Friday 01 December 2023 11:33 AM IST : By സ്വന്തം ലേഖകൻ

‘ഞാൻ മരിച്ചു പോയാലും ചിലങ്കയുടെ ശബ്ദം കേൾപ്പിച്ചാൽ താര നൃത്തം ചെയ്യുന്നു എന്നോർത്ത് എണീറ്റു വരും’: കലയെ ജീവശ്വാസമാക്കിയ സുബ്ബലക്ഷ്മി

subbu-family

ഒരു കുടുംബം മുഴുവൻ കലയുടെ വഴിയിൽ തിളങ്ങുക. അവരെയെല്ലാം ഒരുപോലെ പ്രേക്ഷകർ ഹൃദയം കൊണ്ടേറ്റെടുക്കുക. അപൂർവങ്ങളിൽ അപൂർവമായ മഹാസൗഭാഗ്യമാണത്. വിടപറഞ്ഞു പോയ സുബ്ബലക്ഷ്മിയിൽ തുടങ്ങുന്നു കല കൊണ്ട് വിളക്കിച്ചേർത്ത ആ കണ്ണി. മകൾ താര ലക്ഷ്മണും പേരക്കുട്ടി സൗഭാഗ്യയും പേരക്കുട്ടി സുദർശനയും കൂടി എത്തുമ്പോൾ മനോഹരമായ ആ കുടുംബ ചിത്രം പൂർണം. നാല് ഇതളുകൾ ചേർന്ന് മനോഹരമായ ഒരു പൂവാകും പോലെ മനോഹരമായിരുന്നു ആ കുടുംബം.

ഏറ്റവും ഒടുവിൽ വനിതയോട് സംസാരിക്കുമ്പോഴും ആ നാല് പേരും ഒരുമിച്ചെത്തി. സുധാപ്പൂവെന്ന് വിളിക്കുന്ന സുദർശനയുടെ വിശേഷങ്ങൾ പറയാനാണ് ആ അമ്മമാർ എത്തിയത്. അന്ന് വനിതയോട് സുബ്ബലക്ഷ്മി പങ്കുവച്ചൊരു വലിയൊരു ആഗ്രഹം വിയോഗത്തിന്റെ ഈ വേളയിൽ കണ്ണീർ പുഷ്പങ്ങളാകുന്നു. 2022ൽ സുബ്ബലക്ഷ്മിയും കുടുംബവും ഒന്നിച്ചെത്തിയ അഭിമുഖത്തിന്റെ പൂർണരൂപം ആ ഓർമകൾക്കു മുന്നിൽ ആദരമർപ്പിച്ച് വനിത വായനക്കാർക്കായി ഒരിക്കല്‍ കൂടി...

––––

മുടവൻമുഗളിലെ വീട്ടിൽ സുദർശന നല്ല ഉറക്കത്തിലാണ്. എണ്ണ തേച്ചു കുളിച്ച്, വയറു നിറയെ പാൽ കുടിച്ച് കിടക്കുന്നതിനിടെ നൃത്തച്ചുവടു വയ്ക്കും പോലെ കുഞ്ഞ് കയ്യും കാലും ഇളക്കുന്നു. പാട്ടു കേട്ട് സന്തോഷിച്ചെന്ന പോലെ പുരികമുയർത്തി ചിരിക്കുന്നു. താരങ്ങളായ അമ്മയും അമ്മൂമ്മയും മുത്തശ്ശിയും പാടുന്ന താരാട്ടു കേട്ടാണ് അവളുറങ്ങുന്നത്.

