Wednesday 22 November 2023 02:51 PM IST

വായിൽ നിന്നു പത വന്ന്, അവൻ ഉറങ്ങും പോലെ കിടക്കുകയായിരുന്നു...ആ കാഴ്ച കണ്ട് മമ്മൂക്കയും കരഞ്ഞു: കൃഷ്ണന്റെ ഓർമയിൽ ഷാജി കൈലാസ്

V.G. Nakul

Senior Content Editor, Vanitha Online

Cover

എക്കാലവും സിനിമയിൽ ചില മുഖങ്ങൾ തെളിയും. ശ്രദ്ധേയമായ വേഷങ്ങളുമായി പ്രേക്ഷകരുടെ മനസ്സിലിടമുറപ്പിച്ച്, കരിയറിലെ നല്ല ഘട്ടത്തിലേക്കുള്ള യാത്രയ്ക്കിടെ അവരിൽ പലരെയും പെട്ടെന്നൊരു നാൾ കാണാതെയാകും. ചിലർ മരണത്തിൽ മറയും. മറ്റുള്ളവർ ഇതല്ല ഞങ്ങളുടെ ലോകമെന്ന തിരിച്ചറിവിൽ വേറെ മേഖലകളില്‍ അവസരം തേടിപ്പോകും. അക്കൂട്ടത്തിലൊരാളാണ് ടി.എസ് കൃഷ്ണൻ. കോഴിക്കോട് കൃഷ്ണന്‍ എന്ന പേരിലും സിനിമ രംഗത്ത് പ്രശസ്തനായ അദ്ദേഹം അകാലത്തിൽ മരണപ്പെടുകയായിരുന്നു. അതിനിടെ ചുരുങ്ങിയ കാലത്തിനുള്ളിൽ, ഏകലവ്യൻ, സിറ്റി പൊലീസ്, മാഫിയ, ധ്രുവം, ഊട്ടിപ്പട്ടണം, മഹാനഗരം, രുദ്രാക്ഷം, ചുക്കാൻ, സൈന്യം, ദി കിങ്, ആലഞ്ചേരി തമ്പ്രാക്കൾ, ചന്ത എന്നിങ്ങനെ ശ്രദ്ധേയമായ നിരവധി സിനിമകളിൽ പ്രതിനായക – സ്വഭാവ വേഷങ്ങളില്‍ ഈ ചെറുപ്പക്കാരൻ തിളങ്ങി.

krishnan-2

ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളുടെ മധ്യത്തിൽ സംവിധായകൻ ഷാജി കൈലാസിന്റെ കരിയർ ഗ്രാഫ് കുത്തനെ ഉയർത്തിയ സിനിമകളാണ് ഏകലവ്യനും ദി കിങ്ങും കമ്മീഷണറും. ഈ സിനിമകളിലൊക്കെ ശ്രദ്ധേയമായ റോളുകളിൽ കൃഷ്ണനുണ്ടായിരുന്നു. ഷാജി എന്ന സഹോദരതുല്യനായ സുഹൃത്താണ് കൃഷ്ണന്റെ സിനിമ ജീവിതം പരുവപ്പെടുത്താനുള്ള പിന്തുണ നൽകിയത്.

നീണ്ട മുടിയും താടിയും കൂളിങ് ഗ്ലാസുമൊക്കെയായി അക്കാലത്തെ മലയാളി ചെറുപ്പത്തെ ആകർഷിക്കാനുതകുന്ന സ്റ്റൈലിഷ് ലുക്കായിരുന്നു കൃഷ്ണന്റേത്. അതാണ് സ്ക്രീനിൽ അദ്ദേഹത്തിനു കിട്ടിയ മുൻതൂക്കവും.

