Thursday 09 July 2020 10:27 AM IST

ഒടിടി റിലീസ് ചെയ്യുന്ന ആദ്യ സിനിമയായതുകൊണ്ടാണ് ഞാനിതിന് സമ്മതിച്ചത് രണ്ടാമത്തേത്തോ മൂന്നാമത്തേത്തോ ആണെങ്കിൽ ചെയ്യില്ലായിരുന്നു ; വിജയ ലഹരിയിൽ വിജയ് ബാബു സംസാരിക്കുന്നു

Unni Balachandran

Sub Editor

vij

മലയാള സിനിമയിലെ ആദ്യ ഓൺലൈൻ റിലീസായിയെത്തിയ സിനിമയാണ് ‘സൂഫിയും സുജാതയും’. നാരാണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത് സിനിമയിൽ ജയസൂര്യ, അദിതിറാവു ഹൈദരി, ദേവ് മോഹൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. വിജയ് ബാബു നിർമിച്ച ചിത്രത്തിന്റെ ഒടിടി റിലിസിനോടനുബന്ധിച്ച് നിർമാതാവിനെതിരേ വിലക്കുകളുണ്ടാകുമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. സിനിമ റിലീസായ സാഹചര്യത്തിൽ സൂഫിയുടെയും സുജാതയുടെയും ഒപ്പം വിലക്കുകകളുകടെയും വിശേഷങ്ങളുമായി വിജയ് ബാബു വനിത ഓൺലൈനിനോട് സംസാരിക്കുന്നു

തിയറ്റർ റിലീസിൽ നിന്നും എന്ത് വ്യത്യാസമാണ് ഡിജിറ്റൽ റിലീസിൽ തോന്നിയത് ?

ഒരു നിർമാതാവെന്ന നിലയിൽ ഏറ്റവുമധിംകം റെസ്പോൺസുകൾ കിട്ടിയ സിനിമ ‘സൂഫിയും സൂജാതയുമാണ്’ അതിന് വ്യക്തമായ കാരണവുമുണ്ട്. തിയറ്ററിൽ സിനിമയിറങ്ങുമ്പോൾ നമുക്ക് അറിയാം ഷോ ടൈമുകൾ ഏതൊക്കെയാമെന്ന്. ആ സമയങ്ങൾ അനുസരിച്ചാകും പ്രതികരണങ്ങൾ വരിക. ഡിജിറ്റൽ റിലീസിൽ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. പന്ത്രണ്ട് മണിക്ക് സിനിമയിറങ്ങുമെന്ന് കാത്തിരിക്കുമ്പോൾ പത്തര ആയപ്പോഴേക്കും പടത്തിന്റെ റെസ്പോൺസ് പറയാനായി ആളുകൾ വിളിച്ചു. അപ്പോൾ തുടങ്ങി സമയവും കാലും ഒന്നും നോക്കാതെ ഓരോ മിനിറ്റിലും കോളും മെസേജുമാണ്. ഇരുന്നൂറ് രാജ്യങ്ങളിലോളം ഒരേ സമയം റിലീസ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ടൈം സോൺ വ്യത്യാസമായിരുന്നു ആ റെസ്പോൺസുകൾക്ക് കാരണം.

മാത്രമല്ല, സിനിമയിലെത്തുന്ന കാലം തൊട്ട് ഞാൻ കേൾ്ക്കാറുള്ളതാണ് ഓവർസീസ് റിലീസിന്റെയും ഔട്ട്സൈഡ് കേരള റിലീസിന്റെയും പരാതി. കേരളത്തിലിറങ്ങി കുറച്ചധികം ദിവസങ്ങൾ കഴിഞ്ഞാകും പുറത്തുള്ള മലയാളികൾക്കൊക്കെ സിനിമ കാണാൻ പറ്റുക. എല്ലാരുടെയും കീറിമുറിക്കലിനും റിവ്യൂവിന് ശേഷം മാത്രം സിനിമ കാണുന്നതിന് എന്നെങ്കിലും മാറ്റം വരുമോയെന്നാണവർ എപ്പോഴും ചോദിക്കുന്നത്. ആ പ്രശ്നവും ഈ സിനിമയോടെ പരിഹരിച്ചു. കേരളത്തിന് പുറത്തുള്ള മലയാളികൾക്കാണ് ഈ ഒടിടി റിലീസിൽ സന്തോഷം കൂടുതൽ .

എപ്പോഴാണ് ഒടിടി റിലീസിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത്?