സിനിമയിലെ പല്ലില്ലാ മുത്തശ്ശി സുബ്ബലക്ഷ്മിയും നൃത്തത്തെ ജീവനോളം സ്നേഹിച്ച താരാ കല്യാണും മകൾ സൗഭാഗ്യയുടെ കൺമണിയെ താഴെവയ്ക്കാതെ കൊഞ്ചിക്കുന്നു. ‘വനിത’യ്ക്കു വേണ്ടി ഈ നാലുതലമുറ ഒന്നിച്ചപ്പോൾ ഫ്രെയിമിൽ വിരിഞ്ഞത് നൃത്തവും സംഗീതവും ഇഴചേർന്നതു പോലുള്ള സ്നേഹനിമിഷങ്ങൾ. വീട്ടിലെ ഇളമുറക്കാരിയെ കുറിച്ച് സംസാരിച്ചു തുടങ്ങിയപ്പോൾ മൂന്നുപേരും സുദർശനയെക്കാൾ ചെറിയ കുട്ടികളായി.

സുദർശനയാണോ ഇപ്പോൾ വീട്ടിലെ താരം ?

സൗഭാഗ്യ: എല്ലാവരും മത്സരിച്ചാണ് മോളെ കൊഞ്ചിക്കുന്നത്. അമ്മൂമ്മയാണ് ‘എസ്’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരിടണം, അതാണ് ലക്കി എ ന്നു പറഞ്ഞത്. ഭഗവാന്റെ ദിവ്യായുധമല്ലേ സുദർശനചക്രം. അർജുനനെ രക്ഷിക്കാൻ വേണ്ടിയാണ് യുദ്ധഭൂമിയിൽ വച്ച് ഭഗവാൻ ആ ആയുധം പ്രയോഗിച്ചത്. ഞാൻ അർജുൻ ചേട്ടന്റെ ‘ലക്കും’ സുദർശന ‘പ്രൊട്ടക്ടറും’ ആയിരിക്കട്ടെ എന്നുകരുതി ആ പേരു തന്നെ ഫിക്സ് ചെയ്തു.

സുബ്ബലക്ഷ്മി: അപ്പടി ചൊന്നേനാ ? (കള്ളച്ചിരി)

താര: എനിക്ക് കുറച്ചു ഭാഗ്യം കുറവാണെന്നു തോന്നിയപ്പോഴാണ് മോൾക്ക് സൗഭാഗ്യ എന്നു പേരിട്ടത്. സക്കുട്ടി എന്നു ചെല്ലപ്പേരും ഇട്ടു.

മൂന്ന് അമ്മമാരോടൊപ്പം ഗർഭകാലം ആസ്വദിച്ചോ ?

സൗഭാഗ്യ: ഇവിടെ അർജുൻ ചേട്ടന്റെ അമ്മയുണ്ട്. മിക്ക ദിവസവും അമ്മയും അമ്മൂമ്മയും വരും. സിനിമയിലൊക്കെ കാണും പോലെ എന്തെങ്കിലും കഴിക്കാൻ കൊതി തോന്നിയാലോ എന്നൊക്കെ ഓർത്തിരുന്നെങ്കിലും ചോറും പൊട്ടറ്റോ ഫ്രൈയും തൈരുമുണ്ടെങ്കിൽ ‍ഞാൻ ഹാപ്പി. ‘നന്ദന’ത്തിലെ വേശാമണി അമ്മാളിനെ പോലെ ദോശ ഫാമിലി ആണ് ഞങ്ങൾ. മൂന്നു നേരവും ദോശ മതി.

താര: സൗഭാഗ്യയെ ഗർഭിണിയായിരുന്നപ്പോഴത്തെ ഒരു സംഭവമുണ്ട്. ഏഴാം മാസം എല്ലാവരും കൂടി മൂകാംബികയിൽ പോയി. തിരിച്ചു തിരുവ നന്തപുരത്ത് വന്നിറങ്ങിയപ്പോൾ വിശപ്പു സഹിക്കാൻ വയ്യ. ഫ്രൈഡ് റൈസ് കഴിക്കാൻ കൊതി. പക്ഷേ, രാത്രിയല്ലേ. കൊതി അടക്കി കിടന്നുറങ്ങി. അതിന്റെ ഫലം അറിഞ്ഞത് സൗഭാഗ്യ വളർന്നപ്പോഴാണ്. ഹോട്ടലിൽ പോയാൽ ഫ്രൈഡ് റൈ സ് അല്ലാതെ വേറൊരു ഐറ്റം ഓർഡർ ചെയ്യാൻ അവൾ സമ്മതിക്കില്ല.