ഇപ്പോഴും കൃഷ്ണനെക്കുറിച്ച് പ്രേക്ഷകർക്ക് കൂടുതലൊന്നുമറിയില്ല. ആരാണ്...എന്താണ്...എനിടെ നിന്നു വന്നു...എങ്ങനെയാണ് മരിച്ചത്... എന്നിങ്ങനെ കൃഷ്ണന്റെ ജീവിതം ഇപ്പോഴും അറിയാക്കഥയായി തുടരുന്നു. ഈ പശ്ചാത്തലത്തിലാണ് ഷാജി കൈലാസ് തന്റെ പ്രിയപ്പെട്ടവനെക്കുറിച്ച് ‘വനിത ഓൺലൈനോട്’ സംസാരിക്കുന്നത്.

krishnan-3

‘‘ലണ്ടനിൽ ജീവിച്ച, കോടീശ്വരനായ ഒരു ബിസിനസ്മാന്റെ മകനായിരുന്നു കൃഷ്ണൻ. പക്ഷേ, ആരോ ചതിച്ചു. ഒരു ഘട്ടത്തിൽ എല്ലാം തകർന്നു. കുടുംബം വലിയ പ്രതിസന്ധിയിലായി. എല്ലാം നഷ്ടപ്പെട്ട് തിരികെ നാട്ടിലെത്തി. മൂത്ത മകനായ കൃഷ്ണനിലായിരുന്നു അവരുടെ പ്രതീക്ഷ.

ഞാൻ കോഴിക്കോടുള്ളപ്പോൾ, കൃഷ്ണനെ എന്റെയടുത്തെത്തിക്കുന്നത് നിർമാതാവ് പി.വി ഗംഗാധരനാണ്. പി.വി.ജിയ്ക്ക് പരിചയമുള്ള കുടുംബമാണ്. അവനെ എന്റെയൊപ്പം നിർത്തി രക്ഷപ്പെടുത്തിയെടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഞാൻ സമ്മതിച്ചു.

കൃഷ്ണന്റെ അമ്മയും ഒപ്പമുണ്ടായിരുന്നു. അവരെ കണ്ടപ്പോൾ എനിക്കാകെ വിഷമമായി. കോടികളുടെ ആസ്തിയുണ്ടായിരുന്ന, ആ രീതിയിൽ ജീവിച്ച മനുഷ്യർ നിന്ന നിൽപ്പിൽ താഴേക്കു വരുകയെന്നു പറയുമ്പോൾ ഊഹിക്കാമല്ലോ.

അപ്പോൾ കൃഷ്ണന് മലയാളം കൃത്യമായി അറിയില്ല. ലണ്ടനില്‍ ജീവിച്ചതിനാൽ, സംസാരത്തിൽ അതിന്റെതായ പ്രത്യേകതകളുണ്ട്. പക്ഷേ, ഇംഗ്ലീഷ് സംസാരിക്കുന്ന ശൈലി മനോഹരമാണ്. അവന്‍ നടക്കുന്ന രീതിയും പെരുമാറ്റവുമൊക്കെ എനിക്ക് വലിയ ഇഷ്ടമായി. ഷോൾഡർ ഉപയോഗിച്ചുള്ള ഒരു പ്രത്യേക ആക്ഷനൊക്കെ ഭയങ്കര രസമാണ്. മൊത്തത്തിൽ, വേറിട്ട നിൽക്കുന്ന ഒരു നോർത്ത് ഇന്ത്യൻ ലുക്ക്.

ഇടയ്ക്കിടെ വന്നു കാണാനും സംസാരിക്കാനും ഞാൻ പറഞ്ഞു. ഷാജി സാർ എന്നാണ് ആദ്യം വിളിച്ചിരുന്നത്. ഞാനത് ‘ഷാജിയേട്ടാ... എന്നു വിളിക്കെടാ’ എന്നു തിരുത്തി.

