Tuesday 05 November 2019 05:56 PM IST

‘സ്റ്റാർ സിങ്ങർ’ ജയിച്ചു ചെന്നപ്പോൾ പ്രിൻസിപ്പൽ പറഞ്ഞു, അങ്ങോട്ട് മാറി നിൽക്ക് കൊച്ചേ...! 11 വർഷം ആരും അന്വേഷിക്കാത്ത സോണിയ ഇവിടെയുണ്ട്

V.G. Nakul

Sub- Editor

s1

നാലാം വയസുമുതല്‍ സംഗീതം പഠിച്ചു തുടങ്ങിയ, കുട്ടിക്കാലം മുതൽ ഗാനമേളകളിൽ പാടിയിരുന്ന ഒരു കൊച്ചു പെൺകുട്ടി. ഒരു പരിപാടിക്ക് 250 രൂപയായിരുന്നു അവളുടെ പ്രതിഫലം. അവളുടെ കുടുംബത്തെ സംബന്ധിച്ച് ആ ചെറിയ വരുമാനം അത്ര പ്രധാനമായിരുന്നു താനും. രാത്രി മുഴുവൻ പാടിത്തളർന്ന്, പകൽ സ്കൂളിലെത്തുന്ന അവൾ മിക്കപ്പോഴും ക്ലാസിലിരുന്ന് ഉറക്കം തൂങ്ങും. പത്താം ക്ലാസിലെത്തിയപ്പോൾ അധ്യാപകര്‍ അവളുടെ അമ്മയെ വിളിപ്പിച്ചു. ക്ലാസിൽ ഇരുന്നുറങ്ങുന്ന ഇവള്‍ എങ്ങനെ എസ്.എസ്.എൽ.സി പാസാകാൻ? അന്ന് മകളുടെ പഠനം മുടങ്ങാതിരിക്കാൻ ആ അമ്മയ്ക്ക് കരഞ്ഞപേക്ഷിക്കേണ്ടി വന്നു. പക്ഷേ, റിസൾട്ട് വന്നപ്പോൾ എല്ലാവരും ഞെട്ടി. അവൾ ഡിസ്റ്റിങ്ഷനോടെ പത്താംതരം വിജയിച്ചിരിക്കുന്നു. പ്ലസ് ടൂവിനും ആ മികവ് അവൾ ആവർത്തിച്ചു. അക്കാഡമിക് രംഗത്ത് ഉയരങ്ങൾ കീഴടക്കാനുള്ള പ്രതിഭയുണ്ടായിട്ടും അവൾ തീരുമാനിച്ചത് സംഗീതത്തിന്റെ വഴി തിരഞ്ഞടുക്കാനായിരുന്നു. അവൾക്ക് പക്ഷേ ആ വഴിയിൽ അർഹിക്കുന്ന ഉയരത്തിൽ എത്താനായോ? ആ ചോദ്യത്തിന് ഉത്തരം തേടും മുമ്പ് ആ കുഞ്ഞു പാട്ടുകാരി ആരാണെന്നറിയണം...

മലയാളം ടെലിവിഷൻ ചരിത്രത്തിലെ എക്കാലത്തെയും ഹിറ്റ് പരിപാടികളിൽ ഒന്നായിരുന്നു മ്യൂസിക് റിയാലിറ്റി ഷോ ആയ ‘സ്റ്റാർ സിങ്ങർ’. വിവിധ സീസണുകളിലായി നൂറുകണക്കിനു യുവഗായകരെ ആ പരിപാടി മലയാള സംഗീത ലോകത്തിന് സമ്മാനിച്ചു. അതിൽ ഇപ്പോഴും മലയാളികൾ ഹൃദയത്തോട് ചേർത്തുവയ്ക്കുന്ന ശബ്ദവും പേരുമാണ് സോണിയ.


ബ്രോ സിസ് റിലേഷൻ, അതിന്റെ ഫീലൊന്നു വേറെയാ; ടിക് ടോക്കിലെ വൈറൽ കരച്ചിലിനു പിന്നിലുണ്ട് ഒരു കലിപ്പൻ പ്രണയകഥ