ഈ സിനിമയുടെ സബ്ജക്ട് കേട്ടപ്പോൾ തൊട്ട് നായികയെ കണ്ടുപിടിക്കാനുള്ള ഓട്ടത്തിലായിരുന്നു ഞങ്ങൾ. രണ്ട് കാലഘട്ടം അഭിനയിക്കണം, കഥക് ഡാൻസറാകണം നായിക എന്നിങ്ങനെ കുറച്ച് ഡിമാൻഡിങ് റോൾ ആയിരുന്നു സുജാതയുടേത്. അപ്പോഴാണ് ‘വനിതാ’ അവാർഡ്സിൽ വച്ച് അദിതി റാവുന്റെ ഡാൻസ് പെർഫോമൻസ് കാണുന്നത്. എനിക്കത് വല്ലാതെ സ്ട്രൈക് ചെയ്തു, അങ്ങനെ വനിതാ അവാർഡ് നൈറ്റിന്റെ അന്നു തന്നെ അദിതിയുടെ കാരവനിൽ വച്ച് സിനിമയുടെ കഥ ഞാൻ പറഞ്ഞു. അദിതി, ജയസൂര്യ, സിദ്ദിഖ് അങ്ങനെ വളരെ മികച്ചൊരു കാസ്റ്റും, മ്യൂസിക്കിനായി എം.ജയചന്ദ്രനുമൊക്കെ എത്തിയതോടെ പ്രൊജക്ട് കുറച്ചുകൂടെ വലുതായി, ഒരുപക്ഷേ ഞാൻ പ്രതീക്ഷതിലും കൂടുതൽ കോസ്റ്റും പടത്തിനുവേണ്ടിയായി.

ഇങ്ങനയൊരു അവസ്ഥയിൽ നോർമൽ റിലീസ് ചെയ്യുമ്പോൾപ്പോലും സിനിമ കേറി വരാൻ സമയമെടുക്കും, മുടക്കുമുതലെങ്കിലും തിരികെ കിട്ടാൻ മൗത്ത് പബ്ലിസിറ്റിയുമായി ആവശ്യം സമയമെടുക്കും എന്നുറപ്പായിരുന്നു. അപ്പോഴേക്ക് ആമസോൺ പ്രൈമിലേക്ക് സിനിമയുടെ ഡിജിറ്റൽ റൈറ്റ്സ് വിറ്റുപോയിരുന്നു. തിയറ്ററിൽ റമ്സാന്‍ റിലീസും പ്ലാൻ ചെയ്തിരുന്നു സമയത്താണ് ഇടിത്തീ പോലെ ലോക്ഡൗൺ വന്നു വീഴുന്നത്. ആ സമയത്ത് ആമസോൺ, ഡിജിറ്റൽ റൈറ്റ്സ് വാങ്ങിച്ചിരുന്നു സിനിമകളിൽ പൂർത്തിയായിരുന്നത് സൂഫിയും സുജാതയും മാത്രമായിരുന്നു. അവർ പലരോടും ചോദിച്ചിരുന്നതുപോലെ എന്നോടും ചോദിച്ചു, ഡിജിറ്റൽ റിലീസിനെ പറ്റി. ഇതുവരെ ആരും ചെയ്യാൻ മുതിരാത്ത ഒരു സംഗതിയാണ്, അതുകൊണ്ട് ചെയ്യാമെന്ന് വിചാരിച്ചു. ഒടിടി റിലീസ് ചെയ്യുന്ന ആദ്യ സിനിമയായതുകൊണ്ടാണ് ഞാനതിന് സമ്മതിച്ചത്. രണ്ടാമതോ മൂന്നാമതോ ആണെങ്കിൽ ചെയ്യില്ലായിരുന്നു. അതിലൊരു ത്രില്ലില്ല.

സംഘനയുടെ ഭാഗത്ത് നിന്ന് വിലക്കുകളുണ്ടായിരുന്നല്ലോ?