കുഞ്ഞിനെ നോക്കാനും അമ്മമാരുടെ തണലുണ്ട് ?

സൗഭാഗ്യ: കുഞ്ഞ് ഉറങ്ങുമ്പോൾ ഉറങ്ങാൻ എനിക്കു പേടിയാണ്. വാച്ചിൽ നോക്കി ബ്രീത്തിന്റെ എണ്ണമൊക്കെ കൗണ്ട് ചെയ്യും. ചിലപ്പോൾ തട്ടിവി ളിക്കും. അച്ഛന് അസുഖം തുടങ്ങിയ സമയം. ഒരു ദിവസം ഞാനും അമ്മയും പുറത്തു പോയി വരുമ്പോൾ ഗ്യാസ് ഡെലിവറി വണ്ടി മുറ്റത്തുണ്ട്. ബെൽ അടിച്ചിട്ട് ആരും വാതിൽ തുറക്കുന്നില്ലെന്ന്. ബാഗിൽ നിന്ന് കീ എടുത്ത് അകത്തു കയറിയപ്പോൾ ലിവിങ് റൂമിലെ ദീവാനിൽ അച്ഛൻ കിടപ്പുണ്ട്. മരുന്നിന്റെ മയക്കത്തിലായതിനാൽ ഒന്നും അറിഞ്ഞില്ലത്രേ.

താര: സ്കൂളിൽ പഠിക്കുമ്പോൾ സൗഭാഗ്യയും ഇതുപോലെ പേടിപ്പിച്ചിട്ടുണ്ട്. ഒരു ദിവസം ഞാൻ താഴത്തെ ഫ്ലാറ്റു വരെ പോയിട്ട് തിരികെ വന്നപ്പോൾ ഡോർ പൂട്ടിയിരിക്കുന്നു. ബെൽ അടിച്ചിട്ടു തുറക്കുന്നില്ല. പൂട്ടു പൊളിച്ച് അകത്തു കയറി വിളിച്ചുണർത്തിയപ്പോൾ ‘ആർക്കാ, എന്താ പ റ്റിയത്’ എന്ന് അവൾ ചോദിക്കുന്നു.

ഈ ഉറക്കം കാരണം സമയത്തിനുണരാൻ അലാറം വാങ്ങി. അതിൽ ഒരു ഫോട്ടോ സേവ് ചെയ്യണം. അലാറം അടിക്കുമ്പോൾ ആ വസ്തുവിന്റെ ഫോട്ടോ വീണ്ടും എടുത്താലേ ഓഫ് ആകൂ. ബാക്കി അവൾ പറയും.

സൗഭാഗ്യ: മുകൾനിലയിൽ കിടന്നുറങ്ങുന്ന ഞാൻ താഴെ നിലയിലുള്ള ടോയ്‍ലറ്റിന്റെ ഫോട്ടോ ആണ് സെറ്റ് ചെയ്തത്. അലാറം അടിക്കുമ്പോൾ ഫോണുമായി ഓടി താഴെ വ ന്ന് ഫോട്ടോ എടുത്ത് അലാറം നിർത്തിയ ശേഷം പോയി വീണ്ടും കിടന്നുറങ്ങും. അച്ഛൻ കളിയാക്കുമായിരുന്നു, ‘ഈ ലോകത്ത് ടോയ്‍ലറ്റ് കണികണ്ടുണരുന്ന ഒരേയൊരാൾ നീയാകു’മെന്ന്.

ഗർഭകാലത്തും പ്രസവശേഷവും ഡാൻസിൽ സജീവമാണ് ?

