Tuesday 30 July 2024 04:41 PM IST : By സ്വന്തം ലേഖകൻ

വയനാട്ടിലെ സഹോദരങ്ങൾക്കായി പ്രാർഥനയോടെ മമ്മൂട്ടിയും മോഹൻലാലും: ടൊവീനോ ചിത്രം അപ്ഡേറ്റ് മാറ്റിവച്ചു

mohanlal-tovino

വയനാട് മുണ്ടക്കൈ ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ജാഗ്രതനിർദ്ദേശം പങ്കുവച്ച് മമ്മൂട്ടിയും മോഹൻലാലും. കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തിൽ സുരക്ഷയും ജാഗ്രതയും പാലിക്കാൻ ശ്രമിക്കണെന്ന് മമ്മൂട്ടി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അഭ്യർഥിച്ചു. തെറ്റായ വാർത്തകൾ അറിയാതെ പോലും പ്രചരിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കുറിപ്പിൽ മമ്മൂട്ടി പറയുന്നു.

കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തിൽ സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുകയും യാത്രകൾ പരമാവധി ഒഴിവാക്കുകയും ചെയ്യണമെന്ന് മോഹൻലാലും കുറിച്ചു. വയനാട്ടിലെ പ്രിയസഹോദരങ്ങൾക്കായി പ്രാർഥനകൾ പങ്കുവയ്ക്കുകയാണെന്നും മോഹൻലാൽ പറഞ്ഞു.

സംസ്ഥാനത്തെ മഴക്കെടുതിയുടെ പാശ്ചത്തലത്തിലും ജൂലൈ 30ന് നിശ്ചയിച്ചിരുന്നു ടൊവിനോ തോമസ് ചിത്രം അജയന്‍റെ രണ്ടാം മോഷണം (എആര്‍എം)അപ്ഡേഷന്‍ മാറ്റിവച്ചു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ മാജിക്ക് ഫ്രെയിംസാണ് ഈക്കാര്യം അറിയിച്ചത്.

വയനാട്ടിലുണ്ടായ മഹാദുരന്തത്തിന്‍റെ പാശ്ചത്തലത്തില്‍ ദു:ഖ സൂചകമായി ഇന്ന് വൈകുന്നേരം 5മണിക്ക് പ്രഖ്യാപിച്ചിരുന്ന സിനിമയുടെ അപ്ഡേറ്റ് പ്രഖ്യാപനം മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുന്നു- എന്നാണ് പത്ര കുറിപ്പില്‍ പറയുന്നത്. ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ ഒരുക്കുന്ന ഫാന്റസി ചിത്രമാണ് അജയന്റെ രണ്ടാം മോഷണം(എ ആർ എം).