‘‘അതൊരു പാവം കൊച്ചാണ്...എന്തു രസമാ അതിന്റെ സംസാരം കേട്ടോണ്ടിരിക്കാൻ...ചിരിച്ച് ചിരിച്ച് ഒരു വഴിക്കാകും...’’ പറയുന്നത് മലയാളി കുടുംബപ്രേക്ഷകരാണ് – ‘സ്റ്റാർ മാജിക്ക്’ എന്ന ടെലിവിഷൻ പരിപാടിയിലൂടെ ജനപ്രിയ താരമായി മാറിയ ശ്രീവിദ്യ മുല്ലച്ചേരിയെക്കുറിച്ച്... ഈ അഭിപ്രായത്തിൽ തെല്ലും അതിശയോക്തിയില്ലെന്ന് ശ്രീവിദ്യയെ അറിയുന്ന ആരും സമ്മതിക്കും. നിറചിരിയോടെ, നിഷ്കളങ്കമായി സംസാരിക്കുന്ന ഈ കാസർഗോഡുകാരി സുന്ദരി ഇപ്പോൾ മിനിസ്ക്രീനിലെ പ്രിയതാരങ്ങളിൽ ഒരാളാണ്. തനിക്ക് ഓർമയുറച്ച കാലം മുതൽ വല്ലപ്പോഴും മാത്രം കൺനിറയെ കാണാൻ കിട്ടുന്ന പ്രവാസിയായ അച്ഛനെക്കുറിച്ച് ഷോയിലെ ഒരു എപ്പിസോഡിൽ ശ്രീവിദ്യ പറഞ്ഞത് ആരുടെയും കണ്ണ് നനയിക്കുന്നതായിരുന്നു.
ഇപ്പോഴിതാ, തന്റെ അഭിനയ–വ്യക്തി ജീവിതത്തെക്കുറിച്ച് ശ്രീവിദ്യ ‘വനിത ഓൺലൈനി’ൽ സംസാരിക്കുന്നു.
‘‘അമ്മയുടെ തറവാട്ട് പേരാണ് മുല്ലച്ചേരി. അമ്മയുടെത് വലിയ കുടുംബമാണ്. ഒരുപാട് അംഗങ്ങളുണ്ട്. എന്റെ പേരിനൊപ്പം അമ്മ വഴിയാണ് മുല്ലച്ചേരിൽ എന്നു കൂടി ചേർത്തിരിക്കുന്നത്. അച്ചന്റെ തറവാട്ട് പേര് കരിച്ചേരിൽ എന്നാണ്.
കാസർഗോഡ്, പെരുമ്പളയാണ് നാട്. പഠിച്ചത് കാസർഗോഡ്, മംഗലാപുരം,കണ്ണൂർ, ഡൽഹി, മുംബൈ എന്നിവിടങ്ങളിലായാണ്. ഏവിയേഷനിൽ ബിരുദം കഴിഞ്ഞ് അതിൽ ഡിപ്ലോമയും ചെയ്തു. ട്രെയിനിങ്ങിന് ജോയിൻ ചെയ്തപ്പോഴാണ് സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചു തുടങ്ങിയത്. അങ്ങനെ അത് വിട്ടു’’. – ശ്രീവിദ്യ സ്ഥിരം സ്റ്റൈലിൽ വാചാലയായി.

