Thursday 15 October 2020 10:23 AM IST

‘ആത്മഹത്യ അല്ലാതെ മറ്റൊരു വഴിയും അന്നു മുന്നിൽ കണ്ടില്ല’! സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലേക്കുള്ള യാത്രയിൽ സ്വാസിക താണ്ടിയത്...

V.G. Nakul

Sub- Editor

swasika-5

മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലൂടെ സ്വാസിക വിജയ് സ്വന്തമാക്കുന്നത് അഭിനയജീവിതത്തിലെ മറ്റൊരു വലിയ വഴിത്തിരിവു കൂടിയാണ്. സിനിമയിൽ അവസരങ്ങൾ കുറഞ്ഞപ്പോൾ നിരാശയുടെ പടു കുഴിയിലേക്കു വീണ, ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ച പെൺകുട്ടിയാണ് സ്വാസിക. ആ ഘട്ടത്തില്‍ നിന്നാണ് അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശവുമായി അവർ വൻ തിരിച്ചു വരവു ന‍ടത്തിയതും ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും മിന്നും താരമായതും ഇപ്പോൾ, ‘വാസന്തി’യിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലേക്കെത്തിയതും.

2 വർഷം (2018 നവംബർ 17) മുമ്പ് ‘വനിത ഓൺലൈന്’ നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു താൻ നേരിട്ട പ്രതിസന്ധി ഘട്ടത്തെക്കുറിച്ച് സ്വാസിക ആദ്യമായി മനസ്സ് തുറന്നത്. ആ അഭിമുഖം വായിക്കാം –

swasika3

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലുമായി, കരിയറിൽ വിജയത്തിന്റെ പടികൾ ഓരോന്നോരോന്നായി ചവിട്ടിക്കയറുമ്പോഴും സ്വാസിക മനസ്സിന്റെ കോണിൽ മായാതെ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരു ദുഃഖകാലമുണ്ട്. സിനിമയെന്ന മോഹവുമായി സകലതും ഉപക്ഷിച്ചിറങ്ങി ഒടുവിൽ മരണത്തിൽ അഭയം പ്രാപിക്കാൻ തയ്യാറെടുത്ത വേദനയുടെ ഭുതകാലം. താരമാകും മുൻപ് തന്റെ ഇഷ്ടങ്ങൾക്കു പിന്നാലെ ഒരു പെൺകുട്ടി നടന്നതിന്റെ, അവൾ നേരിട്ട പ്രതിസന്ധികളുടെ ആരുമറിയാത്ത, ആരോടും പറയാത്ത കഥ സ്വാസിക ‘വനിത ഓൺലൈനുമായി’ പങ്കു വയ്ക്കുന്നു.

‘‘സിനിമയായിരുന്നു ലക്ഷ്യം. അഭിനയിക്കണം, വലിയ നടിയായി അറിയപ്പെടണം എന്നൊക്കെയായിരുന്നു ആഗ്രഹം. സ്വപ്നങ്ങളിൽ നിറയെ സിനിമയും അതിന്റെ നിറങ്ങളും മാത്രം. പഠിക്കുന്ന കാലത്താണ് സിനിമയിലേക്കു വന്നത്. തമിഴിലായിരുന്നു തുടക്കം. ഒരു മാഗസിനിൽ വന്ന ചിത്രം കണ്ടാണ് ‘വൈഗൈ’ എന്ന സിനിമയിൽ നായികയായി അവസരം ലഭിക്കുന്നത്. പുതിയ സംവിധായകനും നായകനുമൊക്കെയായിരുന്നു. ചിത്രം ഭേദപ്പെട്ട വിജയം നേടി. തുടർന്ന് തമിഴിൽ മൂന്നു സിനിമകൾ ചെയ്തു. എല്ലാം ശ്രദ്ധേയമായ അവസരങ്ങളായിരുന്നു. എന്നിട്ടും എവിടെയോ പാളി. കാര്യമായ അവസരങ്ങൾ കിട്ടിയില്ല. ചിലപ്പോൾ ദൗർഭാഗ്യമാകാം, അറിയില്ല.

swasika 4

പ്രതീക്ഷകൾ തകിടം മറിഞ്ഞു.. തമിഴിലാണല്ലോ തുടക്കം. അതും നായികയായി. അപ്പോൾ വച്ചടി വച്ചടി കയറ്റമായിരിക്കുമെന്നു കരുതി. പക്ഷേ വിചാരിച്ചതു പോലെ ഒന്നും നടന്നില്ല. അതിനിടെ മലയാളത്തില്‍ വലിയ ചില അവസരങ്ങൾ ലഭിച്ചു. പ്രഭുവിന്റെ മക്കൾ, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങളിൽ നല്ല കഥാപാത്രങ്ങളായിരുന്നു. സിനിമകളും ശ്രദ്ധേയമായി. എന്നാൽ അതിനു ശേഷം ഇവിടെയും നല്ല അവസരങ്ങൾ തേടി വന്നില്ല. തുടർന്നുള്ള മൂന്നു വർഷം ഒരു നല്ല സിനിമ പോലും കിട്ടിയില്ല. അതോടെ ഞാൻ ഡിപ്രഷന്റെ വക്കിലായി. ജീവിതത്തിൽ ഒന്നും ചെയ്യാനില്ലാതെ പോയല്ലോ എന്ന തോന്നൽ വരിഞ്ഞു മുറുക്കി.

