Wednesday 07 April 2021 11:37 AM IST

വാൽക്കണ്ണാടിയില്‍ ക്ഷണക്കത്ത്, ഉത്തരാസ്വയംവരം വരച്ച സാരിയും കുപ്പിവള കോർത്ത പൂമാലയും, താലിയിൽ ചിലങ്ക മണികൾ! ഉത്തര ഉണ്ണിയുടെ വിവാഹ വിശേഷങ്ങൾ

V.G. Nakul

Sub- Editor

u1

കാത്തിരിപ്പിന്റെ പ്രണയകാലം കടന്ന് നിതേഷ് ഉത്തരയ്ക്ക് താലി ചാർത്തി. നർത്തകിയും നടിയും നടി ഊർമിള ഉണ്ണിയുടെ മകളുമായ ഉത്തര ഉണ്ണിയുടെയും ബാംഗ്ലൂരിൽ യുവസംരംഭകനായ നിതേഷ് എസ് നായരുടെയും വിവാഹം കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ഏപ്രിൽ അഞ്ചിനായിരുന്നു.

2020 ഏപ്രിലിൽ നടത്താനിരുന്ന വിവാഹം കോവിഡ് സാഹചര്യം പരിഗണിച്ച് മാറ്റി വയ്ക്കുകയായിരുന്നു. കഴിഞ്ഞ വർഷം ആദ്യമായിരുന്നു ഇവരുടെ വിവാഹ നിശ്ചയം.

ഇപ്പോഴിതാ, മൂന്നു ദിവസം നീണ്ടു നിന്ന വിവാഹ ചടങ്ങുകളെക്കുറിച്ച് ഉത്തര ‘വനിത ഓൺലൈനോട്’ സംസാരിക്കുന്നു.

‘‘നിശ്ചയം കഴിഞ്ഞിട്ട് ഒരു വർഷം. കഴിഞ്ഞ ഏപ്രില്‍ അഞ്ചിനാണ് വിവാഹം തീരുമാനിച്ചിരുന്നത്. കോറോണയും ലോക് ‍ഡൗണുമൊക്കെ ആയപ്പോൾ അതു നീണ്ടു. ഇതിനിടെ സാഹചര്യങ്ങൾ അനുകൂലമായാൽ നടത്താം എന്നു തീരുമാനിച്ചിരുന്നു. അപ്പോഴും തീയതി തീരുമാനിച്ചിരുന്നില്ല. ഒടുവിൽ ഈ ഏപ്രിൽ അഞ്ചിന് ഞങ്ങൾ ഒന്നിച്ചു’’. – ഉത്തര പറയുന്നു.

u5

സാരിയിൽ ‘ഉത്തരാ സ്വയംവരം’

വിവാഹത്തിന്റെ വലിയ കൗതുകങ്ങളിൽ ഒന്ന് താലികെട്ടിന് ഞാൻ അണിഞ്ഞിരുന്ന സാരിയാണ്. ഉത്തരാ സ്വയംവരം കഥ വരച്ച സാരിയായിരുന്നു അത്. മ്യൂറൽ പെയിന്റിങ് പോലെ, കേരള പട്ടുസാരിയിൽ അക്രിലിക് നിറങ്ങൾ ഉപയോഗിച്ച് വരപ്പിക്കുകയായിരുന്നു. അമ്മയുടെ ആശയമാണ്. മൂന്നു ദിവസം കൊണ്ടാണ് തയാറാക്കിയത്. സാരിയുടെ വലുപ്പത്തിൽ ഉത്തരാ സ്വയം വരം കഥ മുഴുവൻ വരച്ചിട്ടുണ്ട്. സാരി നിവർത്തി വിരിച്ചാൽ ഉത്തര സ്വയംവരം കഥ മുഴുവൻ കാണാം. താലികെട്ടിന് നിതേഷ് ധരിച്ചത് സിംപിൾ ഡ്രസ് ആണെങ്കിലും അതിലും പെയിന്റിങ് വർക്കുകൾ ഉണ്ടായിരുന്നു.

u3

ചടങ്ങുകൾ മൂന്നു ദിവസം

മൂന്നു ദിവസങ്ങളിലായി ഏഴു ചടങ്ങുകളാണ് ഉണ്ടായിരുന്നത്. ആദ്യത്തെ ദിവസം സപ്രമഞ്ചത്തിലിരുത്തി, അമ്മായിമാരും വല്യമ്മമാരുമൊക്കെ ചേർന്ന് എനിക്ക് മയിലാഞ്ചി ഇട്ടതോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. രണ്ടു കയ്യിലും വെറ്റില വച്ച് അതിലാണ് മയിലാഞ്ചിയരച്ചത് ഇടുക. അതിനു ശേഷം നിതേഷ് ബന്ധുക്കളോടൊപ്പം എത്തി, പച്ച കുപ്പിവളകൾ ഇട്ടു തന്നു. പച്ച സരസ്വതീ ദേവിയുടെ വേഷമാണ്. ദേവിയുടെ അനുഗ്രഹമാണ് അതിലൂടെ അത്ഥമാക്കിയത്. ചൂണ്ടാണി വിരലിൽ മിഞ്ചിയും ധരിപ്പിച്ചു.