കൊതിച്ച കരിയർ വിട്ട്
നന്നായി ആഗ്രഹിച്ചാണ് ഏവിയേഷൻ പഠിച്ചത്. അതാകണം കരിയർ എന്നായിരുന്നു തീരുമാനം. സിനിമയിലേക്കും അഭിനയത്തിലേക്കും വളരെ യാദൃശ്ചികമായാണ് വന്നത്. എന്റെ കോളജിൽ വച്ചായിരുന്നു ‘കാംപസ് ഡയറി’ എന്ന ചിത്രത്തിന്റെ ഓഡിഷൻ. ഞാനും വെറുതെ പങ്കെടുത്തു. സെലക്ഷൻ കിട്ടി. സഹനായികയായിരുന്നു. അതു കഴിഞ്ഞ് നല്ല അവസരങ്ങളൊന്നും കിട്ടിയില്ല. അതോടെ സിനിമ വിടാം എന്നു കരുതി, മുംബൈയിൽ ട്രെയിനിങ്ങിനായി പോയി. അതിന്റെ ഫോർമാലിറ്റീസ് എല്ലാം പൂർത്തിയായ സമയത്താണ് ‘ഒരു പഴയ ബോംബ് കഥ’യില്‍ അഭിനയിച്ചത്. അതിൽ നായകന്റെ സഹോദരിയുടെ വേഷമായിരുന്നു. അതോടെ സിനിമയിൽ ഉറച്ച് നിൽക്കാം എന്നു തീരുമാനിക്കുകയായിരുന്നു.
സത്യത്തിൽ എയർഹോസ്റ്റസ് ആകണം എന്നതായിരുന്നു എന്റെ പാഷൻ. പക്ഷേ, സിനിമയോടുള്ള ഇഷ്ടം കൂടിയപ്പോൾ വഴിമാറിപ്പോയി. ആദ്യ സിനിമയുടെ ഓഡിഷനിൽ പങ്കെടുക്കും വരെ സിനിമയോ അഭിനയമോ സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല. ജോലി വിട്ട് വന്നതിൽ നഷ്ടബോധവുമില്ല. ഇതിനോടകം അഞ്ചോളം സിനിമകൾ ചെയ്തു. ഇപ്പോൾ കൂടുതൽ അവസരങ്ങൾ ലഭിച്ചു തുടങ്ങി.

പ്രാങ്ക് താരമാക്കി
അനൂപേട്ടന്റെ രണ്ട് പ്രാങ്ക് വിഡിയോസ് വന്നതോടെയാണ് ആളുകൾ എന്നെ കൂടുതലായി തിരിച്ചറിയാൻ തുടങ്ങിയത്. അപരിചിതരായ ആളുകളോട് സംസാരിക്കുമ്പോൾ എനിക്ക് പേടിയാണ്. അതാണ് ആ വിഡിയോസിലും കാണുന്നത്. നിഷ്കളങ്കയാണോ എന്നൊന്നും അറിയില്ല. എന്നെ എളുപ്പം പറ്റിക്കാമെന്ന് ഒരുപാട് പേർ പറഞ്ഞിട്ടുണ്ട്.
സ്റ്റാർ മാജിക്കിൽ വന്നത് കരിയറിൽ കൂടുതൽ നേട്ടമായി. പലരും ചോദിച്ചിരുന്നു, സിനിമയ്ക്ക് വേണ്ടി ശ്രമിക്കുന്നതിനിടെ ടി.വി ഷോ വേണോ എന്ന്. പക്ഷേ, അപ്പോൾ ഞാനെടുത്ത തീരുമാനം ശരിയായിരുന്നു എന്ന് ഇപ്പോൾ മനസ്സിലാകുന്നു. ആളുകൾ തിരിച്ചറിയുന്നു, അടുത്ത് വന്ന് സംസാരിക്കുന്നു എന്നിങ്ങനെ പ്രേക്ഷകരുടെ സ്നേഹം തിരിച്ചറിയാൻ തുടങ്ങിയത് ഇപ്പോഴാണ്. സീരിയലിൽ നിന്ന് ഒരുപാട് അവസരങ്ങൾ വരുന്നുണ്ട്. തൽക്കാലം ചെയ്യുന്നില്ല.
