മലയാളികളുടെ മാനസപുത്രിയാണ് ശ്രീകല ശശിധരൻ. മലയാളം സീരിയൽ ചരിത്രത്തിലെ സൂപ്പർഡ്യൂപ്പർ ഹിറ്റുകളിൽ ഒന്നായ ‘എന്റെ മാനസപുത്രി’യിലെ സോഫിയ എന്ന നായികാ കഥാപാത്രം ശ്രീകലയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി. സോഫിയയുടെ സങ്കടങ്ങൾ തങ്ങളുടെ വേദനയായി പങ്കിട്ടവരാണ് കേരളത്തിലെ വീട്ടമ്മമാർ. സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെയാണ് മലയാളി സോഫിയയെയും അതു വഴി ശ്രീകലയെയും ഹൃദയത്തോട് ചേർത്തത്. ‘എന്റെ മാനസപുത്രി’ക്കു ശേഷം നിരവധി ഹിറ്റ് സീരിയലുകളിൽ പ്രധാന വേഷത്തിൽ തിളങ്ങിയ ശ്രീകല കഴിഞ്ഞ കുറച്ചു കാലമായി അഭിനയരംഗത്തു നിന്നു പൂർണമായി മാറി നിൽക്കുകയാണ്.
ഇപ്പോള്‍ ജീവിത്തിലേക്ക് ഒരു പൊന്നോമന കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് ശ്രീകല. നവംബർ രണ്ടിന് ശ്രീകലയ്ക്കും ഭർത്താവ് വിപിനും ഒരു മകൾ ജനിച്ചു. സാൻവിത എന്നാണ് മോൾക്ക് പേരിട്ടിരിക്കുന്നത്. സാംവേദാണ് ദമ്പതികളുടെ ആദ്യത്തെ കൺമണി.

ഭർത്താവിനും മകനുമൊപ്പം യുകെയിലെ ഹോർഷാമിൽ താമസിക്കുകയായിരുന്ന ശ്രീകല, ഭർത്താവിന്റെ ജോലിയുടെ ഭാഗമായി ഈ വർഷം മാർച്ചിലാണ് തിരികെ കേരളത്തിലെത്തിയത്. തിരുവനന്തപുരത്താണ് താരം ഇപ്പോൾ.
‘‘നാട്ടിൽ വന്ന ശേഷമാണ് ഗർഭിണിയാണ് എന്നറിഞ്ഞത്. അധികം ആരോടും പറഞ്ഞില്ല. പരമാവധി ശ്രദ്ധ കൊടുത്ത് മുന്നോട്ടു പോകുകയായിരുന്നു. ഇപ്പോഴാണ് മോൾ ജനിച്ച സന്തോഷം ഞാൻ പങ്കുവച്ചു തുടങ്ങിയത്’’.– ശ്രീകല ‘വനിത ഓൺലൈനോട്’ പറയുന്നു.

‘‘ഒരു അനിയനോ അനിയത്തിയോ വേണമെന്ന് മോന് വലിയ ആഗ്രഹമായിരുന്നു. ലണ്ടനിലായിരുന്നപ്പോൾ ഞാൻ ഒരു തവണ ഗർഭിണി ആയതാണ്. എന്നാൽ അതു നഷ്ടപ്പെട്ടു. അതിന്റെ വിഷമത്തിലിരിക്കെയാണ് നാട്ടിലെത്തിയ ശേഷം വീണ്ടും ഗർഭിണിയാണെന്ന് അറിഞ്ഞത്. അതുകൊണ്ടു തന്നെ വലിയ പ്രചരണം കൊടുക്കേണ്ട എന്നു തീരുമാനിച്ചു. പരമാവധി ശ്രദ്ധിച്ച് മുന്നോട്ടു പോകുകയായിരുന്നു.
ആദ്യത്തേത് മോനാണല്ലോ. അപ്പോൾ രണ്ടാമത്തെയാൾ ഒരു മോളായിരുന്നെങ്കിൽ എന്നാഗ്രഹിച്ചിരുന്നു. അതു സാധ്യമായതിൽ വലിയ സന്തോഷം. പ്രാർഥന എന്റെ ദൈവം കേട്ടു’’. – ശ്രീകല പറയുന്നു.

പരീക്ഷണം
മോളെ ഗർഭിണിയായിരിക്കെ ഒമ്പതാം മാസം എനിക്ക് കോവിഡ് പോസിറ്റീവ് ആയി. ആകെ ഭയന്നു. ടെൻഷനായി. ഗർഭിണിയായതിനാൽ വാക്സിനും എടുത്തിരുന്നില്ല. കോവിഡ് നെഗറ്റീവ് ആകാതെ ആശുപത്രിയിലും അഡ്മിറ്റാവാനാകില്ല. പക്ഷേ, ഡോക്ടർ എല്ലാ പിന്തുണയും നൽകി ഒപ്പം നിന്നു. ഡോക്ടർ അനിത പിള്ളയാണ് എന്നെ നോക്കിയിരുന്നത്. ഡോക്ടറുടെ സംസാരം കേട്ടാൽ നമ്മുടെ പകുതി ടെൻഷനും പോകും. ഭാഗ്യത്തിന് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും കൊറോണയുടെ പ്രശ്നങ്ങൾ മാറി. കുഞ്ഞിനെ തീരെയും അതു ബാധിച്ചില്ല. കുറേയേറെ പരീക്ഷിച്ചെങ്കിലും ദൈവം ഒടുവിൽ വലിയ സന്തോഷങ്ങൾ നൽകി.
സന്തോഷം നിറഞ്ഞ് വീട്
അനിയത്തിക്കുട്ടിയുടെ വരവിൽ മോൻ വലിയ സന്തോഷത്തിലാണ്. ആദ്യം ചെറിയ അമ്പരപ്പുണ്ടായെങ്കിലും പതിയെപ്പതിയെ അവളോടൊപ്പമായി എപ്പോഴും. രാവിലെ അനിയത്തിക്കുട്ടിക്ക് ഉമ്മ കൊടുത്താണ് ക്ലാസിന് പോകുക.

ഞാൻ നാട്ടിൽ വന്നുവെന്നറിഞ്ഞപ്പോൾ സീരിയലിൽ നിന്നു ധാരാളം അവസരങ്ങൾ വന്നിരുന്നു. വിളിച്ച ആരോടും ഗർഭിണിയാണെന്ന് പറഞ്ഞില്ല. തൽക്കാലം ഒരു ട്രീറ്റ്മെന്റിലാണ്, പിന്നീടാകട്ടെ എന്നാണ് പറഞ്ഞത്. ഇനി മോൾ വളർന്ന ശേഷം നോക്കാം.