സൗഭാഗ്യ: ഗർഭിണിയായിരുന്നപ്പോഴും ഡാൻസ് ക്ലാസ് ചെയ്യുന്നുണ്ടായിരുന്നു. ഡെലിവറി കഴിഞ്ഞ് 10 ാം ദിവസം മുതൽ ഓൺലൈൻ ഡാൻസ് ക്ലാസ് എടുത്തുതുടങ്ങി. കോവിഡ് കാലമായതിനാൽ സ്റ്റേജ് പ്രോഗ്രാമുകളൊന്നും ഈ സമയത്ത് ചെയ്തില്ല. അക്കാര്യത്തിൽ എന്നേക്കാൾ റെക്കോർഡ് അമ്മയ്ക്കാണ്.

താര: സൗഭാഗ്യയെ ഗർഭം ധരിച്ച് മൂന്നുമാസമായപ്പോഴാണ് വിവരം അറിഞ്ഞതു തന്നെ. ഇഷ്ടമുള്ളതെല്ലാം ചെയ്തോളൂ എന്നാണ് ഡോ. എലിസബത്ത് ഐപ് പറഞ്ഞത്. ഒൻപതാം മാസം വരെ ഡാൻസ് പ്രോഗ്രാമുകളുടെ പൊടിപൂരം. അവസാനത്തെ ചെക്കപ്പിനു ചെന്നപ്പോൾ ‘ഇനി വൈകേണ്ട, സിസേറിയൻ ചെയ്തേക്കാം’ എന്നു പറഞ്ഞു.

30 ദിവസം കഴിഞ്ഞു ഡാൻസ് ക്ലാസ് തുടങ്ങി. പിന്നെ, പ്രോഗ്രാമുകൾ വന്നു. ചെന്നൈയിലും ഹൈദരാബാദിലുമൊക്കെ കുഞ്ഞുമായി പോയി പ്രോഗ്രാം ചെയ്തു. യാത്രകളിൽ ഒരു കിറ്റും ബാഗും കൂടിയെന്നതല്ലാതെ മറ്റു വ്യത്യാസമൊന്നുമില്ല.

അമ്മയുടെ ഡാൻസ് കണ്ടു സൗഭാഗ്യ ചുവടുവച്ച് തുടങ്ങി ?

താര: പ്രോഗ്രാം നടക്കുന്ന രണ്ടു മണിക്കൂറും അവൾ ബാക് സ്റ്റേജിൽ കരഞ്ഞുപൊടിക്കും. അമ്മയാണ് വായ്പാട്ട് പാടുന്നത്. ഞാൻ സ്റ്റേജിലും. അച്ഛൻ കുഞ്ഞിനെയെടുത്ത് നട്ടംതിരിയും. ‘ഓമനത്തിങ്കൾ കിടാവോ...’ അന്നെന്റെ മാസ്റ്റർ പീസാണ്. അതു കേൾക്കുമ്പോൾ കുഞ്ഞ് ഏങ്ങിയേങ്ങി കരയും. പ്രോഗ്രാം കഴിഞ്ഞ് ഡ്രസ്സും മേക്കപ്പുമൊന്നും മാറ്റാതെ എന്റെ വിയർപ്പിലേക്ക് അവളെ എടുക്കുമ്പോഴാണ് കരച്ചിൽ നിർത്തുക. പിന്നെ, പിന്നെ, അവൾക്ക് കാര്യങ്ങൾ മനസ്സിലായി തുടങ്ങി. മംഗളം പാടിയാണ് നൃത്തം അവസാനിപ്പിക്കുന്നത്. അതിന്റെ ‘ഭവമാന...’ എന്ന വരികൾ കേൾക്കുമ്പോൾ അവൾ ചാടിപ്പിടഞ്ഞെഴുന്നേറ്റ് എന്റെയൊപ്പം സ്റ്റേജിൽ വന്ന് മംഗളം ചവിട്ടും.

sowbhagya

മൂന്നാം വയസ്സിൽ മൂകാംബിയിൽ വച്ച് മോളുടെ അരങ്ങേറ്റം നടത്തി. അന്ന് രാജേട്ടൻ മൃദംഗം വായിച്ചു.

