Monday 07 September 2020 04:20 PM IST

സ്റ്റാർ സിങറിന് ശേഷം പഠിക്കാൻ പോയി, പിന്നെ സംഭവിച്ചത്! 10 വർഷത്തെ ഇടവേളയുടെ കഥ പറഞ്ഞ് സ്വാതി

V.G. Nakul

Sub- Editor

swathy-1

അഭിനന്ദനങ്ങളുടെയും പ്രശസ്തിയുടെയും തിളക്കത്തിനുള്ളില്‍ നിൽക്കേ പെട്ടെന്നൊരു ദിവസം മാറി നിൽക്കാൻ തുടങ്ങിയ ഒരാൾ പാട്ടിന്റെ വഴിയിലേക്കു തിരികെ വരാൻ താണ്ടിയ പത്ത് വർഷങ്ങളുടെ ദൂരമാണ് ‘സ്വ’. സാക്ഷാൽ മോഹൻലാൽ വരെ തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ പങ്കുവച്ച, സോഷ്യൽ മീഡിയയുടെയും സംഗീതാസ്വാദകരുടെയും മനം നിറച്ച ഈ കവർ സോങ് വിഡിയോയിലൂടെ മലയാളി വീണ്ടും സ്വാതിയുടെ ആലാപന മാധുര്യം ആസ്വദിച്ചിരിക്കുന്നു.

സ്വാതിയെ മലയാളി സംഗീത പ്രേമികൾ അറിയും. സ്റ്റാർ സിങ്ങർ സീസൺ ടുവിലെ മത്സരാർത്ഥിയായിരുന്നു സ്വാതി. അതിനു ശേഷം നീണ്ട 10 വർഷം സ്വാതി മുഖ്യധാരാ സംഗീതത്തിന് പുറത്തായിരുന്നു. അടുത്തിടെ നടൻ ചന്തു നാഥിന്റെ ഭാര്യയെന്ന നിലയിൽ വീണ്ടും വാർത്തകളിൽ നിറഞ്ഞെങ്കിലും സംഗീതത്തിൽ സ്വാതിയുടെ പേര് അകന്നു തന്നെ നിന്നു. ആ ദീർ‌ഘമായ ഇടവേളയ്ക്കാണ് ചന്തുവിന്റെ സംവിധാനത്തിൽ വിദ്യാസാഗറിന്റെ പാട്ടുകൾ കോർത്തിണക്കിയ മനോഹരമായ കവർ സോങ് വിഡിയോയിലൂടെ വിരാമമാകുന്നത്. ‘പതിനെട്ടാം പടി’യിലെ നായകന്‍മാരിൽ ഒരാളായി പ്രേക്ഷകരുടെ ഇഷ്ടം നേടിയ ചന്തുവും സ്വാതിയും ‘സ്വ’യുടെ വിശേഷങ്ങൾ ‘വനിത ഓൺലൈനി’ൽ പങ്കുവയ്ക്കുന്നു.

ചന്ദുവിനൊപ്പം തോൽക്കാതെ

‘‘പാട്ടിൽ ആദ്യമായാണ് ഇങ്ങനെയൊരു വിഷ്വൽ കണ്ടന്റുമായി സ്വാതി വരുന്നത്. സ്റ്റാർ സിങ്ങറിൽ മത്സരിച്ച ശേഷം മുഖ്യധാരാ സംഗീതത്തിന്റെ ഭാഗമായി അവൾ ചെയ്യുന്ന ആദ്യ വർക്കും ‘സ്വ’ ആണ്. അതിന് പിന്തുണ നൽകാനായതിൽ ജീവിത പങ്കാളിയെന്ന നിലയിൽ എനിക്ക് അഭിമാനമുണ്ട്’’.– ചന്തു പറയുന്നു.

‘‘2007 ൽ ആയിരുന്നു സ്റ്റാർ സിങ്ങർ സീസൺ 2. ഞാനപ്പോൾ പ്ലസ് ടു കഴിഞ്ഞ ഘട്ടമാണ്. തിരുവനന്തപുരം സ്വദേശികളാണ് ഞങ്ങൾ. രണ്ടാം റൗണ്ട് വരെയേ എത്തിയുള്ളൂ എങ്കിലും അതു നൽകിയ പ്രശസ്തി വലുതായിരുന്നു. അച്ഛൻ കേശവൻ പോറ്റിയും അമ്മ പ്രേമയുമായിരുന്നു പിന്തുണ. സ്റ്റാർ സിങ്ങർ കഴിഞ്ഞ് പത്ത് വർഷത്തിനു ശേഷവും ഇപ്പോഴും എന്നെ ആളുകൾ തിരിച്ചറിയുമ്പോഴാണ് ആ പരിപാടിയുടെ വിജയത്തിന്റെ വ്യാപ്തി മനസ്സിലാക്കുന്നത്.

