Tuesday 15 September 2020 11:30 AM IST

എന്നെ പ്രേമിച്ചവരുടെ കല്യാണം ഇതുവരെ നടന്നിട്ടില്ല, കല്യാണം ആലോചിച്ചവരുടെയും...! സീരിയലിനോട് വിടചൊല്ലി ‘പത്മിനി’

V.G. Nakul

Sub- Editor

suchitra-nair-1

‘വാനമ്പാടി’യിലെ പത്മിനി എന്നു മാത്രം പറഞ്ഞാൽ മതി, സുചിത്ര നായരെ മലയാളി പ്രേക്ഷകർ തിരിച്ചറിയാൻ. അത്രത്തോളം ആ പരമ്പരയും കഥാപാത്രവും കുടുംബ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിക്കഴിഞ്ഞു. ‘വാനമ്പാടി’ നൽകിയ പ്രശസ്തിയിലും അംഗീകാരത്തിലും തിളങ്ങി നിൽക്കേ സുചിത്രയുടെ പുതിയ തീരുമാനം ആരാധകരെ നിരാശരാക്കും. തൽക്കാലം സീരിയലിൽ നിന്നു വിട്ടു നിൽക്കാനാണ് താരത്തിന്റെ തീരുമാനം. ‘വനിത ഓൺലൈന്’ നൽകിയ അഭിമുഖത്തിൽ അതിന്റെ കാരണവും പുതിയ വിശേഷങ്ങളും സുചിത്ര പങ്കുവയ്ക്കുന്നു.

suchitra-nair-4

‘‘വീണ്ടും നൃത്തത്തിൽ സജീവമായതും തൽക്കാലം സീരിയലിൽ നിന്നു കുറച്ചു കാലം മാറി നിൽക്കാം എന്നു തീരുമാനിച്ചതുമാണ് പുതിയ വിശേഷം. പത്മിനി എന്ന കഥാപാത്രത്തിൽ നിന്ന് വളരെ വേഗം മറ്റൊരു കഥാപാത്രത്തിലേക്ക് പോകുക എന്നത് എനിക്ക് ഉൾക്കൊള്ളാൻ പ്രയാസമാണ്. അതാണ് തൽക്കാലം സീരിയൽ ചെയ്യുന്നില്ല എന്നു തീരുമാനിക്കാൻ കാരണം. മാത്രമല്ല, പ്രേക്ഷകർക്കും അത് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടായിരിക്കും. എങ്കിലും സിനിമയിൽ നിന്നും സീരിയലിൽ നിന്നുമൊക്കെ അവസരങ്ങൾ വരുന്നുണ്ട്. സിനിമയ്ക്ക് വേണ്ടി സമീപിക്കുന്നവർ പറയുന്നത് ഉടൻ സീരിയൽ ഒന്നും ചെയ്യരുത് എന്നാണ്. അപ്പോൾ ഞാനും കരുതി, എങ്കിൽ സിനിമയിൽ ഒരു നല്ല കഥാപാത്രത്തെ അവതരിപ്പിച്ചിട്ട് ബാക്കി പിന്നീട് ആലോചിക്കാം എന്ന്. എന്തായാലും ഒന്നും പ്ലാൻ ചെയ്തിട്ടില്ല. എന്തായാലും തൽക്കാലം സീരിയൽ ചെയ്യുന്നില്ല എന്ന് ഉറപ്പിച്ചു. തമിഴിൽ നിന്ന് ഖുശ്ബുവിന്റെ പ്രൊഡക്ഷനിൽ ഓഫർ വന്നിട്ടും സ്വീകരിച്ചില്ല. എല്ലാം സ്നേഹപൂർവം ഒഴിവാക്കുകയാണ് കേട്ടോ...’’.– സുചിത്ര പറഞ്ഞു തുടങ്ങി.

ദേവിയുടെ ഹാങ് ഓവർ

ഇതിനോടകം ആകെ 5 സീരിയലിൽ അഭിനയിച്ചു. അതിൽ മൂന്നിലും ദേവിയായാണ് അഭിനയിച്ചത്. ‘വാനമ്പാടി’ബ്രേക്ക് ആയി. ദേവിയായിട്ട് അഭിനയിച്ചപ്പോൾ ആർക്കും എന്റെ യഥാർത്ഥ മുഖമോ രൂപമോ അറിയില്ലായിരുന്നു. ഫുൾ ഹെവി മേക്കപ്പിൽ ആയിരുന്നല്ലോ. ‘വാനമ്പാടി’ വന്നപ്പോൾ പ്രക്ഷകരുടെ വലിയ പിന്തുണ കിട്ടി.

നൃത്തത്തിലൂടെയാണ് ഞാൻ അഭിനയത്തിലേക്ക് വന്നത്. ആദ്യമൊക്കെ അഭിനയിക്കാൻ തീരെ അറിയാത്ത ആളായിരുന്നു ഞാൻ. അഭിനയ മോഹവുമായി ചെന്ന് ഒരുപാട് സ്ഥലങ്ങളിൽ നിന്ന് മാറ്റി നിർത്തപ്പെട്ടു. ‘ആ കുട്ടിക്ക് അഭിനയിക്കാനൊന്നും അറിയില്ല’ എന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്.