ഡ്രൈവിങ് കൃഷ്ണന് ക്രേസാണ്. വളരെ വേഗം വണ്ടി ഓടിക്കുന്നതിൽ മിടുക്കനുമാണ്. പരിചയപ്പെട്ടപ്പോൾ മമ്മൂക്കയ്ക്കും അവനെ വലിയ ഇഷ്ടമായി. സാധാരണ ആർക്കും തന്റെ വണ്ടി കൊടുക്കാത്ത മമ്മൂക്ക കൃഷ്ണന് വണ്ടി ഓടിക്കാൻ കൊടുക്കുമായിരുന്നു. അങ്ങനെയായിരുന്നു അവൻ, പരിചയപ്പെട്ടാൽ ആർക്കും ഇഷ്ടമാകും.

‘സ്ഥലത്തെ പ്രധാന പയ്യൻസ്’ എന്ന സിനിമയുടെ ജോലികൾ നടക്കുമ്പോഴാണ് കൃഷ്ണനെ ഞാൻ പരിചയപ്പെടുന്നത്. പിന്നീടുള്ള എന്റെ എല്ലാ സിനിമകളിലും അവനെയും ഒപ്പം കൂട്ടി. ‘ഏകലവ്യന്‍’ൽ അഭിനയിച്ചതോടെ എല്ലാവരും അവനെ ശ്രദ്ധിച്ചു തുടങ്ങി. ഏതു റോൾ കൊടുത്താലും നന്നായി ചെയ്യും. വില്ലൻ റോളുകളിൽ തകർക്കും. ആ സ്ക്രീൻ പ്രസൻസ് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടു. ശ്രദ്ധിക്കപ്പെട്ടതോടെ ധാരാളം അവസരങ്ങളും കിട്ടി.

പക്ഷേ, വ്യക്തി ജീവിതത്തിൽ അവൻ വളരെ ദുഖിതനായിരുന്നു. ഇത്ര വലിയ ജീവിതം ജീവിച്ച മനുഷ്യൻ പെട്ടെന്നൊരു തകർച്ചയിലേക്ക് പോയതിന്റെ നിരാശയുണ്ടായിരുന്നു. അതാകും മദ്യപാനത്തിലേക്ക് നയിച്ചത്. അതു ശ്രദ്ധയില്‍ പെട്ടപ്പോഴേ ഞാൻ വിലക്കി. ഇനി മദ്യം കഴിച്ചാൽ നിന്നെ ഒരു പടത്തിലും സഹകരിപ്പിക്കില്ലെന്ന് കർശനമായി പറഞ്ഞു.

ഇവൻ രക്ഷപ്പെട്ട് ആ കുടുംബത്തെ സംരക്ഷിക്കുമെന്നാണ് അച്ഛനമ്മമാർ പ്രതീക്ഷിക്കുന്നത്. ഒരു സഹോദരനുമുണ്ട്. പെട്ടെന്നൊരു ദിവസം അവനെ കണ്ടില്ല. മുപ്പത് ദിവസത്തോളം മാറി നിന്നു. എവിടെയാണെന്ന് തിരക്കിയപ്പോൾ ഒരു സുഹൃത്തിന്റെ കൂടെ പോയി എന്നാണ് പറഞ്ഞത്.

ഞാൻ വീണ്ടും പറഞ്ഞു – ‘ഇനിയങ്ങനെ പോകാൻ പാടില്ല. ഇവിടെ നിൽക്കണം’.

അവനോട് ദേഷ്യപ്പെട്ടിട്ടു കാര്യമില്ല. സ്നേഹത്തിൽ കൊണ്ടു വരണം. വഴക്കുപറഞ്ഞാൽ അവൻ കൂടുതൽ ദുഖത്തിലാകും. പരമാവധി കെയർ കൊടുക്കണം.

