ADVERTISEMENT

മലയാളത്തിന്റെ പ്രിയനടിയാണ് ശിവദ. നടൻ മുരളീകൃഷ്ണനാണ് താരത്തിന്റെ ജീവിത പങ്കാളി. അടുത്തിടെ ഇരുവരുടെയും ജീവിതത്തിലേക്ക് പുതിയ അതിഥിയായി മകൾ അരുന്ധതിയും എത്തി. ഇപ്പോഴിതാ, ഗർഭകാലത്തെ തന്റെ അനുഭവങ്ങളെക്കുറിച്ച് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശിവദ പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ വൈറൽ.

‘‘സിനിമയും ഡാന്‍സും യാത്രകളുമൊക്കെയായി തിരക്കേറിയ ജീവിതമായിരുന്നു. അതിനിടയിലാണ് കുഞ്ഞതിഥിയെ വരവേല്‍ക്കാനായുള്ള തയാറെടുപ്പുകള്‍ തുടങ്ങിയത്. ജോലിക്ക് പോവാതെ വീട്ടിലിരുന്ന സമയത്ത്, എല്ലാവരും ശ്രദ്ധിച്ചു തുടങ്ങിയപ്പോൾ ആഗ്രഹിക്കുന്നതു പോലെ കാര്യങ്ങളെല്ലാം ഇനി ഒറ്റയ്ക്ക് ചെയ്യാനാവില്ലെന്ന് തിരിച്ചറിഞ്ഞു. ആ സമയത്ത് ദേഷ്യവും സങ്കടവുമൊക്കെ വരുമായിരുന്നു. അമ്മയാവാനുള്ള തയാറെടുപ്പില്‍ എപ്പോഴും സന്തോഷവതിയായിരിക്കാനും ശ്രമിച്ചു. ഇടയ്ക്ക് മൂഡ് മാറുമ്പോള്‍ ഒറ്റയ്ക്കിരുന്ന് കരയും.

ഭക്ഷണം കഴിക്കാന്‍ പറ്റാത്തതിനാല്‍ ശരീരം വല്ലാതെ മെലിഞ്ഞു. യോഗയും മെഡിറ്റേഷനുമൊക്കെ ചെയ്യുമായിരുന്നു. ധാരാളം പാട്ടുകളും കേള്‍ക്കാറുണ്ടായിരുന്നു. ആ സമയം സിനിമയില്‍ ചില അവസരങ്ങള്‍ സ്വീകരിക്കാന്‍ കഴിഞ്ഞില്ല. ലൂസിഫറില്‍ അഭിനയിച്ചത് ഗര്‍ഭിണിയായിരിക്കുമ്പോഴായിരുന്നു. രണ്ട് ദിവസത്തെ ഷൂട്ടേ ഉണ്ടായിരുന്നുള്ളൂ.

പ്രസവ ശേഷം, കുഞ്ഞ് കരയുമ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥയിലായിരുന്നു. ഉറക്കമില്ലാത്ത രാത്രികളിലൂടെയായിരുന്നു കടന്നുപോയിരുന്നത്. അതിരാവിലെയൊക്കെ അവളെ കയ്യിലെടുത്ത് ഇരിക്കേണ്ടി വന്നിട്ടുണ്ട്. ഉറക്കമില്ലായ്മയും ക്ഷീണവുമൊക്കെയായി ആ സമയത്ത് വല്ലാത്ത അവസ്ഥയിലായിരുന്നു. അമ്മയും മുരളിയുമൊക്കെ ശക്തമായ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.

പ്രസവശേഷം തടി കൂടിയില്ല. അത്തരത്തില്‍ പേടിയുണ്ടെങ്കിലാണ് ഭാരം കൂടുകയെന്നും ശിവദ പറയുന്നു.

പ്രസവം കഴിഞ്ഞ് മൂന്നാം മാസം അഭിനയിക്കാന്‍ പോയി. അമ്മയാണ് ആ സമയത്ത് മകളുടെ കാര്യങ്ങള്‍ നോക്കിയത്. അങ്ങനെയാണ് വീണ്ടും അഭിനയിക്കാന്‍ തുടങ്ങിയതെന്നും ശിവദ പറയുന്നു.

ADVERTISEMENT