Thursday 02 July 2020 04:32 PM IST

‘നീ നന്നായി പാടുന്നുണ്ട്, നല്ലൊരു പാട്ടുകാരനാകും... താത്ത അന്നേ പറഞ്ഞു’; ഹൃദയത്തിൽ തൊടുന്ന ഓർമകളുമായി കെ എസ് ഹരിശങ്കർ

V N Rakhi

Sub Editor

harishankarhbjbnj

സംഗീതസംവിധായകൻ എം.ജി. രാധാകൃഷ്ണനെക്കുറിച്ച് പത്താം ചരമവാർഷികദിനത്തിൽ അദ്ദേഹത്തിന്റെ സഹോദരി ഡോ. കെ. ഓമനക്കുട്ടിയുടെ കൊച്ചുമകനും യുവഗായകനുമായ കെ എസ് ഹരിശങ്കർ പങ്കുവച്ച ഓർമകൾ... 

"താത്തയോടൊപ്പമുള്ള പതിനഞ്ചു വർഷത്തെ ഓർമകളുണ്ടെനിക്ക്. മൂന്നു വയസ്സുകാരനായ എന്നെ കർണാടക സംഗീതവും ലളിതഗാനവുമൊക്കെ പഠിപ്പിക്കുന്ന താത്ത... അദ്ദേഹത്തെക്കുറിച്ചുള്ള എന്റെ ഓർമകൾ തുടങ്ങുന്നത് അവിടെ നിന്നാണ്. താത്ത എന്നാണു ഞാൻ അപ്പൂപ്പനെ വിളിച്ചിരുന്നത്. എങ്ങനെയാണ് ആ വിളി ശീലിച്ചത് എന്നറിയില്ല. 

സപ്തസ്വരങ്ങൾ പാടിത്തരുന്ന താത്തയുടെയും അത് ഏറ്റുപാടുന്ന എന്റെയും,  ദ്വിജാവന്തി രാഗത്തിൽ ചേതശ്രീ... എന്നു തുടങ്ങുന്ന കീർത്തനം താത്ത എന്നെ പഠിപ്പിക്കുന്നതുമൊക്കെ വിഡിയോ കസെറ്റിൽ റെക്കോഡ് ചെയ്തിരുന്നു. സ്വരങ്ങൾ പാടിത്തന്ന് ഞാനത് ഏറ്റുപാടിക്കഴിഞ്ഞപ്പോൾ അദ്ദേഹം പറയുന്നു, ‘‘ നീ നന്നായി പാടുന്നുണ്ട്. നല്ലൊരു പാട്ടുകാരനാകും...’’ അന്ന് ആ വാക്കുകളുടെ വില മനസ്സിലായില്ലെങ്കിലും ഇന്ന് ഞാനതു തിരിച്ചറിയുന്നു. താത്തയെക്കുറിച്ചുള്ള ഹൃദയത്തിൽതൊടുന്ന ഓർമയാണത്. ഇപ്പോഴും ഇടയ്ക്ക് പ്ലേ ചെയ്ത് കാണാറുണ്ട് അതൊക്കെ."

രാജകീയം ആ കച്ചേരികൾ

ആരും അധികം കേട്ടിട്ടില്ല താത്തയുടെ സംഗീതക്കച്ചേരി. അതിശയിപ്പിച്ചു കളയും. രാജകീയമായിരുന്നു ഓരോ കച്ചേരിയും. കേൾക്കേണ്ടതു തന്നെയാണ്. അദ്ദേഹം പാടിയ കച്ചേരികളുടെ സിഡി കേൾക്കുമ്പോൾ ചിന്തിക്കാൻ പോലും കഴിയാത്ത രീതിയിലാണല്ലോ പാടിയിരിക്കുന്നത് എന്ന് അദ്ഭുതപ്പെടാറുണ്ട് ഞാൻ.

വളരെ ആക്ടീവ് ആയ പെഴ്സണാലിറ്റി ആയിരുന്നു താത്ത. ചെറിയവർ– വലിയവർ വ്യത്യാസമില്ലാതെ എല്ലാവരോടും ഒരുപോലെ പെരുമാറും. എല്ലാവരോടും ദയയോടെ മാത്രം പെരുമാറുന്ന വ്യക്തി എന്ന നിലയിൽ അദ്ദേഹത്തോട് എനിക്കെന്നും ബഹുമാനമാണ്. വീട്ടിലിരുന്നു തന്നെയാണ്  പാട്ട് കംപോസ് ചെയ്യാറുള്ളത്. ഒരേ വീട്ടിൽ താമസിച്ചിരുന്നതുകൊണ്ട് അതെല്ലാം എനിക്കും കാണാൻ സാധിച്ചു. ഒരുപാട് നേരമൊന്നും വേണ്ട താത്തയ്ക്ക് ഒരു പാട്ടുണ്ടാക്കാൻ. ഏറെ രസിച്ചിരുന്ന് ഈണമിടും. 

