ADVERTISEMENT

എന്നാണ് കല്യാണം ? പ്രണയത്തിലാണോ ? എല്ലാ അഭിമുഖങ്ങളിലും അവിവാഹിതരായ മിക്ക താരങ്ങളും നേരിടുന്ന ഒരു പ്രധാന ചോദ്യമാണിത്. മലയാളത്തിന്റെ പ്രിയയുവനായിക സ്വാസിക വിജയ്‌യും ഈ ചോദ്യങ്ങൾ നേരിടാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി. ഇപ്പോഴിതാ അതിനൊരു വ്യക്തമായ ഉത്തരവുമായി എത്തിയിരിക്കുകയാണ് താരം.

‘‘ഈ ഡിസംബറിലോ അടുത്ത വർഷം ജനുവരിയിലോ നടക്കത്തക്ക തരത്തിൽ മാട്രിമോണി വഴി കല്യാണ ആലോചനകൾ മുന്നോട്ടു പോകുന്നു. ഒന്നു രണ്ടു പ്രപ്പോസലുകൾ സജീവമാണ്. അച്ഛൻ ബഹ്റിനിൽ നിന്ന് നാട്ടിലെത്തിയ ശേഷമേ തീരുമാനമെടുക്കൂ’’– സ്വാസിക ‘വനിത ഓൺലൈനോട്’ പറഞ്ഞു.

ADVERTISEMENT

നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലിൽ അതിഥിയായി എത്തിയപ്പോൾ സ്വാസിക വിവാഹത്തെക്കുറിച്ച് പറഞ്ഞതാണ് വീണ്ടും ഈ ചർച്ചകൾക്ക് കാരണമായത്. പ്രണയവിവാഹമാണോ എന്ന അനുവിന്റെ ചോദ്യത്തിന് ‘അതെ. ഒമ്പത് വർഷത്തോളമായുള്ള പ്രണയമാണ്’ എന്ന് സ്വാസിക ഉത്തരം നൽകിയതും സോഷ്യൽ മീഡിയയിൽ വാർത്തയാകുന്നു.

‘‘പ്രണയമൊന്നുമില്ല. എല്ലാവരും എപ്പോഴും പ്രണയത്തെക്കുറിച്ച് ചോദിക്കുന്നതിനാൽ ഞാനും ഒരു രസത്തിന് പറഞ്ഞതാണ്. വീട്ടുകാർ ആലോചിച്ചുറപ്പിക്കുന്ന വിവാഹമാകും എന്റെത്. പലരും കാണുമ്പോൾ ചില ഗോസിപ്പുകളൊക്കെ വച്ച്, അയാളാണോ ഇയാളാണോ എന്നൊക്കെ ചോദിക്കും. കേട്ടു കേട്ട് ഇപ്പോൾ അവരു ചോദിക്കുന്നതൊക്കെ ഞാനുമങ്ങ് സമ്മതിക്കും. വെറുതെ. അവർക്കൊരു സന്തോഷം. എനിക്കും രസം’’.– സ്വാസിക ചിരിയോടെ പറയുന്നു.

ADVERTISEMENT

പ്രേക്ഷകർക്ക് സുപരിചിതയായ അഭിനേത്രിയാണ് സ്വാസിക. കട്ടപ്പനയിലെ ഋതിക് റോഷനി’ലെ തേപ്പുകാരിയായും ‘സീത’യെന്ന സീരിയലിലെ സീതയായും ‘പൊറിഞ്ചു മറിയം ജോസി’ൽ ചെമ്പൻ വിനോദിന്റെ ഭാര്യയായെത്തിയുമൊക്കെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന സ്വാസിക ‘വാസന്തി’ എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

ചതുരം, കുടുക്ക്, ആറാട്ട്, കേശു ഈ വീടിന്റെ നാഥൻ എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ.

ADVERTISEMENT
ADVERTISEMENT