Friday 17 April 2020 11:46 AM IST

‘വിധുച്ചേട്ടാ, നമ്മുടെ ലോക്ഡൗണ്‍ കാലം മുഴുവന്‍ ഇങ്ങനെത്തന്നെ തീരുമോ’ ? ആ ചോദ്യത്തിൽ ഐഡിയയുടെ ബൾബ് കത്തി, ശേഷം സംഭവിച്ചതിങ്ങനെ...

V N Rakhi

Sub Editor

vidhu

ഒരു മുന്നറിയിപ്പുമില്ലാതെ വന്ന ലോക്ഡൗണ്‍ വാര്‍ത്ത പോലെയാണ് വിധുവിനും ദീപ്തിക്കും ആ ഐഡിയ തലയിലുദിച്ചത്. പെട്ടെന്നുണ്ടായ ഒരു സ്പാര്‍ക്ക്. ലോക്ഡൗണ്‍ പ്രഖ്യാപിച്ച് അഞ്ചാറു ദിവസം വാര്‍ഡ്രോബ് അടുക്കലും വീട് ക്ലീനിങ്ങും ഭക്ഷണമുണ്ടാക്കലും കഴിക്കലും ഉറക്കവുമായി അങ്ങനെ പോയി. ഒരു ദിവസം ചായ കുടിച്ചോണ്ടിരുന്നപ്പോള്‍ വിധുച്ചേട്ടാ, നമ്മുടെ ലോക്ഡൗണ്‍ കാലം മുഴുവന്‍ ഇങ്ങനെത്തന്നെ തീരുമോ? ദീപ്തി ചോദിച്ചു. എന്തെങ്കിലുമൊക്കെ ചെയ്യണ്ടേ? എന്നാ നമുക്കൊരു പ്ലാനുണ്ടാക്കാം. നീ പേപ്പറും പേനയും എടുത്തോണ്ടു വാ...എന്നായി വിധു. അപ്പോഴതാ, ആ ഐഡിയ ബള്‍ബിന്റെ രൂപത്തില്‍ മിന്നുന്നു! പ്ലാനിങ്ങും ഇത്രയും ദിവസത്തെ എക്‌സ്പീരിയന്‍സും വച്ചൊരു വിഡിയോ ആക്കിയാലോ? ഡയലോഗ് എഴുതിയില്ല, അതേ ഇരിപ്പും അതേ ടേബിളും... പണ്ട് ആനിമേഷനും എഡിറ്റിങ്ങും പഠിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ദീപ്തിയിലെ എഡിറ്റര്‍ സട കുടഞ്ഞെണീറ്റു. അങ്ങനെ 'ലോക്ഡൗണിലെ വന്‍ പ്ലാനിങ്ങ്' വിഡിയോ പിറന്നു. മൂന്നാലു ദിവസം കൊണ്ട് 2.4 മില്യന്‍ വ്യൂസ് നേടി എഫ് ബിയില്‍ സൂപ്പര്‍ ഹിറ്റായി അത് ഇപ്പോഴും ഓടുന്നു. ലോക്ഡൗണ്‍ കാലത്ത് പ്രേക്ഷകര്‍ക്കൊപ്പം നില്‍ക്കാനും സന്ദേശങ്ങള്‍ പകരാനുമാണ് ഗായകന്‍ വിധുപ്രതാപും ഭാര്യയും നര്‍ത്തകിയുമായ ദീപ്തിയും ഇടയ്ക്കിടെ രസകരമായ വിഡിയോകളുമായി എത്തുന്നത്.