u4

വൈകിട്ട് സ്വയംവര പാർവതീ ഹോമമുണ്ടായിരുന്നു. വലിയ ആഘോഷത്തോടെയാണ് വരനെ സ്വീകരിച്ച് മണ്ഡപത്തില്‍ എത്തിച്ചത്. മേലാപ്പ് പിടിച്ച് എന്നെയും മണ്ഡപത്തിലേക്ക് ആനയിച്ചു. പിന്നീട് കലാപരിപാടികൾ ഉണ്ടായിരുന്നു. അന്ധരായ കലാകാരൻമാരുടെ സംഗീത പ്രോഗ്രാമുണ്ടായിരുന്നു. അവരെ സഹായിക്കാൻ കൂടിയാണ് അത് ചെയ്തത്. നൃത്തം ചെയ്തത് ഞങ്ങളുടെ വിദ്യാർഥികളാണ്.

രണ്ടാം ദിവസം ഉച്ചയ്ക്കാണ് ചടങ്ങുകൾ തുടങ്ങിയത്. അന്നു വൈകുന്നേരമായിരുന്നു ഹൽദി. രസകരമായ പരിപാടികൾ അതിനൊപ്പം ഉണ്ടായിരുന്നു. എന്റെ പ്രിയപ്പെട്ട നായ്ക്കുട്ടിയും ചടങ്ങിനെത്തി.

അടുത്ത ദിവസം രാവിലെ ആറു മണിക്കും ആറേമുക്കാലിനും ഇടയ്ക്കായിരുന്നു പൊന്നേത്ത് അമ്പലത്തിൽ വച്ച് താലികെട്ട്. ഞാൻ അഞ്ച് വയസ്സുമുതൽ പൊന്നേത്ത് അമ്മയുടെ അടുക്കല്‍ പോകുന്നതാണ്. അവിടെ വച്ച് വിവാഹം നടത്തുക എന്റെ വലിയ ആഗ്രഹമായിരുന്നു. നടി ദിവ്യ ഉണ്ണിയുടെ അമ്മ ഉമടീച്ചറാണ് എന്നെ സംസ്കൃതം പഠിപ്പിച്ചത്. ടീച്ചറാണ് എനിക്ക് ചെത്തിയും തുളസിയും കോർത്ത വിവാഹമാല എടുത്തു തന്നതും. താലിയിൽ രണ്ടു ചിലങ്കമണികള്‍ കോർത്തിട്ടുണ്ട്. ക്രൗൺ പ്ലാസയിൽ വച്ചായിരുന്നു വിവാഹത്തിന്റെ മറ്റു ചടങ്ങുകൾ. അവിടെ ഉപയോഗിച്ച കല്യാണ മാല കുപ്പിവളകൾ കോർത്തതായിരുന്നു. കതംബമാണ് അതിൽ ഉപയോഗിച്ച പൂവ്.

u2

കുരുത്തോല കൊണ്ടുണ്ടാക്കിയ ഗണപതിയായിരുന്നു വേദിയുടെ പ്രത്യേകത. ചുറ്റും വാഴപ്പിണ്ടിയും ജമന്തിപ്പൂക്കളും കുരുത്തോലകളും കൊണ്ട് അലങ്കരിച്ചിരുന്നു. അതും അമ്മയുടെ ഐഡിയയാണ്. അഷ്ടമംഗല്യം ചിട്ടപ്പടി തയാറാക്കിയതാണ്. റിസപ്ഷനും ക്രൗൺ പ്ലാസയിൽ വച്ചായിരുന്നു. പിങ്ക് ലഹങ്കയാണ് റിസപ്ഷന് ഞാൻ അണിഞ്ഞിരുന്നത്. സ്യൂട്ടായിരുന്നു നിതേഷിന്റെ വേഷം. ഞങ്ങൾ താമരപ്പൂമാലയും ധരിച്ചിരുന്നു.

ഊർമിള ഉണ്ണിയുടെയും രാമൻ ഉണ്ണിയുടെയും ഏക മകളാണ് ഉത്തര ഉണ്ണി. സുരേന്ദ്രൻ നായർ–ഷമാല ദമ്പതികളുടെ മകനാണ് നിതേഷ് നായർ. ബെംഗളുരുവിലും സിംഗപ്പൂരിലുമായി utiz എന്ന ഫെസിലിറ്റി മാനേജ്മെന്റ ് കമ്പനി നടത്തുകയാണ് നിതേഷ്. കുടുംബം മംഗലാപുരത്തും. കൊച്ചിയിലും ഓഫീസുണ്ട്.