അച്ഛനെ ഇനി വിടുന്നില്ല
അച്ഛൻ കുഞ്ഞമ്പുവും അമ്മ വസന്തയും ചേട്ടൻ ശ്രീകാന്തും ഉൾപ്പെടുന്നതാണ് എന്റെ സ്മോൾ ഫാമിലി. ചേട്ടൻ എൻജീനീയറിങ് കഴിഞ്ഞു ജോലിയിൽ പ്രവേശിച്ചു. അച്ഛൻ ജീവിതത്തിന്റെ നല്ലൊരു പങ്കും ഗൾഫിലായിരുന്നു. വല്ലപ്പോഴുമേ നാട്ടില്‍ വരൂ. അച്ഛനോടൊപ്പം സമയം ചെലവഴിച്ച് സന്തോഷിച്ച് കൊതിതീരും മുമ്പേ തിരികെ പോകുകയും ചെയ്യും. ഞാൻ ജീവിതത്തിൽ ഏറ്റവും മിസ് ചെയ്തിട്ടുള്ളതും അച്ഛനെയാണ്.

വരുന്ന മാർച്ചിൽ അച്ഛൻ നാട്ടിലേക്ക് വരും. അതിന്റെ സന്തോഷത്തിലാണ്. ഇനി അച്ഛനെ വിടുന്നില്ല. 2 വർഷം കഴിഞ്ഞാണ് അച്ഛൻ വരുന്നത്. ഷോയിൽ അച്ഛനെക്കുറിച്ച് ഞാന്‍ പറഞ്ഞ ശേഷം ഒരുപാട് പേർ വിളിച്ചു. ‘‘ചിന്നൂ, ഇതൊക്കെ എല്ലാ പ്രവാസികളുടെയും അനുഭവമാണ്’’ എന്നാണ് അച്ഛൻ പറഞ്ഞത്. അച്ഛന്റെ വാക്കുകളിലെ വേദന ഞാൻ അന്നറിഞ്ഞു. അച്ഛന്റെ മുഖത്ത് ചിരി കാണുന്നതാണ് എന്റെ സന്തോഷം. എല്ലാവരും പറയും ഞാൻ അച്ഛൻ കുട്ടിയാണെന്ന്. അച്ഛന് പെട്ടെന്ന് ദേഷ്യം വരും. അച്ഛനെ കൂളാക്കാൻ പറ്റുന്ന ഒരേയൊരാൾ ഞാനാണ്. അതിന് അമ്മ പലപ്പോഴും എന്റെ സഹായം തേടാറുണ്ട്.
‘ഓഹോ അതൊരു കൗണ്ടറായിരുന്നല്ലേ...’
എന്റെ മനസ്സിലുള്ളതാണ് ഞാൻ പറയുക. പലപ്പോഴും പല കൗണ്ടറുകളും പറഞ്ഞു കഴിഞ്ഞ്, ആളുകൾ ചിരിക്കുമ്പോഴും പിന്നീട് അതിന്റെ ക്ലിപ്പ് യൂ ട്യൂബിൽ കാണുമ്പോഴുമൊക്കെയാണ് ‘ഓഹോ അതൊരു കൗണ്ടറായിരുന്നല്ലേ...’ എന്നു ഞാൻ മനസ്സിലാക്കുക. അതാണ് എന്റെ ഹൈലൈറ്റ്. ഞാൻ മണ്ടിയാണോ എന്നു ചോദിച്ചാൽ, ആൾക്കാരെ മനസ്സിലാക്കാൻ കുറച്ച് പാടാണ്. ഉള്ളിലുള്ളത് പുറത്തു കാണിക്കും. അപ്പോൾ സ്ക്രീനും ക്യാമറയുമൊന്നും പ്രശ്മനല്ല. പലരും കുറച്ചു കൂടി അഭിനയിച്ച് സംസാരിക്കണം എന്ന് നേരത്തേ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ എല്ലാവരും പറയുന്നത് ഒരു കുഴപ്പവുമില്ല, ഇതാണ് രസം എന്നാണ്. ഞാൻ എപ്പോഴും കൂളാണ്. അധികം ടെൻഷനൊന്നും എന്നെ ബാധിക്കാറില്ല. ഉണ്ടെങ്കിലും ഹാൻഡിൽ ചെയ്യും. എപ്പോഴും വീട്ടുകാരും കൂട്ടുകാരും ഒപ്പം വേണം എന്നേയുള്ളൂ.