Wednesday 24 June 2020 04:44 PM IST : By സ്വന്തം ലേഖകൻ

‘ഒരു ലക്ഷം രൂപയുടെ ഷോർട്ടേജ് ഉണ്ട്, ആരെയും അറിയിക്കേണ്ട’; വിവാഹാലോചന നാടകം പൊളിഞ്ഞതിങ്ങനെ

shamna-threat-update

ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചത് വിവാഹാലോചനയുമായി എത്തിയവര്‍ തന്നെയെന്ന് ഷംന കാസിമിന്റെ വെളിപ്പെടുത്തൽ. ഒരാഴ്ച മുമ്പ് വിവാഹാലോചനയുമായി എത്തിയവർ കുടുംബവുമായി അടുത്തുകൂടി പണം തട്ടാൻ ശ്രമിക്കുകയായിരുന്നെന്ന് ഷംന വ്യക്തമാക്കുന്നു. മറ്റാരും ഇവരുടെ തട്ടിപ്പിൽ ഇരകളാകാതിരിക്കാനാണു പൊലീസിൽ പരാതി നൽകിയതെന്നും കാര്യങ്ങൾ വെളിപ്പെടുത്തിയതെന്നും ഇവർ പറഞ്ഞു.

കാസർകോടുള്ള ടിക് ടോക് താരത്തിന് ഷംനയെ വിവാഹം ആലോചിക്കാൻ എന്ന പേരിലാണ് സംഘം ബന്ധപ്പെട്ടത്. വിവാഹാലോചനയിൽ താൽപര്യം പ്രകടിപ്പിച്ചപ്പോൾ ഇവർ പിതാവുമായും സഹോദരനുമായും ബന്ധപ്പെട്ടിരുന്നു. ഒന്നു രണ്ടു തവണ വരനായി എത്തിയ ആളോട് ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. ഈ സമയംകൊണ്ട് വീട്ടുകാരുമായി ഇവർ അടുപ്പമുണ്ടാക്കി. ഇതിനിടെ കഴി‍ഞ്ഞ ദിവസം വരനായി എത്തിയ ആൾ ഫോണിൽ വിളിച്ച് ഒരു ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടു. ഇത് കേട്ട് ആദ്യം സംശയമായി. അമ്മയോട് പറയാമെന്നു പറഞ്ഞു. ആരേയും അറിയിക്കണ്ട, അവിടെ തന്റെ ഒരു സുഹൃത്ത് വരും, അദ്ദേഹത്തിന്റെ കയ്യിൽ പണം നൽകിയാൽ മതിയെന്നാണ് പറഞ്ഞത്. അത്യാവശ്യം ഒരു ലക്ഷം രൂപയുടെ ഷോർട്ടേജ് ഉണ്ട് എന്നാണ് പറഞ്ഞത്. പിറ്റേദിവസം പിതാവെന്ന് പറഞ്ഞയാളാണ് വിളിച്ചത്. ബന്ധുക്കളെന്ന പേരിൽ വീട്ടിലെത്തിയ സംഘം ചുറ്റുവട്ടത്തെ ദൃശ്യങ്ങളും പകർത്തിയിരുന്നു.

വീട്ടുകാരോട് വിവരം പറഞ്ഞതിനെത്തുടർന്നാണ് പൊലീസിൽ വിവരം അറിയിക്കുന്നത്. ഇതിനിടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വിവാഹാലോചനയുമായി എത്തിയവർ തന്റെ വീടിന്റെയും പരിസരത്തിന്റെയും ചിത്രം മൊബൈൽ ഫോണിൽ പകർത്തിയത് കണ്ടെത്തി. ഇതോടെ അമ്മ തന്നെയാണ് പരാതി നൽകിയതെന്നും ഷംന കാസിം പറഞ്ഞു. അതേസമയം സംഭവത്തിൽ മൂന്നു പേരെ കൂടി പിടികൂടാനുണ്ടെന്ന് മരട് പൊലീസ് അറിയിച്ചു.

അറസ്റ്റിന് പിന്നാലെ സംഭവത്തില്‍ ഷംന കാസിം പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. വിവാഹ ആലോചനയുമായി വന്നവര്‍ ഒരാഴ്ചകൊണ്ട് കുടുംബവുമായി അടുത്തെന്ന് ഷംന പറഞ്ഞു. കോവിഡ് കാലമായതിനാല്‍ നേരിട്ട് പോയി വിവരങ്ങള്‍ അന്വേഷിക്കാനായില്ല. വരനായി വന്നയാള്‍ പണം ചോദിച്ചതോടെയാണ് സംശയം തോന്നിയത്. പരാതിപ്പെട്ടതും വെളിപ്പെടുത്തിയതും മറ്റാരും തട്ടിപ്പിനിരയാകാതിരിക്കാനാണെന്നും ഷംന കാസിം മനോരമ ന്യൂസിനോട് പറഞ്ഞു.

.