ADVERTISEMENT

ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്‍റെ 73ാം പിറന്നാള്‍ ദിനത്തില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി മകളും നടിയുമായ ശ്രീലക്ഷ്​മി ശ്രീകുമാര്‍. അച്ഛനെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും വീണ്ടും കണ്ടുമുട്ടുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണെന്നും ശ്രീലക്ഷ്​മി പറഞ്ഞു. ഫ്രണ്ട്​സ് സിനിമയിലെ ജഗതിയുടെ പ്രശസ്​തമായ കോമഡി രംഗത്തിന്‍റെ റീല്‍സിനൊപ്പമാണ് ശ്രീലക്ഷ്​മി ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

‘‘2011 വരെയും ഈ വികാരത്തിന്റെ ആഴം ഞാനറിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ആ വേദനയുടെ കനം ഓരോദിവസവും ഞാന്‍ തിരിച്ചറിയുന്നു. മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയി, കഴിഞ്ഞ 14 വര്‍ഷങ്ങള്‍ കൊണ്ട് എനിക്ക് ചുറ്റുമുള്ള ലോകം മാറിമറിഞ്ഞു. എന്നിട്ടും എന്നെ അലട്ടുന്ന വേദന പഴയതുപോലെ തന്നെ. ഐ മിസ് യൂ പപ്പ. നിങ്ങൾ എന്റെ ഹൃദയത്തിന്റെ വലിയൊരു ഭാഗമാണ് നിങ്ങളോടൊപ്പം. അന്നും ഇന്നും എന്നും നിങ്ങളാണ് ഏറ്റവും മികച്ചത്. നമ്മള്‍ വീണ്ടും കണ്ടുമുട്ടുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു. ഐ ലവ് യൂ, പിറന്നാൾ ആശംസകൾ.’’– ശ്രീലക്ഷ്മി കുറിച്ചു.

ADVERTISEMENT

അപകടത്തെ തുടർന്ന് സിനിമയിൽ നിന്ന് ദീര്‍ഘനാളായി വിട്ടുനിൽക്കുകയാണ് ജഗതി. 2022-ൽ സിബിഐ അഞ്ചാം ഭാഗത്തിൽ കുറച്ചു നേരത്തേക്ക് പ്രത്യക്ഷപ്പെട്ട ജഗതിയുടെ കഥാപാത്രം പ്രേക്ഷകര്‍ നിറഞ്ഞ മനസോടെയാണ് സ്വീകരിച്ചത്. പിറന്നാള്‍ ദിനത്തില്‍ അദ്ദേഹം വീണ്ടും സിനിമയിലേക്കെന്ന സൂചന നല്‍കി പുതിയ ചിത്രത്തിന്‍റെ ക്യാരക്​റ്റര്‍ പോസ്​റ്റര്‍ പുറത്തുവന്നിരുന്നു.

അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന 'വല' എന്ന ചിത്രത്തിലൂടെയാണ് ജഗതിയുടെ തിരിച്ചുവരവ്. പ്രഫസര്‍ അമ്പിളി അഥവാ അങ്കിള്‍ ലൂണാര്‍ എന്ന കഥാപാത്രമായാകും അദ്ദേഹം പ്രത്യക്ഷപ്പെടുക.

ADVERTISEMENT

നടിയും നര്‍ത്തകിയും അവതാരകയുമെല്ലാമായ ശ്രീലക്ഷ്മി ശ്രീകുമാര്‍ മലയാളികള്‍ക്കും സുപരിചിതയാണ്. വിവാഹത്തോടെ ദുബായില്‍ സ്ഥിരതാമസമാക്കിയ താരത്തിന്റെ വിശേഷങ്ങള്‍ ആരാധകര്‍ അറിയുന്നത് സോഷ്യല്‍മീഡിയ വഴിയാണ്. ബിഗ്ബോസ് സീസൺ വണ്ണിൽ മത്സരാർഥിയായിരുന്നു.

ADVERTISEMENT
ADVERTISEMENT