ADVERTISEMENT

നാല് വർഷത്തെ ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപി വീണ്ടും അഭിനയ രംഗത്തേക്കു മടങ്ങി വരുന്നത് ആരാധകരിൽ വലിയ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. ‘തമിഴരശൻ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ആക്ഷൻ കിങ്ങിന്റെ റീ എൻട്രി.

ചിത്രത്തിന്റെ ചെന്നൈയിലെ ലൊക്കേഷനിൽ കഴിഞ്ഞ ദിവസം സുരേഷ് ഗോപിയെ കാണാൻ മക്കളായ ഗോകുൽ സുരേഷും ഭവാനിയും എത്തിയിരുന്നു. രാഷ്ട്രീയ ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ അഭിനയത്തിലേക്കു തിരികെ വന്ന അച്ഛന്റെ അഭിനയം കാണാനെത്തിയതായിരുന്നു ഇരുവരും.

ADVERTISEMENT

മക്കളുടെ ലൊക്കേഷൻ സന്ദർശനത്തിന്റെ ചിത്രങ്ങളും ഒപ്പം ഹൃദയസ്പർശിയായൊരു കുറിപ്പും സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ പങ്കു വച്ചിട്ടുണ്ട്.

“ഗോകുലും ഇളയ മകൾ ഭവാനിയും തമിഴരശന്റെ ലൊക്കേഷനിൽ വന്നു. എന്റെ അരികിൽ നിന്ന് അൽപ്പം മാറി കൈകെട്ടി നിന്ന് ഗോകുൽ മന്ത്രിച്ചു, അച്ഛാ... ഈ ലൈറ്റുകൾക്കും അഭിനേതാക്കൾക്കും ടെക്നീഷ്യന്‍സിനും ഇടയിൽ അച്ഛനെ കാണുമ്പോൾ എനിക്കു വളരെ സന്തോഷമുണ്ട്. എപ്പോഴും അച്ഛനെ ഇങ്ങനെ കാണാനാണ് എനിക്കിഷ്ടം. ആ വാക്കുകൾ എന്നെ ഏറെ സന്തോഷിപ്പിച്ചെങ്കിലും ഒരു സാമൂഹ്യപ്രവർത്തകൻ എന്ന നിലയിൽ ഞാനെന്റെ ഉത്തരവാദിത്വങ്ങളെ കുറിച്ച് ബോധവാനാണ്. എന്തുവില കൊടുത്തും എന്റെ മാതൃരാജ്യത്തോടുള്ള ഉത്തരവാദിത്വങ്ങൾ ഞാൻ നിറവേറ്റും”. അദ്ദേഹം കുറിച്ചു.

ADVERTISEMENT

ബാബു യോഗ്വേശരൻ സംവിധാനം ചെയ്യുന്ന ‘തമിഴരശനി’ൽ ഒരു ഡോക്ടറുടെ വേഷത്തിലാണ് താരം. വിജയ് ആന്റണിയാണ് നായകൻ. രമ്യാ നമ്പീശനാണ് ചിത്രത്തിലെ നായിക.

2015 ൽ‘മൈ ഗോഡ്’ എന്ന ചിത്രത്തിനു ശേഷം സിനിമയിൽ നിന്നു ഇടവേളയെടുത്ത സുരേഷ് ഗോപി ലേലത്തിന്റെ രണ്ടാം ഭാഗത്തിലും ഉടൻ അഭിനയിക്കും. നിതിന്‍ രഞ്ജി പണിക്കറാണ് സംവിധാനം. രഞ്ജി പണിക്കര്‍ തിരക്കഥ എഴുതും. രഞ്ജി പണിക്കര്‍ തിരക്കഥ എഴുതിയ ചിത്രത്തിന്റെ ആദ്യ ഭാഗം സംവിധാനം ചെയ്തത് ജോഷിയായിരുന്നു. ചിത്രത്തിൽ ഗോകുൽ സുരേഷും അഭിനയിക്കുന്നുണ്ട്. ആനക്കാട്ടില്‍ ചാക്കോച്ചി ആയി സുരേഷ് ഗോപി എത്തുമ്പോൾ ചാക്കോച്ചിയുടെ മകൻ ‘കൊച്ചു ചാക്കോച്ചി’ ആയാണ് ഗോകുല്‍ എത്തുക.

ADVERTISEMENT

 

ADVERTISEMENT