ജയസൂര്യയുടെ ‘തൃശൂർ പൂരം’ പൂരനഗരിയിൽ! കൊടിയേറ്റി ഫ്രൈഡേ ഫിലിംസ്
Mail This Article
തൃശൂർ നഗരം ഇന്ന് പൂരലഹരിയിൽ നനയുമ്പോൾ, മറ്റൊരു തൃശൂര്‍ പൂരത്തിനു കൊടിയേറ്റി വിജയ് ബാബു. ഫ്രൈഡേ ഫിലിംസ് ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ‘തൃശൂർ പൂരം’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് പൂരത്തിരക്കിലെ വേറിട്ട കാഴ്ചയായി.
തൃശൂരിന്റെ ജീവിതവുമായി ബന്ധപ്പെട്ട, തൃശൂർ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ഒരു സിനിമയാവും ‘തൃശൂർ പൂരം’. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംഗീതസംവിധായകനായ രതീഷ് വേഗയാണ് ഒരുക്കുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമിക്കുന്ന തൃശൂർ പൂരം രാജേഷ് മോഹനന്‍ സംവിധാനം ചെയ്യും.
വിജയ് ബാബു, രതീഷ് വേഗ, സന്തോഷ് കീഴാറ്റൂർ, ചിത്രത്തിന്റെ അണിയറപ്രവർത്തകർ എന്നിവർ ലോഞ്ചിന് സാക്ഷിയാകാൻ പൂരനഗരിയിലെത്തി.
ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം ജയസൂര്യയുടെ നാലാമത്തെ ചിത്രമാണ് ‘തൃശൂർ പൂരം’. ‘ആട് 2’ എന്ന വൻ ഹിറ്റിനു ശേഷം ജയസൂര്യയും ഫ്രൈഡേ ഫിലിം ഹൗസും ഒന്നിക്കുന്നു എന്നതും പ്രതീക്ഷകളെ ഇരട്ടിയാക്കുന്നു.
രജിഷ വിജയൻ നായികയായ ‘ജൂൺ’ ആണ് ഫ്രൈഡേയുടെ മുൻ ചിത്രം. ‘പ്രേതം ടു’ ആണ് ജയസൂര്യയുടെതായി ഒടുവിൽ തിയേറ്ററിലെത്തിയത്.