s2

‘സ്റ്റാർ സിങ്ങർ – 2008’ ൽ ഒന്നാം സ്ഥാനം നേടി സംഗീത ലോകത്തിന്റെ അഭിനന്ദനങ്ങൾ വാരിക്കൂട്ടിയ ഈ യുവഗായികയെക്കുറിച്ച് പിന്നീട് ആരും അധികമൊന്നും കേട്ടില്ല. കഴിഞ്ഞ പതിനൊന്നു വർഷം സോണിയ എവിടെയായിരുന്നു. ആദ്യ റൗണ്ടില്‍ പുറത്തായവർ പോലും ‘സ്റ്റാർ സിങ്ങർ ഫെയിം’ എന്ന പേരിൽ സിനിമയിലും ചാനൽ പ്രഭാവത്തിലും തിളങ്ങിയപ്പോൾ ഈ ഒന്നാം സ്ഥാനക്കാരിക്കു മാത്രം എന്തുകൊണ്ട് സിനിമയിൽ അവസരങ്ങൾ ലഭിച്ചില്ല. കെ.ജെ യേശുദാസും എസ്.ജാനകിയും ഉൾപ്പടെയുള്ള ഇതിഹാസങ്ങൾ ഭാവിയുള്ള ഗായികയെന്നു വിശേഷിപ്പിച്ചപ്പോഴും എ.ആര്‍ റഹ്മാനും ഇളയരാജയും ഉൾപ്പടെയുള്ളവർ ശ്രദ്ധിച്ചപ്പോഴും എന്തുകൊണ്ട് മലയാള സിനിമ ഈ മനോഹര ശബ്ദത്തെ ഉപയോഗിച്ചില്ല. തന്റെ സംഗീത–വ്യക്തി ജീവിതത്തെക്കുറിച്ച് സോണിയ ‘വനിത ഓൺലൈനു’മായി മനസ്സ് തുറക്കുന്നു.

റിയാലിറ്റി ഷോകളിലെ വിജയതാരം

ആറാം ക്ലാസിൽ പഠിക്കുമ്പോൾ ‘വോയ്സ് ഓഫ് ആലപ്പി’ മത്സരത്തിൽ എനിക്ക് ഒന്നാം സ്ഥാനം കിട്ടി. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ‘സ്വരമഞ്ജരി’ എന്ന റിയാലിറ്റി ഷോയിലും പ്ലസ് വണ്ണിന് പഠിക്കുമ്പോൾ ‘സൂപ്പർ സിങ്ങറി’ലും ഒന്നാം സമ്മാനം നേടി. 2006 ൽ ‘ഗന്ധർവ സംഗീത’ത്തിൽ ഫൈനൽ റൗണ്ട് വരെ എത്തിയ ശേഷമാണ് ‘സ്റ്റാർ സിങ്ങറി’ൽ പങ്കെടുത്തത്. ഞാനും വിവേകാനന്ദനുമായിരുന്നു ആ വർഷത്തെ വിജയികൾ. 2014 ൽ ആണ് തമിഴിൽ ‘സൂപ്പർസിങ്ങറി’ന്റെ ഫൈനൽ റൗണ്ട് വരെ എത്തിയത്. അതിൽ എന്നെ ജാനകിയമ്മ കരഞ്ഞു കൊണ്ട് കെട്ടിപ്പിടിച്ചതൊക്കെ വലിയ അനുഭവമായി. ആ മത്സരം തമിഴില്‍ എനിക്കു ഗുണം ചെയ്തു. ധാരാളം ലെജൻഡ്സിനു മുമ്പിൽ പാടാൻ പറ്റി.

മങ്ങിപ്പോയ പ്രതീക്ഷകൾ

s4

സ്റ്റാർ സിങ്ങർ കഴിഞ്ഞപ്പോൾ സിനിമയിൽ നിന്നു ധാരാളം അവസരം വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എല്ലാവരും അങ്ങനെയാണ് പറഞ്ഞതും. പക്ഷേ, അതിനു ശേഷം 11 വർഷം കഴിഞ്ഞു. എന്നെ തേടി ഇതുവരെ ഒരു അവസരവും വന്നില്ല. ചില ചെറിയ ചിത്രങ്ങളിൽ പാടിയെങ്കിലും ഒന്നും ഗുണപ്പെട്ടില്ല. അതും അധികമൊന്നുമില്ല, ഒന്നോ രണ്ടോ മാത്രം. സ്റ്റാർ സിങ്ങറിനു മുമ്പാണ് ‘മൈ മദേഴ്സ് ലാപ്ടോപ്പി’ലെ ‘ജലശയ്യയില്‍...’ എന്ന പാട്ട് പാടിയത്.

