Thursday 29 April 2021 03:33 PM IST

‘സീത’യിൽ നിന്ന് പുറത്താക്കി, അപായപ്പെടുത്താൻ ക്വട്ടേഷൻ സംഘവുമായി എത്തി! ആദിത്യനെതിരേ ഗുരുതര വെളിപ്പെടുത്തലുമായി ഷാനവാസ്

V.G. Nakul

Sub- Editor

shanavas-new-1

ഷാനവാസ് എന്നല്ല, രുദ്രനെന്നു പറയണം. എങ്കിലേ മലയാളി കുടുംബ പ്രേക്ഷകർ ഈ ചെറുപ്പക്കാരനെ തിരിച്ചറിയൂ. മുടി പിന്നിലേക്ക് പരത്തി ചീകിയൊതുക്കി നായികയുടെ രക്ഷകനായി അവതരിച്ച സ്നേഹമുള്ള വില്ലനെ മലയാളി സമൂഹം അത്രമേൽ സ്വീകരിച്ചു. പിന്നീട് പ്രേക്ഷകർക്കു മുന്നിലെത്തിയത് മീശ പിരിച്ചു വച്ചു പൗരുഷം തുളുമ്പുന്ന നായകനായാണ്. നായികയുടെ കണ്ണീരിൽ അലിയുന്ന സീരിയൽ പ്രേക്ഷകർക്കു മുന്നിൽ ‘സീത’യുടെ ഇന്ദ്രൻ പ്രിയപ്പെട്ടവനായതു മാത്രം മതി ഷാനവാസിന്റെ ജനപ്രീതി തിരിച്ചറിയാൻ. ഇപ്പോഴിതാ, തന്നെ ‘സീത’ സീരിയലിൽ നിന്നു പുറത്താക്കാനുള്ള കാരണം ആദിത്യൻ ജയനാണെന്ന ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷാനവാസ്.

പത്തു വർഷം മുമ്പുള്ള നിസാര പ്രശ്നത്തിന്റെ പേരിൽ പക മനസിൽ സൂക്ഷിച്ച് ആദിത്യൻ തന്നെ ഉപദ്രവിച്ചെന്നും ഇല്ലാക്കഥകൾ സൃഷ്ടിച്ച് അപമാനിച്ചെന്നും ഷാനവാസ് ‘വനിത ഓൺലൈനോട്’ പറഞ്ഞു. ആദിത്യൻ തെറ്റിദ്ധരിപ്പിച്ചതിന്റെ പേരില്‍ താൻ സീരിയലിൽ നിന്നു പുറത്തായി. ഇതിനൊക്കെ പുറമേ തന്റെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ‌‌‌‌ ഉണ്ടാക്കി ആദിത്യൻ താൻ അഭിനയിച്ചു കൊണ്ടിരുന്ന ‘സീത’ എന്ന സീരിയല്‍ തകർക്കാനും സീരിയലിന്റെ ടീമിൽ പ്രശ്നങ്ങളുണ്ടാക്കാനും ശ്രമിച്ചെന്നും ഷാനവാസ് ആരോപിക്കുന്നു. പിന്നീട് ഒപ്പം അഭിനയിച്ചവരും അണിയറപ്രവർത്തകരും താൻ നിരപരാധിയാണെന്ന് തിരിച്ചറി‍ഞ്ഞെന്നും ക്ഷമ ചോദിച്ചെന്നും ഇപ്പോൾ തെറ്റിദ്ധാരണകൾ മാറി അവർ തന്നെ വച്ച് പുതിയ സീരിയൽ ചെയ്യാനുള്ള തയാറെടുപ്പിലാണെന്നും ഷാനവാസ് വെളിപ്പെടുത്തുന്നു.

ക്ഷമിച്ചത് അമ്പിളി ദേവിയുടെ കുടുംബത്തെ ഓർത്ത്

‘‘എനിക്കെതിരെ ആദിത്യൻ നടത്തിയ കുപ്രചരണങ്ങൾക്കെതിരെയുള്ള എല്ലാ തെളിവുകളും എന്റെ കയ്യിലുണ്ട്. അമ്പിളി ദേവിയോടുള്ള ബഹുമാനം കാരണമാണ് ഞാനതൊന്നും പുറത്തു വിടാതിരുന്നതും ഇത്ര കാലം പ്രതികരിക്കാതിരുന്നെതും. അവരുടെ കുടുംബജീവിതത്തിൽ ഞാൻ കാരണം ഒരു ബുദ്ധിമുട്ടാണ്ടാകരുതെന്നു തോന്നി. ഇനി ആ പരിഗണനയുടെ ആവശ്യമില്ല’’. – ഷാനവാസ് പറയുന്നു.

shanavas-new-2

തന്നെ സീരിയലിൽ നിന്നു ഒഴിവാക്കിയതിനു ശേഷം എന്റെ പേരിൽ സംവിധായകനു വന്ന വധഭീഷണിയുടെ പിന്നിലും ആദിത്യനാണോ എന്നു സംശയമുണ്ടെന്നും ഷാനവാസ്. ‘‘എന്നോട് അവർക്ക് ദേഷ്യം തോന്നാനും പരമാവധി അകറ്റാനും വേണ്ടി അവൻ ഉണ്ടാക്കിയതാണോ ആ വ്യാജ ഭീഷണി എന്നാണ് ഇപ്പോൾ എന്റെ സംശയം. മാത്രമല്ല ഞാനഭിനിയിച്ച മറ്റൊരു സീരിയലിന്റെ അണിയറപ്രവർത്തകരെ വിളിച്ച് എന്റെ അന്നം മുടക്കാൻ ശ്രമിക്കുകയും ചെയ്തു. അത്ര വൃത്തികെട്ട മനസ്സിന്റെ ഉടമയാണ്. പല ഓൺലൈന്‍ ചാനലുകളിലും എന്നെക്കുറിച്ച് മോശമായി സംസാരിച്ചു. പരിഹസിച്ചു. അപ്പോഴൊക്കെ ഞാൻ ഒന്നും പ്രതികരിക്കാതിരുന്നത് സഹപ്രവർത്തകരുടെ ഉപദേശപ്രകാരമാണ്. പ്രതികരിച്ചാൽ എന്നെ തേടി വരിക ക്വട്ടേഷന്‍ ടീമായിരിക്കുമത്രേ. അവർ പറഞ്ഞത് സംഭവിച്ചു. ഒരു ചടങ്ങിനിടെ എന്നെ അപകടപ്പെടുത്താൻ ആദിത്യന്‍ ക്വട്ടേഷൻ ടീമുമായി വന്നു.

