ADVERTISEMENT

സെവൻ ജെ ഫിലിംസിന്റെയും  ഷിമോഗ ക്രിയേഷൻസിന്റെയും ബാനറിൽ സിറാജുദീനും ഷബീർ പഠാനും ചേർന്ന് നിർമിക്കുന്ന വാങ്ക് പ്രദർശനത്തിനൊരുങ്ങുന്നു. ട്രെൻഡ്‌സ് ആഡ് ഫിലിം മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡും ഉണ്ണി ആറും ആണ് വാങ്കിന്റെ കോ- പ്രൊഡക്ഷൻ.  പ്രശസ്ത സംവിധായകൻ വി കെ പ്രകാശിന്റെ മകൾ കാവ്യ പ്രകാശാണ് വാങ്കിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഉണ്ണി ആറിന്റെ കഥയ്ക്ക് ഷബ്‌ന മുഹമ്മദ് തിരക്കഥയും സംഭാഷണവും ചെയ്തിരിക്കുന്നു. ഇതാദ്യമായാണ് സംവിധാനവും തിരക്കഥയും രണ്ട് സ്ത്രീകൾ ചെയ്യുന്ന ഒരു ചിത്രം മലയാളത്തിൽ വരുന്നത്. 

മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുള്ള കാവ്യ ട്രെൻഡ്‌സ് ആഡ് ഫിലിം മേക്കേഴ്‌സ് എന്ന ആഡ് ഏജൻസിയിൽ മൃദുൽ നായരോടൊപ്പം ചേർന്ന് മോഹൻലാൽ  ക്രിസ് ഗെയ്ൽ എന്നിങ്ങനെ നിരവധി പ്രമുഖർക്കൊപ്പം പരസ്യ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബി ടെക് എന്ന സിനിമയിൽ അസ്സോസിയേറ്റ് ആയി പ്രവർത്തിച്ചിട്ടുള്ള കാവ്യ സ്വതന്ത്ര സംവിധായിക ആകുന്ന ആദ്യത്തെ സിനിമയാണ് വാങ്ക്. ഏറെ ചർച്ച ചെയ്യപ്പെട്ട ഉണ്ണി ആറിന്റെ വാങ്ക് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. 

ADVERTISEMENT

ക്ലാസിക്കൽ നൃത്ത വേദിയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരി ഷബ്‌ന മുഹമ്മദ് വാങ്കിലൂടെ തിരക്കഥാകൃത്താകുന്നു. കേരളത്തിലെങ്ങും നിരവധി ക്ഷേത്രങ്ങളിൽ നൃത്തപരിപാടികൾ അവതരിപ്പിച്ചിട്ടുള്ള ഷബ്‌ന ഒരു അഭിനേത്രി കൂടിയാണ്. വ്യത്യസ്തമായ രണ്ട പ്രവർത്തന മേഖലകളിൽ നിന്നും വരുന്ന കാവ്യയും ശബ്നയും ഒരുമിക്കുന്നത് തീർച്ചയായും സിനിമ പ്രേക്ഷകർക്ക് ഒരു നൂതനമായ അനുഭവം ആകുമെന്നതിൽ സംശയമില്ല. സിനിമ ചർച്ച ചെയ്യുന്ന കാലിക പ്രസക്തിയുള്ള വിഷയങ്ങളെ അതിന്റെ സത്ത ചോരാതെ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഈ കൂട്ടുകെട്ട്.

മേജർ രവിയുടെ മകൻ അർജുൻ രവിയാണ് വാങ്കിന്റെ ഛായാഗ്രാഹകൻ. ബാദുഷയാണ് പ്രൊജക്റ്റ് ഡിസൈനർ. സുരേഷ് യു ആർ എസ് എഡിറ്റിങ്ങും ഡോൺ മാക്സ് ട്രെയിലർ എഡിറ്റിങ്ങും ചെയ്തിരിക്കുന്നു. ഔസേപ്പച്ചന്റെ ഗാനങ്ങൾക്ക് പി സ് റഫീക്കാണ് വരികൾ എഴുതിയിരിക്കുന്നത്. 

ADVERTISEMENT

പ്രശസ്തരായ നിരവധി താരങ്ങൾക്കൊപ്പം ഒരുപിടി യുവതാരങ്ങളെയും വാങ്ക് ക്യാമറയ്ക്ക് മുന്നിലെക്കെത്തിക്കുന്നുണ്ട്. വിനീത്, സരസ ബാലുശ്ശേരി, തെസ്നി ഖാൻ, മേജർ രവി, ജോയ് മാത്യു, പ്രകാശ് ബാരെ, ശ്രീകാന്ത് മുരളി എന്നിവർക്കൊപ്പം അനശ്വര രാജൻ, നന്ദന വർമ്മ, ഗോപിക രമേശ്, മീനാക്ഷി ഉണ്ണികൃഷ്ണൻ, ഷബ്‌ന മുഹമ്മദ് എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ വാങ്കിൽ അണിനിരക്കുന്നുണ്ട്. മാർച്ച് 13നു റിലീസിനൊരുങ്ങുന്ന ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷനിലാണ്.

ADVERTISEMENT
ADVERTISEMENT