അങ്ങനെ ‘ദി കിങ്’ ഷൂട്ട് കഴിഞ്ഞ് ബാക്കി ജോലികൾക്കായി മദ്രാസിലേക്ക് പോയപ്പോൾ അവനെയും ഒപ്പം കൂട്ടി. ഞാനും നിർമാതാവും താമസിക്കുന്ന ഫ്ലാറ്റിൽ ഒരു മുറിയിൽ അവനും തങ്ങി. കൺവെട്ടത്തുണ്ടല്ലോ. ഇവനെ ശരിയാക്കിയെടുക്കണം. ഞാൻ തീരുമാനിച്ചു. കുറേ ബുക്സ് വാങ്ങിക്കൊടുത്തു. ഞാൻ ഡബ്ബിങ്ങിന്റെയും മിക്സിങ്ങിന്റെയുമൊക്കെ ആവശ്യങ്ങൾക്ക് സ്റ്റുഡിയോയിലേക്കു പോകുമ്പോൾ അവൻ ഫ്ലാറ്റിൽ പുസ്തകങ്ങൾ വായിച്ചു കിടക്കും. ‍

ഒരു ദിവസം അവൻ ചോദിച്ചു, ഒരു ഫ്രണ്ട് വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ ഒന്നു പോയിട്ടു വരട്ടേ എന്ന്. ഇത്ര ദിവസമായി ഇവിടെ അടച്ചിരിക്കുകയല്ലേ, എങ്കിൽ പോയിട്ടു വരൂ... ഞാനും സമ്മതിച്ചു.

രണ്ടു ദിവസം കഴിഞ്ഞ് അവൻ വന്നത് ഒരു വല്ലാത്ത അവസ്ഥയിലാണ്. എന്തോ ഒരു പ്രശ്നം തോന്നി. മദ്യപാനം കൂടിക്കാണുമെന്ന് ഞാൻ സംശയിച്ചു.

അടുത്ത ദിവസം പോസ്റ്റർ ഡിസൈന്റെ കാര്യങ്ങൾ സംസാരിക്കാൻ ഗായത്രി അശോകൻ വന്നു. ഞാൻ കൃഷ്ണനെ പരിചയപ്പെടുത്തി. അവനും പോസ്റ്ററിൽ ഒരു പ്രാധാന്യം വേണമെന്ന് പറഞ്ഞു. ഉച്ചയ്ക്ക്, ഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ രണ്ടാളും പുറത്തേക്കു പോകുമ്പോൾ അവൻ ലിഫ്റ്റ് വരെ വന്നു. കൈവീശി കാണിച്ചു. ഞാൻ മിക്സിങ്ങിന്റെ ജോലികളുമായി പ്രസാദ് സ്റ്റുഡിയോയിൽ ഇരിക്കുമ്പോൾ പ്രൊഡ്യൂസറിന്റെ കോൾ. അത്യാവശ്യമായി ഫ്ലാറ്റില്‍ എത്തണം. കൃഷ്ണന്‍ വാതിൽ തുറക്കുന്നില്ല.

ഞാൻ വെപ്രാളത്തോടെ ഫ്ലാറ്റിലേക്ക് പോകും വഴി മമ്മൂക്കയെ വിളിച്ചു കാര്യം പറഞ്ഞു. ഫ്ലാറ്റിലെത്തി വാതിലിൽ തട്ടി വിളിച്ചിട്ട് അവൻ തുറക്കുന്നില്ല. അയലത്തുള്ളവരൊക്കെ കൂടിയിട്ടുണ്ട്. ഒടുവിൽ വാതിൽ ചവിട്ടിപ്പൊളിച്ച് ഉള്ളിൽ കയറി നോക്കുമ്പോൾ അവൻ തലയിണയൊക്കെ വച്ച് കിടക്കുകയാണ്. നെഞ്ചിൽ ഒരു പുസ്തകം. വായിൽ നിന്നു പത വന്നിട്ടുണ്ട്. ആ കിടപ്പ് ഞാനിപ്പോഴും മറന്നിട്ടില്ല.