'ഒരു വര്‍ഷം മുമ്പ് ടിക് ടോക്കില്‍ ജോയിന്‍ ചെയ്തതു മുതല്‍ വിഡിയോകള്‍ക്കെല്ലാം നല്ല റെസ്‌പോണ്‍സ് കിട്ടാറുണ്ട്. വെബ്‌സീരീസ് ചെയ്യാനുള്ള ഓഫര്‍ വരെ കിട്ടി. പരിപാടികളും സ്റ്റേജ് ഷോകളുമൊക്കെ വരുമ്പോള്‍ രണ്ടു പേരും രണ്ടു വഴിക്കാകും. ആ പ്ലാനുകളൊക്കെ നീണ്ടു നീണ്ടങ്ങനെ പോയി. കൊറോണ വാര്‍ത്തകള്‍ വന്നു തുടങ്ങിയതോടെ പ്രോഗ്രാമുകള്‍ തല്‍ക്കാലം നിര്‍ത്തി വച്ച് ഞങ്ങള്‍ തിരുവനന്തപുരത്തേക്ക് വച്ചു പിടിച്ചു. ജനത കര്‍ഫ്യൂ പ്രഖ്യാപിച്ച ദിവസം ഉള്ളിവടയുണ്ടാക്കുന്ന വിഡിയോ വെറുതെയെടുത്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. കര്‍ഫ്യൂവിനെ ലൈറ്റ് ആയി കണ്ടാല്‍ മതി, പേടിക്കാനില്ല, സേഫ് ആണ്, എന്നൊരു സന്ദേശം നല്‍കാനാണ് അങ്ങനെ ചെയ്തത്. 1.3 മില്യണ്‍ വ്യൂസ് കിട്ടി. നല്ല അഭിപ്രായങ്ങള്‍് ധാരാളം പേര്‍ പങ്കിട്ടു. നിപ്പയും പ്രളയവും അതിജീവിച്ച നമ്മള്‍ ഇതും അതിജീവിക്കും എന്ന സന്ദേശം പറയുന്നതും സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ്, ബ്രേക് ദ ചെയ്ന്‍ ക്യാംപെയ്ന്‍ തുടങ്ങിയപ്പോള്‍ സിനിമാപാട്ടുകള്‍ വച്ച് തമാശരൂപത്തില്‍ ആ സന്ദേശം പകരുന്നതുമായ വിഡിയോകളും ഇടയ്ക്ക് പോസ്റ്റ് ചെയ്തു.അതിനും കിട്ടി ഒന്നേമുക്കാല്‍ ലക്ഷത്തിലേറെ വ്യൂസ്. ലോക്ഡൗണ്‍ കഴിഞ്ഞ് നിങ്ങള്‍ ആദ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നകാര്യമെന്താണ് എന്നു ചോദിച്ച് ഒരു വിഡിയോ പോസ്റ്റ് ചെയ്തു. അച്ഛനെയും അമ്മയെയും കാണാന്‍ പോകും, പൊറോട്ടയും ബീഫും കഴിക്കണം, മുടി വെട്ടണം...അങ്ങനെ രസകരമായ ഉത്തരങ്ങള്‍ നല്‍കി ഒമ്പതര ലക്ഷം വ്യൂസ് കടന്ന അതിനും വന്‍ സ്വീകരണമായിരുന്നു എഫ് ബിയില്‍. ഇതെല്ലാം ആളുകളെ ഒന്ന് റിലാക്‌സ് ചെയ്യിക്കുക എന്ന ഉദ്ദേശ്യത്തോടെ ചെയ്തതാണ്.