സുബ്ബലക്ഷ്മി: താരയ്ക്ക് ഒരു ചേച്ചിയും ചേട്ടനുമുണ്ട്, ഡോ. ചിത്രയും ഡോ. കൃഷ്ണമൂർത്തിയും. മൂന്നു മക്കളെയും പാട്ടും ഡാൻസുമൊക്കെ പഠിപ്പിച്ചു. താര മാത്രമാണ് കല പ്രഫഷനായി എടുത്തത്. താരയുടെ ഉള്ളിലെ കലാകാരിയെ എനിക്കു ജീവനാണ്. ഞാൻ മരിച്ചു പോയാലും ചിലങ്കയുടെ ശബ്ദം കേൾപ്പിച്ചാൽ താര നൃത്തം ചെയ്യുന്നു എന്നോർത്ത് എണീറ്റു വരുമെന്ന് പറഞ്ഞ് അച്ഛൻ കളിയാക്കുമായിരുന്നു.

കലോപാസന തുടങ്ങിയത് എന്നു മുതലാണ് ?

സുബ്ബലക്ഷ്മി: എന്റെ അച്ഛന്റെ കുടുംബം തിരുനൽവേലിക്കാരാണ്. പഴയ സുപ്രീം കോർട് ജഡ്ജിയായിരുന്ന ടി. വെങ്കിട്ടരാമയ്യരും സ്വാതി തിരുനാൾ സംഗീത അക്കാദമിയുടെ ആദ്യകാല സാരഥിയായ ഡോ. മുത്തയ്യ ഭാഗവതരുമൊക്കെ അച്ഛന്റെ അമ്മാവന്മാരായിരുന്നു. അമ്മയും അമ്മൂമ്മയുമൊക്കെ പാടുമായിരുന്നു. വിശാഖപട്ടണത്തെ കുട്ടിക്കാലത്ത് സംഗീത കോളജിലെ അധ്യാപകനെ വീട്ടിൽ താമസിപ്പിച്ചാണ് എന്നെ പാട്ടു പഠിപ്പിച്ചിരുന്നത്.

എന്റെ പന്ത്രണ്ടാം വയസ്സിൽ അമ്മ മരിച്ചു. അതോടെ അച്ഛൻ ഞങ്ങളെ കൂട്ടി വഴുതക്കാട്ടെ ഓറിയന്റൽ ബംഗ്ലാവിലേക്കു വന്നു. പെൺകുട്ടികൾ പാട്ടു പഠിക്കുന്നതിൽ അവർക്കൊക്കെ എതിർപ്പായിരുന്നെങ്കിലും ഞാൻ അക്കാദമിയിൽ ചേർന്നു. അടുത്ത വർഷം ആകാശവാണിയിൽ സെലക്‌ഷൻ ആയി. വിവാഹാലോചന കൊടുമ്പിരിക്കൊണ്ട കാലം കൂടിയായിരുന്നു അത്. 17 വയസ്സു വരെ ഞാൻ പിടിച്ചു നിന്നു. വിവാഹശേഷം പാടാനും കലയെ ഉപാസിക്കാനുമുള്ള എല്ലാ സ്വാതന്ത്ര്യവും ഭർത്താവ് കല്യാണകൃഷ്ണൻ തന്നു. അദ്ദേഹം ഹിന്ദുസ്ഥാൻ ലാറ്റക്സിൽ ഉദ്യോഗസ്ഥനായിരുന്നു.

കുടുംബത്തിലേക്ക് വന്നവരും കലയെ പിന്തുണച്ചു ?

താര: ‘രാജകുമാരിയും നെയ്ത്തുകാരനും’ എന്ന ഷോർട്ഫിലിമിന്റെ ആദ്യ ഷോട്ടിൽ ഞാൻ രാജേട്ടനെ കാണുന്നത് മഹാവിഷ്ണുവിന്റെ വേഷത്തിലാണ്. കൂടുതലറിഞ്ഞപ്പോൾ വിവാഹം ആലോചിച്ചാലോ എന്ന് അമ്മയ്ക്ക് തോന്നി. 1991ൽ മൂകാംബികാ ക്ഷേത്രത്തിൽ വച്ചായിരുന്നു കല്യാണം. അഭിനയവും ആങ്കറിങ്ങുമൊക്കെയായി രാജേട്ടൻ കൈവയ്ക്കാത്ത മേഖലകളില്ല.