താഴെത്തെ ഫ്ലാറ്റിൽ ഒരു ഡോക്ടറുണ്ട്. ഞാൻ പാഞ്ഞു ചെന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടു വന്നു. ഡോക്ടർ വന്നു. മുറിയിൽ കയറിയ ഉടൻ അദ്ദേഹം പറഞ്ഞു – ‘ഹീ ഹാസ് ഗോൺ’.

എനിക്ക് വിശ്വസിക്കാനായില്ല.

‘അന്തമാതിരി സൊല്ലാതെ ഡോക്ടറേ’

എന്റെ ചങ്ക് നീറുകയാണ്.

‘അല്ലല്ല അത് പോച്ച്...’

അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു.

ഞാനവന്റെ കാലുകൾ തിരുമ്മി നോക്കി. തണുത്തുറഞ്ഞിരിക്കുന്നു. മമ്മൂക്കയെ വിളിച്ചു. എത്തി. അദ്ദേഹം തകർന്നു പോയി. കണ്ണൊക്കെ നനഞ്ഞു.

പരിശോധനയിൽ അവന്റെ വയറിനുള്ളിലുണ്ടായ ഒരു പൊട്ടലാണു മരണകാരണമെന്നു മനസ്സിലായി. ജീവിതത്തിൽ ഞാൻ പതറിപ്പോയ, സങ്കടത്താൽ നീറി നിന്ന ഒരു വൈകുന്നേരം...

അവന്റെ മരണവിവരമറിഞ്ഞ് ആ അമ്മ പറഞ്ഞു – നിങ്ങളെല്ലാം അവനെ നന്നായി നോക്കി...പക്ഷേ... പോയി മോനേ...

ഇപ്പോഴും ആ കണ്ണീരുറഞ്ഞ മുഖം എന്റെ മനസ്സിലുണ്ട്. ലിഫ്റ്റിനരുകിൽ വന്ന്, ബൈ പറയുന്ന അവന്റെ രൂപവും...സത്യത്തിൽ ഒരു ട്രാജിക് ലൈഫിന്റെ ക്ലൈമാക്സ് ആയിരുന്നു അത്...’’.– പറഞ്ഞു തീരുമ്പോഴേക്കും ഷാജി കൈലാസിന്റെ കണ്ണുകള്‍ നനഞ്ഞൊഴുകി...ഒച്ച വിതുമ്പലിലേക്ക് തെന്നി...

krishnan-kozhikkod-1

കൃഷ്ണനെക്കുറിച്ച് ലഭ്യമായ ചില വിവരങ്ങൾ ഇങ്ങനെ –

1963 ജൂലായ് 17 ന് തൃശൂർ ജില്ലയിലെ എടമുട്ടത്താണ് ജനിച്ചതെങ്കിലും കൃഷ്ണൻ വളർന്നതും പഠിച്ചതും അമ്മയുടെ നാടായ കോഴിക്കോടാണ്. 1978 ൽ എം കൃഷ്ണൻ നായരുടെ ‘ഉറക്കം വരാത്ത രാത്രികൾ’ എന്ന ചിത്രത്തിൽ ബാലനാടനായി അഭിനയിച്ച അദ്ദേഹം 1983 ൽ ‘നാദം’ എന്ന ചിത്രത്തിലും അഭിനയിച്ചു. പിന്നീട് 1991ൽ ഭദ്രന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ ‘അങ്കിൾബണ്‍’ലൂടെയാണ് വീണ്ടും രംഗത്തെത്തിയത്. തുടർന്ന് 25 ൽ അധികം സിനിമകളിൽ അഭിനയിച്ചു. 1995 ൽ സുനിൽ സംവിധാനം ചെയ്ത് ബാബു ആന്റണി നായകനായ ചന്ത എന്ന സിനിമയിലാണ് അദ്ദേഹം അവസാനം അഭിനയിച്ചത്. 1996 സെപ്റ്റംബർ 11 നായിരുന്നു മരണം.