Monday 01 April 2024 10:28 AM IST : By സ്വന്തം ലേഖകൻ

‘ഈ മെസേജ് ചേട്ടൻ കാണുമോ എന്ന് എനിക്കറിയില്ല’: ശ്യാമിന്റെ മെസേജ് പൃഥ്വി കണ്ടു, മറുപടിയും വന്നു

shyam-mohan

‘ആടുജീവിതം’ സിനിമ കണ്ട ശേഷം പൃഥ്വിരാജിന് മേസേജ് അയച്ചതിന്റെയും താരം മറുപടി നൽകിയതിന്റെയും സന്തോഷം പങ്കുവച്ച് യുവനടൻ ശ്യാം മോഹൻ.

‘ചേട്ടാ ഞാൻ പ്രേമലു സിനിമയിൽ ആദി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ശ്യാം ആണ്. ഈ മെസേജ് ചേട്ടൻ കാണുമോ എന്ന് എനിക്കറിയില്ല. ഞാൻ ആദ്യമായി ഒറ്റയ്ക്ക് തിയറ്ററിൽ പോയി കണ്ട പടം രാജുവേട്ടന്റെ ‘സത്യം’ ആണ്. അന്നു മുതൽ ഉള്ള ഇഷ്ടം ആണ്. ഇന്ന് ആടുജീവിതം കണ്ടപ്പോൾ എനിക്കത് ഒരു വ്യക്തിപരമായി എന്റെ വിജയമായി തോന്നി. ചേട്ടന്റെ പ്രകടനം ഏറ്റവും മികച്ചതായിരുന്നു. എന്നെങ്കിലും നേരിട്ട് കാണുമ്പോൾ ചേട്ടനോടൊപ്പം ഒരു ഫോട്ടോ എടുക്കണമെന്ന് ആഗ്രഹമുണ്ട്. സ്നേഹത്തോടെ ശ്യാം’ എന്നാണ് ശ്യാം പൃഥ്വിരാജിനയച്ച മെസേജ്.

ശ്യാമിന്റെ മെസ്സേജിന് പൃഥ്വിരാജ് ഉടൻ മറുപടി നൽകി.‘ശ്യാം, പ്രേമലുവിന്റെ വലിയ വിജയത്തിന് അഭിനന്ദനങ്ങൾ. ആടുജീവിതം ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞതിൽ സന്തോഷം. എപ്പോഴെങ്കിലും ശ്യാമിനെ നേരിട്ട് കാണാം എന്ന് കരുതുന്നു’ എന്നാണ് പൃഥ്വിരാജ് മറുപടി കുറിച്ചത്. ‘ചേട്ടൻ മറുപടി തന്നതിന് ഒരുപാട് നന്ദി നേരിട്ട് കാണുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു, ആടുജീവിതത്തിനു പിന്നിൽ പ്രവർത്തിച്ച ചേട്ടനും മറ്റു അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ’ എന്നായിരുന്നു ശ്യാമിന്റെ മറുപടി.

യുവതാരങ്ങളായ നസ്ലനും മമിതാ ബൈജുവും നായികാനായകന്മാരായെത്തി സൂപ്പർഹിറ്റായ പ്രേമലുവിൽ ആദി എന്ന കഥാപാത്രത്തെയാണ് ശ്യാം അവതരിപ്പിച്ചത്.