സ്റ്റാർ സിങ്ങറിനു ശേഷം ജയ ടി.വിയിലെ ഒരു ഷോയിൽ പങ്കെടുത്ത് ഫൈനൽ വരെ വന്നു. എന്നാൽ അതിനനുസരിച്ച് സംഗീത മേഖലയിൽ കാര്യമായ മുന്നേറ്റമുണ്ടാക്കാൻ എനിക്കായില്ല. അതിന് പല കാരണങ്ങളുണ്ട്. പ്രധാനമായും സ്റ്റാർ സിങ്ങർ കഴിഞ്ഞ്‍ പഠനത്തില്‍ കൂടുതൽ ശ്രദ്ധിച്ച് എം.എസ്.എസിക്ക് കോയമ്പത്തൂരിലേക്ക് പോയതാണ്. രണ്ടു വർഷം കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ, ധാരാളം പുതിയ പാട്ടുകാർ രംഗത്ത് വന്നിരുന്നു. അതിനാൽ ഒരു നല്ല തിരിച്ചുവരവിനുള്ള അവസരം കിട്ടിയില്ല.

swathy-4

അതിനിടെ കൈരളിയിലും മഴവില്‍ മനോരമയിലും ദൂരദർശനിലും ഏഷ്യാനെറ്റിലുമൊക്കെ ആങ്കറിങ് ചെയ്തിരുന്നു. രണ്ടു മൂന്നു തമിഴ് സിനിമകളില്‍ പാടിയെങ്കിലും അവയെല്ലാം പാതിയിൽ മുടങ്ങി. ഞാൻ ബയോടെക്നോളജിയാണ് പഠിച്ചത്. പഠന ശേഷം തിരുവനന്തപുരത്ത് മാർ ഇവാനിയോസിലും തുമ്പ സെന്റ ് സേവിയേഴ്സിലുമൊക്കെ ഗസ്റ്റ് ലക്ചററായി. അതിനിടെ വിവാഹം നടന്നു. മോൻ ജനിച്ചു. ജോലിയുടെയും കുടുംബജീവിതത്തിന്റെയും തിരക്കുകൾ കൂടിയായപ്പോൾ പൂർണമായും സംഗീതത്തിൽ നിന്നകന്നു തുടങ്ങി.

അടുത്തകാലത്തായി, ‘ആങ്കർ ആയിട്ട് വേണ്ട, പാട്ടുകാരിയായിട്ട് അറിയപ്പെട്ടാൽ മതി’ എന്നു തോന്നിത്തുടങ്ങിയപ്പോഴാണ് വീണ്ടും സംഗീതത്തിൽ സജീവമാകാൻ തീരുമാനിച്ചതും ‘സ്വ’ ചെയ്യാൻ തീരുമാനിച്ചതും. ചന്തുവും സിനിമയിൽ ഇടം നേടിയത് അതിന് കൂടുതൽ ഗുണമായി. ഇനി പാട്ടിൽ സജീവമാകണം എന്നാണ് ആഗ്രഹം’’. – സ്വാതി പറയുന്നു.

രണ്ടാം വരവിലും ‘സ്റ്റാർ സിങർ’