ശ്രദ്ധിച്ച തമിഴ്

തമിഴിൽ പക്ഷേ രണ്ടു മൂന്നു പാട്ടുകള്‍ പാടി. വിജയ് സേതുപതിയുടെ ഒരു സിനിമയിലും പാടിയിരുന്നു. പിന്നീട് കണ്ടപ്പോൾ ആ പാട്ട് അദ്ദേഹത്തിന് ഒരുപാട് ഇഷ്മാണ് എന്നു പറഞ്ഞു. പക്ഷേ പടം ഇതുവരെ റിലീസാകാതിരുന്നത് തിരിച്ചടിയായി. ‘കൊച്ചടയാനി’ൽ റഹ്മാന്‍ സാറിനു വേണ്ടിയും ‘ഷമിതാബി’ൽ രാജ സാറിനു വേണ്ടിയും കോറസ് പാടി. ഇപ്പോൾ സി.സത്യ സാറിനു വേണ്ടി പരസ്യചിത്രങ്ങളിൽ പാടിയിട്ടുണ്ട്. പാർത്ഥിപന്‍ സാറിന്റെ ‘ഒറ്റസെരുപ്പ്’ എന്ന ചിത്രത്തിലും പാടി. കച്ചേരി ചെയ്യുന്നുണ്ട്. പത്താംക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അരങ്ങേറ്റം. ഇതിനകം അറുപതോളം കച്ചേരികൾ ചെയ്തു. ഇപ്പോള്‍ ഡിവോഷണൽ കൂടി മിക്സ് ചെയ്താണ് പാടുന്നത്.

സംഗീത കുടുംബം

s3

ആലപ്പുഴയാണ് എന്റെ നാട്. അമ്മയുടെ അച്ഛൻ ഗണപതി ആചാരി ഗായകനാണ്. അമ്മ കൃഷ്ണവേണിയും പാടും. ചേച്ചി ധന്യ സംഗീത അധ്യാപികയാണ്. അച്ഛൻ ശശിധരൻ. വീട്ടിൽ നിന്നു നല്ല സപ്പോർട്ടാണ്. എന്റെ വലിയ ശക്തി മാധ്യമ പ്രവർത്തകൻ കൂടിയായ ഭർത്താവ് ആമോദാണ്. ഞാൻ കരിയറിൽ വിജയിക്കണം എന്ന് എന്നെക്കാൾ ആഗ്രഹിക്കുന്നതും അതിനു വേണ്ടി ശ്രമിക്കുന്നതുമൊക്കെ അദ്ദേഹമാണ്. എന്റെ ശബ്ദം ഒരിക്കലെങ്കിലും തിയറ്ററിൽ കേൾക്കണം എന്നു ഞാൻ ഒരിക്കൽ പറഞ്ഞു. അത് അദ്ദേഹത്തെ വല്ലാതെ തൊട്ടു. ഇപ്പോൾ അതിനു വേണ്ടിയുള്ള ശ്രമത്തിലാണ് ആമോദ്.

ഭാഗ്യം മാറി നിൽക്കുന്നു

സിനിമയിൽ എന്നെ ഭാഗ്യം കടാക്ഷിക്കുന്നില്ല എന്നാണ് തോന്നുന്നത്. അവസരം ചോദിക്കാനും മടിയാണ്. എങ്കിലും ചോദിക്കാറുണ്ട്. പക്ഷേ മറ്റൊരാൾക്ക് ബുദ്ധിമുട്ടാകരുത് എന്നുണ്ട്.

ദുരനുഭവങ്ങളുടെ പഠനകാലം

സ്വാതി തിരുന്നാൾ മ്യൂസിക് കോളജിൽ പഠിക്കണം എന്നു വലിയ ആഗ്രഹമായിരുന്നു. എന്റെ ചേച്ചിയും അവിടെയാണ് പഠിച്ചത്. അങ്ങനെ അവിടെ ചേർന്നു. രണ്ടാം വർഷം പഠിക്കുമ്പോഴാണ് സ്റ്റാർ സിങ്ങറിൽ പങ്കെടുത്തത്. അധ്യാപകരും പ്രിൻസിപ്പലുമൊക്കെ വലിയ സപ്പോർട്ടായിരുന്നു. അങ്ങനെയാണ് റീ അഡ്മിഷന് ശ്രമിച്ചത്. ലതിക ടീച്ചർ വലിയ സപ്പോർട്ട് നൽകി. പക്ഷേ, ഞാന്‍ ചെല്ലുമ്പോൾ പ്രിൻസിപ്പൽ മാറി പുതിയ ഒരാള്‍ വന്നിരുന്നു. അവർ വളരെ മോശമായാണ് പെരുമാറിയത്. ‘അങ്ങോട്ട് മാറി നിൽക്ക് കൊച്ചേ...’ എന്നൊക്കെ പറഞ്ഞ് കുറേ ഇൻസൾട്ട് ചെയ്തു. കുറേ ഇട്ട് ഓടിച്ചു. അത് കണ്ടപ്പോൾ ലതിക ടീച്ചറിനും സങ്കടമായി. ടീച്ചർ പറഞ്ഞിട്ടാണ് മദ്രാസ് യൂണിവേഴ്സിറ്റിയിൽ ചേർന്നത്. ഇപ്പോൾ എം.എ കഴിഞ്ഞു.