സൗഭാഗ്യ: അമ്മയ്ക്ക് ഡാൻസ് ക്ലാസിൽ ഏറ്റവും ഇഷ്ടമുള്ള കുട്ടിയായിരുന്നു അർജുൻ ചേട്ടൻ. മഹാചട്ടമ്പിയാണെങ്കിലും വളരെ ജനുവിൻ ആയിരുന്നു. ഏഴാം ക്ലാസിൽ വച്ചാണ് ഞാൻ ചേട്ടനെ ലാസ്റ്റ് കണ്ടത്. 25ാം വയസ്സിൽ വീണ്ടും കാണുമ്പോഴാണ് പ്രണയവും പിന്നീട് വിവാഹവും. എന്റെ ടിക്ടോക്കിലും യുട്യൂബ് വിഡിയോയിലുമെല്ലാം കട്ട സപ്പോർട്ടോടെ നിൽക്കുന്നത് ചേട്ടനാണ്.

അച്ഛന്റെ അകാലത്തിലുള്ള മരണം വീടിനെ ഉലച്ചോ ?

സൗഭാഗ്യ: ഞാൻ പിജി കഴിഞ്ഞതിന്റെ തൊട്ടടുത്ത വർഷമാണ് അച്ഛന് അസുഖം വന്നത്. എറണാകുളത്ത് പഠിക്കാൻ ചേർന്നതിനു പിന്നാലെ അവിടെ ഫ്ലാറ്റ് വാങ്ങിയിരുന്നു. അച്ഛന്റെ മരണശേഷം ആ ആംബിയൻസ് ബ്രേക് ചെയ്യാൻ വീടു മാറി. പുതിയ വീടിനു ചേരുന്ന ഫർണിച്ചറടക്കം വാങ്ങി ജീവിതത്തിന്റെ മുഖം മനഃപൂർവം മാറ്റിയെടുക്കുകയായിരുന്നു.

താര: രാജേട്ടൻ പോയ ശേഷം എന്നെ നോക്കിയത് മോളാണ്. ഞങ്ങളൊന്നിച്ച് കുറേ അമ്പലങ്ങളിൽ പോയി. പദ്മനാഭസ്വാമി ക്ഷേത്രത്തിൽ രാവിലെ നിർമാല്യം തൊഴാൻ പോയാൽ രാത്രി ശീവേലിയും കഴിഞ്ഞേ തിരിച്ചിറങ്ങൂ. ‘എന്റെ അച്ഛനാണ്, നോക്കിക്കോളണം’ എന്നു പറഞ്ഞ് സൗഭാഗ്യ ഉറക്കെ പ്രാർഥിക്കുമായിരുന്നു. കോവിഡ് കാലത്ത് വീണ്ടും നഷ്ടങ്ങളുണ്ടായി. അർജുന്റെ അച്ഛനെയും ചേട്ടത്തിയമ്മയെയും കോവിഡ് കൊണ്ടുപോയി.

നൃത്തത്തിന്റെ വഴിയേ എല്ലാവരും സിനിമയിലെത്തി ?

താര: വിവാഹം ഉറപ്പിച്ച സമയത്ത് ഒരു തമിഴ് സിനിമയിൽ നായികയാകാൻ ഓഫർ വന്നു. ചെന്നൈയിലെ ഒാഡിഷന് പറഞ്ഞ സീനുകളൊക്കെ നന്നായി അഭിനയിച്ചു കാണിച്ചു. ഷൂട്ടിങ്ങിനായി ഡ്രസ്സിന് അളവെടുക്കാൻ വന്നപ്പോഴാണ് സിനിമ താത്പര്യമില്ലെന്നു ഞാൻ പറഞ്ഞത്. നടി മീനയുടെ സിനിമാ എൻട്രി ആ സൂപ്പർഹിറ്റ് സിനിമയിലൂടെയായിരുന്നു, ‘എൻ രാസാവിൻ മനസ്സിലെ.’

