നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന സിനിമയിൽ മമ്മൂട്ടിയും വിനായകനും മുഖ്യവേഷങ്ങളിൽ എത്തുന്നതായി റിപ്പോർട്ട്. പ്രതിനായക വേഷത്തിലാകും മമ്മൂട്ടി എത്തുക എന്നാണ് വാർത്ത. ദുൽഖർ സൽമാൻ നായകനായ ‘കുറുപ്പ്’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് എന്ന നിലയിൽ ശ്രദ്ധേയനാണ് ജിതിൻ കെ. ജോസ്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിക്കുന്നത്.
ഇടവേളയ്ക്കു ശേഷം മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഉടൻ തന്നെ നാഗർകോവിലിൽ ചിത്രീകരണം ആരംഭിക്കുന്ന, ക്രൈം ത്രില്ലറായി ഒരുങ്ങുന്ന സിനിമയുടെ സെറ്റിൽ രണ്ടാഴ്ച്ചയ്ക്ക് ശേഷം മമ്മൂട്ടി ജോയിൻ ചെയ്യും.
റോബി വർഗീസ് രാജ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കും. സുഷിൻ ശ്യാം ആകും സംഗീതസംവിധാനം.
സമീപകാലത്ത് ‘പുഴു’ ,‘ഭ്രമയുഗം’ തുടങ്ങിയ സിനിമകളിൽ പ്രതിനായക സ്വഭാവമുള്ള കഥാപാത്രങ്ങളെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.