സണ്ണി വെയിൻ, ലുക്ക്മാൻ, ഹരിശ്രീ അശോകന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ‘ടര്‍ക്കിഷ് തര്‍ക്കം’ എന്ന സിനിമ തിയറ്ററുകളില്‍ നിന്ന് താല്‍ക്കാലികമായി പിൻവലിച്ചത് വലിയ ചർച്ചയായിരുന്നു.
മതനിന്ദ ആരോപിച്ച് ചിത്രത്തിന്റെ നിർമാതാവിനും സംവിധായകനും അടക്കം ഭീഷണിയുണ്ടായതിനെ തുടർന്നാണ് തീരുമാനമെന്നായിരുന്നു അണിയപ്രവർത്തകർ പറഞ്ഞത്.
ഇപ്പോഴിതാ, സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സണ്ണി വെയിൻ.
‘ചെറിയ വേഷത്തിലാണങ്കിലും, ഞാനും കൂടെ ഭാഗമായ ടർക്കിഷ് തർക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് യാതൊരു വിധ ഭീഷണിയും എനിക്ക് നേരിട്ടിട്ടില്ല എന്ന് ഞാൻ അറിയിക്കുന്നു. സിനിമ പിൻവലിക്കുവാനുണ്ടായ സാഹചര്യത്തെ കുറിച്ച് ഞാൻ നിർമ്മാതാവിനോട് തിരക്കിയപ്പോൾ കൃത്യമായ ഒരുത്തരം എനിക്ക് ലഭിച്ചിരുന്നില്ല. മാത്രവുമല്ല പിൻവലിച്ച വിവരം ഞാൻ അറിയുന്നത് സോഷ്യൽ മീഡിയയിലൂടെയുമാണ്.
എന്തുകൊണ്ടായാലും ഇത്തരത്തിലുള്ള ദൗർഭാഗ്യകരമായ അവസ്ഥകൾ ഒഴിവാക്കപ്പെടേണ്ടതായിരുന്നു. ഇത് മലയാള സിനിമയ്ക്ക് ഒരുതരത്തിലും ഗുണം ചെയ്യില്ലെന്നും മറിച്ച് ദോഷമേ ഉണ്ടാക്കുകയുള്ളൂ എന്നുമാണ് എന്റെ എളിയ അഭിപ്രായം. ഇതിന്റെ മേലുള്ള അനാവശ്യ ചർച്ചകൾ ഒഴിവാക്കണമെന്നും മലയാളസിനിമ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു’.– സണ്ണി സോഷ്യൽ മീഡിയയിൽ കുറിച്ചു.
സിനിമ കാണാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകരെ ചിലര്‍ തടയുന്ന അവസ്ഥയാണെന്നും ജനങ്ങളെ സത്യാവസ്ഥ ബോധിപ്പിച്ച ശേഷം വീണ്ടും ചിത്രം പുറത്തിറക്കുമെന്നും അണിയറപ്രവർത്തകർ പറഞ്ഞത്. നവാഗതനായ നവാസ് സുലൈമാൻ ആണ് ചിത്രത്തിന്റെ സംവിധാനം.