‘‘സ്റ്റാർ സിങ്ങർ വീണ്ടും പുനരാരംഭിക്കുമ്പോൾ സ്വാതി വീണ്ടും പാട്ടിൽ സജീവമാകുന്നത് യാദൃശ്ചികമായി സംഭവിച്ചതാണെങ്കിലും വലിയ സന്തോഷം നൽകുന്നു. ഗായികയെന്ന നിലയിൽ സ്വാതിക്ക് രണ്ടാം വരവ് എങ്ങനെ സാധ്യമാക്കാം എന്നതിൽ കുറച്ചു കാലം മുമ്പു വരെ എനിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നില്ല. ഞാൻ അക്കാലത്ത് സിനിമയിലും എത്തിയിരുന്നില്ലല്ലോ. എനിക്ക് എവിടെയെങ്കിലും ഒരു പിടി വള്ളി കിട്ടിയാൽ ഞാൻ നിന്നേം കൂടെ കൊണ്ടു പോകും എന്ന് എപ്പോഴും അവളോട് പറയുമായിരുന്നു. ഒടുവിൽ ഞാൻ സിനിമയിൽ സജീവമായി, കൂടുതൽ അവസരങ്ങൾ കിട്ടിത്തുടങ്ങുന്നതിനിടെയാണ് കോവിഡിന്റെ പ്രശ്നങ്ങൾ വന്നതും ലോക്ക് ഡൗൺ ആയതും. പക്ഷേ, അത് നല്ല അവസരമായിരുന്നു. അപ്പോൾ അവൾ ഇങ്ങോട്ടു പറഞ്ഞു, ഒരു നല്ല മ്യൂസിക് വർക്ക് ചെയ്യണമെന്ന്. അപ്പോൾ തന്നെ ഞാൻ ഓക്കെ പറഞ്ഞു. ബാക്കിയൊക്കെ വളരെ വേഗത്തിലായിരുന്നു. സിനിമാ വഴി കിട്ടിയ കുറേ സൗഹൃദങ്ങളുടെ സഹകരണം കൂടിയായയപ്പോൾ ‘സ്വ’ യാഥാർത്ഥ്യമായി’’. – ചന്തുവിന്റെ വാക്കുകളിൽ സംതൃപ്തി.

തോൽപ്പിച്ച് തുടങ്ങിയ പരിചയം

swathy-2

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 5 വർഷം. ഓഗസ്റ്റ് 31 ന് വിവാഹ വാർഷിക ദിനത്തിൽ അവൾക്കുള്ള സമ്മാനമായി ആൽബം റിലീസ് ചെയ്യാം എന്നായിരുന്നു പ്ലാൻ. പക്ഷേ അത് സാധിച്ചില്ല. സെപ്റ്റംബർ 4 നാണ് റിലീസ് ചെയ്തത്. അത് നന്നായി. ഓണത്തിന് ഒരുപാട് വിഷ്വൽ കണ്ടന്റുകൾ വന്നതിനിടെ ഇത് മുങ്ങിപ്പോയില്ല.

എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു സ്വാതി. യൂത്ത് ഫെസ്റ്റിവലിനാണ് ഞങ്ങൾ പരിചയപ്പെട്ടത്. അവളെ കവിതാ പാരായണത്തിന് ഞാൻ പരാജയപ്പെടുത്തിയപ്പോള്‍ തുടങ്ങിയ പരിചയമാണ്. 9 വർഷമായി ഇപ്പോൾ. സൗഹൃദം പ്രണയമായപ്പോൾ വീട്ടിൽ പറഞ്ഞു. ഇരു വീട്ടുകാരും ചേർന്ന് നടത്തിത്തന്നു. മകന്‍ നീലാംഷ് എന്ന നീലൻ. ഒന്നര വയസ്സ്.– ചന്തു മനസ്സ് തുറക്കുന്നു.

ലാലേട്ടന്റെ സമ്മാനം

ഞാൻ ഒരു വിദ്യാസാഗർ ഫാൻ ആണ്. അതാണ് അദ്ദേഹത്തിന്റെ പാട്ടുകൾ വച്ച് കവർ ചെയ്യാം എന്നു തീരുമാനിച്ചത്. ഒരുപാട് പേർ ഇതിനോടകം വിളിച്ച് അഭിനന്ദനമറിയിച്ചു. ‘റാം’ എന്ന ചിത്രത്തില്‍ ലാലേട്ടനൊപ്പം ചന്തു അഭിനയിച്ചതോടെ അവർ തമ്മിൽ നല്ല സൗഹൃദത്തിലായി. പാട്ട് ഇറങ്ങിയപ്പോൾ ചന്തു അദ്ദേഹത്തിന് കാണാൻ വേണ്ടി അയച്ചു കൊടുത്തതാണ്. പക്ഷേ, ലാലേട്ടൻ അത് ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തു. അതോടെ പാട്ടിന്റെ സ്വീകാര്യത കൂടി.– സ്വാതിയുടെ വാക്കുകളിൽ സന്തോഷം.