Tuesday 20 July 2021 11:26 AM IST

‘രണ്ട് കി‍ഡ്നിയും തകരാറിലായിരുന്നു, 4 വർഷം ഡയാലിസിസ് ചെയ്തു’! ഉമ്മയുടെ മരണം, വിവാഹ മോചിതനെന്നും കുടുംബം നോക്കാത്തവനെന്നും പ്രചരണം: ഷാനവാസ് പറയുന്നു

V.G. Nakul

Sub- Editor

shanavas

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ഷാനവാസ്. ‘കുങ്കുമപ്പൂ’വിലെ രുദ്രന്‍, ‘സീത’യിലെ ഇന്ദ്രൻ എന്നിങ്ങനെ ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ ഷാനവാസ് മലയാളികളുടെ ഇഷ്ടം നേടി. നായികയുടെ കണ്ണീരിൽ അലിയുന്ന സീരിയൽ പ്രേക്ഷകർക്കു മുന്നിൽ ‘കുങ്കുമപ്പൂ’വിലെ രുദ്രനും ‘സീത’യിലെ ഇന്ദ്രനും പ്രിയപ്പെട്ടവരായതു മാത്രം മതി ഷാനവാസിന്റെ ജനപ്രീതി തിരിച്ചറിയാൻ.

ഇപ്പോഴിതാ, ഷാനവാസിന്റെ കുടുംബജീവിതവുമായി ബന്ധപ്പെട്ട ചില ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. താരം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് പറഞ്ഞതും അതുമായി ബന്ധപ്പെട്ടു വരുന്ന വാർത്തകളും വൈറലാകുന്നു.

താൻ വിവാഹ മോചിതനാണെന്നും ഭാര്യയെയും മക്കളെയും നോക്കാത്തവനാണെന്നും പ്രചരണങ്ങളുണ്ടായതിനെക്കുറിച്ചായിരുന്നു ഷാനവാസ് പറയുന്നത്. താരം തന്റെ കുടുംബ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം ഈ ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നത്.

shanavas 2

‘‘സോഷ്യൽ മീഡിയയിൽ എന്റെ കുടുംബജീവിതവുമായി ബന്ധപ്പെട്ട് വളരെ മോശം കമന്റുകള്‍ ധാരാളമായി വരാറുണ്ട്. ഞാൻ വിവാഹ മോചിതനാണ്, ഞങ്ങൾക്കറിയാം, അയാൾ കുടുംബം നോക്കാത്തൊരാളാണ്, അതുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളിടാത്തത്, കുടുംബവുമൊത്തുള്ള അഭിമുഖങ്ങൾ വരാറില്ലല്ലോ എന്നൊക്കെയാണ് ആരോപണങ്ങൾ. ഞാനിതിനൊന്നും മറുപടി പറയേണ്ട എന്നു തീരുമാനിച്ചിരുന്നതാണ്. ഇപ്പോൾ ഒരു യൂട്യൂബ് ചാനലിന്റെ ഇന്റർവ്യൂവിൽ അവർ ക്യാമറയ്ക്ക് മുന്നിൽ ഇതുമായി ബന്ധപ്പെട്ട് ചോദിച്ചതു കൊണ്ട് മാത്രം മറുപടി പറഞ്ഞു എന്നേയുള്ളൂ. തീർത്തും അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് എല്ലാം. എന്റെ കുടുംബ ജീവിതത്തില്‍ യാതൊരു പ്രശ്നങ്ങളുമില്ല. എന്റെ നാട്ടുകാർക്കും കൂട്ടുകാർക്കുമൊക്കെ അറിയാം. എന്റെ നാട്ടിൽ വന്നു തിരക്കിയാൽ മതിയല്ലോ. ഞാൻ ഈ പറയുന്നത് അവരൊക്കെ കാണില്ലേ. അപ്പോൾ ഞാൻ കള്ളമാണ് പറയുന്നതെങ്കില്‍ അവർ പ്രതികരിക്കുമല്ലോ. അതാണ് ഞാൻ പറഞ്ഞത്, ഞാനും എന്റെ ഭാര്യയും മക്കളും സന്തോഷത്തോടെയാണ് ജീവിക്കുന്നത്. പറയുന്നവർക്ക് എന്തും പറയാം. അതൊന്നും ശ്രദ്ധിക്കുന്നില്ല’’. – ഷാവനാസ് ‘വനിത ഓൺലൈനോട്’ പറഞ്ഞു.

shanavas-3
ഷാനവാസും ഉമ്മയും

ഉമ്മ പോയി

എന്റെ കുടുംബത്തിന്റെ സ്വകാര്യതെ മാനിച്ചാണ് ഞാൻ അവരുടെ ചിത്രങ്ങൾ പങ്കു വയ്ക്കാത്തത്. എന്റെ കുടുംബത്തെ ജനങ്ങളെ കാണിക്കില്ല എന്ന നിർബന്ധബുദ്ധിയൊന്നും എനിക്കില്ല. അവരുടെ ചിത്രങ്ങളൊക്കെയിട്ട് ഈ നെഗറ്റീവ് കമന്റുകളിലേക്ക് വെറുതേ വലിച്ചിഴയ്ക്കുന്നതെന്തിന്.

shanavas-5

അടുത്തിടെയാണ് എന്റെ ഉമ്മാന്റെ ഫോട്ടോ പോലും ഞാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. 4 മാസം മുമ്പ് ഉമ്മ മരിച്ചു. ഉമ്മയ്ക്ക് തീരെ വയ്യാതെ, ഡയാലിസിസ് ചെയ്യുന്ന സമയത്താണ് ഞാൻ ആ ചിത്രം പങ്കുവച്ചത്.

shanavas-4

ഉമ്മയുടെ രണ്ട് കി‍ഡ്നിയും തകരാറിലായിരുന്നു. 4 വർഷമായി ഡയാലിസിസ് ചെയ്യുകയായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളൊക്കെയുള്ളതിനാൽ കി‍ഡ്നി മാറ്റി വയ്ക്കാനാകുമായിരുന്നില്ല. ആഴ്ചയിൽ 3 പ്രാവശ്യം ഡയാലിസിസ് ചെയ്യുകയായിരുന്നു. മാസത്തില്‍ മഞ്ചേരിയിൽ നിന്നു കോഴിക്കോട്ടു കൊണ്ടുപോയി ചെക്കപ്പ് ചെയ്യും. അങ്ങനെ പോകുന്നതിനിടെ ഒരു ദിവസം കാർഡിയാക് അറസ്റ്റ് വന്ന്, രാത്രി ഒരു മണിക്ക് ആശുപത്രിയിലെത്തിച്ചു. പൾസ് കുറഞ്ഞു. വെന്റിലേറ്ററിലായിരിക്കെ മരിച്ചു– മാർച്ചിൽ. ഞാനപ്പോൾ ഒരു ആക്സിഡന്റില്‍ കാലിന് പരുക്കേറ്റ് വിശ്രമത്തിലായിരുന്നു. ആകെ തകർന്നു പോയി. മൈമുന എന്നാണ് ഉമ്മയുടെ പേര്. എന്റെ ഭാര്യയുടെ പേര് സുഹാന. മക്കൾ – ഇബിനു ഷാൻ, നെസ്നി ഷാൻ.