ക്വട്ടേഷൻ സംഘവുമായി ആദിത്യൻ

തിരുവനന്തപുരത്തു വച്ച്, ഞാൻ പങ്കെടുക്കേണ്ട ഒരു പരിപാടിയിലേക്കാണ് ആദിത്യന്‍ ക്വട്ടേഷൻ ടീമുമായി എത്തിയത്. വിവരം മനസിലാക്കിയ അടുത്ത സുഹൃത്തുക്കളിലൊരാൾ എന്നെ വിളിച്ചു വിവരം പറഞ്ഞു. അവിടേക്ക് ഞാൻ വരേണ്ടെന്ന് അവൻ ഉപദേശിച്ചു. പക്ഷേ ഞാൻ ചെന്നു. നേരെ ചെന്ന് ആദിത്യനോട് കുശലം ചോദിച്ചു. ഒപ്പം വന്ന ഗുണ്ടകളുടെ നേതാവിനോട് ‘എന്നെ കാണാനല്ലേ വന്നത്. പരിപാടി കഴിഞ്ഞ് ഞാൻ വരാം. കാര്യങ്ങൾ പറഞ്ഞിട്ടു പോയാൽ മതി’ എന്നും പറഞ്ഞു വേദിയിലേക്ക് പോയി. ഞാൻ കാര്യം മനസ്സിലാക്കിയെന്നറിഞ്ഞതോടെ അവർ മുങ്ങി. എന്നെ മാത്രമല്ല, പലരെയും ഇതേ പോലെ ഗുണ്ടകളെ ഉപയോഗിച്ചു വിരട്ടിയിട്ടുണ്ടത്രേ. അത്ര അപകടകാരിയാണവൻ. ‘ഇങ്ങനെ ഒരു മനുഷ്യനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. മനസ്സിൽ വിഷം കൊണ്ടു നടക്കുക, പക കൊണ്ടു നടക്കുക എന്നൊക്കെ കേട്ടിട്ടേയുള്ളൂ. അതാണ് ആദിത്യൻ. എന്തൊരു ദുഷ്ട ചിന്തയാണയാൾക്ക്.

പകയുടെ കാരണം

പത്ത് വർഷം മുമ്പ് ഞാനും ആദിത്യനും ഒന്നിച്ച് ഒരു സിനിമയിൽ അഭിനയിച്ചിരുന്നു. ഞാൻ നായകനും ആദിത്യൻ വില്ലനുമായിട്ടാണ് അഭിനയിച്ചത്. ചെറിയ മുതൽമുടക്കുള്ള, സുഹൃത്തുക്കൾ ചേർന്നൊരുക്കിയ ഒരു കുഞ്ഞു ചിത്രം. ചിത്രത്തിൽ ആദിത്യന് പ്രതിഫലമായി പറഞ്ഞുറപ്പിച്ച തുകയുടെ പകുതി ആദ്യം കൊടുത്തു. ബാക്കി ഷൂട്ട് കഴിഞ്ഞ് കൊടുക്കാം എന്നായിരുന്നു കരാർ. എന്നാൽ ഷൂട്ട് തീരും മുമ്പ് മുഴുവൻ തുകയും വേണമെന്നും ഇല്ലെങ്കിൽ അഭിനയിക്കില്ലെന്നും ആദിത്യൻ വാശി പിടിച്ചു. ഇതോടെ അഭിനയിക്കാൻ എത്തിയില്ലെങ്കിൽ നിയമപരമായി നീങ്ങുമെന്ന് ഞാൻ ആദിത്യനെ വിളിച്ചു പറഞ്ഞു. അന്നു തുടങ്ങിയതാണ് എന്നോടുള്ള പക. മാത്രമല്ല, ഞങ്ങൾ കബളിപ്പിക്കുകയാണെന്ന് രാജൻ പി. ദേവ് ചേട്ടനെ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു. ആദിത്യനെ സിനിമയിലേക്ക് കൊണ്ടുവന്നത് അദ്ദേഹമാണല്ലോ. പക്ഷേ, ചേട്ടന് കാര്യങ്ങൾ മനസ്സിലായതോടെ അദ്ദേഹം ആദിത്യനെ വിളിച്ച് അഭിനയിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അതോടെ ആദിത്യൻ വന്നു. അഭിനയിച്ചു. അതിന്റെ പകയാണ് എന്നെ ഉപദ്രവിക്കാൻ കാരണമായത്. ഞാനിതൊക്കെ അറിയുന്നത് പിന്നീടൊരു ചാനലിൽ അവൻ എന്നെക്കുറിച്ച് ഇതൊക്കെ വച്ച് പകയോടെ സംസാരിച്ചപ്പോഴാണ്. ഞാൻ പോലും അതൊക്കെ എന്നേ മറന്നു പോയിരുന്നു’’. – ഷാനവാസ് പറയുന്നു.