ദേവിയായിട്ട് അഭിനയിക്കുമ്പോൾ കൂടുതലൊന്നും ചെയ്യാനില്ലല്ലോ. നോട്ടമാണ് പ്രധാനം. വാനമ്പാടിയിൽ അഭിനയിച്ചു തുടങ്ങിയപ്പോൾ ആദ്യമൊക്കെ 25 ടേക്ക് വരെ പോയിട്ടുണ്ട്. ആദ്യത്തെ രണ്ട് മൂന്ന് ഷെഡ്യൂൾ വരെ ഞാൻ ദേവിയുടെ ഹാങ് ഓവറിലായിരുന്നു. നോട്ടത്തിലൊക്കെ രൗദ്രം. ലുക്ക് കൊടുക്കാൻ പറയുമ്പോൾ ഞാൻ നോക്കുമ്പോഴേ സംവിധായകൻ ‘‘ദേവീ...ദേവി വരുന്നേ...’’എന്നു പറയും. അതൊക്കെ പതിയെ മാറ്റിയെടുത്തു. ഇപ്പോ ശരിയായി.

suchitra-nair-3

മെലിയാൻ തീരുമാനിച്ചു

മെലിയണം എന്നാണ് ഇപ്പോഴത്തെ ആഗ്രഹം. 10 കിലോ കുറയ്ക്കണം. ഇതിനോടകം 4 കിലോയോളം കുറച്ചു. ‘വാനമ്പാടി’യിൽ വെയിറ്റും വലിയ ശരീരപ്രകൃതവും ആവശ്യമായിരുന്നു. ആ കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ അങ്ങനെയാണ്. എന്റെ പ്രായത്തെക്കാളും ഇരട്ടിപ്രായം അതിൽ തോന്നിക്കുന്നുണ്ട്. നേരിട്ട് കാണുമ്പോൾ ഉള്ളതിനേക്കാൾ വണ്ണം ഫ്രെയിമിൽ തോന്നിക്കും.

suchitra-nair-6

ഡാൻസിനു വേണ്ടിയാണ് ഇപ്പോൾ മെലിയാൻ തീരുമാനിച്ചത്. ‘വാനമ്പാടി’ ഷൂട്ട് കഴിഞ്ഞതോടെ ഡയറ്റ് തുടങ്ങി. ഞാൻ തന്നെ ഒരു ഫുഡ് കൺട്രോൾ സ്റ്റൈൽ കണ്ടെത്തുകയായിരുന്നു. ഉച്ചയ്ക്ക് മാത്രം നല്ല പോലെ ഭക്ഷണം കഴിക്കും. രാവിലെയും വൈകിട്ടും ജ്യൂസ്. മധുരം ഉപേക്ഷിച്ചു. പഴങ്ങൾ കൂടുതൽ കഴിക്കാൻ തുടങ്ങി. കുറച്ചു മെലി‍ഞ്ഞ ശേഷം വർക്കൗട്ട് ചെയ്യാം എന്നു കരുതുന്നു. ഏകദേശം ഒരു മാസമായി. ഒപ്പം 41 ദിവസത്തെ വ്രതവും തുടങ്ങി. അതിനാൽ നോൺ വെജ് പൂർണമായും ഉപേക്ഷിച്ചു. രണ്ടും കൂടിയായപ്പോൾ നല്ല റിസൾട്ട് കിട്ടുന്നുണ്ട്.

പക്വത തോന്നുന്നത് എനിക്കും ഇഷ്ടമായിരുന്നു

ഞാൻ ജനിച്ചു വളർന്നത് തിരുവനന്തപുരത്താണ്. അച്ഛന്‍ വിക്രമന്‍ നായർക്കും ചേട്ടൻ സൂരജിനും ബിസിനസ് ആണ്. അമ്മ പ്രസന്ന ഹൗസ് വൈഫ്. ഞാൻ അഭിനയരംഗത്തേക്ക് വന്നത് ബാലതാരമായിട്ടാണ്. പക്ഷേ തുടർച്ചയായി അഭിനയിച്ചിട്ടില്ല. പഠനത്തിലും ശ്രദ്ധിച്ചു. എം.കോമിന് ജോയിൻ ചെയ്തപ്പോഴാണ് തിരക്കായത്.

ഇപ്പോൾ 28 വയസ്സായി. പക്ഷേ, പ്രായത്തെക്കാൾ പക്വതയുള്ള കഥാപാത്രങ്ങളാണ് കൂടുതൽ വന്നത്. അതിൽ വിഷമം തോന്നിയിട്ടില്ല. രൂപത്തിൽ പക്വത തോന്നുന്നത് എനിക്കും ഇഷ്ടമായിരുന്നു. എങ്കിലും മറ്റു പലരും അതിൽ പരാതി പറയുന്നതു കേൾക്കുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ട്.

suchitra-nair-2

പ്രണയം, വിവാഹം

വിവാഹത്തെക്കുറിച്ച് തൽക്കാലം ഒന്നും ഉറപ്പിച്ച് പറയാൻ പറ്റില്ല. ആലോചനകൾ വരുന്നുണ്ട്. പലപ്പോഴായി ചില പ്രണയങ്ങളൊക്കെ സംഭവിച്ചിട്ടുണ്ട്. ഒന്നു രണ്ടെണ്ണം ഗൗരവത്തിലായിരുന്നു. പക്ഷേ, വിജയിച്ചില്ല. എന്റെ അമ്മ എപ്പോഴും പറയും ‘നീ ഒള്ള ശാപം മൊത്തം വാങ്ങി വയ്ക്കും. എന്താണാവോ...’ എന്ന്... മറ്റൊരു തമാശ പറയട്ടേ, എന്നെ കല്യാണമാലോചിച്ച് വന്നവരാരും ഇതുവരെ കല്യാണം കഴിച്ചിട്ടില്ല. എന്നെ പ്രേമിച്ചവരും കല്യാണം കഴിച്ചിട്ടില്ല...ഒന്നോ രണ്ടോ പേരാണ് അതിന് അപവാദം... ചിരിയോടെ സുചിത്ര പറഞ്ഞു നിർത്തി...