hafdtfyyf555

അധികനേരവും താത്ത വീട്ടിൽത്തന്നെയുണ്ടാകും. എപ്പോഴും മുറുക്കിക്കൊണ്ടിരിക്കും. ഒപ്പം പാട്ടു പാടുന്നുമുണ്ടാകും. വല്ലാത്ത ഭക്ഷണപ്രിയനായിരുന്നു താത്ത. എപ്പോഴും റെസ്റ്ററന്റുകളിൽ നിന്ന് ഇഷ്ടം പോലെ ഭക്ഷണം വാങ്ങിക്കൊണ്ടു വന്ന് എല്ലാവരെയും വിളിച്ചിരുത്തി ഒരുമിച്ചു കഴിക്കുമായിരുന്നു. റെക്കോഡിങ് കഴിഞ്ഞാൽ ആദ്യം വീട്ടിൽ കൊണ്ടു വന്ന് കേൾപ്പിക്കും. ദാസ് സാറ് പാടിയതിനെക്കുറിച്ചൊക്കെ കുറേ നേരം സംസാരിക്കും. അദ്വൈതമന്ത്രങ്ങൾ...എന്നു തുടങ്ങുന്ന പാട്ടാണ് അങ്ങനെ അവസാനമായി ഞങ്ങളെ കേൾപ്പിച്ചത്. 

ലാലേട്ടൻ, സുരേഷേട്ടൻ, ദാസേട്ടൻ...അങ്ങനെ ഒരുപാടു പേര്‍ താത്തയെ കാണാൻ വീട്ടിൽ വരും. തീരെ പ്രതീക്ഷിക്കാതെ സെലിബ്രിറ്റികളെ കാണുമ്പോൾ ‘യ്യോ, ഇതാരാ ഇരിക്കുന്നത് എന്ന് അദ്ഭുതപ്പെട്ടുപോകും.’ അങ്ങനെയായിരുന്നു ഓരോ ദിവസവും. അമ്മായി ഇവർക്കെല്ലാം ഭക്ഷണമൊരുക്കും. താത്ത പോയിട്ട് പത്തുവർഷമായി. ഇത്തവണ താത്തയെ ഓർക്കുമ്പോൾ  അമ്മായിയും താത്തയ്ക്കൊപ്പം എത്തിയിരിക്കുന്നു... 

ശബ്ദം മാറാൻ കാത്തു നിൽക്കാതെ...

തൈക്കാട് ആഞ്ജനേയ ക്ഷേത്രത്തിലെ അരങ്ങേറ്റവും എന്റെ പരിപാടികളുമൊക്കെ കാണാൻ താത്ത കൃത്യമായി എത്തി. കർണാടിക് പാടണം, കുറേ കച്ചേരികൾ ചെയ്യണം എന്നായിരുന്നു എന്റെ ആഗ്രഹം. സിനിമയിൽ പാടാൻ താൽപര്യമില്ലായിരുന്നു. അതുകൊണ്ട് ഗാനമേളയ്ക്ക് പാടാൻ വിളിച്ചാൽ പേടിയായിരുന്നു. നീയെന്താ സിനിമയിൽ പാടുന്നില്ലേ എന്ന് ഇടയ്ക്ക് ചോദിക്കും. പതിനഞ്ച്– പതിനാറ് വയസ്സിൽ ആൺകുട്ടികളുടെ ശബ്ദത്തിന് മാറ്റം വരുമല്ലോ. നിന്റെ ശബ്ദമൊക്കെ മാറട്ടെ എന്നിട്ടു പാടാം എന്നു പറഞ്ഞിരുന്നു. പക്ഷേ അപ്പോഴേക്കും താത്ത പോയി.

താത്തയ്ക്കു വേണ്ടി ആദ്യമായി പാടിയ സിനിമ സാഫല്യം ആണ്. എനിക്ക് നാലോ അഞ്ചോ വയസ്സേ ഉള്ളൂ. ദാസ് സാർ പാടുന്ന പാട്ടിന്റെ തുടക്കത്തിലെ നാലുവരി മാത്രമേ എനിക്കു പാടേണ്ടിയിരുന്നുള്ളൂ. ഋഷിവംശം എന്ന ചിത്രത്തിൽ ചിത്രമ്മായിയുടെ കൂടെയും ഒരുപാട്ട് പാടി. നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ... ആണ് താത്തയുടെ പാട്ടുകളിൽ എനിക്കേറ്റവും ഇഷ്ടം. ദേവാസുരം, മണിച്ചിത്രത്താഴ് സിനിമകളിലെ പാട്ടുകളും ഒരുപാടിഷ്ടം.

harfyguhuhh777
Tags:
  • Movies