ഇനിയും പ്രതീക്ഷിക്കാം

കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ഗായകരെല്ലാം കൊറോണ പ്രതിരോധത്തിന് പാട്ടു പാടിത്തുടങ്ങി്. ചൈത്രനിലാവിന്റെ പൊന്‍പീലിയാല്‍... എന്ന പാട്ടുപാടി സിനിമയിലെ സീനിലുള്ളതുപോലെ പാട്ട് അവസാനിക്കുന്നിടത്ത് വരയ്ക്കും ഞാ...ന്‍...എന്ന ഭാഗം തമാശയാക്കി. ടെന്‍ഷന്‍ അടിച്ചിട്ട് കാര്യമില്ല, ലളിതമായി കാണാം എന്നാണ് അപ്പോഴും പറയാന്‍ ശ്രമിച്ചത്. നാലേമുക്കാല്‍ ലക്ഷത്തിലേറെപ്പേര്‍ ആ വിഡിയോ കണ്ടു. ആ സമയത്ത് ചിത്രച്ചേച്ചിയുടെ കൂടെ ലോകം മുഴുവന്‍ സുഖം പകരാനായ്.... എന്ന പാട്ടു പാടാനും മറ്റു ഗായകര്‍ക്കൊപ്പം കൂടി. അതെല്ലാം കഴിഞ്ഞിരിക്കുമ്പോള്‍ പെട്ടെന്നൊരു ദിവസം സ്വാഭാവികമായി വന്ന ഐഡിയയാണ് വന്‍ പ്ലാനിങ്ങിന്റേത്. എല്ലാവരും പ്രാക്ടീസ് ചെയ്യുന്നതും വിഡിയോ കോള്‍ ചെയ്യുന്നതും കുക്കിങ്ങിന്റെയുമൊക്കെ വിഡിയോകള്‍ ഇടുന്നു. നമുക്കു മാത്രം ഒന്നും നടക്കുന്നില്ലല്ലോ. എന്നൊക്കെ പറഞ്ഞിരിക്കുമ്പോഴാണിത് സംഭവിച്ചത്. അപ്പോള്‍ തന്നെ ഷൂട്ട് ചെയ്തു.' വിധു പറഞ്ഞു.

കാമറ കം എഡിറ്റിങ് ഏറ്റെടുത്ത ദീപ്തി വിധുവിനെ ചെറുതായൊന്നു താങ്ങാനെത്തി.'തീപ്പെട്ടി കൂട് കളക്ഷന്‍ ഒക്കെ കുട്ടിക്കാലത്ത് ശരിക്കും വിധുച്ചേട്ടന്റെ ഹോബി ആയിരുന്നു. എയര്‍ ഇന്ത്യയുടെ ചിഹ്നമായ ഒരു അപ്പൂപ്പനില്ലേ? അദ്ദേഹത്തെ അതിഗംഭീരമായി വരയ്ക്കും. പക്ഷെ അതുമാത്രമേ ഇതുവരെ വരച്ചു കണ്ടിട്ടുള്ളൂ. അതെല്ലാം ചേര്‍ത്ത് വിഡിയോയ്ക്ക് ലൈറ്റ് ഫീല്‍ കൊടുത്തു. യോഗയുടെയും ഡാന്‍സിന്റെയും ഡ്രീം സീക്വന്‍സ് ഒക്കെ വിഡിയോ ലൈവ് ആക്കാന്‍ വേണ്ടി പിന്നീട് വന്ന ആശയമാണ്. നേരത്തേ എടുത്ത ഉള്ളിവട വിഡിയോയും ചേര്‍ത്തു. ഉറങ്ങുന്ന സീന്‍ മാത്രമാണ് വേറെ ദിവസം ഷൂട്ട് ചെയ്തത്.'

'വോയ്‌സ് നോട്ടുകളായും മെസേജുകളായും ഒരുപാടു പേര്‍ നല്ല അഭിപ്രായം അറിയിച്ചു. ഇനിയും ഇതുപോലെ ചെയ്യണേ... ചിരിക്കാന്‍ എനിക്ക് ഒരുപാടിഷ്ടമാണ് എന്നു പറഞ്ഞു ചിത്രച്ചേച്ചി. അതുകഴിഞ്ഞ് വിഷുവിന് ഒരു മില്യണ്‍ വ്യൂസ് കിട്ടിയ ആലംകുയില്‍ കൂവും റയില്‍...എന്ന തമിഴ് ഗാനത്തിന്റെ ഒരു വിഡിയോ കൂടി ഞങ്ങള്‍ ഷെയര്‍ ചെയ്തു. അവിടെവരെയെത്തി നില്‍ക്കുകയാണിപ്പോള്‍. മെയ് 3 വരെ സമയമങ്ങനെ കിടക്ക്വല്ലേ... ഇനിയും എപ്പോഴാണോ ഐഡിയ കത്തുന്നത്...ഒന്നും പറയാനാവില്ലാ....' സ്വതസിദ്ധമായ കള്ളച്ചിരിയിലൂടെ വിധു ലോക്ഡൗണ്‍ ഭാവിപ്ലാന്‍ വ്യക്തമാക്കി.