനിക്കായി കരുതിവച്ച ഗിഫ്റ്റ് ആകും ഇക്ക. അതിലേക്ക് എത്തിപ്പെട്ടതിൽ സന്തോഷം.

സജിൻ: ‘കഥ പറയുമ്പോൾ’ സൂപ്പർഹിറ്റായി ഓടുന്ന സമയത്താണ് ഷഫ്ന ‘പ്ലസ്ടു’വിൽ നായികയായി വന്നത്. ആ സിനിമയിലെ ഞാനടക്കമുള്ള അഞ്ചു നായകന്മാരും പുതുമുഖങ്ങളാണ്. സത്യം പറഞ്ഞാൽ ഷഫ്നയോടു വലിയ ബഹുമാനമായിരുന്നു. കാണുമ്പോൾ ഹായ്, ബൈ പറയും. അത്രമാത്രം. ഷൂട്ടിങ് തീരാറായപ്പോഴേക്കും മനസ്സിലായി വേറെന്തോ ഇഷ്ടം കൂടിയുണ്ടെന്ന്. ഞാനാണ് തുറന്നുപറഞ്ഞത്. ‘എന്തായാലും പറ്റില്ല’ എന്നായിരുന്നു മറുപടി. പിന്നെ, ഇടയ്ക്കു ഫോൺ വിളിക്കും. ഒരു വർഷം കഴിഞ്ഞപ്പോഴാണ് കല്യാണം കഴിക്കാമെന്നു തീരുമാനിച്ചത്. 

അന്ന് എനിക്കു മൊബൈൽ ഫോൺ ഉണ്ട്. ഷഫ്നയ്ക്ക് ഇല്ല. ഇമെയിലും ഓർക്കുട്ടുമായിരുന്നു ആശ്രയം. വർഷത്തിൽ ഒന്നോ രണ്ടോ വട്ടമാണ് നേരിൽ കാണുന്നത്. വിവാഹം കഴിക്കുമ്പോൾ മതത്തിന്റെയും മറ്റും പേരിൽ ഒരുപാട് പ്രശ്നങ്ങൾ പ്രതീക്ഷിച്ചിരുന്നു. എങ്കിലും അത്രയൊന്നും നേരിടേണ്ടി വന്നില്ലെന്നതാണ് സത്യം. പ്രണയം തുടങ്ങിയ കാലത്തു തന്നെ ‘ചേട്ടാ’ എന്നല്ല ‘ഇക്ക’ എന്നുതന്നെ വിളിച്ചോളൂ എന്നും പറഞ്ഞിരുന്നു.  

‘പ്ലസ്ടു’വിനു ശേഷം ബ്രേക്കായത് ‘സാന്ത്വന’മാണ് ?

സജിൻ: 10 വർഷം മുൻപാണ് ‘പ്ലസ്ടു’ വിൽ അഭിനയിച്ചത്. അതുകഴിഞ്ഞ് തമിഴ് സീരിയൽ ചെയ്തെങ്കിലും  അത്ര ശ്രദ്ധിക്കപ്പെട്ടില്ല. കാര്യമായി അവസരങ്ങൾ വന്നില്ല എന്നതാണു സത്യം. ചാൻസിനായി പലരെയും കണ്ടു. ഓഡിഷനുകളിൽ പങ്കെടുത്തു. പ്രയോജനമൊന്നും ഉണ്ടായില്ല.

ദൈവം എനിക്കു ഷഫ്നയെ തന്നതുപോലെ ഷഫ്ന എനിക്കു തന്ന ഗിഫ്റ്റാണ് ‘സാന്ത്വന’ത്തിലെ റോൾ. ര ഞ്ജിത്തേട്ടനും ചിപ്പി ചേച്ചിയുമായി ചെറുപ്പം മുതലേ അ ടുപ്പമുണ്ട്. പ്രൊഡക്‌ഷൻ കൺട്രോളർ സജി സൂര്യനുൾപ്പെടെ പലർക്കും അവൾ പറഞ്ഞ് എന്റെ അഭിനയമോഹവും അറിയാം.

സജി ചേട്ടനാണ് ഓഡിഷനു വിളിച്ചത്. സംവിധായകൻ ആദിത്യൻ സാറിന്റെ സപ്പോർട് കൂടി കൊണ്ടാണ് ‘സാന്ത്വന’ത്തിലെ റോൾ ബ്രേക്കായത്.

തിരുവനന്തപുരത്തു നിന്ന് തൃശൂരിലെത്തിയ ഷഫ്നയുടെ പാചകം ഏതു സ്റ്റൈലിലാണ് ?

ഷഫ്ന: ആദ്യമൊക്കെ എപ്പോഴും സംശയമായിരുന്നു. അ മ്മയെയും ഇടയ്ക്ക് ഉമ്മയെയും വിളിച്ച് ചില കറികളുടെ കൂട്ടൊക്കെ ചോദിക്കും. ഉമ്മയുടെ തൃശൂർ സ്റ്റൈലിലുള്ള ചിക്കൻ റോസ്റ്റും ബിരിയാണിയുമൊക്കെ ഇവിടെ എല്ലാവർക്കും ഇഷ്ടമാണ്. മീൻകറി, പരിപ്പു കുത്തിക്കാച്ചിയ കറിയൊക്കെ തൃശൂർ സ്റ്റൈലിൽ ഉണ്ടാക്കാനും പഠിച്ചു. വീട്ടിലും ഓണം, പെരുന്നാൾ, ക്രിസ്മസ്, വിഷു, ന്യൂ ഇയർ... എല്ലാം ആഘോഷിക്കും.

സജിൻ: ഷഫ്ന നന്നായി നോൺ വെജ് കുക്ക് ചെയ്യും. ബിരിയാണിയാണ് സ്പെഷൽ ഐറ്റം.

എന്നാണ് നിങ്ങൾ നായകനും നായികയുമാകുന്നത് ?

ഷഫ്ന: എന്റെ സീരിയലിൽ നിന്നുതന്നെ നായകനാകാൻ ഓഫർ വന്നെങ്കിലും ഇക്ക സമ്മതിച്ചിട്ടില്ല. ഞാൻ ലൊക്കേഷനിൽ ഉണ്ടെന്നറിഞ്ഞാലേ ഇക്കയ്ക്ക് ടെൻഷനാണ്.   

സജിൻ: ഷഫ്നയുടെ മുന്നിൽ അഭിനയിക്കാൻ എനിക്കെന്തോ വല്ലാത്ത ചമ്മലാണ്.

ഫോട്ടോ: ആഷിഖ്, The Spark Stories

Tags:
  • Celebrity Interview
  • Movies