മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മാധ്യമപ്രവർത്തകയോട് കയർത്ത് ബിജെപി നേതാവും മുൻ എംപിയും നടനുമായ സുരേഷ് ഗോപി. പുതിയ ചിത്രമായ ഗരുഡന്റെ പ്രചാരർഥം തൃശൂരിലെത്തിയതായിരുന്നു സുരേഷ് ഗോപി. തൃശൂരിൽ ഗിരിജ തീയറ്ററിൽ നടന്ന സ്പെഷ്യൽ ലേഡീസ് ഓൺലി ഷോയിൽ പങ്കെടുക്കുകയായിരുന്നു താരം.
ഷോയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മാധ്യമപ്രവർത്തകയോട് കയർത്ത് ‘എന്റെ അടുത്ത് ആളാകാൻ വരരുത്’ എന്ന് അദ്ദേഹം പറഞ്ഞു. ആളാകാൻ വരുന്നതല്ലെന്ന് മാധ്യമപ്രവർത്തക മറുപടി പറയുന്നതും കേൾക്കാം. ‘ആളാകാൻ വരരുത്. കോടതിയാണ് ഇനി നോക്കുന്നത്. അവര്‍ നോക്കിക്കോളും. യു വാൻഡ് മി ടു കൺഡിന്യൂ, ആസ്ക് ഹെർ ടു മൂവ് ബാക്ക്’– അദ്ദേഹം പറഞ്ഞു.
‘സിനിമ ആസ്വദിക്കുന്നു എന്നത് എന്നെ സംബന്ധിച്ചടത്തോളം ഈശ്വരാനുഗ്രമാണ്. ആ ഈശ്വരാനുഗ്രഹം ഞാൻ സസന്തോഷം ആസ്വദിക്കുന്നു. ഇപ്പോഴും ഞാൻ ഒന്നും പറഞ്ഞിട്ടില്ല. എനിക്ക് പേടിയാണ്... ഒന്നു മാറി നിൽക്ക് എന്നേ പറഞ്ഞിട്ടുള്ളൂ... അതിനുള്ള അവകാശം എനിക്കില്ലേ...’– സുരേഷ് ഗോപി പറയുന്നു.
കോഴിക്കോട്ട് മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സുരേഷ് ഗോപിക്കെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിൽ നടൻ മാപ്പും പറഞ്ഞു. അടുത്തിടെ, കൊച്ചി കലൂരിൽ ട്രാൻസ്ജെൻഡേഴ്സിന്റെ കേരളപ്പിറവി ദിനാഘോഷത്തിൽ അതിഥിയായി എത്തിയ സുരേഷ് ഗോപി, മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി. ‘പ്ലീസ് കീപ് എവേ ഫ്രം മീ, നോ ബോഡി ടച്ചിങ്. താങ്ക്യു’ എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.