എനിക്കാകെ ഇഷ്ടമുള്ളത് സിനിമയായിരുന്നു. അതിനാലാണ് പഠനം പോലും ഉപേക്ഷിച്ച് അഭിനയ രംഗത്തേക്കെത്തിയത്. എന്നാൽ അതിൽ ഒന്നും ആകാൻ പറ്റുന്നില്ല. അതോടെ ജീവിക്കാൻ തന്നെ താത്പര്യമില്ലാതെയായി. എങ്ങനെയെങ്കിലും മരിക്കണം എന്ന തോന്നൽ പിടിമുറുക്കി. പെട്ടെന്നു മരിക്കാൻ എന്താണു മാർഗം എന്നൊക്കെ ആലോചിച്ചു. നാളെ ഒരു വണ്ടി വന്നു തട്ടിയിരുന്നെങ്കിൽ എന്നൊക്കെയായി തോന്നൽ. കൂട്ടുകാരൊക്കെ പഠനത്തിന്റെ തിരക്കിൽ. ചിലർ ജോലിക്കു പോകുന്നു. ഞാൻ മാത്രം ‘സിനിമ... സിനിമ’ എന്നു പറഞ്ഞു സമയം കളയുന്നു. രാവിലെ എഴുന്നേൽക്കുക വീട്ടിൽ വെറുതെയിരിക്കുക എന്നതായിരുന്നു ദിനചര്യ.

swasika 2

നിരാശയുടെ പടുകുഴിയിലായി. ഒപ്പം ആളുകളുടെ ‘എന്തായി എന്തായി’ എന്ന ചോദ്യവും. ‘ഒരു ആവശ്യവുമുണ്ടായിരുന്നില്ല. പഠിക്കാൻ വിട്ടാൽ മതിയായിരുന്നു’ എന്നു വീട്ടുകാരും പറയാൻ തുടങ്ങി. ചുറ്റും കുത്തുവാക്കുകൾ. ആരുടെയും മുഖത്തു നോക്കാൻ പറ്റുന്നില്ല. ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഇതു പോര, എന്തെങ്കിലും ചെയ്യണം എന്നു തോന്നി. മെഡിറ്റേഷൻ – യോഗ ക്ലാസിനു പോയിത്തുടങ്ങി. പതിയെ സാധാരണ ജീവിതത്തിലേക്കു മടങ്ങി വന്നു. ആ മൂന്നു വർഷം വേസ്റ്റായി എന്നു പറയാം. ആ സമയത്താണ് ‘മഴവിൽ മനോരമ’യിലെ ‘ദത്തുപുത്രി’ എന്ന സീരിയലിലേക്കു വിളിക്കുന്നത്. മൂന്നു വർഷം കാത്തിരുന്നിട്ടും ഒന്നുമായില്ല. എവിടെയാണു പിടിച്ചു കയറാനാകുക എന്നറിയില്ലല്ലോ. അങ്ങനെ സീരിയൽ തിരഞ്ഞെടുത്തു. അതു കഴിഞ്ഞ് സീരിയൽ മാത്രമായി. നീണ്ട ഇടവേളയ്ക്കു ശേഷമാണ് ‘കട്ടപ്പനയിലെ ഹൃത്വിക് റോഷനും’ ‘സ്വർണ്ണക്കടുവയും’ ചെയ്തത്. ഇപ്പോൾ ഞാൻ ഹാപ്പിയാണ്. മികച്ച അവസരങ്ങൾ ലഭിക്കുന്നു, ആഗ്രഹിച്ചതു പോലെ ജീവിക്കുന്നു.’’– സീരിയലിനെ വെല്ലുന്ന ജീവിത കഥ പറയുമ്പോൾ സ്വാസികയുടെ ശബ്ദത്തിൽ സന്തോഷവും ആത്മവിശ്വാസവും.

swasika 1

സിനിമയിൽ നിന്നു പൂർണ്ണമായി സീരിയലിലേക്കു മാറി എന്നു പറയാനാകില്ല. ഇപ്പോഴും സിനിമ ചെയ്യുന്നുണ്ട്. എന്നിലെ നടിയെ ആളുകൾ തിരിച്ചറിഞ്ഞത് സീരിയലിലൂടെയാണ്. എനിക്കെന്റെതായ ഒരു ഇടം കിട്ടിയതും മിനി സ്ക്രീനിലാണ്. അപ്പോഴും എല്ലാവരെയും പോലെ എനിക്കും സിനിമ എന്ന ‘മാജിക്കൽ വേൾഡിൽ’ എത്തിപ്പെടാനാണ് താത്പര്യം. അതിന്റെ ചവിട്ടുപടിയാണ് സീരിയലും ആങ്കറിങ്ങുമൊക്കെ.

കുടുംബം

വീട് മൂവാറ്റുപുഴയിലാണ്. അച്ഛന്‍ വിജയ കുമാർ, അമ്മ ഗിരിജ, സഹോദരൻ ആകാശ്. സ്കൂളും കോളേജും നിർമ്മലയിലായിരുന്നു. പൂജ വിജയ് എന്നാണ് എന്റെ യഥാർത്ഥ പേര്. തമിഴിൽ അഭിനയിച്ചപ്പോൾ സ്വാസിക വിജയ് എന്നാക്കി. ഇപ്പോൾ ‘സൂത്രക്കാരൻ’ എന്ന ചിത്രത്തിൽ ഒരു പൊലീസ് ഓഫീസറുടെ കഥാപാത്രം അവതരിപ്പിക്കുന്നു. ‘സ്വർണ്ണ മത്സ്യങ്ങൾ’ എന്ന ചിത്രത്തിലും നല്ല വേഷമാണ് അവതരിപ്പിക്കുന്നത്.