സൗഭാഗ്യയെ സിനിമയിലേക്കും സീരിയലിലേക്കുമൊന്നും വിടാൻ താത്പര്യമില്ല. അങ്ങനെയൊരു ഫെയിം അ വൾക്ക് വേണ്ട. അത്ര കഷ്ടപ്പെടാനും അവൾക്കു വയ്യ.

അമ്മയ്ക്ക് സിനിമയിൽ ഓഫർ വന്നത് എന്റെയൊപ്പം സെറ്റില്‍ വരുന്നത് കണ്ടിട്ടാണ്. നടൻ സിദ്ദീഖ് അമ്മയുമായി കൂട്ടായി. ഒരു ദിവസം സിദ്ദീഖും രഞ്ജിത് സാറും കൂടി വീട്ടിൽ വന്നു. ‘നന്ദന’ത്തിലെ വേശാമണി അമ്മാളാകുന്നത് അങ്ങനെ. ‘രാപ്പകലി’ലെ മേക്കപ് ബോക്സ് തപ്പിനടക്കുന്ന മുത്തശ്ശി റിയൽ അമ്മയാണ്. ഷൂട്ടിങ്ങിനു മേക്കപ്പും ലിപ്സ്റ്റിക്കും ഇട്ടുകൊടുത്തില്ലെങ്കിൽ അമ്മ പിണങ്ങും.

സുബ്ബലക്ഷ്മി: വിജയ് നായകനായ ‘ബീസ്റ്റി’ന്റെ ഷൂട്ടിങ് കഴിഞ്ഞ് ചെന്നൈയിൽ നിന്നു വന്നതേയുള്ളൂ ഇപ്പോൾ.

കല മാത്രമല്ല, ഭക്തിയുമുണ്ട് കൂട്ടിന് ?

താര: ജീവിതത്തിൽ ദൈവം കൂട്ടു നിന്ന പല അനുഭവങ്ങളുമുണ്ട്. രാജേട്ടൻ ആശുപത്രിയിൽ കിടക്കുന്ന സമയത്ത് എന്നെ കാണാൻ ഒരു ട്രാൻസ്ജെൻഡർ പയ്യൻ വന്നു. ഞാനഭിനയിച്ച ‘ചോറ്റാനിക്കര ദേവി’ എന്ന സിനിമയുടെ ആരാധകനാണ് അവൻ. ഒൻപതു ദിവസത്തോളം ഐസിയുവിനു മുന്നിൽ അവനെനിക്ക് കൂട്ടിരുന്നു. ഒരു ദിവസം ഡോക്ടർ വന്നു പറഞ്ഞു, ‘ഇനി പ്രതീക്ഷിക്കാനില്ല. അറിയിക്കാനുള്ളവരെയൊക്കെ അറിയിച്ചോളൂ.’ ഞാനാകെ തളർന്നു പോയി. ‘ഞാനൊന്നു കയറി കണ്ടോട്ടെ’ എന്നു ചോദിച്ച് അവൻ ഐസിയുവിലേക്കു കയറിപ്പോയി. ആരായിരുന്നു അവനെന്ന് ഇപ്പോഴും ഞാൻ ഓർക്കാറുണ്ട്.

സുബ്ബലക്ഷ്മി: മൂകാംബികാ ദേവിയാണ് എന്റെ അമ്മ. എ ല്ലാ പ്രാർഥനകളും അമ്മ നടത്തി തന്നിട്ടുണ്ട്. സൗഭാഗ്യയുടെ മകൾ ചിലങ്കയണിയുന്നത് കാണണമെന്നാണ് ഇനിയുള്ള സ്വപ്നം. അതും ദേവി നടത്തി തരും.

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