വിലക്കെന്ന തരത്തിലൊന്നും എന്നോടാരും സംസാരിച്ചിട്ടില്ല. ആമസോൺ എന്നോട് സിനിമ അവർക്ക് കൊടുക്കുന്നോ എന്ന് ചോദിച്ചപ്പോൾ , അവരൊരു ഡെഡ്‌ലൈൻ കൂടെ പറഞ്ഞിരുന്നു. ആ സമയത്തിനുള്ളിൽ തീരുമാനം അറിയിക്കണം. സിനിമയുടെ ബാക്കി പോസ്റ്റ് പ്രൊഡക്‌ഷൻ വർക്കുകൾ ചെയ്യാനുള്ളത് നോക്കണം, അതുപോലെ അദിതി റാവു, ജയസൂര്യ എന്നീ താരങ്ങളോടൊക്ക ഇതിനെ പറ്റി സംസാരിക്കണം. അവരോടാരോടും ഒരു ഒടിടി റിലീസ് ചെയാൻ പോകുന്ന സിനിമയ്ക്ക് വേണ്ടി സമീപിച്ചവനല്ലല്ലോ ഞാൻ. ഈ തിരക്കുകളുടെ ഇടയിൽ ഡെഡ്‌ലൈൻ പ്രെഷറും കൂടെ വന്നപ്പൊ എനിക്കു സംഘടനയെ അറിയിക്കാനോ ചർച്ചയ്ക്കു പോകാനോ ഉള്ള സമയം കിട്ടിയിരുന്നില്ല. അപ്പോഴാണ് വിലക്കെന്ന തരത്തിലുള്ള സംസാരമൊക്കെ ഉണ്ടായത്. ഞാൻ സംഘടനയിലെ ഒരു മെമ്പറുമായി സംസാരിച്ചു. പിന്നീടുള്ള , ചർച്ച കഴിഞ്ഞപ്പോൾ കൺഫ്യൂഷനുകളൊക്കെ തീർന്നു, എല്ലാത്തിനും പരിഹാരമായി. എന്റെ പേരിലൊരു വിലക്കുണ്ടെന്നോ ഇനിയുള്ള തിയറ്റർ റിലീസിന് ബാൻ ഉണ്ടാകുമെന്നോ എന്നെ സംഘടന അറിയിച്ചിട്ടുമില്ല

പൃഥ്വിരാജ് പറഞ്ഞതുപോലെ വരുംകാലത്തിൽ കുറച്ചു സിനിമകൾ ഒടിടി റിലീസുകൾ മാത്രമായി എത്തുമെന്ന് തോന്നുന്നുണ്ടൊ?

പൃഥ്വി വളരെയധികം ഒബ്സെർവ് ചെയ്യുന്നയാളുമാണ്, സിനിമയെ പറ്റി വെൽ സ്റ്റഡീഡുമാണ്. അദ്ദേഹം പറഞ്ഞത് മറ്റു ഭാഷകളിൽ കണ്ടുവരുന്ന പ്രക്രിയ ഭാവിയിൽ മലയാളത്തിലും എത്തുമെന്നാണ്. മലയാള സിനിമ ഇന്ത്യയിലെ നാലാമത്തെ വലിയ ഇൻഡസ്ട്രിയാണ്. മറ്റ് ഇൻഡസ്ട്രികളിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്ക് മാത്രമായി സീരിയസും സിനിമയും ഇറങ്ങുന്നതുപോലെ അതിന്റെ തുടർച്ച മലയാളത്തിലും ഉണ്ടാകുമെന്നാണ് ഞാനും കരുതുന്നത്. പിന്നെ, ‘സൂഫിയും സുജാതയും’ ഇറങ്ങിയതോടെ സിനിമകളെല്ലാം ഡിജിറ്റൽ ആകുമെന്നൊന്നും എനിക്ക് തോന്നുന്നില്ല. ലോക്ഡൗൺ സാഹചര്യമാണ് ഇപ്പോഴത്തെ ഡിജിറ്റൽ റിലീസിനു കാരണം.. അല്ലാതെ വലിയ ശതമാനം സിനിമകളൊന്നും തിയറ്ററിന് പകരം ഡിജിറ്റലിനെ ആശ്രയിക്കില്ല. അതുപോലെ തന്നെ അങ്ങനെ എല്ലാ സിനിമകളൊന്നും ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ സ്വീകരിക്കാനും പോകുന്നില്ല. ഒരിക്കലും മരയ്ക്കാർ പോലെയൊരു സിനിമയൊന്നും അവർക്ക് ഡിജിറ്റൽ റിലീസായി വാങ്ങാൻ പറ്റില്ല. അവർക്കും അവരുടേതായ ലിമിറ്റേഷനിൽ നിന്ന് തന്നെയാണ് ഇത്തരം ഡീലുകൾ നടത്തുക.

തിയറ്ററിൽ നിന്ന് സിനിമ ഓടിയാൽ കിട്ടുന്ന ലാഭം ഡിജിറ്റൽ റിലീസിൽ കിട്ടുമൊ?

soo

സൂഫിയും സുജാതയും പൂർത്തിയായി ലോക്ഡൗൺ കൂടെ വന്നപ്പോൾ ഞാൻ ഏറ്റവും പേടിച്ചത് സിനിമയുടെ മുടക്കുമുതലിനെ പറ്റിയാണ്. അപ്പോഴാണ് ആമസോണിൽ നിന്നും ഇങ്ങനെയൊരു ഓഫർ വരുന്നത്. അവർ ഒരു പ്രപ്പോസൽ വച്ചു, മുടക്കുമുതൽ വച്ചു നോക്കുമ്പോൾ നഷ്ടംവരാൻ സാധ്യതയില്ലാത്തൊരു തുകയായിരുന്നുവത്. ഞാനത് സ്വീകരിച്ചതോടെ സിനിമ അവർ വാങ്ങി. റിലീസിന് മുൻപേ ഞാൻ സെയ്ഫും ആയി. തിയറ്ററിൽ സിനിമ ഓടിയാൽ മാത്രം കിട്ടുന്ന തുക എനിക്ക് എന്റെ കണ്ടെന്റിന്റെ ക്വാളിറ്റിയിൽ ഡിജിറ്റൽ റിലീസിൽ നിന്നും നേരത്തെ തന്നെ കിട്ടി.

ഇത് മാത്രം കണ്ടുകൊണ്ട് ഡിജിറ്റൽ റിലീസ് ലാഭമാണെന്നും പറയാൻ പറ്റില്ല. അവർ തരുന്ന പ്രപ്പോസൽ ചിലപ്പോൾ മുടക്കുമുതലിനെക്കാളും കുറഞ്ഞ തുകയാകാം. അപ്പോഴും നമ്മുടെ കൈയിൽ സാറ്റലൈറ്റ് റൈറ്റ്സ് എന്നൊരു ഓപ്ഷൻ കൂടെയുണ്ടെന്നത് മാത്രമാണ് സമാധാനം. നമ്മുടെ കണ്ടെന്റ് കൃത്യമായി വിൽക്കുന്നൊരു പ്ലാറ്റ്ഫോം അയി വേണം ഡിജിറ്റൽ സോണുകളെ കാണാൻ. മാത്രമല്ല ഒടിടി പൈറസിയെ കുറയ്ക്കുമെന്നും ഞാൻ കരുതുന്നുണ്ട്. ആമസോണിൽ സബ്സ്ക്രിപ്ഷൻ ഉള്ളവൻ എന്തായാലും ടെലഗ്രാമിൽ നിന്നൊ വേറെതെങ്കിലും സൈറ്റുകളിൽ നിന്നൊ സിനിമ കാണാൻ ശ്രമിക്കില്ലല്ലോ.

ജയസൂര്യ – വിജയ് ബാബു കോമ്പിനേഷൻ?

അതിന് പിന്നിൽ പ്രത്യേക കഥയൊന്നുമില്ല. നല്ല സുഹൃത്തുക്കളാണ്. സിനിമ ഒടിടി റിലീസാക്കാൻ പോകുന്നുവെന്ന് ഞാൻ പറയുമ്പോൾ അതിലെന്തെങ്കിലും കാര്യമുണ്ടാകും എന്ന് വിശ്വസിച്ച് എന്റെ കൂടെ നിന്നയാളാണ് ജയൻ. ആ ബേസിക് ട്രസ്റ്റ്കൊണ്ട് തന്നെയാണ് തുടർച്ചയായി സിനിമകൾ ചെയ്യുന്നത്. ഇപ്പോൾ മുപ്പത് വയസ്സുള്ള ഒരാളുടെ കഥാപാത്രം വരുമ്പോൾ അറിയാതെ ആണെങ്കിലും ജയന്റെ മുഖമെ മനസിൽ വരൂ. ഞങ്ങളുടെ അടുപ്പമാണ് സിനിമകൾക്ക് കാരണമാകുന്നത്.

കോട്ടയം കുഞ്ഞച്ചൻ 2 പ്രതീക്ഷിക്കാമോ?

പ്രതീക്ഷിക്കരുത് എന്ന് പറയാൻ പറ്റില്ല. സിനിമയുടെ റൈറ്റ്സ് എന്റെ കയ്യിലുണ്ട്. എല്ലാം ഒത്തുവന്നാൽ ചെയ്യും. പക്ഷേ, ഇപ്പോൾ എന്തായാലും സിനിമ ഡ്രോപ്പ് ചെയ്തിരിക്കുയാണ്. ഇനി ചെയ്യാൻ പോകുന്നത്, ആട്3. പിന്നെ സത്യൻ സാറിന്റെ ലൈഫ് സ്‌റ്റോറിയുമാണ്. പിന്നെ ഒരു സർപ്രൈസ് അനൗൺസ്മെന്റ് കൂടെയുണ്ട്. ഉടനെ അറിയിക്കാം

Tags:
  • Movies